Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീവ്രവാദികളെക്കൊണ്ട് സൗദിക്കും മടുത്തുവോ? ഫലസ്തീനിയൻ നേതാക്കളെ വിമർശിച്ചുകൊണ്ട് രാജകുടുംബാംഗം ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ യു എ ഇ യ്ക്കും ബഹറിനും പുറകെ സൗദിയും ഇസ്രയേലുമായി സഖ്യത്തിനെന്ന് സൂചന; അറബിലോകത്ത് പ്രകടമാകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ചർച്ചയാകുമ്പോൾ

തീവ്രവാദികളെക്കൊണ്ട് സൗദിക്കും മടുത്തുവോ? ഫലസ്തീനിയൻ നേതാക്കളെ വിമർശിച്ചുകൊണ്ട് രാജകുടുംബാംഗം ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ യു എ ഇ യ്ക്കും ബഹറിനും പുറകെ സൗദിയും ഇസ്രയേലുമായി സഖ്യത്തിനെന്ന് സൂചന; അറബിലോകത്ത് പ്രകടമാകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സൗദിയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയും, രണ്ടുപതിറ്റാണ്ടിലേറെക്കാലം അമേരിക്കയിൽ അമ്പാസിഡറുമായിരുന്ന ബൻഡാർ ബിൻ സുൽത്താൻ അൽ-സൗദ് രാജകുമാരൻ ഫലസ്തീനിയൻ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത് ഏറെ സംശയങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്. ഇസ്രയേലുമായി സമാധാന ഉടമ്പടിയിൽ സമീപകാലത്തുണ്ടായ പാളിച്ചകൾ എടുത്തു പറഞ്ഞാണ് അദ്ദേഹം ഫലസ്തീനിയൻ നേതാക്കൾ വിമർശിച്ചിരിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾക്കായി ലോകത്തിന്റെ മുഴുവൻ പിന്തുണയും നേടാൻ ശ്രമിക്കേണ്ടതിനു പകരം നിലവാരം കുറഞ്ഞ പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയത്.

ഇസ്രയേലുമായി സഖ്യമുണ്ടാക്കിയ യു എ ഇ യുടെയും ബഹറിന്റെയും നടപടിക്കെതിരെ ഫലസ്തീനിയൻ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളുടെ തലവന്മാർക്കെതിരെയുള്ള ഫലസ്തീനിയൻ നേതാക്കളുടെ നിന്ദ്യമായ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ, യു എ ഇ യും ബഹറിനും ഇസ്രയേലുമായി കരാർ ഉണ്ടാക്കിയതിനെ ചതി എന്നും തങ്ങളെ പുറകിൽ നിന്നു കുത്തിയതാണെന്നും ഫലസ്തീൻ നേതാക്കൾ വിശേഷിപ്പിച്ചിരുന്നു.ഫലസ്തീനിന്റെ ഏതൊരുൻ തീരുമാനത്തേയും സൗദി അറേബ്യ കണ്ണടച്ച് പിന്തുണയ്ക്കും എന്ന വിശ്വാസം ചരിത്രപരമായ വിഢിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമേരിക്കയിൽ 22 വർഷക്കാലം സൗദി അറേബ്യയുടെ അമ്പാസിഡറായിരുന്ന ഇദ്ദേഹം മുൻ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യൂ ബുഷുമായി ഏറെ സൗഹാർദ്ദം കാത്തുസൂക്ഷിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിന് ബൻഡാർ ബിൻ ബുഷ് എന്ന വിളിപ്പേരും കിട്ടിയിരുന്നു. ഫലസ്തീനിന്റെ ആവശ്യങ്ങൾ ന്യായമായതാണെന്ന് പറയുമ്പോഴും ഇത്രകാലമായിട്ടും ഇസ്രയേലുമായി ഒരു സമാധാന കരാറിലെത്തിച്ചേരാൻ കഴിയാത്തതിന് ഇസ്രയേലിനേ പോലെ ഫലസ്തീനും ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു.

വെസ്റ്റ് ബാങ്കിന്റെ അധികാരം കയ്യാളുന്ന ഫലസ്തീനിയൻ ഭരണകൂടവും ഗസ്സയിൽ മേധാവിത്വം പുലർത്തുന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസും തമ്മിലുള്ള തർക്കങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത്, അവർക്ക് തന്നെ തമ്മിൽ തമ്മിൽ യോജിക്കാനാവുന്നില്ലെങ്കിൽ പിന്നെങ്ങനെ മറ്റൊരു രാജ്യവുമായി യോജിച്ച് പോകാൻ കഴിയും എന്നായിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഇത്തരത്തിലൊരു വ്യക്തിയുടെ അഭിപ്രായങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷനിൽ കൂടി സംപ്രേഷണം ചെയ്യണമെങ്കിൽ അത് സൗദി രാജാവിന്റെയും കിരീടാവകാശിയായ എം ബി എസ്സിന്റെയും അനുമതിയില്ലാതെ ആകില്ല എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ബൻഡാർ രാജകുമാരനെ പോലെ നയതന്ത്ര രംഗത്ത് ഇത്രയധികം തഴക്കമുള്ള ഒരു വ്യക്തിയെക്കൊണ്ട് ഇത്തരത്തിൽ ഒരു അഭിപ്രായം പറയിക്കണമെങ്കിൽ അതിനർത്ഥം സൗദിയുമിസ്രയേൽ പക്ഷത്തേക്ക് നീങ്ങുന്നു എന്നുതന്നെയാണെന്നാണ് ഗൾഫിലെ കാര്യങ്ങൾ വർഷങ്ങളായി നിരീക്ഷിക്കുന്ന ഒരു മുതിർന്ന പാശ്ചാത്യ മാധ്യമ പ്രവർത്തകൻ പറയുന്നത്. മാത്രമല്ല, വളരെക്കാലമായി, രാജകുടുംബത്തിന്റെ ബിസിനസ്സ് താത്പര്യങ്ങളിലും സുപ്രധാനമായ ഒരു പങ്കാണ് ബൻഡാർ രാജകുമാരൻ വഹിക്കുന്നത്. യു എ ഇയും ബഹറിനും ഇസ്രയേലുമായി ഉണ്ടാക്കിയ കരാറുകൾക്ക് സൗദി മൗനാനുവാദം നൽകി എന്നതും സൗദി ഈ ദിശയിലേക്ക് നീങ്ങുകയാണെന്നതിന്റെ ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു.

ഗൾഫ് രാജ്യങ്ങളും ഫലസ്തീനുമായുള്ള ബന്ധം

ഗൾഫ് രാജ്യങ്ങളും ഫലസ്തീനുമായുള്ള ബന്ധം ഒരിക്കലും നിർവിഗ്‌നം തുടർന്ന ഒരു ബന്ധമായിരുന്നില്ല. പതിറ്റാണ്ടുകളോളം ഫലസ്തീനിന്റെ ആവശ്യത്തെയും അതിനുള്ള ശ്രമങ്ങളേയും രാഷ്ട്രീയമായും സാമ്പത്തികമായും സഹായിച്ചിരുന്നത് ഗൾഫ് രാജ്യങ്ങളായിരുന്നു. പക്ഷെ, 1990-ൽ ഇറക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ, സദ്ദാംഹുസൈനോട് ചേർന്നായിരുന്നു ഫലസ്തീൻ നേതാവ് യാസർ അരാഫത് നിന്നത്. ഇത് തങ്ങളെ ചതിക്കുന്നതിന് തുല്യമായി ഗൾഫ് രാജ്യങ്ങൾ കണക്കാക്കി.

പിന്നീട് 1991-ൽ അമേരിക്ക നേതൃത്വം കൊടുത്ത ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിലൂടെ കുവൈറ്റിനെ മോചിപ്പിച്ചപ്പോൾ, ആ രാജ്യത്തുണ്ടായിരുന്ന ഫലസ്തീനിയൻ കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കുകയുണ്ടായി. അതിനുപകരം തൊഴിലാളികളായി ഈജിപ്തിൽ നിന്നും ആളുകളെ കൊണ്ടുവരികയുംചെയ്തിരുന്നു. ആയിടയ്ക്ക്, ജറുസലേം ഇസ്രയേലികൾക്കുള്ളതാണ്, ഞാൻ കുവൈറ്റുകാരനാണ്'' എന്നുള്ള എഴുത്തുകൾ പാതയോരങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്നു.

സൗദിയുടെ സമാധാന ശ്രമങ്ങൾ

മേഖലയിലെ സമാധാനത്തിനായി ധാരാളം നടപടികൾക്ക് മുൻകൈ എടുത്ത ഒരു രാജ്യമാണ് സൗദി അറേബ്യ. 2002 ൽ ബെയ്റൂട്ടിൽ നടന്ന അറബി ഉച്ചകോടിയിൽ ഉയർന്നു വന്ന സമാധാന നിർദ്ദേശം എല്ലാ രാജ്യങ്ങളും അംഗീകരിച്ചിരുന്നു. ഇസ്രയേൽ കൈയടക്കി വച്ചിരിക്കുന്ന വെസ്റ്റ് ബാങ്ക്, ഗസ്സാ സ്ട്രിപ്, ഗോലാൻ കുന്നുകൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ഇസ്രയേൽ പിൻവാങ്ങിയാൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ രീതിയിലേക്ക് കൊണ്ടുവരാമെന്നതായിരുന്നു കരാർ. പാൽസ്തീനിയൻ സർക്കാരിന് ഈസ്റ്റ് യെരുശലേം തലസ്ഥാനമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നും കരാറിൽ ഉണ്ടായിരുന്നു.

ഈ കരാറിന് അന്താരാഷ്ട്ര തലത്തിൽ തന്നെ ധാരാളം പിന്തുണ ലഭിച്ചു. അന്ന് ഇസ്രയേലി പ്രധാനമന്ത്രിയായിരുന്ന ഏരിയ ഷാറോണിനും ഇതിനോട് തത്വത്തിൽ യോജിപ്പായിരുന്നു. എന്നാൽ ഇത് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുൻപായി ഹമാസ് നേതന്യാ നഗരത്തിലെ ഒരു ഇസ്രയേലി ഹോട്ടലിനുനേരെ ബോംബാക്രമണം നടത്തി. 30 പേരുടെ മരണത്തിനിടയാക്കിയ ഈ സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതോടെ സമാധാന ചർച്ച പാളം തെറ്റുകയായിരുന്നു.

അതുകഴിഞ്ഞുള്ള 18 വർഷങ്ങളിൽ മദ്ധ്യപൂർവ്വ ദേശത്ത് മാറ്റങ്ങൾ ഒരുപാടുണ്ടായി. ഒരു കാലത്ത് യഹൂദർ കുട്ടികളുടെ രക്തം കുടിക്കുമെന്നു വരെ വിശ്വസിച്ചിരുന്ന അറേബ്യൻ ഗ്രാമീണർ ഇന്റർനെറ്റിന്റെയും മറ്റും ആവിർഭാവത്തോടെ ഇത്തരം തെറ്റായ ധാരണകളിൽ നിന്നും, അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാകാൻ തുടങ്ങി. ഈജിപ്തും ജോർഡാനും തൊട്ടു പുറകെ യു എ ഇയും ബഹറിനും ഇസ്രയേലുമായി അടുത്തു. എണ്ണവിലയിടിവും, കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമൊക്കെ, കേവല മതാചാരങ്ങൾക്കുമപ്പുറം കൂടുതൽ പ്രായോഗിക ബുദ്ധിയോടെ ജീവിതത്തെ സമീപിക്കുവാൻ ജനങ്ങളേയും ഭരണകർത്താക്കളേയും പ്രേരിപ്പിച്ചു.

ഇതിനിടയിൽ, യാഥാസ്ഥിക രാജ്യമായിരുന്ന സൗദിയിൽ കിരീടാവകാശിയായ സല്മാൻ രാജകുമാരൻ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും ജനങ്ങളുടെ ജീവിതത്തേയും ചിന്താരീതിയേയും മാറ്റിമറിക്കുന്നതിൽ ഏറെ വിജയിച്ചു. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയതും വിനോദോപാധികൾക്ക് അനുമതി നൽകിയതുമെല്ലാം ഇക്കൂട്ടത്തിൽ പെടും. അങ്ങനെ ഒരു രാജ്യവും ജനതയും, മതത്തിന്റെ ചുറ്റുമതിലുകൾക്കപ്പുറമുള്ള ഒരു ലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന സമയത്താണ് രാജകുടുംബത്തിലെ ഒരു പ്രമുഖ അംഗം തന്നെ ഇത്തരത്തിൽ ഫലസ്തീനിനെതിരെ തുറന്നടിച്ച് പരസ്യമായി രംഗത്ത് വരുന്നത്.

ഇത് സൗദിയും ഇസ്രയേലിനോട് കൂടുതൽ അടുക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയായാണ് ലോകത്തിലെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP