Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലെബനനിന്റെ കണ്ണുനീരായി 3 വയസ്സുകാരി അലക്സാൻഡ്ര; അമ്മയുടെ നെഞ്ചൊട്ടിക്കിടന്ന കുഞ്ഞ് അലക്സാൻഡ്രയെ പറിച്ചെടുത്തെറിഞ്ഞത് സ്ഫോടനത്തിന്റെ ശക്തി; സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരക്ക് കണ്ണുനീരോടെ വിടചൊല്ലുമ്പോഴും രോഷാഗ്‌നി ആളിക്കത്തുന്ന ലെബനൻ; ഒരു വിസ്ഫോടനത്തിന്റെ ബാക്കിപത്രങ്ങൾ ഇങ്ങനെ

ലെബനനിന്റെ കണ്ണുനീരായി 3 വയസ്സുകാരി അലക്സാൻഡ്ര; അമ്മയുടെ നെഞ്ചൊട്ടിക്കിടന്ന കുഞ്ഞ് അലക്സാൻഡ്രയെ പറിച്ചെടുത്തെറിഞ്ഞത് സ്ഫോടനത്തിന്റെ ശക്തി; സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരക്ക് കണ്ണുനീരോടെ വിടചൊല്ലുമ്പോഴും രോഷാഗ്‌നി ആളിക്കത്തുന്ന ലെബനൻ; ഒരു വിസ്ഫോടനത്തിന്റെ ബാക്കിപത്രങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ച്ഛന്റെ തോളത്തിരുന്ന് ചെറുപുഞ്ചിരിയോടെ ലെബനിന്റെ ദേശീയപതാക ഉയരത്തിൽ വീശി പോകുമ്പോൾ അവൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു. അമ്മയുടെ നെഞ്ചൊട്ടിക്കിടന്ന് കൊഞ്ചുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സുരക്ഷിതബോധമായിരുന്നു. മുത്തച്ഛനോട് കുറുമ്പ് കാണിക്കുവാനും കുഞ്ഞ് അലക്സാൻഡ്രക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവൻ ഒരു ദിവസം കൊണ്ട് തല്ലിക്കെടുത്തി ആ മാലാഖക്കുഞ്ഞിനെ മരണം കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ നെഞ്ചിൽ നിന്നായിരുന്നു. ലെബനന്റെ ചരിത്രത്തിൽ ഒരു കണ്ണുനീർ മുത്തായി മാറിയ കുഞ്ഞ് അലക്സാൻഡ്രയുടെ കഥ.

ബെയ്റൂട്ടിലെ തുറമുഖത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയുമുയർന്നപ്പോൾ അലക്സാൻഡ്ര തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിലേക്ക് അവളുടെ മാതാപിതാക്കളോടൊത്ത് ഓടിച്ചെന്നു. മറ്റേതൊരു നഗരവാസിയേയും പോലെ സംഭവിക്കുന്നതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയായിരുന്നു അവർക്കും. അധികനേരം അവിടെ നിൽക്കുന്നതിന് മുൻപേ ആദ്യത്തെ സ്ഫോടനം ഉണ്ടായി. ഭയന്ന് വിരണ്ട അമ്മ ട്രേസി അലക്സാൻഡ്രയേയും മാറോടടുക്കി വീടിനകത്തേക്ക് പാഞ്ഞു.

എന്നാൽ ഏതാനും സെക്കൻഡുകൾക്കകം നടന്ന, കൂടുതൽ ഭീകരമായ രണ്ടാമത്തെ സ്ഫോടനം ആ കുഞ്ഞിനെ അമ്മയുടെ മാറിൽ നിന്നും പറിച്ചെറിയുകയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ആ സ്ഫോടനത്തിന്റെ ശക്തി. പിന്നീട് അവളെ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുക്കാൻ കുറച്ച് സമയമെടുത്തു. ചാരനിറത്തിലുള്ള ഒരു വലിയ കഷണം തങ്ങൾക്ക് നേരെ പാഞ്ഞുവരുന്നത് കണ്ടാണ് കുട്ടിയേയും കൊണ്ട് അകത്തേക്ക് ഓടിയതെന്ന് ട്രേസി പറയുന്നു.

അലക്സാൻഡ്രയെ മുറുകെ പിടിച്ചിരുന്നു. പക്ഷെ സ്ഫോടനത്തിന്റെ ആഘാതം ആ അമ്മയുടെ ശക്തിയേക്കാൾ വലുതായിരുന്നു. അമ്മയുടെ കൈയിൽ നിന്നും തെറിച്ചുപോയ ആ കുഞ്ഞിനെ കല്ലുകഷണങ്ങൾക്കിടയിൽ നിന്നും ഏടുത്ത് മോട്ടോർ സൈക്കിളിലാണ് പിതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.പുഞ്ചിരി മാത്രം വഴിഞ്ഞിരുന്ന ആ കുഞ്ഞു മുഖത്ത് ഒരു ഡസനിലേറെ സ്റ്റിച്ചുകൾ ഇടേണ്ടിവന്നു. എന്നും സന്തോഷത്തോടെ മിടിച്ചിരുന്ന ഹൃദയത്തിന് സംരക്ഷണമേകിയിരുന്ന വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിയിരുന്നു. എന്നിട്ടും മൂന്നു ദിവസം മരണത്തോട് മല്ലടിച്ചശേഷം ഇന്നലെ ആ മാലാഖക്കുഞ്ഞ് ഭൂമിയോട് വിടപറഞ്ഞു.

ലെബനനിലാകെ കത്തിപ്പടരുന്ന ജനരോഷം

അവൾ രക്തസാക്ഷിയല്ല, ഇരയാണ്, സ്വന്തം വീട്ടിൽ വച്ച് ഭരണകൂടത്താൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പാവം നിസ്സഹായയായ ഇര. ഉള്ളിൽ തിളക്കുന്ന രോഷവുമായി അലക്സസൻഡ്രയുടെ പിതാവ് പോൾ ഇത് പറയുമ്പോൾ, ലെബനൻ ജനത അത് ഏറ്റെടുക്കുകയാണ്.ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ തെരുവിലിറങ്ങിയത്. സർക്കാരിനെതിരെ കടുത്ത ജനരോഷമുയർന്നപ്പോൾ പലയിടങ്ങളിലും പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. സിറ്റി സെന്ററിലെ രക്തസാക്ഷി ചത്വരത്തിൽ വെടിവയ്‌പ്പും നടന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഭ്യന്തരയുദ്ധത്തിനിടയിലൂടെ ജീവിച്ചുവന്ന അലക്സാൻഡ്രയുടെ മുത്തച്ഛൻ പറയുന്നത് എല്ലാ പ്രതീക്ഷയും കൈവിട്ടു എന്നാണ്. 1975 മുതൽ നിരവധി ദുരന്തങ്ങൾക്ക് ലെബനൻ സാക്ഷിയായിട്ടുണ്ട്. പക്ഷെ ഓരോ തവണയുംഎല്ലാം നേരെയാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കൂട്ടം ക്രിമിനലുകൾ നാടുവാഴുമ്പോൾ, ഇനി എല്ലാ പ്രതീക്ഷകളും തകരുകയാണ്. അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ലബനൻ ഭരണകൂടത്തിൽ ഘടനാപരമായ മാറ്റം കൊണ്ടുവരുവാൻ നേരത്തേ തെരഞ്ഞെടുപ്പ് നടത്താം എന്ന് പ്രധാനമന്ത്രി ഹസ്സൻ ഡൈബ് പ്രസ്താവിച്ചു. ഇൻഫർമേഷൻ വകുപ്പ് മന്ത്രി മനാൽ അബ്ഡേൽ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ആറ് വർഷം മുൻപ് ഒരു റഷ്യൻ വ്യാപാരിയിൽ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തു തുറമുഖത്തു നിന്ന് നീക്കം ചെയ്യാതിരുന്നതിനെ കുറിച്ചും, അത് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സഹായഹസ്തവുമായി ലോകരാഷ്ട്രങ്ങൾ ബെയ്റൂട്ടിലേക്ക്

അതിനിടയിൽ വിവിധ രാഷ്ട്രങ്ങൾ ചേർൻ 250 മില്ല്യൺ യൂറോ, ബെയ്റൂട്ടിന്റെ പുനരുദ്ധാരണത്തിനായി വാഗ്ദാനം നൽകിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിച്ച ഒരു കോൺഫറൻസ് കോളിൽ, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉൾപ്പടെ 15 ലോക നേതാക്കൾ പങ്കെടുത്തു.

സഹായം വാഗ്ദാനം നൽകുന്നതോടൊപ്പം ദീർഘകാല പിന്തുണ ഉറപ്പാക്കുന്നതിനായി ആവശ്യമായ പരിവർത്തനങ്ങളും മാറ്റങ്ങളും എത്രയും വേഗം നടപ്പിലാക്കണമെന്ന് ലെബനൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ഈ സ്ഫോടനത്തെ കുറിച്ച് നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP