Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ അതിർത്തിയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും സംഘർഷാന്തരീക്ഷം നിലനിർത്തുന്നതിനൊപ്പം ജപ്പാനുമായും യുദ്ധത്തിന് നീക്കം; ആൾത്താമസമില്ലാത്ത സെൻകാക്കുസ് ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നെന്ന് ജപ്പാൻ; പ്രതിരോധ കരാർ പ്രകാരം, ചൈന ജപ്പാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് ഇടപെടേണ്ടതായി വരും;ചൈനയുടെ ഉദ്ദേശം മറ്റൊരു ലോക മഹായുദ്ധമോ ?

ഇന്ത്യൻ അതിർത്തിയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും സംഘർഷാന്തരീക്ഷം നിലനിർത്തുന്നതിനൊപ്പം ജപ്പാനുമായും യുദ്ധത്തിന് നീക്കം; ആൾത്താമസമില്ലാത്ത സെൻകാക്കുസ് ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നെന്ന് ജപ്പാൻ; പ്രതിരോധ കരാർ പ്രകാരം, ചൈന ജപ്പാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് ഇടപെടേണ്ടതായി വരും;ചൈനയുടെ ഉദ്ദേശം മറ്റൊരു ലോക മഹായുദ്ധമോ ?

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോയിൽ നിന്നും 1,900 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ആൾത്താമസമില്ലാത്ത ദ്വീപ് സമൂഹമാണ് സെൻകാക്കുസ് എന്ന് ജപ്പാനിലും ഡയോയസ് എന്ന് ചൈനയിലും അറിയപ്പെടുന്ന ദ്വീപ് സമൂഹം. 1972 മുതൽ ഇത് ജപ്പാന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും നൂറ്റാണ്ടുകളായി അവയ്ക്ക് മേൽ അവകാശമുന്നയിക്കുന്നുണ്ട് ഇരു രാജ്യങ്ങളും. ഒരു തർക്ക പ്രദേശമാണെങ്കിലും ഇതുവരെ അവിടെ നേരിട്ടൊരു ഏറ്റുമുട്ടൽ നടന്നിട്ടില്ല. ഇടക്കിടക്ക് പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ സംസാരിച്ച് തീർക്കാറാണ് പതിവ്.

എന്നാൽ തീർത്തും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ഈ മേഖലയിൽ ഒരു യുദ്ധത്തിന്റെ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. സെൻകാക്കു ദ്വീപിന് സമീപം കടലിൽ ചൈനയുടെ കപ്പലുകൾകാണപ്പെടുന്നു എന്ന ജപ്പാൻ തീരദേശ സേനയുടെ അറിയിപ്പാണ് ഇപ്പോൾ ആശങ്ക പടർത്തുന്നത്. ഏപ്രിൽ പകുതി മുതൽ ഈ ഭാഗത്ത് ചൈനയുടെ കപ്പലുകൾ സ്ഥിരമായി കാണപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ഒരു സൈനിക നടപടിയിലേക്ക് നീങ്ങിയാൽ തീർച്ചയായും ലോകം ഭയത്തോടെ കാത്തിരിക്കുന്ന അമേരിക്കൻ-ചൈന യുദ്ധം ഒരു യാഥാർത്ഥ്യമായേക്കും. കാരണം, ജപ്പാനുമായി അമേരിക്ക ഒപ്പിട്ടിട്ടുള്ള പ്രതിരോധ കരാർ അനുസരിച്ച് ജപ്പാനെ ഏതെങ്കിലും വിദേശ രാജ്യങ്ങൾ ആക്രമിച്ചാൽ അമേരിക്കയും അവരുമായുള്ള യുദ്ധത്തിൽ ജപ്പാനോടൊപ്പം ചേരണം.

സെൻകാക്കു ദ്വീപുകൾ തങ്ങളുടെ പരമാധികാരത്തിൻ കീഴിലുള്ള പ്രദേശമാണെന്ന് ജപ്പാൻ അവകാശപ്പെടുമ്പോൾ, ഇത് ചരിത്രപരമായി തന്നെ ചൈനയുടേതാണെന്നാണ് ചൈന വാദിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ പട്രോളിങ് നടത്തുന്നതിൽ തടസ്സമില്ലെന്നും അവർ പറയുന്നു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിലും സമാനമായ അവകാശവാദങ്ങൾ വന്നിരുന്നു. നിലവിൽ ജപ്പാനിലെ ഇഷിഗാക്കി നഗരസഭ കൗൺസിലാണ് ഈ ദ്വീപിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്. ഭരണപരമായ സൗകര്യത്തിനായി ഇതിനെ നഗരത്തിലെ ആവാസമേഖലകളുടെ ഭരണ സംവിധാനത്തിൽ നിന്നും അടർത്തി പ്രത്യേക മേഖല രൂപീകരിക്കുവാൻ ഈയിടെ നഗരസഭ തീരുമാനിച്ചിരുന്നു. ഇത്, ഈ ദ്വീപ് സമൂഹം തർക്കങ്ങൾക്ക് ഇടനൽകാതെജപ്പാന്റെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഇതാണ് ഇപ്പോൾ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതിന് മുൻപ് സ്വകാര്യ സ്വത്തായിരുന്ന ഈ ദ്വീപ് സമൂഹം 2012-ൽ ജപ്പാൻ ദേശസാത്ക്കരിച്ചപ്പോഴാണ് ഇതിന് മുൻപ് ഇവിടെ പ്രതിസന്ധി ഉണ്ടായത്. ജപ്പാന്റെ ഈ തീരുമാനം ചൈനയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജാപനീസ് സ്റ്റോറുകളും ജാപനീസ് കാറുകളും അന്ന് അക്രമത്തിനിരയായിരുന്നു. ജപ്പാൻ എമ്പസിക്ക് നേരേയും ആക്രമണമുണ്ടായിരുന്നു.

ദ്വീപിന്റെ ഉടമസ്ഥാവകാശവും ചരിത്രവും

1400 മുതൽ ഈ ദ്വീപ് തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ 1885 ൽ നടന്ന സർവ്വേയിൽ ഇത് ചൈനയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് കാണിക്കുവാൻ യാതോരു തെളിവും ഇല്ലെന്നും അതിനാൽ 1895 മുതൽ ഇത് ജപ്പാന്റെ അധികാരപരിധിയിലുള്ള പ്രദേശമായി കണക്കാക്കുകയാണെന്നുമാണ് ജപ്പാൻ അവകാശപ്പെടുന്നത്.ജപ്പാൻ വിദേശകാര്യ മന്താലയത്തിന്റെ രേഖകൾ പ്രകാരം ഒരു കാലത്ത് ഏകദേശം 200 പേരോളം ഈ ദ്വീപിലുണ്ടായിരുന്നതായും പറയപ്പെടുന്നു. ഉണക്കമീൻ, കടൽ പക്ഷികളുടെ തൂവലുകൾ എന്നിവയുടെ വിപണനമായിരുന്നു അവരുടെ മുഖ്യ വരുമാനമാർഗ്ഗം.

1932-ൽ ജപ്പാൻ ഈ ദ്വീപ് അവിടത്തെ അന്തേവാസികൾക്ക് വിറ്റു. എന്നാൽ 1940-ഓടെ അവിടം ജനവാസമില്ലാതെയായിത്തീരുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ തോൽവി ഈ ദ്വീപിനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പുതിയ മാനം നൽകി. യു എസിന്റെ അധിനിവേശ സൈന്യമായിരുന്നു അപ്പോൾ ഈ ദ്വീപ് ഭരിച്ചിരുന്നത്. പിന്നീട് 1972 ൽ ഓക്കിനാവയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ ഭാഗമായി അമേരിക്ക ഈ ദ്വീപ് ജപ്പാന് കൈമാറുകയായിരുന്നു. അതേ സമയം തെയ്വാനും ഈ ദ്വീപിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

അതിനാൽ തന്നെ, ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള പ്രധാന ജോലി ഈ ദ്വീപിന്റെ സംരക്ഷണമാണ്. ഈ ദ്വീപിന്റെ സംരക്ഷണത്തിനായി ഒരു പുതിയ സൈനിക ആസ്ഥാനവും ജപ്പാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്.ജപ്പാൻ നേവിയും ഇവിടെ കാവലുണ്ട്. കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ അനുമാനപ്രകാരം, ജനവാസമില്ലെങ്കിലും ഈ ദ്വീപിന് സാമ്പത്തിക പ്രാധാന്യം ഏറെയുണ്ട്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സ്രോതസ്സുകൾ, പ്രധാന കപ്പൽ പാതകളോടുള്ള സാമീപ്യം, ദ്വീപിനോട് ചേർന്നുള്ള ഭാഗങ്ങളിലെ മത്സ്യ സമ്പത്ത് എന്നിവ ഈ ദ്വീപിന്റെ സാമ്പത്തിക പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഒരു സൈനിക നീക്കത്തിനുള്ള സാധ്യതകൾ

ആഗോള നിരീക്ഷകരുടെ അഭിപ്രായപ്രകാരം അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലയാണ് ഇത്. ദക്ഷിണ ചൈന സമുദ്രത്തിലെ സൈനീക നീക്കങ്ങൾ, ചൈന- തായ്വാൻ തർക്കം, ഉത്തരകൊറിയയുടെ അണുവായുധ ശേഖരം എന്നിവയൊക്കെ ഈ മേഖലയേ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാക്കി മാറ്റിയിരിക്കുന്നു. ഏഷ്യാ മാരിടൈം ട്രാൻസ്പെരൻസി ഇനിഷീയേറ്റീവിന്റെ അഭിപ്രായപ്രകാരം, കേടായ ഒരു കപ്പലിലെ ജീവനക്കാർ ഈ ദ്വീപിൽ അഭയം പ്രാപിച്ചാലോ, യന്ത്രത്തകരാറ് മൂലം ഒരു വിമാനം ഇവിടെ എമർജൻസി ലാൻഡിങ് നടത്തുകയോ ചെയ്താൽ പോലും യുദ്ധ സാധ്യത വളരെ കൂടുതലാണിവിടെ.

ചൈനയുടെ മത്സ്യബന്ധനത്തൊഴിലാളികളോ, തീരദേശ സംരക്ഷണ സേനയിലെ അംഗങ്ങളോ, സൈന്യമോ ഇവിടെ എത്തിയാൽ ജപ്പാന്റെ തീരദേശ സംരക്ഷണ സേനക്ക് അവരെ നീക്കം ചെയ്യേണ്ടതായി വരും. ഈ ദ്വീപിന് മേലുള്ള ജപ്പാന്റെ അവകാശത്തെ അംഗീകരിക്കാത്ത ചൈന തീർച്ചയായും തിരിച്ചടിച്ചെന്നും ഇരിക്കും. ഇന്നത്തെ സാഹചര്യത്തിൽ അതിന് സാധ്യത കൂടുതലാണെന്നാണ് എ എം ടി ഐ പറയുന്നത്.

ഇന്തോ പസഫിക് മേഖലയിലാകെ പുതിയ അവകാശവാദങ്ങളുമായി ചൈന ഇറങ്ങിയിരിക്കുകയാണ്. ദക്ഷിണ ചൈന സമുദ്രത്തിൽ കൃത്രിമ ദ്വീപ് നിർമ്മിച്ച് സൈനിക താവളവും ഒരുക്കികഴിഞ്ഞു.മാത്രമല്ല, ഇന്തോനേഷ്യയുടെ അധികാര പരിധിയിലുള്ള സമുദ്രത്തിലേക്ക് ഒരു സർവ്വേ കപ്പലിനെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി തായ്വാന്റെ അതിർത്തി ലംഘിക്കുക എന്ന തെ ചൈനീസ് യുദ്ധവിമാനങ്ങൾ ഒരു പതിവാക്കിയിരിക്കുകയാണ്.

അതുപോലെ പൂർവ്വ ചൈനാ സമുദ്രത്തിലെ ദ്വീപുകൾക്ക് മീതെയുള്ള അവകാശവാദത്തിലും ചൈന പുതിയൊരു വർഗ്ഗീകരണം നടത്തിയിരിക്കുകയാണ്. ഇവയ്ക്ക് സർക്കാർ ഹൈറാർക്കിയിൽ കൂടുതൽ പ്രധാനപ്പെട്ട സ്റ്റാറ്റസ് നൽകിയാണ് അവ തങ്ങളുടെ ഭാഗമാണെന്ന് ചൈന പറയാതെ പറഞ്ഞത്. എന്നാൽ സെൻകാക്കുസ് ദ്വീപിന് വേണ്ടി ഒരു യുദ്ധത്തിന് ചൈന തയ്യാറാകില്ലെന്നും ചില നിരീക്ഷകർ കരുതുന്നു. ജപ്പാനുമായൊരു യുദ്ധമുണ്ടായാൽ അമേരിക്കക്കും യുദ്ധത്തിന് ഇറങ്ങേണ്ടിവരും. ചൈന അത് ഇഷ്ടപ്പെടുന്നില്ല എന്ന് ചിലർ കരുതുന്നു.

എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ സാഹചര്യമാണെന്നാണ് മറ്റു ചിലർ പറയുന്നത്. അമിതമായ ആഗ്രഹങ്ങൾ, സ്വന്തം കഴിവിൽ അമിതമായ ആത്മവിശ്വാസം അതുപോലെ വിജയത്തിനായി എന്ത് മാർഗ്ഗവും സ്വീകരിക്കാനുള്ള മടിയില്ലായ്മ. ഹിറ്റ്ലറിന്റെ ഈ ഗുണങ്ങൾക്കൊപ്പം വിഢിത്തവും ഷീ ജിൻപിംഗിൽ കാണാനാവുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്. അതേ സമയം ഹിറ്റ്ലർ അനുഭവിക്കാത്ത മറ്റൊന്നു കൂടി ഷീ അനുഭവിക്കുന്നുണ്ട്, ജനങ്ങളുടെ അസംതൃപ്തി. ഇപ്പോൾ തന്നെ ജനാധിപത്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ ചില കോണുകളിൽ നിന്നും സംസാരങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ട്.

കൊറോണയെ കൈകാര്യം ചെയ്ത രീതികളും ജനങ്ങളിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങളെ കൂടെ നിർത്താനും, പാർട്ടിക്കുള്ളിൽ തന്റെ ശക്തി തെളിയിക്കുവാനും ഒരു അസാമാന്യമായ നേട്ടം ഷീക്ക് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. അത്യാഗ്രഹം വിവേകത്തേ കെടുത്തുമ്പോഴാണ് മണ്ടത്തരങ്ങളിലേക്ക് എടുത്തുചാടാൻ മനുഷ്യർ പ്രേരിപ്പിക്കപ്പെടുന്നത് എന്ന് ഹിറ്റലറുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ചൈന ഇപ്പോൾ ഉന്നം വയ്ക്കുന്നത് ഒരു ലോകമഹായുദ്ധത്തിന് തന്നെയാണെന്ന് പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ചൈനയുടെ നാശത്തിലേ കലാശിക്കൂ എന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP