Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അഴിമതിയിൽ കുളിച്ച ഭരണകൂടത്തെ നിശബ്ദം സഹിച്ച ലബനീസ് ജനതക്ക് ബെയ്റൂട്ട് സ്ഫോടനത്തോടെ നിയന്ത്രണം വിട്ടു; നഗരത്തിൽ പ്രതിഷേധവുമായി എത്തിയവർ അക്രമാസക്തരായി; ഹിസ്ബുള്ള നേതാവിന്റേയും പാർലമെന്റ് സ്പീക്കറുടെയും കോലം തൂക്കിലേറ്റി പ്രതിഷേധം; വിദേശമന്ത്രാലയം കൈയടക്കി കലാപകാരികൾ; ലെബനൻ ജനത അതിജീവനത്തിനായി പൊരുതാൻ തുടങ്ങുമ്പോൾ

അഴിമതിയിൽ കുളിച്ച ഭരണകൂടത്തെ നിശബ്ദം സഹിച്ച ലബനീസ് ജനതക്ക് ബെയ്റൂട്ട് സ്ഫോടനത്തോടെ നിയന്ത്രണം വിട്ടു; നഗരത്തിൽ പ്രതിഷേധവുമായി എത്തിയവർ അക്രമാസക്തരായി; ഹിസ്ബുള്ള നേതാവിന്റേയും പാർലമെന്റ് സ്പീക്കറുടെയും കോലം തൂക്കിലേറ്റി പ്രതിഷേധം; വിദേശമന്ത്രാലയം കൈയടക്കി കലാപകാരികൾ; ലെബനൻ ജനത അതിജീവനത്തിനായി പൊരുതാൻ തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

158 പേരുടെ മരണത്തിനിടയാക്കിയ ബെയ്റൂട്ട് സ്ഫോടനം ലെബനനിൽ മറ്റൊരു വിസ്ഫോടനത്തിന് കളമൊരുക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. ഇന്നലത്തെ സ്ഫോടനത്തിൽ തകർന്ന ഒരു സർക്കാർ കെട്ടിടത്തിന് തീയിട്ട കലാപകാരികൾ കല്ലുകളും നാടൻബോംബുകളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ടപ്പോൾ നഗരമദ്ധ്യത്തിലെ രക്തസാക്ഷി ചത്വരത്തിൽ സൈന്യത്തെ ഇറക്കേണ്ടിവന്നു.

കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളുമായി സുരക്ഷാ ഉദ്യോഗസ്ഥരും കലാപകാരികളെ തടയുവാൻ ഏറെ ശ്രമിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർക്ക് പരിക്കേറ്റപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ നഗരത്തിന്റെ പകുതിയോളം തകർന്നിരുന്നു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായാണ് ഇന്ന് ലബനീസ് ജനത ഈ സ്ഫോടനത്തെ കാണുന്നത്. അതിന്റെ അനന്തരഫലമായിരുന്നു ഇന്നലെ ഉണ്ടായ കലാപം.

Stories you may Like

നഗരമദ്ധ്യത്തിലെ ചത്വരത്തിൽ ഒത്തുകൂടിയ 5,000 ത്തോളം പേർ സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങൾ മുഴക്കുകയും സർക്കാരിന്റെ രാജി അവകാശപ്പെടുകയും ചെയ്തു.പിന്നീടവർ ജാഥയായി പാർലമെന്റ് ലക്ഷ്യമാക്കി നീങ്ങിയപ്പോൾ പൊലീസ് അവരെ തടയുകയായിരുന്നു. ലബനനിൽ കാര്യമായ സ്വാധീനമുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസറള്ളയുടേയും പാർലമെന്റ് സ്പീക്കർ നബി ബെറിയുടെയുംകോലം തൂക്കിലേറ്റിയും അവർ പ്രതിഷേധിച്ചു.

ഈ ജാഥക്കിടയിൽ പ്രതിഷേധക്കാരിൽ ചിലർ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. കണ്ണീർ വാതകം ഉപയോഗിച്ച് പൊലീസ് തിരിച്ചടിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതിൽ പിന്നെ ലെബനനിലെ സ്ഥിരം കാഴ്‌ച്ചയാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾ. എന്നാൽ, മുൻപെങ്ങും ഇല്ലാത്തവിധം, ഒരു കൂട്ടം മുൻസൈനികർ ലെബനനിന്റെ വിദേശമന്ത്രാലയത്തിലേക്ക് കടന്നുകയറി അതിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീട് അതിനെ ലെബനീസ് വിപ്ലവത്തിന്റെ ഔദ്യോഗിക കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഓഫീസ് പിടിച്ചെടുക്കുന്നതും വിപ്ലവകേന്ദ്രമായി പ്രഖ്യാപിക്കുന്നതുമൊക്കെ പ്രാദേശിക ടി വി ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. തുടർന്ന് സൈന്യത്തെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഏകദേശം മൂന്നുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം വിദേശമന്ത്രാലയത്തിന്റെ ഓഫീസ് പ്രതിഷേധക്കാരിൽ നിന്നും പിടിച്ചെടുത്തത്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് നേരത്തേ പ്രതിഷേധത്തിന്റെ സിരാകേന്ദ്രമായ രക്തസാക്ഷി ചത്വരത്തിൽ ഒത്തുചേർന്നത്. അവരിൽ ചിലർ സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ ചിത്രങ്ങളും പിടിച്ചിരുന്നു. മരണമടഞ്ഞ നിസ്സഹയരുടെ അതേ വിധി ലെബനനിലെ രാഷ്ട്രീയ നേതാക്കൾക്കും ലഭിക്കണം എന്നായിരുന്നു പലരും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. ''എന്റെ സർക്കാർ എന്റെ ജനങ്ങളെ കൊന്നു'', ''നിങ്ങൾ അഴിമതിക്കാരായിരുന്നു, ഇപ്പോൾ കൊലപാതകികളുമായി'' എന്നൊക്കെ എഴുതിയ പ്ലക്കാർഡുകളും അവരിൽ പലരുടെയും കൈകളിൽ കാണാമായിരുന്നു.

സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്ന് പ്രതിഷേധക്കാർ ചത്വരത്തിൽ ഒത്തുകൂടിയത്. ഒക്ടോബർ മുതൽ ഭരണകൂടത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു എങ്കിലും അതൊന്നും ഇത്ര ശക്തിയാർജ്ജിച്ചിരുന്നില്ല. മാറ്റത്തിന് വേണ്ടിയുള്ള ഒരു അവസരമാണിതെന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം.

കഴിഞ്ഞ വർഷം മദ്ധ്യത്തോടെ തന്നെ ലബനന്റെ സാമ്പത്തികസ്ഥിതി തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു. ഈ വർഷമാദ്യം എത്തിയ കൊറോണ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ലബനന്റെ അവസ്ഥ ഇത്ര മോശമാക്കിയതെന്ന് പരക്കെ അഭിപ്രായമുണ്ട്. ''ഞങ്ങളെ ബന്ദികളാക്കിയിരിക്കുന്നു, ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല, ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ആകുന്നില്ല. ഇതിലധികം ഇനി സഹിക്കാൻ സാധിക്കില്ല'' പ്രതിഷേധക്കാർ പറയുന്നു. ഈ ദുരിതങ്ങൾക്ക് മീതെയണ് ഇപ്പോൾ ബെയ്റൂട്ടിൽ ഏകദേശം 3 ലക്ഷം പേർ ഭവനരഹിതരായി തീർന്നത്.

പണ്ട് ലെബനനിൽ നടന്ന അഭ്യന്തരയുദ്ധകാലത്തെ നേതാക്കളാണ് ഇന്ന് ലെബനൻ ഭരിക്കുന്നവരിൽ ഭൂരിഭാഗവും. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയുള്ള അവർക്ക് കാര്യമായ ഭരണനിർവ്വഹണ ശേഷിയുമില്ല. ആവശ്യമായ സമയത്ത് ആവശ്യമായ തീരുമാനം എടുക്കാത്തതിന്റെ പരിണിതഫലമായിരുന്നു സ്ഫോടനം. മാത്രമല്ല, ഫ്രാൻസിന്റെ മുൻ കോളനിയായിരുന്ന ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് എത്തി പല ദുരിതബാധിത സ്ഥലങ്ങളും സന്ദർശിച്ചെങ്കിലും , പല ലെബനീസ് നേതാക്കളും ഇവിടങ്ങളിൽ വന്നിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്.

ഇറാനുമായി അടുപ്പമുള്ള ഹിസ്ബുള്ളയുടെ പിന്തുണയോടെയാണ് ഇപ്പോൾ ലെബനൻ സർക്കാർ നിലനിൽക്കുന്നത്. പ്രധാന പ്രതിപക്ഷമായ ലെബനൻ കടീബ് പാർട്ടിയുടെ എം പി മാർ സർക്കാർ നടപടികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തി രാജിവച്ചിരുന്നു. തീവ്രവാദികളും ഭരണകൂടവും കൈകോർക്കുമ്പോൾ, സാധാരണ പൗരന്മാർ അവഗണിക്കപ്പെടും എന്നതിന്റെ ഉത്തമോദാഹരണമാണ് ലെബനൻ. സഹിക്കാവുന്നതിലപ്പുറം ദുരിതങ്ങളായപ്പോൾ ഒടുവിൽ ജനത തെരുവിലിറങ്ങിയിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP