Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

എന്റെ ഭർത്താവ് രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാകാൻ ആഗ്രഹിച്ചു; അള്ളാഹു അത് സാധിച്ചു നൽകിയിരിക്കുന്നു; ഇറാനിയൻ ന്യുക്ലിയർ വിദ്യയുടെ പിതാവിന്റെ വിധവ ആദരാഞ്ജലി അർപ്പിച്ചത് ഇങ്ങനെ; ഇസ്രയേലിനെ തുടച്ചു നീക്കാതെ വിശ്രമമില്ലെന്ന് ആയത്തുള്ള ഖുമൈനി

എന്റെ ഭർത്താവ് രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാകാൻ ആഗ്രഹിച്ചു; അള്ളാഹു അത് സാധിച്ചു നൽകിയിരിക്കുന്നു; ഇറാനിയൻ ന്യുക്ലിയർ വിദ്യയുടെ പിതാവിന്റെ വിധവ ആദരാഞ്ജലി അർപ്പിച്ചത് ഇങ്ങനെ; ഇസ്രയേലിനെ തുടച്ചു നീക്കാതെ വിശ്രമമില്ലെന്ന് ആയത്തുള്ള ഖുമൈനി

മറുനാടൻ മലയാളി ബ്യൂറോ

നവംബർ മാസം ഇറാൻ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒരു മാസമായിരിക്കും. തുടർച്ചയായി രണ്ടുതവണയാണ് ഇറാന്റെ മുഖത്ത് അടിയേറ്റത്. രണ്ടാഴ്‌ച്ച മുൻപ് ഇറനിൽ ഒളിവിൽ താമസിച്ചിരുന്ന അൽഖൈ്വദയിലെ രണ്ടാമനായ അബു മുഹമ്മദ് അൽ അസ്രിയും മകളും കൊല്ലപ്പെട്ടത് ഇറാനെ ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു. എങ്കിലും, ഇറാൻ പൗരനല്ലാത്തതിനാലും, ഭീകര സംഘടനയുമായി ചേർത്ത് പേരെഴുതപ്പെട്ടവ്യക്തിയായതിനാലും ഇറാൻ അതിൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇറാനിയൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ തന്നെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ രണ്ട് കൊലപാതകങ്ങൾക്കും പുറകിൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ കരങ്ങളാണ് സംശയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലിനോട് പ്രതികാരം ചെയ്യണമെന്ന ആവശ്യം ഇറാനിയൻ ജനതയ്ക്കിടയിൽ വർദ്ധിച്ചു വരികയാണ്. ആ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടായിരുന്നു മരണമടഞ്ഞ ശാസ്ത്രജ്ഞൻ മൊഹ്സീൻ ഫക്രിസദ മഹാബാദിയുടെ വിധവ ഇന്നലെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഭർത്താവിന് അന്തിമോപചാരം അർപ്പിച്ചത്.

തന്റെ ഭർത്താവ് രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അള്ളാഹു ആ ആഗ്രഹം സാധിപ്പിച്ചു എന്നുമായിരുന്നു അവർ ടി വി ചാനലിൽ പറഞ്ഞത്. മാത്രമല്ല, തന്റെ ഭർത്താവ് പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ജോലി പൂർത്തിയാക്കാൻ ആയിരക്കണക്കിന് ഇറാൻ യുവാക്കൾ മുന്നോട്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. പേര് വെളിപ്പെടുത്താത്ത വിധവയുടെ പ്രസംഗം ഇറാനിയൻ ജനത ആവേശപൂർവ്വം ഹൃദയത്തിൽ സ്വീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

നേരത്തേ ടെഹ്റാനിലെ ഒരു മാസ്‌കിൽ തുറന്ന പെട്ടിയിൽ ഈ ശാസ്ത്രജ്ഞന്റെ മൃതദേഹം അന്തിമോപചാരം അർപ്പിക്കുവാനായി വച്ചിരുന്നു. ഇറാന്റെ ചീഫ് ജസ്റ്റിൽ ഇബ്രാഹിം റൈസി ഉൾപ്പടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. ഒരു യുദ്ധത്തിനായി ഇറാനെ പ്രേരിപ്പിക്കുവാനാണ് ഇസ്രയേൽ ഇത് ചെയ്തതെന്ന് ഇറാൻ ആരോപിച്ചു. നേരത്തെ ഒരു അഭിമുഖത്തിൽ, ഇപ്പോഴും മഹാബാദിയുടെ പേര് ഓർമ്മിക്കുന്നു എന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പറഞ്ഞിരുന്നു.

അതെസമയം, ഇറാൻ കണ്ട ഏറ്റവും സമർത്ഥനും പ്രധാനിയുമായ ആണവ-പ്രതിരോധ ശാസ്ത്രജ്ഞനായിരുന്നു മഹാബാദി എന്ന് ഇറാന്റെ സമുന്നത നേതാവായ ആലത്തൊള്ള അലി ഖമേനി പറഞ്ഞു. ഈ ശാസ്ത്രജ്ഞനെ വധിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും ശിക്ഷ നൽകുക എന്നതാണ് ഇപ്പോൾ ഇറാന്റെ പരമമായ ധർമ്മം എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഏതൊരു കാര്യത്തിലും അവസാന വാക്കായ അദ്ദേഹം പക്ഷെ കൂടുതൽ വിശദീകരിച്ചില്ല. സംഘട്ടന സാധ്യത വർദ്ധിപ്പിക്കുന്ന തരത്തിൽ

അതിനിടയിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ തലവൻ ഈ കൊലപാതകത്തെ ഒരു ക്രിമിനൽ കുറ്റമെന്നും അപലപനീയമായ നടപടി എന്നും വിശേഷിപ്പിച്ചു. ഇതിനു പിന്നിൽ ആരാണെന്ന് തനിക്കറിയില്ലെന്നും, ആരായാലും അത്യന്തം അപലപനീയമാണെന്നുമാണ് 2013 മുതൽ 2017 വരെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ജോൺ ബ്രെണ്ണൻ പറഞ്ഞത്. സംഘർഷ സാധ്യത വർദ്ധിച്ചതോടെ അമേരിക്കൻ വിമാനവാഹിനി കപ്പലായ യു എസ് എസ് നിമിറ്റ്സ് പേർഷ്യൻ ഉൾക്കടലിൽ സ്ഥാനമുറപ്പിച്ചു. കൂടെ മറ്റു യുദ്ധക്കപ്പലുകളും ഈ സന്നാഹത്തിലുണ്ട്. ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്ന സൈനികരുടെ സുരക്ഷയ്ക്കായായാണ് ഇതെന്നാണ് ഔദ്യോഗിക ഭാഷ്യം. മഹാബാദിയുടെ കൊലപാതകത്തിനു മുൻപ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നു.

മറ്റൊരു ഇറാനിയൻ ആണവ ശാസ്ത്രജ്ഞനായ മജിദ് ഷഹ്രിയാറിന്റെ മരണത്തിന്റെ പത്താം വാർഷികം ആകുവാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ കൊലപാതകവും നടന്നത് എന്നത് ശ്രദ്ധേയമാണ്. ഷഹ്രിയാറിന്റെ കൊലപാതകത്തിനു പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ ശാസ്ത്രീയ പുരോഗതിൽ വിറളിപൂണ്ട പാശ്ചാത്യ ശക്തികളാണ് അതിനു പുറകിലെന്നും അന്ന് ഇറാൻ പറഞ്ഞിരുന്നു.

ഇതിനിടയിൽ, 2021 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയും പരമോന്നത നേതാവ് ഖമൈനിയുടെ ഉപദേശകനുമായ ഹുസ്സൈൻഡെഹ്ഘാൻ, ഈ കൊലപാതകത്തിൽ പരോക്ഷമായി ഇസ്രയേലിനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ അന്തിമ നാളുകളിൽ ഇറാന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ച് ഒരു യുദ്ധത്തിന് കളമൊരുക്കാനാണ് സിയോണിസ്റ്റുകളുടെ ശ്രമം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി അധികനാൾ കൂടി അധികാരത്തിൽ തുടരാൻ സാധിക്കാത്ത ഡൊണാൾഡ് ട്രംപിനെയായിരുന്നു രാഷ്ട്രീയത്തിന്റെ അവസാന നാളുകൾ എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്.

അതേസമയം ഇതിനു പുറകിൽ ഇസ്രയേൽ തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൗവാനി. ശരിയായ സമയത്ത് ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫക്രിസദെയുടെ മരണത്തോടെ ഇറാന്റെ ആണവ പദ്ധതികൾ നിന്നുപോവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ ഇരട്ടത്താപ്പ് ഉപേക്ഷിച്ച് രാജ്യത്തിനു നേരെയുണ്ടായ ഈ തീവ്രവാദി ആക്രമണത്തെ അപലപിക്കാൻ ലോകരാഷ്ട്രങ്ങൾ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ മുന്നോട്ടുവരണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP