Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തായ് വാനീസ് ആകാശത്തേക്ക് 10 വിമാനങ്ങളെ അയച്ച് ലോകത്തെ വെല്ലുവിളിച്ച് ചൈന; ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് സമ്മതിച്ച് ആസ്ട്രേലിയ; ത്രിരാഷ്ട്ര സഖ്യത്തിൽ ഇടഞ്ഞ് അമേരിക്കയിലേയും ആസ്ട്രേലിയയിലേയും അംബാസിഡർമാരെ തിരികെ വിളിച്ച് ഫ്രാൻസ്; സൗത്ത് പസിഫിക്കിൽ ആണവ യുദ്ധ സാദ്ധ്യത കടുക്കുന്നു

തായ് വാനീസ് ആകാശത്തേക്ക് 10 വിമാനങ്ങളെ അയച്ച് ലോകത്തെ വെല്ലുവിളിച്ച് ചൈന; ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് സമ്മതിച്ച് ആസ്ട്രേലിയ; ത്രിരാഷ്ട്ര സഖ്യത്തിൽ ഇടഞ്ഞ് അമേരിക്കയിലേയും ആസ്ട്രേലിയയിലേയും അംബാസിഡർമാരെ തിരികെ വിളിച്ച് ഫ്രാൻസ്; സൗത്ത് പസിഫിക്കിൽ ആണവ യുദ്ധ സാദ്ധ്യത കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ദക്ഷിണ പസഫിക് മേഖലയിൽ വർദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകൾ കുറയ്ക്കുവാനായി അമേരിക്കയും, ബ്രിട്ടനും ആസ്ട്രേലിയയും ചേർന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ദമായിരിക്കുന്നു. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയർന്നു വരികയാണ്. അത്തരത്തിലൊരു യുദ്ധമുണ്ടായാൽ അത് മറ്റൊരു ലോക മഹായുദ്ധമായി മാറുമോ എന്ന ഭയത്തിനും കനം വർദ്ധിക്കുകയാണ്.

ആണവായുധങ്ങൾ കൈവശം ഉള്ള നിരവധി രാജ്യങ്ങൾ ഉള്ള ലോകത്ത് ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ അത് സർവ്വനാശകാരിയായി മാറുമെന്ന മുന്നറിയിപ്പും പലഭാഗത്തു നിന്നും ഉയരുന്നുണ്ട്.

തായ്വാന്റെ ആകാശത്ത് വട്ടമിട്ട് പറന്ന് ചൈനീസ് പോർ വിമാനങ്ങൾ

ചൈനയ്ക്ക് എന്നും വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ്, ചൈന സ്വന്തം പ്രവിശ്യയെന്ന് അവകാശപ്പെടുന്ന തായ്വാൻ. തായ്വാനെ തികച്ചും ചൈനയുടെ അധികാര പരിമിതിയിൽ കൊണ്ടുവരിക എന്നത് ചൈനയുടെ ആഗ്രഹവുമാണ്. അതുകൊണ്ടുതന്നെ ത്രിരാഷ്ട്ര സഖ്യം രൂപം കൊണ്ടതിൽ ഏറെ സന്തോഷിക്കുന്ന ഒരു രാജ്യവുമാണ് തായ്വാൻ. എന്നാൽ, അതുകണ്ട് ഏറെ സന്തോഷിക്കണ്ട എന്ന് ഈ കൊച്ചു രാജ്യത്തിന് മുന്നറിയിപ്പു നൽകുകയാണ് ചൈന.

സഖ്യങ്ങളോ അന്താരാഷ്ട്ര നിയമങ്ങളോ തങ്ങൾക്ക് ബാധകമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കും വിധം പത്തോളം ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്വാന്റെ ആകാശത്ത് വട്ടമിട്ട് പറന്നത്. ത്രിരാഷ്ട്ര സഖ്യത്തെ സംബന്ധിച്ച പ്രഖ്യാപനം വന്നതിന്റെ പിറ്റേ ദിവസമായിരുന്നു ഇത് നടന്നതെന്ന് തായ്പേയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ജെ-11 ഫൈറ്റർ വിമാനങ്ങൾ ആറ് ജ്-16 ഫൈറ്റൻ വിമാനങ്ങൾ ഒരു വൈ-8 ആന്റി സബ്മറൈൻ വിമാനം ഒരു യ്-8 ചാര വിമാനം എന്നിവയാണ് തായ്വാന്റെ വ്യോമാതിർത്തി ലംഘിച്ച പാറിപ്പറന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

തായ്വാൻ സൈന്യം മുന്നറിയിപ്പ് നൽകിയതോടെ ഫൈറ്റർ വിമാനങ്ങൾ തിരികെ പോയെങ്കിലും ആന്റി സബ്മറൈൻ വിമാനവും ചാരവിമാനവും പിന്നെയും കുറേക്കൂടി വ്യോമാതിർത്തിക്കുള്ളിലേക്ക് സഞ്ചരിച്ച ശേഷമാണ് മടങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് ഈ ദ്വീപുരാഷ്ട്രം പരാതിപ്പെടുന്നുണ്ട്. തായ്വാന്റെ നിയന്ത്രണത്തിലുള്ള പ്രാട്ടാസ് ദ്വീപിനു സമീപമാണ് സാധാരണയായി ഇത്തരത്തിലുള്ള കടന്നുകയറ്റം ഉണ്ടാകാറുള്ളത്.

ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആവിർഭാവ കാലത്ത് അതിനെതിരെയുള്ള പോരാട്ടങ്ങൾ നടന്നത് തായ്വാൻ കേന്ദ്രീകരിച്ചായിരുന്നു. ചൈനയിൽ കമ്മ്യുണിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ അത് അംഗീകരിക്കാതെ സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളുകയാണ് ഈ കൊച്ചു ദ്വീപുരാഷ്ട്രം. 2019-ൽ തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കും എന്ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് പറഞ്ഞതിൽ പിന്നെ ഈ മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുകയാണ്. തായ്വാന് പിന്തുണയുമായി അമേരിക്ക രംഗത്തുള്ളത് സംഘർഷ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ സമ്മതിച്ച് ആസ്ട്രേലിയ

അമേരിക്കയും ഇംഗ്ലണ്ടും ആസ്ട്രേലിയയും ചേർന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതിനു പിന്നാലെ ദക്ഷിണ പസഫിക് മേഖലയിൽ സംഘർഷാന്തരീക്ഷം ഉരുണ്ടുകൂടുകയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് തായ്വാനിൽ ചൈന കൂടുതൽ ഇടപെടലുകൾ നടത്തിയാൽ ഒരു യുദ്ധം അനിവാര്യമാകുമെന്ന പ്രഖ്യാപനവുമായി ആസ്ട്രേലിയൻ പ്രതിരോധമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അമേരിക്ക സന്ദർശിക്കുകയാണ് ആസ്ട്രേലിയൻ പ്രതിരോധമന്ത്രി പീറ്റർ ഡട്ടൺ. ചുരുങ്ങിയത് എട്ട് ആണവ മുങ്ങിക്കപ്പലുകളും മറ്റ് നൂതന യുദ്ധ സന്നാഹങ്ങളും ആസ്ട്രേലിയയ്ക്ക് ലഭ്യമാക്കുന്ന കരാർ, മേഖലയിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് സഹായിക്കും എന്നാണ് ആസ്ട്രേലിയൻ പ്രതിരോധ മന്ത്രി പറഞ്ഞത്. അതേസമയം ചൈനയുമായുള്ള ഒരു യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും അദ്ദേഹം പറയുന്നു.

ചൈനയ്ക്ക് തായ്വാനിലുള്ള താത്പര്യം അവർ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ചൈനയുടെ ഉദ്ദേശം എന്താണെന്ന് അമേരിക്കയ്ക്ക് നന്നായി അറിയുകയും ചെയ്യാം. ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കുമെന്ന് 2019-ൽ ഷി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു യുദ്ധമുണ്ടായാൽ അതിനെ ചെറുക്കാൻ തയ്വാനെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നാണ് ജോ ബൈഡൻ പറഞ്ഞത്.

ത്രിരാഷ്ട്ര സഖ്യത്തിൽ ഇടഞ്ഞ് ഫ്രാൻസ്

പുതിയ ത്രിരാഷ്ട്ര സഖ്യ രൂപീകരണം ഏറ്റവുമധികം നഷ്ടം വരുത്തിയത് ഫ്രാൻസിനായിരുന്നു. ഫ്രാൻസിൽ നിന്നും മുങ്ങിക്കപ്പൽ വാങ്ങുവാനുള്ള ആസ്ട്രേലിയയുടെ 90 ബില്ല്യൺ ഡോളറിന്റെ ഇടപാടാണ് ഇതോടെ ഇല്ലാതെയായത്. നേരത്തേ ഫ്രാൻസിൽ നിന്നും ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പൽ വാങ്ങുവാനായിരുന്നു ആസ്ട്രേലിയയുടെ ധാരണ. എന്നാൽ ഇത് വേണ്ടെന്നുവച്ചിട്ടാണ് ഇപ്പോൾ ആണവശക്തിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ വാങ്ങുവാൻ ആസ്ട്രേലിയ ഒരുങ്ങുന്നത്.

ഇത് ഫ്രാൻസിനെ ചൊടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച എംബസിയിൽ നടക്കേണ്ടിയിരുന്ന വിരുന്ന് റദ്ദാക്കിയ ഫ്രാൻസ് ഇപ്പോൾ അമേരിക്കയിൽ നിന്നും ഫ്രഞ്ച് അമ്പാസിഡറെ തിരികെ വിളിക്കുകയാണ്. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ച ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യൂവ്സ് ലെ ഡ്രിയാൻ പറഞ്ഞത് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിർദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്യുന്നത് എന്നാണ്. അതോടൊപ്പം തന്നെ ആസ്ട്രേലിയയിലെ അമ്പാസിഡറേയും തിരികെ വിളിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടനെതിരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ബ്രിട്ടൻ അവസരവാദപരമായി പെരുമാറുകയാണെന്ന് ഫ്രാൻസ് ആരോപിച്ചിട്ടുണ്ടെങ്കിലും മറ്റു രണ്ടു രാജ്യങ്ങൾക്ക് നേരെ എടുത്തതുപോലുള്ള നടപടികൾക്കൊന്നും ഫ്രാൻസ് മുതിരുന്നില്ല. തങ്ങളെ അറിയിക്കുകയോ തങ്ങളോട് ചോദിക്കുകയോചെയ്യാതെയാണ് അമേരിക്ക ഏകപക്ഷീയമായി പുതിയ സഖ്യം രൂപീകരിച്ചതെന്ന് യൂറോപ്യൻ യൂണിയനും നേരെത്തേ കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP