Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും അവർ വേർപിരിഞ്ഞു; 47 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ബ്രിട്ടനെ യൂണിയനിൽ നിന്നും ഒഴിവാക്കാനുള്ള ബില്ലിന് ഇന്നലെ ബ്രസൽസ് അനുമതി നൽകിയത് വികാര നിർഭരമായി: സകല കടമ്പകളും കടന്നതോടെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഇനി ഒരു രാത്രി കൂടി മാത്രം ബാക്കി

കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും അവർ വേർപിരിഞ്ഞു; 47 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ബ്രിട്ടനെ യൂണിയനിൽ നിന്നും ഒഴിവാക്കാനുള്ള ബില്ലിന് ഇന്നലെ ബ്രസൽസ് അനുമതി നൽകിയത് വികാര നിർഭരമായി: സകല കടമ്പകളും കടന്നതോടെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഇനി ഒരു രാത്രി കൂടി മാത്രം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ബ്രസൽസ്: 47 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു ബ്രിട്ടനും യൂറോപ്യൻ യൂണിയനും വേർപിരിഞ്ഞു. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും വളരെ വികാര നിർഭരമായ വേർപിരിയലിനാണ് ഇന്നലെ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടന്റെ ദീർഘകാല സ്വപ്നമായ യൂറോപ്യൻ യൂണിയനിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ബ്രെക്സിറ്റ് ബില്ലിന് ഇന്നലെ ബ്രസൽസ് അനുമതി നൽകുക ആയിരുന്നു. സകല കടമ്പകളും പൂർത്തിയായതോടെ വെള്ളിയാഴ്ച അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലാകും. ബ്രിട്ടനിലെ എല്ലാ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളും ഇന്നലെ ബ്രസൽസിൽ എത്തിയിരുന്നു. തങ്ങളുടെ സഹപ്രവർത്തകരായ മറ്റ് രാജ്യങ്ങളിലെ അംഗങ്ങളോട് നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഇവർക്ക് ഈ വിട ചൊല്ലൽ താങ്ങാവുന്നതിലും വലിയ ദുഃഖമായിരുന്നു.

മുൻ ജർമൻ പ്രതിരോധ മന്ത്രിയാണ് ബ്രിട്ടന് യാത്രാ മംഗളം ചൊല്ലിയത്. വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചതോടെയാണ് ബ്രെക്സിറ്റിന് അംഗീകാരമായത്. കെട്ടിപ്പിടുത്തത്തിനും പൊട്ടിക്കരച്ചിലിനും ഒടുവിൽ ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗേൽ ഫാരേജ് രണ്ട് പതിറ്റാണ്ടിന് ശേഷം പാർലമെന്റിൽ പ്രസംഗിച്ചു.മുൻ ജർമൻ മന്ത്രിയും എംഇപിയുടെ നേതാവുമായ മക് ഗിന്നസ് ബ്രിട്ടീഷ് കവി ജോർജ് എലിയട്ടിന്റെ കവിതയിലെ വരികൾ ചൊല്ലിയാണ് ബ്രിട്ടൻ പടിയിറങ്ങുന്നതിലുള്ള തന്റെ വേദന പങ്കുവെച്ചത്. യൂറോപ്യൻ യൂണിയൻ വിട്ടാലും ബ്രിട്ടനും യൂറോപ്യൻ യൂണിയനും പരസ്പരം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലർ കണ്ണീരൊഴുക്കുമ്പോൾ ചിലർ ആ സങ്കടം മാറാൻ പാട്ടുപാടുന്നുണ്ടായിരുന്നു.

അതേസമയം ബ്രിട്ടൻ ഗുഡ് ബൈ പറഞ്ഞ് പോകുകയല്ലെന്നും വീണ്ടും തിരികെ വരാനുള്ള മടക്കം മാത്രമാണെന്നുമ ഒരു ആശ്വസിപ്പിക്കലെന്നോണം സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ പറഞ്ഞു. ബ്രിട്ടനിൽ നിന്നുള്ള പല യൂറോപ്യൻ പാർലമെന്റ് അംഗങ്ങളും യൂറോപ്യൻ യൂണിയൻ വിടുന്നതും ജോലി നഷ്ടമാകുന്നതിനെ കുറിച്ചും വികാര നിർഭരമായ കുറിപ്പുകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചു. ഈ വിടപറച്ചിലിന് കൈപ്പേറിയ മധുരമാണെന്നും വളരെ വികാര നിർഭരമാണെന്നുമാണ് ചിലർ പങ്കുവെച്ചത്. ജോലി നഷ്ടമാകുന്നതിലുപരി സൗഹൃദം നഷ്ടമാകുന്നതിന്റ വേദനയും പലരും പങ്കുവെച്ചു.

ഭാവിയിൽ യൂറോപ്യൻ യൂണിയനിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ പല അംഗങ്ങളും പങ്കുവെച്ചു. ലിബറൽ ഡെമോക്രാറ്റിക് അംഗങ്ങൾ 'സ്റ്റോപ് ബ്രെക്സിറ്റ്' എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ഇന്നലെ യൂറോപ്യൻ പാർലമെന്റിൽ എത്തിയത്. പലരും സമ്മാനങ്ങൾ കൈമാറിയും തിരികെ വരുമെന്ന പ്രതീക്ഷകൾ പങ്കുവെച്ചും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും ദുഃഖരമായ ദിനമാണ് ഇന്ന് എന്നാണ് പാർലമെന്റ് സ്പീക്കർ ഡേവിഡ് സസ്സോലി പ്രതികരിച്ചത്.

751 അംഗ യൂറോപ്യൻ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, 'ഓൾഡ് ലാങ് സൈനെ' ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.

ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.

യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്‌ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.

31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല. ഡിസംബർ 31ഓട് കൂടി മാത്രമേ ബ്രെക്സിറ്റ് പൂർണമായും അതിന്റെ അർത്ഥത്തിൽ നടപ്പിൽ വരു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP