Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

സാധനങ്ങൾ എടുക്കാൻ പത്ത് മിനിറ്റ് ചോദിച്ചതു പോലും അധികമായി അനുവദിച്ചില്ല; ഒരു മണിക്കൂർ മുന്നറിയിപ്പ് സമയം കഴിഞ്ഞതും എഫ് 16 വിമാനങ്ങളിൽ നിന്ന് ഉതിർത്ത മൂന്ന് മിസൈലുകൾ സർവ്വസവും തകർത്തു; എപിയും അൽജസീറയും പ്രവർത്തിച്ച കെട്ടിടം നിലംപരിശായത് നിമിഷങ്ങൾക്കുള്ളിൽ; ഇസ്രയേൽ ആക്രമണത്തിൽ കൃത്യത കാട്ടുമ്പോൾ

സാധനങ്ങൾ എടുക്കാൻ പത്ത് മിനിറ്റ് ചോദിച്ചതു പോലും അധികമായി അനുവദിച്ചില്ല; ഒരു മണിക്കൂർ മുന്നറിയിപ്പ് സമയം കഴിഞ്ഞതും എഫ് 16 വിമാനങ്ങളിൽ നിന്ന് ഉതിർത്ത മൂന്ന് മിസൈലുകൾ സർവ്വസവും തകർത്തു; എപിയും അൽജസീറയും പ്രവർത്തിച്ച കെട്ടിടം നിലംപരിശായത് നിമിഷങ്ങൾക്കുള്ളിൽ; ഇസ്രയേൽ ആക്രമണത്തിൽ കൃത്യത കാട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗസ്സ: ഇസ്രേയേൽ ആക്രമണം തുടരുകയാണ്. അതും എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള യുദ്ധം. ഹമാസ് വെടിനിർത്താതെ പിന്മാറില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ വ്യോമാക്രണത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇപ്പോഴും ചർച്ച ചെയ്യുന്നത്. പിഴയ്ക്കാത്ത ആക്രമണമായിരുന്നു അത്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തതിന് സമാനമായ ആക്രമണവും കൃത്യതയും.

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടമാണ് ഇസ്രയേൽ വ്യോമസേന തകർത്തത്. മുന്നറിയിപ്പ് നൽകിയായിരുന്നു ആക്രമണം. കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ ഇസ്രയേൽ സേന അനുമതി നൽകിയില്ലെന്നും ആരോപണമുണ്ട്.
ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായ എഫ്16 ൽ നിന്നാണ് ആക്രമണം നടന്നത്. മൂന്ന് മിസൈലുകൾ ഉപയോഗിച്ച് സർവ്വസവും തകർത്തു. ഹമാസ് പ്രവർത്തകർ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

ഒരു മണിക്കൂർ മുൻപെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങി മാധ്യമ സ്ഥാപനങ്ങളുടെ കേന്ദ്രമായ അൽ-ജലാ ടവറിൽ ഒരു എലിവേറ്റർ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഗസ്സ സിറ്റിയിലെ 11 നില കെട്ടിടത്തിൽ 60 ഓളം റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും അൽ ജസീറ മീഡിയ നെറ്റ്‌വർക്കും അസോസിയേറ്റഡ് പ്രസ്സും ഉൾപ്പെടെ നിരവധി ഓഫിസുകൾ ഉണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇതെല്ലാം മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലായിരുന്നു എന്നാണ് അൽ ജസീറയുടെ മാധ്യമപ്രവർക്കർ പറഞ്ഞത്.

ഞങ്ങൾ എലിവേറ്റർ ഉപേക്ഷിച്ചത് പ്രായമായവർക്കും കുട്ടികൾക്കും വേണ്ടിയാണെന്ന് ഫലസ്തീൻ ഫ്രീലാൻസ് ജേണലിസ്റ്റ് പറഞ്ഞു. ഞങ്ങൾ എല്ലാവരും പടിയിറങ്ങുകയായിരുന്നു, കുട്ടികളെ സഹായിക്കാൻ കഴിയുന്നവർ അവരെ താഴെയിറക്കിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരും വേഗത്തിൽ ജീവനുംകൊണ്ട് ഓടി. പറഞ്ഞതു പോലെ കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബോംബുകൾ കെട്ടിടത്തെ നിലം പരിശാക്കി. അതായത് ആളുകൾക്ക് രക്ഷപ്പെടാൻ മാത്രമാണ് സമയം അനുവദിച്ചത്.

ആറ് ദിവസമായി ഗസ്സയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യം ടെലിഫോൺ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധവിമാനങ്ങൾ ആക്രമിക്കുന്നതിനുമുൻപ് കെട്ടിടം ഒഴിപ്പിക്കാൻ താമസക്കാർക്ക് ഒരു മണിക്കൂർ സമയമാണ് നൽകിയത്. തനിക്ക് 15 മിനിറ്റ് തരൂവെന്ന് ഒരു എപി മാധ്യമപ്രവർത്തകൻ ഒരു ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ അപേക്ഷിച്ചു നോക്കി. ഞങ്ങളുടെ പക്കൽ ധാരാളം ഉപകരണങ്ങൾ ഉണ്ട്, അതിൽ ക്യാമറകൾ, മറ്റ് ഉപകരണങ്ങളുണ്ട്, ഇതെല്ലാം പുറത്തെത്തിക്കാൻ 15 മിനിറ്റ് കൂടി സമയം തരൂവെന്ന് അദ്ദേഹം ചോദിച്ചിട്ടും നൽകിയില്ല. കെട്ടിടത്തിന്റെ ഉടമയായ ജവാദ് മഹ്ദിയും കൂടുതൽ സമയം വാങ്ങാൻ ശ്രമിച്ചിരുന്നു.

ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അൽ ജസീറയും രംഗത്തു വന്നു. ഇതുകൊണ്ടൊന്നും നിശബ്ദമാക്കാനാവില്ല എന്നാണ് അൽ ജസീറ അവതാരക ഹസ്സാ മൊഹ്ദീൻ പ്രതികരിച്ചത്. എഎഫ്‌പി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ മാധ്യമപ്രവർത്തകർക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനായി 10 മിനിറ്റ് കൂടി നൽകണമെന്ന് ജാവദ് മെഹ്ദി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇസ്രയേൽ ഉദ്യോഗസ്ഥൻ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാലാണ് ജീവഹാനി ഉണ്ടാകാതിരുന്നത്.

അൽ ജസീറ ചാനലിനെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് അൽ ജസീറ അവതാരക ഹസ്സാ മൊഹ്ദീൻ പ്രതികരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവിടെ തങ്ങളുടെ ബ്യൂറോ പ്രവർത്തിക്കുന്നതായി ഇസ്രയേലിന് അറിയാമായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് സിഇഒ ഗാരി പ്രുടും പറഞ്ഞു. ഗസാ മുനമ്പിനെ ഇസ്രയേൽ സൈന്യം ചോരയിൽ മുക്കുമ്പോഴും തെല്ലും കുലുങ്ങാതെ ഹമാസും തിരിച്ചടിക്കുന്നു. അത്യാധുനിക ആയുധങ്ങളും പോർ വിമാനങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയും മാധ്യമ ഓഫിസുകളും അധിനിവേശ സൈന്യം തകർത്ത് തരിപ്പണമാക്കുമ്പോഴും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് ഹമാസ്

2014ലെ ഗസാ യുദ്ധത്തിനുശേഷം ഇസ്രയേലും ഹമാസും തമ്മിൽ ഇത്രയും ഇത്രയും രൂക്ഷമായ പോരാട്ടം നടക്കുന്നത് ആദ്യമാണ്. ടെൽ അവീവിനെയും മധ്യ ഇസ്രയേലിനെയും ലക്ഷ്യമിട്ട് നടന്ന റോക്കറ്റ് ആക്രമണത്തിൽ ശനിയാഴ്ച ഒരു ഇസ്രയേലി കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ ശാന്തതയ്ക്കു ശേഷം ഇവിടം വീണ്ടും ആക്രമിക്കപ്പെട്ടത് ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. മധ്യ ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഇതിനു പിന്നാലെ ഹമാസ് മേധാവിയുടെ ഭവനത്തിനും അൽ ജസീറ, അസോസിയേറ്റഡ് പ്രസ്സ്, മറ്റ് മാധ്യമങ്ങൾ എന്നിവയുടെ ഓഫിസുകൾ നിലകൊള്ളുന്ന മീഡിയ ടവറും ഇസ്രയേൽ സൈന്യം തകർത്തത്ു. ഗസയിൽ ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങളും നിരവധി ഷെല്ലാക്രമണങ്ങളും നടത്തിയെങ്കിലും സൈന്യത്തിന് ഗസയിലേക്ക് ഇതുവരെ കടന്നുകയറാൻ സാധിച്ചിട്ടില്ല. ഗസയിൽനിന്നു ഹമാസ് പോരാളികൾ ഇതുവരെ മൂവായിരത്തോളം റോക്കറ്റുകളാണ് തെൽ അവീവിനേയും മധ്യ ഇസ്രയേലിനേയും ലക്ഷ്യമിട്ട് തൊടുത്തത്. ഇതിൽ ഭൂരിപക്ഷവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺഡോം നിർവീര്യമാക്കിയെങ്കിലും പലതും ലക്ഷ്യം കണ്ടുവെന്നാണ് ഹമാസിന്റെ അവകാശ വാദം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP