Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

അധികാരത്തിൽ എത്തിയപ്പോൾ ഒരു ആശുപത്രിയും മൂന്ന് സ്‌കൂളുകളും ഏതാനും കിലോമീറ്റർ ടാർ റോഡും മാത്രം; ഒമാനെ എല്ലാ മേഖലയിലും മികവിലെത്തിച്ച ഭരണമികവ്; മരണാന്തര ബഹുമതിയായി 2019ലെ ഗാന്ധി പുരസ്‌കാരം സുൽത്താൻ ഖാബൂസ് ബിൻ സെയിദിന്; ബംഗ്ലാദേശ് രാഷ്ട്രപിതാവിനും പുരസ്‌കാരം നൽകി ആദരിച്ച് ഇന്ത്യ

അധികാരത്തിൽ എത്തിയപ്പോൾ ഒരു ആശുപത്രിയും മൂന്ന് സ്‌കൂളുകളും ഏതാനും കിലോമീറ്റർ ടാർ റോഡും മാത്രം; ഒമാനെ എല്ലാ മേഖലയിലും മികവിലെത്തിച്ച ഭരണമികവ്; മരണാന്തര ബഹുമതിയായി 2019ലെ ഗാന്ധി പുരസ്‌കാരം സുൽത്താൻ ഖാബൂസ് ബിൻ സെയിദിന്; ബംഗ്ലാദേശ് രാഷ്ട്രപിതാവിനും പുരസ്‌കാരം നൽകി ആദരിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019,2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2019 ലെ പുരസ്‌കാരം അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയിദിനും, ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന് 2020 ലെ പുരസ്‌കാരവും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടങ്ങുന്ന സമിതിയാണ് പുരസ്‌കര ജേതാക്കളെ തെരഞ്ഞെടുത്തത്.

അഹിംസയുടെയും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ പരിവർത്തനത്തിന് സുൽത്താൻ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് അദ്ദേഹത്തെ ഗാന്ധി സമാധാന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിന്റെ കാലത്താണ് ഇന്ത്യ, ഒമാൻ ബന്ധം ഏറെ ഊഷ്മളമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിലെ പല തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിൽ അദ്ദേഹം നിർണാകയ പങ്ക് വഹിച്ചു. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്നു അദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു ആശുപത്രിയും മൂന്ന് ചെറിയ സ്‌കൂളുകളും കേവലം എട്ട് കിലോമീറ്റർ മാത്രം ടാർ ചെയ്ത റോഡുമുള്ള ഒരു രാജ്യത്തിന്റെ ഭരണം 1970ൽ ഏറ്റെടുക്കുമ്പോൾ അൽ ഖുസൈദി രാജവംശത്തിലെ പിൻതലമുറക്കാരനായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന് വയസ് 30. ഇന്ന് ഒമാൻ എന്ന രാജ്യത്തെ എല്ലാ മേഖലകളിലും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചത് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ദീർഘ വീക്ഷണവും ഭരണപാടവവും കൊണ്ടുമാത്രമാണ്. തന്റെ പിതാവായ സയ്യിദ് ബിൻ തൈമൂറിൽ നിന്ന് അധികാരം ഏറ്റെടുത്തശേഷം സലാലയിൽ നിന്ന് മസ്‌കത്തിലെ ബൈത്ത് അൽ ഫലാജ് വിമാനത്താവളത്തിലെത്തിയ യുവ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആദ്യം രാജ്യത്തിന് 'സുൽത്താനെറ്റ് ഓഫ് ഒമാൻ' എന്ന് നാമകരണം ചെയ്തു. പഴയ പേര് 'മസ്‌കത്ത് ആൻഡ് ഒമാൻ' എന്നായിരുന്നു. പിന്നീട് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഒമാൻ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒമാൻ വിട്ടുപോയവരെല്ലാം മടങ്ങിവരണമെന്നും രാഷ്ട്രപുനർനിർമ്മാണത്തിൽ ഓരോ വ്യക്തിയും പങ്കാളികളാകണമെന്നും ഉദ്‌ബോധിപ്പിച്ചു.

എഴുപതുകളിൽ ക്രിസ്ത്യൻ മിഷണറിമാർ നടത്തിവന്നിരുന്ന ഒരു ആശുപത്രിയും മൂന്ന് സ്‌കൂളുകളും, മത്രയ്ക്കും മസ്‌കത്തിനും ഇടയിൽ ഏതാനും കിലോമീറ്റർ ടാർ റോഡും മാത്രമായിരുന്നു ഒമാനിന്റെ അടിസ്ഥാന സൗകര്യം. സീബ് അന്താരാഷ്ട്ര വിമാനത്താവളവും സുൽത്താൻ ഖാബൂസ് തുറമുഖവും ഒരു വിദേശ കമ്പനിക്ക് കരാർ നൽകിക്കൊണ്ട് ഒമാനിലെ ആദ്യ നിർമ്മാണപ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. പിന്നീട് ഭിന്നിച്ചുനിന്നിരുന്ന വംശങ്ങളെയും പ്രവിശ്യകളെയും ഒരുമയുടെ മാർഗത്തിൽ നിരന്തര ചർച്ചകളിലൂടെ ഒന്നായി നിർത്തുന്നതിൽ ഈ ഭരണാധികാരി വിജയിച്ചു. പട്ടിണിയിലും അജ്ഞതയിലുമായിരുന്ന ഒരു വലിയ ജനതയെ നയിക്കാനാണ് സുൽത്താൻ ഖാബൂസ് നിയുക്തനായത്. തന്റെ വ്യക്തിപരമായ എല്ലാ താത്പര്യങ്ങളും മാറ്റിവെച്ച് ഒമാൻ ജനതയെയും ഒമാനെയും വെളിച്ചത്തിലേക്ക് നയിക്കുകയെന്ന വെല്ലുവിളിയുമായി മുപ്പതുകാരനായ സുൽത്താൻ ഖാബൂസ് തന്റെ യാത്ര ആരംഭിച്ചു. ഈ യാത്ര ഇപ്പോഴും തുടരുകയാണ്.

മൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃത്രിയുള്ള ഒമാൻ, ഗൾഫ് രാജ്യങ്ങളിൽ ഭൂവിസ്തൃതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഭൂമിശാസ്ത്രപരമായി ഒരുഭാഗത്ത് കൂറ്റൻ മലനിരകൾ, ഒരുഭാഗത്ത് കിലോമീറ്ററുകൾ നീളമുള്ള കടൽത്തീരങ്ങൾ. മറുഭാഗത്ത് പരന്നുകിടക്കുന്ന മരുഭൂമി. ഇതെല്ലാം ഒമാന് മാത്രം സ്വന്തം. ഈ ഭൂപ്രകൃതി ഒമാന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നതിൽ ഈ ഭരണകർത്താവ് മികവുകാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ ശാസ്ത്രസാങ്കേതിക രംഗം എന്നീ മേഖലകളിൽ വളരെ സൂക്ഷ്മതയോടും ദീർഘവീക്ഷണത്തോടും കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചു.

1976ൽ ഒമാനിലെ ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കി. സാമ്പത്തിക സ്രോതസുകൾ ക്രമപ്പെടുത്തുക, നിക്ഷേപങ്ങൾ തിട്ടപ്പെടുത്തുക, ജലവിഭവങ്ങൾ സംരക്ഷിക്കുക, സ്വദേശി മാനവവിഭവശേഷി പരിപോഷിപ്പിക്കുക, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പദ്ധതി ലക്ഷ്യങ്ങൾ. ആദ്യ പഞ്ചവത്സര പദ്ധതിയിൽ തന്നെ ഒമാന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായിക്കഴിഞ്ഞു. പിന്നീട് 1995ൽ ഒമാനിലെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളെ ലക്ഷ്യമാക്കി ഒമാൻ 2020 എന്ന 25 വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി. 2020 ആയപ്പോഴേക്കും പദ്ധതിയിൽ ഊന്നൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ ഒമാൻ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ഒമാൻ ലോകശ്രദ്ധയിൽ പ്രധാന ഇടം നേടിയെടുക്കുകയും ചെയ്തു. ഇത് കൂടി പരിഗണിച്ചാണ് പുര്‌സകാരം ഇന്ത്യ നൽകുന്നത്.

ബംഗ്ലാദേശി ജനതയുടെ സ്വാതന്ത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവായിരുന്നു ഷെയ്ഖ് മുജീബുർ റഹ്മാനെന്ന് പുരസ്‌കാര പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി പ്രതികരിച്ചു. മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി ബംഗ്ലാദേശ് ഇക്കൊല്ലം ആഘോഷിക്കുകയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷെയ്ഖ് ഹസീനയുടെ ക്ഷണ പ്രകാരം നരേന്ദ്ര മോദി മുഖ്യ അതിഥിയായി ഈ മാസം 26ന് ധാക്കയിലെത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1995 മുതലാണ് ഈ പുരസ്‌കാരം നൽകിവരുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP