Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഏഷ്യയിലെ പ്രധാന ഫിനാൻഷ്യൽ ഹബ്ബ് എന്ന രീതിയിൽ ഹോങ്കോംഗിന്റെ സുവർണ്ണകാലം അവസാനിക്കുകയാണോ? നഗര ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താൻ ചൈനയുണ്ടാക്കുന്ന പുതിയ സുരക്ഷാ നിയമം നശിപ്പിക്കാൻ ഒരുങ്ങുന്നത് ഹോങ്കോംഗ് എന്ന വ്യാവസായിക നഗരത്തെ; കൈമാറ്റക്കരാറിലെ വ്യവസ്ഥകൾ ലംഘിക്കാൻ ഒരുങ്ങി ചൈന

ഏഷ്യയിലെ പ്രധാന ഫിനാൻഷ്യൽ ഹബ്ബ് എന്ന രീതിയിൽ ഹോങ്കോംഗിന്റെ സുവർണ്ണകാലം അവസാനിക്കുകയാണോ? നഗര ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താൻ ചൈനയുണ്ടാക്കുന്ന പുതിയ സുരക്ഷാ നിയമം നശിപ്പിക്കാൻ ഒരുങ്ങുന്നത് ഹോങ്കോംഗ് എന്ന വ്യാവസായിക നഗരത്തെ; കൈമാറ്റക്കരാറിലെ വ്യവസ്ഥകൾ ലംഘിക്കാൻ ഒരുങ്ങി ചൈന

മറുനാടൻ ഡെസ്‌ക്‌

കിഴക്ക് പടിഞ്ഞാറ് അർദ്ധ്ഗോളങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയായാണ് ഹോങ്കോംഗിനെ വിശേഷിപ്പിക്കുന്നത്. 156 വർഷം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ ഹോങ്കോംഗ് ലോകത്തിലെ മറ്റേതൊരു സമ്പന്ന നഗരത്തോടും കിടപിടിക്കാവുന്ന ആധുനിക നഗരമായി വളർന്നിരുന്നു. 1842-ൽ ഒന്നാം കറുപ്പ് യുദ്ധത്തിനൊടുലെ നാൻകിങ് ഉടമ്പടി പ്രകാരമാണ് ഹോങ്കോംഗ് ബ്രിട്ടീഷ ഭരണത്തിൻ കീഴിലായത്. 1856-60 ലെ രണ്ടാം കറുപ്പ് യുദ്ധത്തിനുശേഷം കൗലൂൺ തീരപ്രദേശവും ബ്രിട്ടീഷുകാർ കൈക്കലാക്കി. പിന്നീട് 1898 ലെ ഒരു ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങളും കൂടാതെ വേറെ 235 ദ്വീപുകളും ബ്രിട്ടീഷുകാർക്ക് 99 വർഷത്തെ പാട്ടത്തിന് നൽകുകയായിരുന്നു.

1949-ൽ ചൈനയിൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതോടെ ആയിരക്കണക്കിന് ചൈനാക്കാരാണ് കമ്മ്യുണിസ്റ്റ് അടിച്ചമർത്തലുകളിൽ നിന്നും രക്ഷപ്പെടുവാനായി ഹോങ്കോംഗിലേക്ക് കുടിയേറിയത്. ഇതിനെ തുടർന്ന് ബ്രിട്ടന് ഈ പ്രവിശ്യയിൽ പരമാധികാരം നൽകുന്ന ഉടമ്പടികൾക്ക് സാധുതയില്ലെന്ന് വരെ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1984 ൽ നടന്ന ചർച്ചകളിലാണ് പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഹോങ്കോംഗ് ചൈനക്ക് കൈമാറാനുള്ള ധാരണയിലെത്തിയത്.

Stories you may Like

കൈമാറ്റ നടപടികൾ പൂർത്തീകരിക്കുവാനായി ഹോങ്കോംഗിലെ അവസാനത്തെ കൊളോണിയൽ ഗവർണറായി ക്രിസ് പാറ്റേൺ 1992 ൽ നിയമിതനായി. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കുന്ന രീതിയിലുള്ള നിരവധി രാഷ്ട്രീയ പരിഷ്‌കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിലൊന്നായിരുന്നു ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ. ഈ പരിഷ്‌കരണങ്ങൾക്ക് തുരങ്കം വയ്ക്കാൻ ചൈന ആദ്യം മുതലേ ശ്രമിച്ചിരുന്നു. ഹോങ്കോംഗിന് സ്വന്തം അഭിപ്രായം പറയുവാൻ കഴിയാത്തവിധം പ്രവിശ്യ തങ്ങൾക്ക് കൈമാറണമെന്നായിരുന്നു ചൈനയുടെ ആവശ്യം.

എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഹോങ്കോംഗ് കൈമാറുമ്പോൾ ഉണ്ടാക്കിയ കരാർ അനുസരിച്ച് ഹോങ്കോംഗിന് അർദ്ധ സ്വയംഭരണ പ്രദേശമെന്ന പദവി നൽകാൻ ചൈന തയ്യാറായി. ഇതനുസരിച്ച് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖകളിൽ മാത്രമായിരുന്നു ചൈനക്ക് ഹോങ്കോംഗിന് മേൽ നിയന്ത്രണാധികാരം ഉണ്ടായിരുന്നത്. ഹോങ്കോഗിലെ സാമ്പത്തിക രീതികളും ജീവിത ശൈലികളും അടുത്ത 50 വർഷക്കാലത്തേക്ക് മാറ്റരുത് എന്നും ഒരു കരാർ ഉണ്ടായിരുന്നു. ഇതനുസരിച്ച്, ''ഒരു രാജ്യം രണ്ട് സമ്പ്രദായങ്ങൾ'' എന്ന നിയമത്തിൽ അനുസരിച്ചായിരുന്നു ഹോങ്കോംഗ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

ഇതിനിടെയാണ് പുതിയ സ്റ്റേറ്റ് സെക്യുരിറ്റി ആക്ട് ഹോങ്കോംഗിൽ പ്രാബല്യത്തിൽ വരുത്താൻ ചൈന ശ്രമിക്കുന്നത്. നേരത്തേ ബ്രിട്ടനുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച്, ഹോങ്കോംഗ് പൗരന്മാർക്ക്, അഭിപ്രായ സ്വാതന്ത്ര്യം, കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം, പ്രകടനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഉണ്ടായിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രം അനുവദിച്ചു നൽകുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളൊന്നും ചൈന മെയിൻ ലാൻഡിൽ ലഭ്യമല്ല. ഇപ്പോൾ പുതിയ സ്റ്റേറ്റ് സെക്യുരിറ്റ് ആക്ട് നടപ്പിലാക്കുന്നതോടെ ഹോങ്കോംഗിലും ഇതു തന്നെ സംഭവിക്കും.

രാഷ്ട്രീയവു നിയമപരവുമായ സ്വാതന്ത്ര്യം ഹോങ്കോംഗിനെ എന്നും ബഹുരാഷ്ട്ര കുത്തകകളുടെ പ്രിയപ്പെട്ട ഇടമാക്കിയിരുന്നു. ചൈനയിലെ മറ്റ് വ്യവസായ നഗരങ്ങളായ ഷാങ്ങ്ഹായിയിലും ഷെൻസെനിലും ഉള്ളത്ര നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പല പാശ്ചാത്യ കമ്പനികളും ഹോങ്കോംഗിനായിരുന്നു മുൻഗണന നൽകിയിരുന്നത്. അതേ സമയം പല ചൈനീസ് കമ്പനികളും നിക്ഷേപകരെ ആകർഷിക്കുവാനായി ഹോങ്കോംഗിലും ശാഖകൾ തുടങ്ങിയിരുന്നു.

കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭണങ്ങളോടെ സമാധാനപൂർണ്ണമായ നഗരം എന്ന പ്രതിച്ഛായ നഷ്ടമായെങ്കിലും വ്യവസായ ലോകത്തിന് പ്രിയപ്പെട്ട ഇടമായി തന്നെ തുടർന്നു ഹോങ്കോംഗ്. വ്യാപാരബന്ധങ്ങളിൽ അമേരിക്ക സ്പെഷ്യൽ സ്റ്റാറ്റസ് നൽകിയിട്ടുള്ള ഹോങ്കോംഗിൽ ഏതാണ് 1300 അമേരിക്കൻ കമ്പനികൾ പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കമ്പനികൾ വേറെയും.

ഒരു ഏകാധിപത്യ ഭരണത്തിന്റെ കാർക്കശ്യമൊന്നുമില്ലാതിരുന്ന ഹോങ്കോംഗ് എന്നും പാശ്ചാത്യ വ്യവസായങ്ങൾക്ക് കിഴക്കൻ നാടുകളിലേക്ക് സ്വാഗതമരുളുന്ന ഇടനാഴിയായിരുന്നു. ഇതാണ് ചൈനയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതെയാവുക. പുതിയ നിയമ പ്രകാരം, രാജ്യത്തിനെതിരെ അഭിപ്രായം പറയുക, സമരം ചെയ്യുക എന്നതൊക്കെ കടുത്ത ശിക്ഷകൾ ലഭിക്കാവുന്ന കുറ്റങ്ങളായി മാറും. അതായത്, ഹോങ്കോംഗിനെ പൂർണ്ണമായും വരുതിയിലാക്കാനുള്ള ചൈനയുടെ ആദ്യ ചുവടാണ് ഈ നിയമം.

ടിയാനൻ മെൻ ചത്വരത്തിലേതുപോലെ, രാഷ്ട്രത്തിനും കമ്മ്യുണിസ്റ്റ് പാർട്ടിക്കും എതിരെ നീളുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ചൈനക്ക് ഈ നിയമം അധികാരം നൽകും. അങ്ങനെ എല്ലാം അടിച്ചമർത്തിയാൽ, ചൈനയിലെ അതേ നിയമങ്ങൾ തന്നെ ഇവിടെയും നടപ്പിലാക്കാം. മറ്റേതൊരു കമ്മ്യുണിസ്റ്റ് രാഷ്ട്രത്തിലും സംഭവിച്ചതുപോലെ ഇവിടെയും ജനാധിപത്യത്തിന് മരണം സംഭവിക്കും.

കൊറോണക്കാലത്ത് ആരോഗ്യ രക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന പല അമേരിക്കൻ കമ്പനികൾക്കും അവരുടെ ചൈനയിലുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും സ്പെയർപാർട്ട്സുകൾ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയിലെ ഉപയോഗത്തിനെന്ന പേരിൽ കൊറോണമാർക്കറ്റിൽ ലാഭം കൊയ്യാൻ ചൈനീസ് സർക്കാർ നിയമഭേദഗതി ചെയ്ത് അവയുടെ കയറ്റുമതി തടയുകയായിരുന്നു. അതായത്, നിർമ്മാണക്കമ്പനികള്ക്കുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തി എന്നർത്ഥം. ഇതേ അവസ്ഥയായിരിക്കും ചൈനയുടെ പൂർണ്ണ അധികാരത്തിൻ കീഴിൽ വന്നാൽ ഹോങ്കോംഗിലും സംഭവിക്കുക എന്നറിയാവുന്ന പാശ്ചാത്യ കമ്പനികൾ അധികകാലം അവിടെ തുടരുമെന്ന് തോന്നുന്നില്ല.

സ്വാതന്ത്ര്യവും സുതാര്യതയുമില്ലാത്ത സ്ഥലങ്ങളിൽ ആഗോള വ്യവസായങ്ങൾക്ക് വളരാനാകില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ പലരും ഈ നഗരത്തെ കൈയൊഴിഞ്ഞേക്കാം. ചുരുക്കം പറഞ്ഞാൽ ചൈനയുടെ ഈ പുതിയ നിയമം ഹോങ്കോംഗിന്റെ മരണമണിയായി മാറിയേക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP