Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിറിയൻ പട്ടാളവുമായി ചേർന്ന കുർദിഷ് പോരാളികളെ തീർത്ത് തുർക്കിയുടെ മുന്നേറ്റം; വിദേശ മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് മരണം; ഐസിസ് ക്യാമ്പിൽ നിന്നും പുറത്ത് ചാടിയത് ആയിരത്തോളം തടവുകാർ; മണ്ടത്തരം കാട്ടിയ ശേഷം ഉപരോധഭീഷണി ഉയർത്തി ട്രംപിന്റെ പൊളിഞ്ഞ നയതന്ത്രം

സിറിയൻ പട്ടാളവുമായി ചേർന്ന കുർദിഷ് പോരാളികളെ തീർത്ത് തുർക്കിയുടെ മുന്നേറ്റം; വിദേശ മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പത്ത് മരണം; ഐസിസ് ക്യാമ്പിൽ നിന്നും പുറത്ത് ചാടിയത് ആയിരത്തോളം തടവുകാർ; മണ്ടത്തരം കാട്ടിയ ശേഷം ഉപരോധഭീഷണി ഉയർത്തി ട്രംപിന്റെ പൊളിഞ്ഞ നയതന്ത്രം

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌കസ്: തുർക്കിയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരിൽ യുഎസ് സിറിയയിൽ നിന്നും പട്ടാളത്തെ പിൻവലിച്ചതിനെ തുടർന്ന് സിറിയയിലെ അവസ്ഥ കൂടുതൽ അപകടകരമായിത്തീർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. യുഎസ് പിന്മാറിയ അവസരം മുതലെടുത്ത് സിറിയയിലേക്ക് കടന്ന് കയറി തുർക്കി സൈന്യം കുർദുകളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി സിറിയൻ പട്ടാളവുമായി ചേർന്നിട്ടും കുർദിഷ് സേനയ്ക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. വിദേശമാധ്യമപ്രവർത്തകർ അടങ്ങിയ സംഘത്തിന് നേരെ വരെ തുർക്കിഷ് സേന ആക്രമണം നടത്തുകയും അതിൽ പത്ത് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക പിടികൂടി തടവിലിട്ട ഐസിസുകാരെ തുർക്കിഷ് സൈന്യം മോചിപ്പിക്കുന്നത് ഐസിസിന്റെ ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുക്കുന്ന ഭീഷണിയും വർധിച്ചിട്ടുണ്ട്. ഐസിസ് ക്യാമ്പിൽ നിന്നും ഇക്കഴിഞ്ഞ ദിവസം പുറത്ത് ചാടിയിരിക്കുന്നത് ആയിരത്തോളം തടവുകാരാണ്. ഇവരിലൂടെ വീണ്ടും മേഖലയിൽ ഐസിസ് പ്രവർത്തനം ശക്തമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.ഇത്തരത്തിൽ സിറിയയിൽ നിന്നും തന്റെ പട്ടാളത്തെ പിൻവലിച്ച് മണ്ടത്തരം കാട്ടിയ ട്രംപ് തുർക്കിക്ക് മേൽ ഈ ആക്രമണത്തിന്റെ പേരിൽ ഉപരോധഭീഷണി ഉയർത്തി പൊളിഞ്ഞ നയതന്ത്രം പയറ്റാനും ട്രംപ് ശ്രമിക്കുന്നുണ്ട്.സിറിയയിലെ കുർദിഷ് പോരാളികൾക്കെതിരെ തുർക്കിയുടെ സൈന്യം നടത്തുന്ന കടുത്ത ആക്രമണങ്ങളെ ചെറുക്കുന്നതിന് സിറിയൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുവെന്ന് വെളിപ്പെടുത്തിയ സിറിയൻ കുർദിഷ് ഒഫീഷ്യലുകൾ രംഗത്തെത്തി.

നിർണായകമായ ഈ ചുവട് മാറ്റത്തിന്റെ ഭാഗമായി വടക്കൻ സിറിയൻ അതിർത്തിയിൽ സിറിയൻ ഗവൺമെന്റ് സൈന്യത്തിനൊപ്പം ചേർന്നാണ് കുർദിഷ് സൈനികർ തുർക്കിയുടെ അധിനിവേശത്തിനെതിരെ അണിനിരക്കുന്നത്.ഇത് സംബന്ധിച്ച ഒരു ഡീൽ സിറിയൻ സർക്കാരുമായുണ്ടാക്കാൻ കുർദിഷ് സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് തങ്ങളുടെ ഫേബ്സുക്ക് പേജിലൂടെ കുർദിഷ് അഡ്‌മിനിസ്ട്രേഷൻ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സിറിയൻ-തുർക്കിഷ് അതിർത്തിയിൽ സിറിയൻ ആർമിക്ക് കുർദുകകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസുമായി(എസ്ഡിഎഫ്) ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിരിക്കുകയാണ്.

തുർക്കിയുടെ കടന്ന് കയറ്റത്തെ ചെറുക്കുന്നതിനായി സിറിയൻ ആർമിയെ വടക്കൻ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സിറിയയുടെ സർക്കാർ ന്യൂസ് ഏജൻസിയായ സന വിശദാംശങ്ങൾ വ്യക്തമാക്കാതെ നേരത്തെ സ്ഥിരീകരിച്ചിരിക്കുന്നത്. തുർക്കിഷ് സൈന്യം പിടിച്ചെടുത്തിരിക്കുന്ന അഫ്രിൻ പോലുള്ള സിറിയൻ നഗരങ്ങൾ മോചിപ്പിക്കുന്നതിന് തങ്ങളുമായി കരാറിലെത്തിയതിലൂടെ സിറിയൻ സർക്കാരിന് വഴിതെളിഞ്ഞിരിക്കുന്നുവെന്നാണ് കുർദുകൾ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.തുർക്കിയുടെ സിറിയൻ ആക്രമണം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് മുന്നറിയിപ്പേകി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോൺ രംഗത്തെത്തിയിട്ടുണ്ട്.

ഈ ഒരു സാഹര്യത്തിൽ നോർത്തേൺ സിറിയയിൽ നിലകൊള്ളുന്ന തങ്ങളുടെ സൈനികരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്രാൻസ് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും മാർകോൺ മുന്നറിയിപ്പേകുന്നു.മേഖലയിൽ ഐസിസിനെതിരെ യുഎസിനൊപ്പം ചേർന്ന് പോരാടുന്ന ഫ്രാൻസിന് ഈ ഏരിയയിൽ സ്പെഷ്യൽ ഫോഴ്സുകളുണ്ട്. നോർത്തേൺ സിറിയയിൽ നിന്നും 1000 യുഎസ് പട്ടാളക്കാരെ പിൻവലിക്കുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചതിനെ തുടർന്നാണ് തുർക്കിഷ് സൈന്യം സിറിയയിലേക്ക് കടന്ന് കയറാൻ തുടങ്ങിയത്. ഈ കടന്ന് കയറ്റത്തിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച തുർക്കിഷ് സേന കടുത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്.

ഡസൻ കണക്കിന് സിവിലിയന്മാരും പട്ടാളക്കാരും കൊല്ലപ്പെട്ട ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടിട്ടും ആക്രമണവുമായി മുന്നോട്ട് പോകുന്നതിൽ നിന്നും തുർക്കി പിന്മാറുന്നില്ല. തുർക്കിഷ് കടന്ന് കയറ്റത്തെ തുടർന്ന് ആയിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളുപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം തുർക്കി സേന നടത്തിയ ഷെൽ ആക്രമണത്തിൽ വിദേശ മാധ്യമപ്രവർത്തകർ അടങ്ങിയ പത്തോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

യുഎസ് സൈന്യം സിറിയയിൽ നിന്നും പിന്മാറുകയും തുർക്കി സിറിയയിലേക്ക് കടന്ന് കയറുകയും ചെയ്തിരിക്കുന്നത് മേഖലയിൽ ഐസിസ് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ലോകമാകമാനം ഉയരുന്നുണ്ട്. മേഖലയിൽ ഐസിസിനെ അടിച്ചമർത്താൻ നിർണായക പങ്ക് വഹിച്ചവരാണ് കുർദിഷ് സേനകൾ. എന്നാൽ തുർക്കി ഇവരെ കൂട്ട വംശഹത്യക്ക് വിധേയമാക്കുന്നതും ഐസിസ് ഭീകരരെ തുറന്ന് വിടുന്നതുമാണ് മേഖലയിൽ ഐസിസ് ഭീകരവാദം വളരുന്നതിന് വഴിയൊരുക്കുന്നത്. യുഎസ് സൈന്യം പിന്മാറിയതോടെ ഒരു ഭാഗത്ത് തങ്ങളെ വംശഹത്യക്ക് വിധേയമാക്കാൻ എത്തിയ തുർക്കിഷ് സൈന്യത്തിന്റെയും മറു ഭാഗത്ത് ഐസിസിന്റെയും ഇടയിലായിരിക്കുകയാണ് കുർദുകൾ ഇപ്പോൾ.


തുർക്കിക്ക് ഉപരോധഭീഷണി ഉയർത്തി ട്രംപ് പയറ്റുന്നത് പൊളിഞ്ഞ നയതന്ത്രം

ഈ വിധത്തിൽ സിറിയക്ക് മേൽ ആക്രമണം തുടരുന്ന നടപടിയിൽ നിന്നും തുർക്കി പ്രസിഡന്റ് എർഡോഗൻ പിന്മാറിയില്ലെങ്കിൽ ആ രാജ്യത്തിന് മേൽ കടുത്ത ഉപരോധം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തുർക്കിക്ക് മേൽ ശക്തമായ ഉപരോധം ചുമത്തുന്നതിനെ കുറിച്ച് താൻ യുഎസ് കോൺഗ്രസ് അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്.

എന്നാൽ ഇത് വെറും പൊളിഞ്ഞ നയതന്ത്രമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്.യുഎസ് സേനയെ സിറിയയിൽ നിന്നും പിൻവലിക്കാനുള്ള ട്രംപിന്റെ ചിന്താശൂന്യമായ നീക്കം മൂലമാണ് നിലവിൽ സിറിയയിൽ ഈ അനിശ്ചിതത്വമുണ്ടായിരിക്കുന്നതെന്നും അതിനെ തുടർന്നാണ് തുർക്കി കടുത്ത ആക്രമണം നടത്താൻ കാരണമായിരിക്കുന്നതെന്നും ഇതിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തതിനെ തുടർന്ന് തുർക്കിക്ക് മേൽ ഉപരോധമേർപ്പെടുത്തുന്നത് അർത്ഥ രഹിതമാണെന്നാണ് ട്രംപിന്റെ വിമർശകർ കുറ്റപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP