Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

റഷ്യൻ -ഉക്രെയിൻ നേവൽ കമാൻഡോകളും മുഖാമുഖം; പിന്മാറാൻ ആവശ്യപ്പെട്ടു മെർക്കലും മാക്രോണും; ബൈഡൻ റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് പകരം വീട്ടാനുള്ള പുട്ടിന്റെ നീക്കമായി കണ്ട് ലോകം; ചർച്ചാ സാധ്യത തുറന്ന് ഉക്രെയിൻ- റഷ്യ സംഘർഷം തുടരുന്നു

റഷ്യൻ -ഉക്രെയിൻ നേവൽ കമാൻഡോകളും മുഖാമുഖം; പിന്മാറാൻ ആവശ്യപ്പെട്ടു മെർക്കലും മാക്രോണും; ബൈഡൻ റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് പകരം വീട്ടാനുള്ള പുട്ടിന്റെ നീക്കമായി കണ്ട് ലോകം; ചർച്ചാ സാധ്യത തുറന്ന് ഉക്രെയിൻ- റഷ്യ സംഘർഷം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഷ്യയുടെയും ഉക്രെയിനിന്റെയും നാവിക സേനകൾ മുഖാമുഖം എത്തിയതോടെ സംഘർഷത്തിന് അയവുവരുത്തുവാൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യമുയർത്തി പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി. കെർച്ച് കടലിടുക്കിൽ കപ്പലുകളെ തടയുന്ന റഷ്യൻ നാവികസേനക്കെതിരെ വെടിയുതിർക്കുമെന്ന ഭീഷണിയുമായി ഉക്രെയിൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇത്. ജർമ്മൻ ചാൻസലർ ഏയ്ഞ്ചെല മെർക്കെലും ഫ്രഞ്ച പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമെർ സെലെൻസ്‌കി റഷ്യയുമായി ഒരു ഉച്ചകോടിക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച ഉടനെയായിരുന്നു യൂറോപ്യൻ നേതാക്കളുടെ പ്രതികരണം. സെലേൻസിക്ക് പശ്ചിമ യൂറോപ്പ് നൽകുന്ന പിന്തുണ വ്യക്തമാകുന്നതരത്തിൽ ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ സെലെൻസ്‌കിയുമായി പാരിസിൽ വച്ച് ഒരു കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അതിനുശേഷം ജർമ്മൻ ചാൻസലറുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

2014-ൽ ഉക്രയിന്റെ ഭാഗമായ ക്രിമിയ സൈനിക നടപടികളിലൂടെ റഷ്യയിലേക്ക് ചേർത്തതിനു ശേഷം ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംഘർഷം ഇത്രകണ്ട് മൂർച്ഛിക്കുന്നത്. കിഴക്കൻ ഉക്രെയിനിലുള്ള റഷ്യൻ അനുകൂലികളായ വിഘടന വാദികൾക്ക് റഷ്യ സഹായം നൽകുന്നതും റഷ്യയെ പാശ്ചാത്യ ശക്തികളുടെ കണ്ണിൽ കരടാക്കിയിട്ടുണ്ട്. 2019 ഡിസംബറിലാണ് പുട്ടിനും സെലെൻസ്‌കിയും അവസാനമായി നേരിട്ടുകണ്ടത്. അന്ന് പാരീസിൽ മാക്രോൺ ആഥിതേയത്വം വഹിച്ച യോഗത്തിൽ ജർമ്മൻ ചാൻസലർ മെർക്കെലും പങ്കെടുത്തിരുന്നു. ഈ യോഗത്തിനു ശേഷം മേഖലയിലെ സംഘർഷത്തിന് അയവുവന്നിരുന്നു.

അതിനിടയിലാണ് ഇന്നലെ കെർച്ച് കടലിടുക്കിൽ സംഘർഷമുണ്ടായത്. ഉക്രെയിനിന്റെ നാവിക കപ്പലുകൾക്ക് സമീപമെത്തിയ റഷ്യൻ എഫ് എസ് ബി ബോട്ടുകൾ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ആക്രമിക്കുമെന്ന ഭീതി മുഴക്കിയതിനെ തുടർന്നാണ് ഈ ബോട്ടുകൾ പിന്മാറിയത്. നേരത്തേ 2018-ൽ ഇതുപോലൊരു സംഘർഷം കെർച്ച് കടലിടുക്കിൽ ഉണ്ടായിരുന്നു. അന്ന് റഷ്യ മൂന്ന് ഉക്രെയിൻ കപ്പലുകൾ പിടിച്ചെടുക്കുകയും ഒരു ചരക്ക് കപ്പൽ ഉപയോഗിച്ച് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു.

അതിനിടയിൽ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വം നൽകിയില്ലെങ്കിൽ സ്വന്തമായി ആണവായുധം ഉണ്ടാക്കുമെന്ന് ഉക്രെയിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉക്രെയിൻ ആദ്യമേ ഒരു ആണവായുധ രാജ്യമായിരുന്നു. പഴയ സോവ്യറ്റ് യൂണിയനിൽ നിന്നും വിട്ടുമാറുമ്പോൾ 176 ഐ സി ബി എമുകളും 44 ബോംബറുകളും ഉക്രെയിനിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് നിയമപരമായ കരാറുകളിലൂടെ ബ്രിട്ടനും അമേരിക്കയും റഷ്യയും ഉക്രെയിനിന്റെ സുരക്ഷിതത്വം ഉറപ്പു നൽകിയതിനെ തുടർന്ന് അവർ ആണവായുധങ്ങൾ നശിപ്പിക്കുകയായിരുന്നു.

അതിനിടയിൽ റഷ്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പ്രതികാരമാണ് റഷ്യയുടെ സൈനിക നടപടി എന്നാണ് പലരും വിലയിരുത്തുന്നത്. അമേരിക്കൻ നടപടിക്കെതിരെ തിരിച്ച് മറ്റൊരു ഉപരോധം അമേരിക്കക്കെതിരെ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളിലേയും ഭരണാധികാരികളുടെ ഉച്ചകോടി നടക്കാൻ ഇടയുള്ളതിനാൽ ഇപ്പോൾ നടപടികൾ എടുക്കുന്നില്ല എന്നാണ് റഷ്യൻ വക്താവ് അറിയിച്ചത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ അവിഹിതമായ ചില ഇടപെടലുകൾക്കാണ് ഇപ്പോൾ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിന് തിരിച്ചടിയായി ജോ ബൈഡന്റെ ഓഫീസിലെ ചില ഉന്നതർക്ക് റഷ്യയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുക മാത്രമല്ല 10 അമേരിക്കൻ നയതന്ത്ര ഉദ്യോഗഥരെ മോസ്‌കോയിൽ നിന്നും തിരിച്ചയയ്ക്കുകയും ചെയ്തു. ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ 10 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്കയും പുറത്താക്കിയിരുന്നു. ഇതിന് പകരമായിട്ടാണ് പുതിയ നടപടി.

അമേരിക്കയുടെ അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ്, ബൈഡന്റെ ചീഫ് ഡൊമെസ്റ്റിക് പോളിസി അഡ്വൈസർ സൂസൻ റൈസ്, എഫ് ബി ഐ തലവൻ ക്രിസ്റ്റഫർ വേരി തുടങ്ങിയവർക്കാണ് റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP