Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇമ്രാൻ ഖാന് ഉറക്കമില്ലാ രാവുകൾ; ഫ്രഞ്ച് വിരുദ്ധ വികാരവും ഇസ്ലാമോഫോബിയയ്ക്ക് എതിരായ അമർഷവും തൊടുത്തുവിട്ടത് തെരുവുകളെ കലാപത്തിൽ മുക്കിയ കൊടുംപ്രക്ഷോഭത്തിന്; തീവ്രവലതുപക്ഷ പാർട്ടിയായ ടിഎൽപിക്ക് നിരോധനവും സോഷ്യൽ മീഡിയ ബ്ലാക്ക് ഔട്ടും; പാക്കിസ്ഥാൻ ഇതെങ്ങോട്ട്?

ഇമ്രാൻ ഖാന് ഉറക്കമില്ലാ രാവുകൾ; ഫ്രഞ്ച് വിരുദ്ധ വികാരവും ഇസ്ലാമോഫോബിയയ്ക്ക് എതിരായ അമർഷവും തൊടുത്തുവിട്ടത് തെരുവുകളെ കലാപത്തിൽ മുക്കിയ കൊടുംപ്രക്ഷോഭത്തിന്; തീവ്രവലതുപക്ഷ പാർട്ടിയായ ടിഎൽപിക്ക് നിരോധനവും സോഷ്യൽ മീഡിയ ബ്ലാക്ക് ഔട്ടും; പാക്കിസ്ഥാൻ ഇതെങ്ങോട്ട്?

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇത് സമാധാനക്കേടിന്റെ കാലമാണ്. ഇത്തവണ അത് മതനിന്ദയെ ചൊല്ലിയും ഇസ്ലാമോഫോബിയയെ ചൊല്ലിയും ആണെന്നതാണ് വ്യത്യാസം. മതനിന്ദ അവിടെ വൈകാരിക വിഷയമാണെങ്കിൽ ഇസ്ലാമോഫോബിയ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിതുറന്നിട്ട വിഷയവും. ഫ്രാൻസും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമാണ് ഇപ്പോൾ പാക്കിസ്ഥാനിലെ ഒരുവിഭാഗത്തിന്റെ കണ്ണിലെ കരട്.

ഫ്രഞ്ച് വിരുദ്ധ വികാരം ശക്തം

തീവ്രവലതുപക്ഷ പാർട്ടിയായ തെഹ്രീക്-ഇ-ലബായിക് ആണ് ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ഹാസ്യമാസികയായ ഷാർലി എബ്ദോ യിൽ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ അനുകൂലിക്കുകയും ഇസ്ലാമിക ഭീകരവാദത്തിനെതിരെ പൊരുതാൻ പ്രതിജ്ഞാബദ്ധരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ടി.എൽ.പി നടത്തിയിരുന്നത്. മാക്രോണിന്റെ പ്രസ്താവന ഇസ്ലാമോഫോബിയയ്ക്ക് ആക്കം കൂട്ടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ളവർ പ്രതികരിക്കുകയും ചെയ്തിരുന്നു.

പിന്നീട് ടിഎൽപിയും പാക് സർക്കാരും തമ്മിൽ ഉപാധികളോടെ ചില ധാരണകളിലെത്തി. ഫ്രഞ്ച് അംബാസഡറെ പുറത്താക്കുക, ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുക, പാർലമെന്റിൽ മറ്റുനടപടികൾ സ്വീകരിക്കുക എന്നീ ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം താത്കാലികമായി നിർത്തി വച്ചത്.

എന്നാൽ, ഈയാഴ്ച ടിഎൽപി നേതാവ് സാദ് റിസ്വിയെ സർക്കാർ അറസ്റ്റ് ചെയ്തതോടെ, വീണ്ടും അക്രമസാക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ 20 നാണ് ഫ്രഞ്ച് അംബാസഡറെ പുറത്താക്കാനുള്ള കാലപരിധി തീരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ടിഎൽപി നേതാവിന്റെ അറസ്റ്റ്. വ്യാഴാഴ്ച പാക് സർക്കാർ ടിഎൽപിയെ ഭീകര വിരുദ്ധ നിയമങ്ങൾ പ്രകാരം ഔദ്യോഗികമായി നിരോധിച്ചതായി പാക് ആഭ്യന്തര മന്ത്രി ഷേയ്ക് റഷീദ് അറിയിച്ചിരുന്നു.

ടിഎൽപിയെ രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ നിന്നൊഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സിന്ധ് പ്രവിശ്യയിലെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കുമെന്നും റഷീദ് പറഞ്ഞിരുന്നു. 2018 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർലമെന്റിന്റെ അധോസഭയിൽ ദേശീയ പോപ്പുലർ വോട്ടിന്റെ അടിസ്ഥാനത്തിൽ ടിഎൽപി നാലാമത്തെ വലിയ പാർട്ടിയായി മാറിയിരുന്നു. എന്നാൽ, ടിഎൽപിയുടെ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ചെയ്തു. സിന്ധ് പ്രവിശ്യ തിരഞ്ഞെടുപ്പിൽ ടിഎൽപിയുടെ രണ്ടംഗങ്ങൾ ജയിച്ചുകയറുകയും ചെയ്തു.

ടിഎൽപി രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൽ രണ്ടുപൊലീസുകാർ കൊല്ലപ്പെടുകയും നൂറുകണക്കിന് പൊലീസുകാർക്കും പ്രക്ഷോഭകർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചി, കിഴക്കൻ നഗരമായ ലാഹോർ, തലസ്ഥാനമായ ഇസ്ലാമബാദ് എന്നിവിടങ്ങളിലെല്ലാം റാലികൾ അരങ്ങേറി.

ശക്തമായ പ്രക്ഷോഭവും ഏറ്റുമുട്ടലുകളും തുടർന്നതോടെ, പ്രധാന ഇന്റർസിറ്റി ഹൈവേകളും റോഡുകളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാം അടഞ്ഞുകിടന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ ജലപീരങ്കിയും, കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പൊലീസിന് പ്രയോഗിക്കേണ്ടി വന്നു.

സോഷ്യൽ മീഡിയയ്ക്ക് വിലക്ക്

രാജ്യത്താകമാനം പാക് സർക്കാർ സോഷ്യൽ മീഡിയയെ വിലക്കിയിരിക്കുകയാണ്. ട്വിറ്റർ, ഫേസ്‌ബുക്ക്, യൂട്യൂബ്, വാട്സാപ്പ്, ടെലഗ്രാം എന്നിവ വെള്ളിയാഴ്ച പകൽ 11 മുതൽ വൈകുന്നേരം മൂന്ന് മണി വരെ നിരോധിക്കാനാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സർക്കാർ ഉത്തരവനുസരിച്ച് പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അഥോറിറ്റി സമൂഹമാധ്യമങ്ങളെ വിലക്കി.അടിയന്തരമായി സമൂഹമാധ്യമങ്ങളെ വിലക്കണം എന്നായിരുന്നു സർക്കാർ നിർദ്ദേശം.

തുടർന്ന് സർക്കാർ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ സർവീസുകൾ വിലക്കിയിരുന്നു. ഇന്ന് ടി.എൽ.പി പാർട്ടിയെ വിലക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് സർക്കാർ ഇപ്പോൾ സമൂഹമാധ്യമങ്ങളെ വിലക്കിയത് എന്നാണ് സൂചന.

സമരത്തിന്റെ രൂപം മാറി

ഫ്രാൻസിനെതിരായ പ്രതിഷേധമായി തുടങ്ങിയ സമരം, പാക്കിസ്ഥാൻ സർക്കാരിനെതിരായ ടിഎൽപിയുടെ സമരമായി മാറിയിരിക്കുകയാണ്. ഇതിനിടെ പാക്കിസ്ഥാനിൽ തുടരുന്ന തങ്ങളുടെ പൗരന്മാരോടും ഫ്രഞ്ച് കമ്പനികളോടും എത്രയും വേഗം രാജ്യം വിടാൻ ഫ്രഞ്ച് ഏംബസി വശ്യപ്പെട്ടു. ഇസ്ലാമബാദിലെ ഫ്രഞ്ച് ഏംബസി തുറക്കുമെങ്കിലും, ചില ജീവനക്കാർ പാക്കിസ്ഥാൻ വിടും. കൊമേഴ്‌സ്യൽ എയർലൈനുകൾ വഴിയാകും ഇവർ ഫ്രാൻസിലേക്ക് പറക്കുക. ഫ്രാൻസിന്റെ സ്വന്തം വിലയിരുത്തൽ പ്രകാരമാണ് അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതെന്നും ക്രമസമാധാന നില ഉറപ്പാക്കാനും, സ്വത്തിനും ജീവനും നഷ്ടമുണ്ടാകാതിരിക്കാനും സർക്കാർ ചടുലമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശ മന്ത്രാലയ വക്താവ് സാഹിദ് ഫഫീസ് ചൗധരി പറഞ്ഞു.

മതനിന്ദ പൊറുക്കില്ല

ഒക്ടോബറിൽ ഹാസ്യമാസികയായ ഷാർലി എബ്ദോ യിൽ പ്രവാചകന്റെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതിനെ ഇമ്മാനുവൽ മാക്രോൺ അനുകൂലിച്ചതോടെയാണ് ടിഎൽപി അതേറ്റുപിടിച്ചത്. വിശ്വാസത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നത് ഷാർലി എബ്ദോയിലെ കാരിക്കേച്ചറുകൾ ഇസ്ലാമോഫോബിയ ആയാണ് പാക്കിസ്ഥാനിൽ ഒരുവലിയ വിഭാഗം നിരീക്ഷിക്കുന്നത്.

പ്രവാചക നിന്ദയോ ഖുറാൻ നിന്ദയോ വധശിക്ഷ വരെ കിട്ടാവുന്ന മതനിന്ദാകുറ്റങ്ങളാണ് പാക്കിസ്ഥാനിൽ. 1990 ന് ശേഷം 78 പേരാണ് ഇത്തരത്തിൽ മതനിന്ദാകുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട ആക്രമണത്തിലോ, ആസൂത്രിത ആക്രമണത്തിലോ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ ഷിയവിഭാഗത്തിൽ പെട്ട താഖി ഷാ എന്ന മതപണ്ഡിതനെ മതനിന്ദാ കുറ്റം ആരോപിച്ച് വെട്ടിക്കൊന്നിരുന്നു.

ഷാർലി എബ്ദോ കാർട്ടൂൺ പുനഃ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറിൽ

ഷാർലി എബ്ദോ വിവാദ കാർട്ടൂൺ 2020 സെപ്റ്റംബർ രണ്ടിനാണ് പുനഃപ്രസിദ്ധീകരിച്ചത്. 2015 ജനുവരി ഏഴിന് തങ്ങളുടെ ഓഫീസിനുനേരെ ഭീകരാക്രമണമുണ്ടാവാൻ കാരണമായ കാർട്ടൂണാണ് വീണ്ടും വെളിച്ചംകണ്ടത്. കാർട്ടൂണിസ്റ്റ് ഉൾപ്പെടെ 12 പേർ അന്ന് മുഖംമൂടി ധരിച്ചെത്തിയവരുടെ വെടിയേറ്റ് മരിച്ചിരുന്നു.

മാസികയുടെ ഡയറക്ടർ ലോറന്റ് സോറിസോ അന്നഴുതിയത് ഇങ്ങനെ: 'ഞങ്ങൾ ഒരിക്കലും വിശ്രമിക്കില്ല, വിട്ടുകൊടുക്കുകയുമില്ല'കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കണമെന്ന് ഏറെനാളായി ആവശ്യമുയർന്നിരുന്നു. എന്നാൽ, ഉചിതമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പതിപ്പിൽ 12 വിവാദ കാർട്ടൂണുകളാണുണ്ടായിരുന്നത്. അതിലെ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാർട്ടൂണാണ് വിവാദമായത്. കാബു എന്നറിയപ്പെട്ടിരുന്ന കാർട്ടൂണിസ്റ്റ് ജീൻ കാബുറ്റ് ആണ് വരച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP