Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രോൺ ആക്രമണം ഉണ്ടായത് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അബ്‌ഖൈഖിൽ; ആകാശം മുട്ടെ ഇപ്പോഴും തീയാളുന്നു; എണ്ണ ഉത്പാദനം പകുതിയായി കുറയുമെന്ന് സമ്മതിച്ച് സൗദി അറേബ്യ; ഹൂതികളുടെ അക്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് അമേരിക്കയും സൗദിയും; പ്രതികരിക്കാതെ ഇറാൻ; ഹുതികൾ നൽകുന്നത് അക്രമം തുടരുമെന്ന സൂചനകളും; ഗൾഫ് പ്രതിസന്ധി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ

ഡ്രോൺ ആക്രമണം ഉണ്ടായത് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അബ്‌ഖൈഖിൽ; ആകാശം മുട്ടെ ഇപ്പോഴും തീയാളുന്നു; എണ്ണ ഉത്പാദനം പകുതിയായി കുറയുമെന്ന് സമ്മതിച്ച് സൗദി അറേബ്യ; ഹൂതികളുടെ അക്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് അമേരിക്കയും സൗദിയും; പ്രതികരിക്കാതെ ഇറാൻ; ഹുതികൾ നൽകുന്നത് അക്രമം തുടരുമെന്ന സൂചനകളും; ഗൾഫ് പ്രതിസന്ധി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയ്ക്കുനേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 2 എണ്ണ സംഭരണ ശാലകൾക്കു തീപിടിച്ചു വൻ നാശനഷ്ടം ഉണ്ടാകുമ്പോൾ ഗൾഫ് മേഖലയിൽ അത് സൃഷ്ടിക്കുന്നത് യുദ്ധ സമാനമായ അന്തരീക്ഷമാണ്. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളുള്ള അബ്ഖുയൈഖ്, ഖുറൈസ് എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു യെമൻ വിമതരായ ഹൂതികളുടെ ആക്രമണം. ഇതിന് പിന്നിൽ ഇറാന്റെ കരങ്ങളുണ്ടെന്നാണ് അമേരിക്കയും സൗദിയും ആരോപിക്കുന്നത്. ഇതാണ് പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

ആളപായമില്ല. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളുള്ള അബ്ഖുയൈഖ്, ഖുറൈസ് എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു യെമൻ വിമതരായ ഹൂതികളുടെ ആക്രമണം. തീ നിയന്ത്രണവിധേയമാണെന്നു സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും ഇപ്പോഴും തീ ഉയരുകയാണ്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഉത്പാദന, ശുദ്ധീകരണ, സംസ്‌കരണ സംവിധാനമുള്ള സ്ഥാപനമാണ് സൗദി ആരാംകോ. അവരുടെ അസംസ്‌കൃത എണ്ണയുടെ വലിയൊരുഭാഗം ശുദ്ധീകരണവും സംസ്‌കരണവും നടക്കുന്നത് അബ്ഖുയൈഖ് പ്ലാന്റിലാണ്. 2006-ൽ അൽഖായിദ ഇവിടം ലക്ഷ്യമിട്ടുനടത്തിയ ആക്രമണത്തിൽ രണ്ടു സുരക്ഷാസൈനികരും രണ്ടുചാവേറുകളും കൊല്ലപ്പെട്ടിരുന്നു. ഇതേ പ്ലാന്റിലാണ് വീണ്ടും ആക്രമണം.

എണ്ണ ഉത്പാദനം പകുതിയായി കുറയ്‌ക്കേണ്ടി വരുമെന്ന് സൗദിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അബ്‌ഖൈഖിലെ ആക്രമണം ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ഈ 2 കേന്ദ്രങ്ങളിലും 10 ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തോളം തീഗോളങ്ങൾ ഉയർന്നതുകൂടാതെ, പുകയും മറ്റും ജനങ്ങളെ പരിഭാന്തരാക്കി. ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയും വെടിയൊച്ചയും കേട്ടതായി പരിസരവാസികൾ പറഞ്ഞു. ഇതിന് മുൻപും അരാംകോ എണ്ണസംഭരണ ശാലയ്ക്കുനേരെ ഹൂതി ആക്രമണം നടന്നിട്ടുണ്ട്. ആളപായമില്ലെന്നും പെട്ടെന്നുതന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. അബ്ഖുയൈഖിലെയും ഖുറൈസിലെയും ആരാംകോ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കൾ നിറച്ച പത്തു ഡ്രോണുകളാണ് അയച്ചതെന്ന് അൽ മസീറ റിപ്പോർട്ടിൽ പറയുന്നു.

ആണവകരാർ വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗൾഫ് മേഖലയിലാകെ സംഘർഷത്തിന്റെ തോത് ഉയർത്തുന്നതാണ് പുതിയ സംഭവവികാസം. സൗദി അറേബ്യയ്ക്കുള്ളിൽ മുൻപും ഡ്രോൺ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ഡ്രോണുകളാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യുദ്ധം തുടരുകയാണെങ്കിൽ വിമതരുടെ ആക്രമണം ശക്തമാകുമെന്നും അക്രമം അവസാനിപ്പിക്കുക മാത്രമാണ് സൗദിക്കുമുന്നിലുള്ള പോംവഴിയെന്നും ആക്രമണസന്ദേശം പുറത്തുവിട്ട ഹൂതി സൈനികവക്താവ് അൽ മസരിയ വാർത്താചാനലിലൂടെ വ്യക്തമാക്കി. റിയാദിന് 330 കിലോ മീറ്റർ വടക്ക് കിഴക്കാണു ഡ്രോൺ ആക്രമണമുണ്ടായ എണ്ണപ്പാടം.

സൗദിയിലെ ജനവാസകേന്ദ്രമായ അബഹയിലെ വിമാനത്താവളം ഉൾപ്പെടെ അതിർത്തിമേഖലകളിൽ കഴിഞ്ഞ ഏതാനുംമാസങ്ങളിലായി ഒട്ടേറെ ഡ്രോൺ ആക്രമണങ്ങളാണ് ഹൂതിവിമതർ നടത്തിവന്നിരുന്നത്. ഇവർക്ക് ഇറാന്റെ രഹസ്യപിന്തുണയുണ്ടെന്ന് സൗദി നേരത്തേതന്നെ ആരോപിക്കുന്നുണ്ട്. ആക്രമണത്തെ യു.എ.ഇ. ശക്തമായി അപലപിച്ചു. മേഖലയിലെ സുരക്ഷിതത്വവും സ്ഥിരതയും തകർക്കാൻ ഹൂതിവിമതർ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങളെ യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണമന്ത്രാലയം അപലപിച്ചു. സൗദിയുടെ സുരക്ഷിതത്വത്തിന് നേരെയുണ്ടാകുന്ന ഏതുനീക്കവും യു.എ.ഇ.യ്ക്കുകൂടി എതിരാണ്. തീവ്രവാദികൾക്കുനേരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടങ്ങൾക്ക് യു.എ.ഇ. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

യെമെനിലെ ഹൂതിവിമതർക്കുനേരെ 2015 മുതൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധത്തിലാണ്. കഴിഞ്ഞമാസം ശൈബയിലെ എണ്ണക്കുഴൽ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് തീപ്പിടിത്തമുണ്ടായിരുന്നു. മേയിൽ രണ്ട് പമ്പിങ് സ്റ്റേഷനുകൾ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.

ആക്രമണം നടന്നത് 2000 കോടി ബാരൽ എണ്ണയുടെ കരുതൽശേഖരമുള്ള പ്ലാന്റിൽ

അരാംകോയുടെ കണക്കനുസരിച്ച് 2000 കോടി ബാരൽ എണ്ണയുടെ കരുതൽശേഖരമുണ്ട് ഖുറൈസിൽ. പ്രതിദിനം പത്തു ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പുലർച്ച 4.15നാണ് രണ്ടിടങ്ങളിലും ഡ്രോണുകൾ പതിച്ചത്.

കഴിഞ്ഞ മാസവും ഹൂതികൾ അരാംകോക്ക് നേരെ ആക്രമണശ്രമം നടത്തിയിരുന്നു.ആക്രമണത്തെ അപലപിക്കുന്നതായി സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബിസിദ് വ്യക്തമാക്കി. സാധാരണ ജനങ്ങളെ അപകടപ്പെടുത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുലർച്ച തുടർച്ചയായി സ്‌ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ ദമ്മാം മേഖലയിലേക്ക് മാറിയതായി പ്രദേശത്തെ മലയാളികൾ പറഞ്ഞു. ഗ്യാസ് ലീക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് സുരക്ഷയുടെ ഭാഗമായി ദമ്മാമിലേക്ക് മാറിയത്.

രാവിലെ അഞ്ചരയായപ്പോഴേക്കും അപകടഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അബ്ഖുയൈഖ് ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് പ്ലാന്റ്.

ഇറാൻ ഇഫക്ട്

ഗൾഫ് മേഖലയിൽ ആശങ്ക പെരുകുകയാണ്. ഇന്നത്തെ ഡ്രോൺ ആക്രമണത്തിൽ അരംകോയ്ക്ക് വലിയ നഷ്ടം സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2006 ഫെബ്രുവരിയിൽ ഇവിടെ അൽഖ്വയിദയുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകൾ 2015 മുതൽ സംഘർഷത്തിലാണ്. ഇവിടെ ഇടയ്ക്കിടെ ഡ്രോൺ ആക്രമണം ഹൂതി വിമതർ നടത്താറുണ്ട്. യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങൾ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. നേരത്തെ അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങൾക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ച് നേരത്തെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

നാല് വർഷം മുമ്പ് യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവർ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈൽ വേധ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സേന തകർത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തായിഫിൽവെച്ച് തകർത്തിരുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സർക്കാരിനു പിന്തുണ നൽകുന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികൾ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. ഹൂതികളെ മറയാക്കി ഇറാൻ ആക്രമണം നടത്തുന്നു എന്നാണ് സൗദിയുടെ പരാതി. ഇപ്പോഴത്തെ ആക്രമണത്തിനും ഇറാന് കൈകഴുക്കാൻ സാധിക്കില്ലെന്നാകും സൗദി വാദിക്കുക. ഇത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് ഇടയാക്കും.

നിലവിൽ ഈ സംഘർഷത്തിൽ സൗദി പക്ഷത്താണ് അമേരിക്ക. എന്നാൽ, അമേരിക്കയുടെ ഭീഷണിയെ ചെറുക്കാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് ഇറാൻ നിലപാട്, അടുത്തിടെ ഡ്രോണുകൾക്ക് നേരെ തൊടുക്കാവുന്ന വിധത്തിലുള്ള യാസിൻ മിസൈലുകളാണ് ഇറാൻ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെൻസറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാൻ എന്ന മിസൈലാണ് മറ്റൊന്ന്. അടുത്തിടെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പലുകൾ അടക്കം ഇറാൻ പിടിച്ചെടുത്തിരുന്നു.

യെമനിലെ പ്രശ്‌നങ്ങളും ഹൂതികളും

യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹുതി. 1992ൽ 'അൻസാറുള്ളാ ' എന്ന പേരിലാണ് ഹുസൈൻ ബദ്റുദ്ദീൻ അൽ ഹൂതി സൈദിയുടെ നേൃത്വത്തിൽ ഷിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.'ബിലീവ് യൂത്ത്' എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്. പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്‌കാരിക പ്രവർത്തനമാണ് ഇവർ ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിന്റെയും മിതവാദ ആശയത്തിന്റെയും കാഴ്ചപ്പാടുകൾ വിഭാഗീയത സൃഷ്ടിച്ചു. അമേരിക്കയുടെ അഫ്ഗാൻ, ഇറാഖ് ആക്രമണങ്ങൾ ഇവരെ സായുധ പോരാട്ടത്തിന്റെ മാർഗ്ഗത്തിലേക്ക് നയിച്ചു. ആദ്യമായി ഏറ്റുമുട്ടിയത് സാലിഹ് ഭരണകൂടത്തോടായിരുന്നു. 2004ൽ സഅദ പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ഓപ്പറേഷനിലാണ് സ്ഥാപകൻ ഹുസൈൻ അൽ ഹൂഥി കൊല്ലപ്പെടുന്നത്. തുടർന്നു സഹോദരൻ അബ്ദുൽ മലിക് അൽ ഹൂതിയുടെ നേതൃത്വമേറ്റെടുത്തു.

യെമൻ തലസ്ഥാനമായ സനയിലേക്ക് ആക്രമിച്ചു കയറിയ ഹൂതികൾ വർഷങ്ങളായി പോരാടുകയാണ്. സനായുടെ വലിയൊരു പ്രദേശം കയ്യടക്കും മുമ്പ് ദേശീയ സേനയുമായി നിരവധി ദിവസങ്ങൾ നീണ്ട പോരാട്ടവും അവർ നടത്തി. 2011-നു ശേഷമാണ് അവർ ഈ ശക്തി കൈവരിച്ചത്. ഒരു യെമൻ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്‌ളാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം സായുധവത്കരിക്കപ്പെട്ടത്. 2004 മുതൽ പലപ്പോഴായി ഹൂതികൾ സർക്കാരുമായി ഏറ്റുമുട്ടുകയാണ്. നീണ്ട 20 കൊല്ലക്കാലം യെമൻ അടക്കിഭരിച്ച ഏകാധിപതി പ്രസിഡണ്ട് അലി അബ്ദുല്ല സലേക്കെതിരെ 2011-ൽ ഉയർന്നുവന്ന അറബ് വസന്ത മുന്നേറ്റങ്ങളെ ഹൂതികൾ വലിയതോതിൽ പിന്തുണച്ചു. എന്നാൽ 2011-ൽ അമേരിക്കയുടെ പിന്തുണയുള്ള ധാരണയുടെ ഭാഗമായി സലേയെ മാറ്റി ഹാദിയെ ഭരണമേൽപ്പിച്ചതും (തെരഞ്ഞെടുപ്പ് നടത്തും വരെയുള്ള ഒരു പരിവർത്തന സർക്കാരിനെയാണ് ഹാദി നയിക്കുന്നത്) ഹൂതികളെ സംതൃപ്തരാക്കിയില്ല. ഈ സർക്കാരിൽ ഹൂതികൾക്ക് ഒരു പ്രാതിനിധ്യവും കിട്ടിയില്ല. അതുകൊണ്ടുതന്നെ തങ്ങൾക്കെതിരെ യുദ്ധം ചെയ്ത പഴയ സർക്കാരിൽ നിന്നും വിഭിന്നമല്ല പുതിയ സർക്കാരെന്നും അവർ കണക്കുകൂട്ടി. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാത്ത സംവിധാനം. ഹൂതി കലാപം തുടർന്നു-ഒടുവിൽ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കും വരെ.

2014 പകുതിയോടെ ഇന്ധന വിലയിളവ് വെട്ടിക്കുറച്ചതിനെതിരെ നിലവിലെ സർക്കാരിനെതിരായി ഹൂതികൾ പ്രതികരിച്ചു തുടങ്ങി. പ്രതിഷേധം പോരാട്ടമാവുകയും, സെപ്റ്റംബർ 18-ഓടെ സനായിലെത്തുകയും ചെയ്തു. യെമൻ സേനയെ തോൽപ്പിച്ച ഹൂതികൾ സുന്നി സായുധ സംഘങ്ങളുമായി ബന്ധമുള്ള സൈനികോദ്യഗസ്ഥരെ വധിക്കുകയും ചെയ്തു. ചില സേനാവിഭാഗങ്ങൾ കൂറുമാറി. സെപ്റ്റംബർ മുതൽ ഹൂതികൾ സനായിൽ പിടിമുറുക്കി. ഏറ്റവും പുതിയ മുന്നേറ്റത്തോടെ ഹൂതികൾ സനായിലെ സർക്കാർ സേനയെ പരാജയപ്പെടുത്തി. ഭരണഘടന നയങ്ങളും സർക്കാർ പരിഷ്‌കാരങ്ങളും നടപ്പാക്കാൻ സരക്കാരിനുമേൽ സമ്മർദം ചെലുത്താനാണ് സൈനിക നടപടിയെന്ന് ഹൂതി നേതാവ് അബ്ദെൽ മാലികി അൽ-ഹൂതി പറയുന്നു. ഹാദിയെ പുറത്താക്കാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞ അൽ-ഹൂതി, ഹാദി തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നില്ലെങ്കിൽ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും കൂട്ടിച്ചേർക്കുന്നു. സർക്കാർ സേനയുടെ ആക്രമണവും യു എസ് ബോംബാക്രമണവും തെക്കൻ യെമനിലെ വൻതോതിൽ ജനാവാസമുള്ള പ്രദേശങ്ങളിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ നിരവധി ഗ്രാമപ്രദേശങ്ങളിൽ സംഘം ഇപ്പൊഴും നിയന്ത്രണം കയ്യാളുന്നു. യെമനിൽ ഹൂതികൾക്കെതിരെ യുദ്ധം ചെയ്യുന്നത് സൗദിയുടെ നേതൃത്വത്തിലാണ്. ഇതാണ് സൗദിക്കെതിരെ നിരന്തര ആക്രമണത്തിന് ഹൂതികളെ പ്രേരിപ്പിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP