Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

യുഎസിന്റെ നിരുത്തരവാദപരമായ സൈനിക നീക്കം പിരിമുറുക്കം വർധിപ്പിക്കുമെന്നു റഷ്യ; രാജ്യാന്തര ബന്ധങ്ങളിൽ സൈനികശക്തി പ്രയോഗിക്കുന്നതിനോട് വിയോജിപ്പെന്ന് ചൈന; ഉൽകണ്ഠ പ്രകടിപ്പിച്ച് ബ്രിട്ടനും ഫ്രാൻസും ജർമനിയും; പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ഇസ്രയേൽ; സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യ; സുലൈമാനി വധത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ; പൗരന്മാരോട് ഇറാഖ് വിടാൻ ട്രംപ് ഭരണകൂടവും; പശ്ചിമേഷ്യയിൽ അമേരിക്ക വിതച്ചത് മൂന്നാം ലോക മഹായുദ്ധമോ? എണ്ണ വിപണിക്ക് തീപിടിക്കുന്നു

യുഎസിന്റെ നിരുത്തരവാദപരമായ സൈനിക നീക്കം പിരിമുറുക്കം വർധിപ്പിക്കുമെന്നു റഷ്യ; രാജ്യാന്തര ബന്ധങ്ങളിൽ സൈനികശക്തി പ്രയോഗിക്കുന്നതിനോട് വിയോജിപ്പെന്ന് ചൈന; ഉൽകണ്ഠ പ്രകടിപ്പിച്ച് ബ്രിട്ടനും ഫ്രാൻസും ജർമനിയും; പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ഇസ്രയേൽ; സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യ; സുലൈമാനി വധത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ; പൗരന്മാരോട് ഇറാഖ് വിടാൻ ട്രംപ് ഭരണകൂടവും; പശ്ചിമേഷ്യയിൽ അമേരിക്ക വിതച്ചത് മൂന്നാം ലോക മഹായുദ്ധമോ? എണ്ണ വിപണിക്ക് തീപിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: പശ്ചിമേഷ്യയെ സംഘർഷത്തിലാക്കി ഇറാൻ കമാണ്ടർ സുലൈമാനിയുടെ വധം. ഇറാന്റെ മുഖ്യഎതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്. എന്നാൽ സുലൈമാനിയുടെ വധത്തെ റഷ്യയും സിറിയയും ചൈനയും അപലപിച്ചു. സംയമനം പാലിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. രാജ്യാന്തരബന്ധങ്ങളിൽ സൈനികശക്തി പ്രയോഗിക്കുന്നതിനോട് എല്ലാക്കാലത്തും വിയോജിപ്പാണെന്നു ചൈനീസ് വിദേശകാര്യവക്താവ് ജെങ് ഷുവാങ് പറഞ്ഞു. യു.എസിന്റെ നിരുത്തരവാദപരമായ സൈനികനീക്കം പശ്ചിമേഷ്യയിൽ പിരിമുറുക്കം വർധിപ്പിക്കുമെന്നു റഷ്യ പ്രതികരിച്ചു. ഇതോടെ ഇറാന് അമേരിക്കയ്‌ക്കെതിരെ നീങ്ങാൻ ആത്മവിശ്വാസം കൂടുകയാണ്. സ്ഥിതി ഗിതകൾ കൈവിട്ടു പോയാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തും.

അതിനിടെ സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി ഇറാഖ് പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദി കുറ്റപ്പെടുത്തി. ഇറാന്റെ സഖ്യകക്ഷിയായ റഷ്യ അമേരിക്കയെ വിമർശിച്ചു. ലബനനിലെ ഇറാൻ അനുകൂല ഹിസ്ബുല്ല യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത് രാജ്യാന്തര ഭീകരപ്രവർത്തനം എന്നാണ്. സുലൈമാനിയുടെ വധം ഇറാനെതിരായ യുദ്ധപ്രഖ്യാപനത്തിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇക്കാരണത്താൽ ഇറാന്റെ അടുത്ത നീക്കമാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയും ചൈനയും എടുക്കുന്ന നിലപാടും അതിനിർണ്ണായകമാകും. എന്നാൽ രണ്ട് കൂട്ടർക്കും പിന്തുണ പ്രഖ്യാപിക്കാതെ സമാധാനത്തിനാണ് ഇന്ത്യ ആഹ്വാനം ചെയ്യുന്നത്. അതിനിടെ യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം. യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്.

ഖാസിം സുലൈമാനിയുടെ മരണത്തിൽ മധ്യ പൗരസ്ത്യ മേഖലയിൽ കടുത്ത ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. സ്ഥിതി കൂടുതൽ വഷളാകാതിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 'ഇറാന്റെ ഒരു പ്രമുഖ നേതാവിനെ യുഎസ് കൊലപ്പെടുത്തിയതായി അറിയാൻ സാധിച്ചു. ഇക്കാര്യത്തിൽ വർധിച്ചുവരുന്ന പിരിമുറുക്കം ലോകത്തെ ഭയപ്പെടുത്തുകയാണ്. ഈ മേഖലയിലെ സമാധാനവും സ്ഥിരതയും സുരക്ഷയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സ്ഥിതി കൂടുതൽ വഷളാകാതിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യ നിരന്തരം സംയമനം പാലിക്കുകയും അത് തുടരുകയും ചെയ്യുന്നു', സർക്കാർ പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു.

അതിനിടെ ഇറാഖിൽനിന്നും എത്രയും വേഗം മടങ്ങാൻ പൗരന്മാരോട് നിർദ്ദേശിച്ച് അമേരിക്ക യുദ്ധ സാധ്യത വിശദീകരിക്കുന്നുണ്ട്. വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസിം സുലൈമാനി അടക്കമുള്ളവർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കൻ പൗരന്മാരോട് എത്രയും വേഗത്തിൽ ബാഗ്ദാദ് വിടണമെന്ന് ഇറാക്കിലെ അമേരിക്കൻ എംബസി നിർദ്ദേശിച്ചിരിക്കുന്നത്. യുഎസ് പൗരന്മാർ സാധ്യമാണെങ്കിൽ വിമാനമാർഗം യാത്ര തിരിക്കണമെന്നും അല്ലാത്തപക്ഷം കപ്പൽ മാർഗം മടങ്ങണമെന്നും എംബസി ആവശ്യപ്പെട്ടു. കമാൻഡർമാർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് സറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പൗരന്മാരോട് ഇറാക്കിൽ നിന്ന് മടങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടത്.

ഇറാനിയൻ ഖുദ്സ് ഫോഴ്‌സ് തലവനാണ് കാസിം സുലൈമാനി, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 2020 ജനുവരിയിലെ യാത്രാ നിർദ്ദേശം മാനിച്ച് ഇറാക്കിലുള്ള അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദ്ദേശം. വൻശക്തികളുമായി ഇറാൻ ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് 2018 ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഇറാനുമേൽ കടുത്ത ഉപരോധങ്ങളും യുഎസ് പുനരാരംഭിച്ചു. ഈ ഭിന്നത പുതിയ തലത്തിലെത്തിക്കുന്നതാണ് സുലൈമാനിയുടെ വധം.

ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവാണ്. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. സമീപകാലത്തു ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങൾ, സൗദി എണ്ണടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം എന്നിവയ്‌ക്കെല്ലാം പിന്നിൽ ഇറാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. കൂടാതെ യുഎസ് ഡ്രോൺ അതിർത്തി ലംഘിച്ചെന്ന പേരിൽ ഇറാൻ വെടിവച്ചിടുകയും ചെയ്തു. ഇതെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു ഇന്നലത്തെ ഓപ്പറേഷൻ. സുലൈമാനിക്കെതിരായ ആക്രമണം ഭാവിയിൽ യുഎസിനെതിരായ ആക്രമണങ്ങൾ തടയാനാണെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. മധ്യപൂർവ ദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷയാണു ലക്ഷ്യമെന്നും. ഇറാഖിൽ 5,000 യുഎസ് സൈനികരുണ്ട്. അടിക്കു തിരിച്ചടി എന്ന രീതിയിൽ ഉടൻ പ്രതികരണം ഇറാൻ നടത്തിയേക്കില്ല. സുലൈമാനി വളർത്തിയെടുത്ത ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ ഇറാഖിലും സിറിയയിലും പ്രബല ശക്തികളായി തുടരുന്നു. അതുകൊണ്ടാണ് അമേരിക്ക കരുതലെടുക്കുന്നത്.

ഇറാൻ-യു.എസ്. ബന്ധം കൂടുതൽ വഷളായതോടെ രാജ്യാന്തരവിപണികളിൽ എണ്ണവില കുതിച്ചുയർന്നു. ഏഷ്യയിൽ ബ്രെന്റ് ക്രൂഡിന് 1.31% വില വർധിച്ച് ബാരലിന് 67.12 യു.എസ്. ഡോളറായി. യു.എസ്. ക്രൂഡ് വില 1.24% വർധിച്ചു. വീപ്പയ്ക്ക് 61.94 ഡോളറാണ് ഏഷ്യൻ വിപണികളിലെ വില. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയാണ് ഇറാന്റെ പ്രതികരണങ്ങൾ. അദ്ദേഹം ചെയ്ത പ്രവർത്തികളും അദ്ദേഹത്തിന്റെ പാതയും ഒരിക്കലും അവസാനിപ്പിക്കരുതെന്നാണ് ദൈവം ആഗ്രഹിക്കുന്നത്, ശക്തമായ പ്രതികാരം തന്നെയുണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അറിയിച്ചത്. അങ്ങേയറ്റം സാഹസികം, അതിലുപരി അങ്ങേയറ്റം വിഡ്ഢിത്തം. ഈ സാഹസികതയുടെ അനന്തരഫലം അനുഭവിക്കാൻ ഒരുങ്ങിക്കൊ... എന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി ജാവദ് സരിഫ്, സൊലൈമാനിയുടെ മരണവാർത്തയോട് പ്രതികരിച്ചത്.

റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായ സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. ഇറാൻ ആത്മീയാചാര്യൻ അയത്തുല്ല അലി ഖമനയിക്കു നേരിട്ടായിരുന്നു സുലൈമാനി റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്രയേറെ നിർണായക പ്രാധാന്യമുള്ള സൈനിക നേതാവിന്റെ മരണത്തിന് ഏതു രീതിയിൽ ഇറാൻ തിരിച്ചടിക്കുമെന്ന ആശങ്കയാണ് സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP