Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2003ൽ കർബലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ തുടങ്ങിയ വൈരാഗ്യം; എംബസി പ്രതിഷേധം ആളികത്തിക്കാൻ കമാണ്ടർ ബാഗ്ദാദിലെത്തിയത് സിറിയയിൽ നിന്നോ ലെബനനിൽ നിന്നോ എന്ന് വിലയിരുത്തൽ; രണ്ട് കാറുകളിൽ സഞ്ചരിച്ച സംഘത്തെ വകവരുത്താൻ അയച്ചത് നാല് മിസൈലുകൾ; കൈയിലെ വലിയ മോതിരം കൊല്ലപ്പെട്ടത് ഇറാനിലെ രണ്ടാമനെന്ന് ഉറപ്പിച്ചു; അമേരിക്കയും ഇസ്രയേലും യാത്രവിവരങ്ങൾ കണ്ടെത്തിയത് ചാരകണ്ണുകളിലൂടെ; ഖാസിം സുലൈമാനിയെ വധിച്ചതും ബാഗ്ദാദി മോഡൽ നീക്കം

2003ൽ കർബലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ തുടങ്ങിയ വൈരാഗ്യം; എംബസി പ്രതിഷേധം ആളികത്തിക്കാൻ കമാണ്ടർ ബാഗ്ദാദിലെത്തിയത് സിറിയയിൽ നിന്നോ ലെബനനിൽ നിന്നോ എന്ന് വിലയിരുത്തൽ; രണ്ട് കാറുകളിൽ സഞ്ചരിച്ച സംഘത്തെ വകവരുത്താൻ അയച്ചത് നാല് മിസൈലുകൾ; കൈയിലെ വലിയ മോതിരം കൊല്ലപ്പെട്ടത് ഇറാനിലെ രണ്ടാമനെന്ന് ഉറപ്പിച്ചു; അമേരിക്കയും ഇസ്രയേലും യാത്രവിവരങ്ങൾ കണ്ടെത്തിയത് ചാരകണ്ണുകളിലൂടെ; ഖാസിം സുലൈമാനിയെ വധിച്ചതും ബാഗ്ദാദി മോഡൽ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: സൈനികമേധാവിയെന്നതിനുപരി മേഖലയിലാകെ ഇറാന്റെ രാഷ്ട്രീയതാൽപ്പര്യം സംരക്ഷിക്കുന്നതിൽ നേതൃപരമായ പങ്കാണ് ഖാസിം സുലൈമാനി. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന ആവശ്യം നിഷേധിച്ചിരുന്ന സുലൈമാനിക്ക് ഇറാനിൽ വൻ ജനപിന്തുണയാണുണ്ടായിരുന്നു. ഇറാന്റെ ഷിയ രാഷ്ട്രീയ താൽപ്പര്യം പ്രയോഗവൽക്കരിക്കുന്നതിനായി നിരവധി വിദേശരാജ്യങ്ങളും സംഘടനകളുമായി നിരന്തരബന്ധമാണ് സുലൈമാനി സൂക്ഷിച്ചത്. ഇറാഖ്, സിറിയ, ലബനൻ, യമൻ, ഒമാൻ തുടങ്ങിയ മേഖലയിലെ രാജ്യങ്ങളിൽ സുലൈമാനിയുടെ ഇടപെടൽ ഉണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു അമേരിക്കൻ ഓപ്പറേഷൻ.

അതിനിടെ സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നുണ്ട്. അതേസമയം, സുലൈമാനിയുടെ യാത്രാവിവരങ്ങൾ എങ്ങനെ കണ്ടെത്തിയെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. യുഎസ്, സൗദി, ഇസ്രയേൽ സുരക്ഷാസേനകൾ സുലൈമാനിയെ നോട്ടമിട്ടിരിക്കുകയായിരുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സുലൈമാനിയുടെ ഇറാനിലേക്കുള്ള വരവ് അമേരിക്കയെ അറിയിച്ചതെന്നാണ് സൂചന. അൽഖൈയ്ദ തലവൻ ബാഗ്ദാദിയെ കൊലപ്പെടുത്തിയതും അമേരിക്കയുടേയും ഇസ്രയേലിന്റേയും സംയുക്ത നീക്കമായിരുന്നു. ഇറാഖിൽ സുലൈമാനിയെ വകവരുത്തിയും ഈ കൂട്ടുകെട്ടാണെന്നാണ് സൂചന.

ഇറാഖിലെ പ്രധാന വിമാനത്താവളമാണ് ബ്ഗ്ദാദിലേത്. ഇവിടെ നിന്നും രണ്ടു കാറുകളിലായി തിരിച്ച സംഘത്തിനുനേരെയെത്തിയത് നാലു മിസൈലുകളായിരുന്നു. ഛിന്നഭിന്നമായ ശരീരങ്ങളിൽനിന്ന് കൊല്ലപ്പെട്ടത് ഇറാന്റെ റവലൂഷണറി ഗാർഡ്‌സ് രഹസ്യവിഭാഗം മേധാവി ഖാസിം സുലൈമാനിയാണെന്നു തിരിച്ചറിഞ്ഞത് കൈയിലെ മോതിരം നോക്കിയാണ്. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ യുഎസ് നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സുലൈമാനി ഉൾപ്പെടെ 5 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സിറിയയിൽ നിന്നോ ലബനനിൽനിന്നോ ആണ് സുലൈമാനി വെള്ളിയാഴ്ച പുലർച്ചെ 12.30ന് ബഗ്ദാദ് വിമാനത്താവളത്തിലെത്തിയത്. ഇറാഖിലെ ഇറാൻ അനുകൂല പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (പിഎംഎഫ്) ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇരുവരും പിഎംഎഫിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയുമായി മുഹമ്മദ് റിദ്ധ ജബ്രിക്കൊപ്പം രണ്ടു കാറുകളിൽ കയറി. നിമിഷങ്ങൾക്കുള്ളിൽ വിമാനത്താവളത്തിലെ കാർഗോ മേഖലയിലേക്കു കാറുകൾ കടന്നു. ഉടൻ തന്നെ യുഎസിന്റെ എംക്യു9 റീപ്പർ ഡ്രോണിൽനിന്ന് നാലു മിസൈലുകൾ ഇവയ്ക്കു മുകളിലേക്കു പതിച്ചു. നിമിഷനേരം കൊണ്ട് കാറുകൾ കത്തിക്കരിഞ്ഞു. സുലൈമാനിയും മുഹന്ദിസും ജബ്രിയും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.

സുലൈമാനിയുടെ മൃതദേഹം ഛിന്നഭിന്നമായിപ്പോയി. മുഹന്ദിസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎംഎഫിന്റെ രണ്ട് ഉദ്യോഗസ്ഥർ അറിയിച്ചു. കൈയിൽ ധരിച്ചിരുന്ന മോതിരമാണ് സുലൈമാനിയെ തിരിച്ചറിയാൻ സഹായിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പഴയ ഫോട്ടോകളിൽ സുലൈമാനി വലിയൊരു മോതിരം ധരിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരു കൈപ്പത്തിയിൽ മോതിരം ധരിച്ച ചിത്രവും പുറത്തുവന്നിരുന്നു. സുലൈമാനിയും മുഹന്ദിസും ഒരു വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ടു മിസൈലാണ് ഇവരുടെ വാഹനത്തിൽ പതിച്ചത്. രണ്ടാമത്തെ വാഹനത്തിൽ പിഎംഎഫിന്റെ അംഗരക്ഷകരാണ് യാത്ര ചെയ്തത്. ഇതിൽ ഒരു മിസൈലാണ് പതിച്ചത്.

ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ പ്രാദേശികവാസികളുടെ പ്രതിഷേധം ആളികത്തുന്നുണ്ടായിരുന്നു. ഇത് കൂടുതൽ രൂക്ഷമാക്കാനാണ് സുലൈമാനി എത്തിയതെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. 1957 മാർച്ച് 11ന് കെർമാനിൽകർഷകന്റെ മകനായി ജനിച്ച സുലൈമാനി പതിമൂന്നാം വയസ്സിൽ നിർമ്മാണജോലികളിലേക്ക് ഇറങ്ങിയശേഷം കെർമാൻ വാട്ടർ ഓർഗനൈസേഷനിൽ ജീവനക്കാരനായി. 1979ലെ ഇസ്ലാമിക വിപ്ലവശേഷം അദ്ദേഹം ഇറാനിലെ റവല്യൂഷണറി ഗാർഡിൽ ചേർന്നു. വിപ്ലവത്തോടെ സംഘർഷം തുടങ്ങിയ കുർദിഷ് മേഖലയായ വടക്കുപടിഞ്ഞാറൻ ഇറാനിൽ സൈനികതലവനായി. പിന്നെ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറി.

എട്ടു വർഷത്തോളം നീണ്ട ഇറാഖ്- ഇറാൻ യുദ്ധത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഇറാഖ് യുദ്ധശേഷം വർഷങ്ങളോളം മാറിനിന്നു. 1989 മുതൽ 1997 വരെ പ്രസിഡന്റായിരുന്ന ഹഷ്മി റഫ്സഞ്ചാനിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെതുടർന്നായിരുന്നു ഇത്. റഫ്സഞ്ചാനിക്കുശേഷം സുലൈമാനി ഇറാൻ സൈന്യത്തിലെ ഉന്നതവിഭാഗമായ ഖുദ്സിന്റെ തലവനായി ഉയർന്നു. പരമോന്നത നേതാവയ ആയത്തുള്ള അലി ഖമനേയിയുടെ അടുപ്പക്കാരനായി. ഖുദ്സ് സേനാ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ സുലൈമാനിയെ അമേരിക്ക ശ്രദ്ധിക്കാൻ തുടങ്ങിയത് 2003ലെ ഇറാഖ് അധിനിവേശകാലത്താണ്. കർബലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദി ഖുദ്സ് സേനയാണെന്ന് അവർ കുറ്റപ്പെടുത്തി. 2007ൽ അമേരിക്ക സുലൈമാനിക്ക് യാത്രാ ഉപരോധം ഏർപ്പെടുത്തി.

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ഒതുക്കുന്നതിനായി പ്രസിഡന്റ് ബാഷർ അൽ അസദിനെ സഹായിക്കാനായി സുലൈമാനിയെ നിരവധി തവണ ഇറാൻ അവിടേക്ക് അയച്ചിരുന്നു. നിരവധി തവണ സുലൈമാനി വധിക്കപ്പെട്ടതായി അമേരിക്ക പ്രചരിപ്പിച്ചിരുന്നു. 2006ൽ ഇറാനിലും 2012ൽ സിറിയയിലെ ദമാസ്‌കസിലും വ്യോമാക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടതായി പ്രചരിച്ചിരുന്നു. 2015 നവംബറിൽ സിറിയയിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തതായും ഊഹാപോഹമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP