Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സമാധാനമെങ്കിൽ ഏറ്റവും മികച്ച സമാധാനം; യുദ്ധമെങ്കിൽ ലോകം കണ്ടതിൽ ഏറ്റവും ഭീകരമായത്; മൂന്ന് അത്യാധുനിക മിസൈൽകൂടി വിജയകരമായി പരീക്ഷിച്ച ശേഷം അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ഭീഷണി അവസാനിപ്പിച്ച് അവഗണനയെന്ന നിലപാടുമായി ട്രംപും; ഇറാൻ രണ്ടും കൽപ്പിച്ചിറങ്ങിയപ്പോൾ അമേരിക്കയ്ക്ക് മനംമാറ്റം

സമാധാനമെങ്കിൽ ഏറ്റവും മികച്ച സമാധാനം; യുദ്ധമെങ്കിൽ ലോകം കണ്ടതിൽ ഏറ്റവും ഭീകരമായത്; മൂന്ന് അത്യാധുനിക മിസൈൽകൂടി വിജയകരമായി പരീക്ഷിച്ച ശേഷം അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; ഭീഷണി അവസാനിപ്പിച്ച് അവഗണനയെന്ന നിലപാടുമായി ട്രംപും; ഇറാൻ രണ്ടും കൽപ്പിച്ചിറങ്ങിയപ്പോൾ അമേരിക്കയ്ക്ക് മനംമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: അമേരിക്കയുടെ സമ്മർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിയ ഇറാൻ, മൂന്ന് അത്യാധുനിക ലക്ഷ്യവേധ മിസൈലുകൾകൂടി വിജയകരമായി പരീക്ഷിച്ചു. അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, ലോകം ഇതേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരമായ യുദ്ധമായിരിക്കും അതെന്ന് ഇറാൻ പ്രസിഡന്റ് ഹാസൻ റൗഹാനി പ്രഖ്യാപിച്ചു. ഇറാന്റെ സുരക്ഷിതത്വത്തിനായി ഏതറ്റംവരെയും പോകുമെന്ന് പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹാത്തമിയും വ്യക്തമാക്കി.

Stories you may Like

ഗൾഫിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധത്തിലേക്ക് വഴങ്ങിയാൽ അമേരിക്ക പാഠം പഠിക്കുമെന്ന് പ്രസിഡന്റ് ഹാസൻ റൗഹാനി പറഞ്ഞു. സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നത്. ആണവ പരിപാടികളെക്കുറിച്ച് ചർച്ച നടത്താൻ ഇറാൻ സന്നദ്ധമാണ്. അതിന് മുമ്പായി ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധവും പിൻവലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണെങ്കിൽ ഏറ്റവും മികച്ച സമാധാനമായിരിക്കും ഇറാൻ സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണുകളിൽനിന്നുപോലും തൊടുക്കാവുന്ന തരത്തിലുള്ള യാസിൻ മിസൈലുകളാണ് ഇറാൻ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെൻസറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാൻ എന്ന മിസൈലാണ് മറ്റൊന്ന്. ആകാശത്തുനിന്ന് തൊടുക്കാവുന്ന ഘായേം മിസൈലുകളുടെ പുതിയ രൂപവും ഇറാൻ വിജയകരമായി പരീക്ഷിച്ചു. മൂന്ന് മിസൈലുകളും കൂടി ശേഖരത്തിലെത്തുന്നതോടെ, ഗൾഫ് കടലിലെ ഏത് സമ്മർദത്തെയും നേരിടാനുള്ള ശേഷി ഇറാനുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

അതിനിടെ, ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷയ്ക്കായി ബ്രിട്ടീഷ് നാവിക സേന അമേരിക്കൻ നാവികസേനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിൽ യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്ത സാഹചര്യത്തിലാണ് മുൻനിലപാടിൽനിന്ന് വ്യതിചലിച്ച് ബ്രിട്ടൻ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയക്കുന്നത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള സ്റ്റെന ഇംപേരോ എന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തിരുന്നു.

ആണവായുധ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. ഇറാൻ അമേരിക്കയുടെ നിരീക്ഷണവിമാനം വെടിവെച്ചിടുകയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പിന്നീട് പിൻവലിച്ചെങ്കിലും സംഘർഷം തുടരുകയാണ്. ഇതിനിടെയാണ് ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിൽ ബ്രിട്ടൻ പിടിച്ചെടുത്തതും ഇതിന് പകരമായി ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തതും.

പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറിന്റെ മോചനം എങ്ങുമെത്താതിരിക്കെ ഇറാൻ മറ്റൊരു വിദേശ എണ്ണ കപ്പൽകൂടി പിടികൂടിയതായും റിപ്പോർട്ട് എത്തി. അറേബ്യൻ ഗൾഫ് സമുദ്രത്തിൽ എണ്ണ കള്ളക്കടത്തിനിടെയാണ് എണ്ണ ടാങ്കർ പിടികൂടിയതെന്ന് റവല്യൂഷണറി ഗാർഡ് നാവിക വിഭാഗത്തെ ഉദ്ധരിച്ച ഇറാൻ ടിവി അറിയിച്ചു. കപ്പിലിലെ വിവിധ രാജ്യക്കാരായ ഏഴു നാവികരെയും ഇറാൻ കസ്റ്റഡിയിലെടുത്തു. മറ്റു കപ്പലുകളി നിന്നും എണ്ണ സ്വീകരിച്ച് മേഖലയിലെ ചില അറബ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു വിദേശ കപ്പലെന്ന് നാവിക സേന ആരോപിച്ചു. ഫാർസി ദ്വീപിനു സമീപത്ത് നിന്ന് ബുനാഴ്ചയാണ് ടാങ്കർ പിടികൂടിയതെന്ന് നാവിക സേനാ കമാണ്ടർ റംസാൻ സിരാഹി പറഞ്ഞു. ഏഴു ലക്ഷം ലിറ്റർ ഇന്ധനം കപ്പലിലുണ്ടായിരുന്നു. കപ്പൽ ഏതു രാജ്യത്തിന്റേതാണെന്നോ നാവികർ ഏതു രാജ്യക്കാരാണെന്നോ ഇറാൻ വ്യക്തമാക്കിയിട്ടില്ല.

ഹോർമുസ് കടലിടുക്കിന് വടക്കുപടിഞ്ഞാറുള്ള ചെറിയ ദ്വീപാണ് ഫാർസി. ഇവിടെ നിന്നും കപ്പൽ ഇറാനിലെ ബുശെഹ്ര് പ്രവിശ്യയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് കപ്പലിലെ ഇന്ധനം ഇറാൻ ദേശീയ എണ്ണ ഉൽപ്പാദന, വിതരണ കമ്പനിയിലേക്ക മാറ്റിയതായും റിപ്പോട്ട് ചെയ്യുന്നു. മൂന്നാഴ്ചക്കിടെ ഇറാൻ പിടികൂടുന്ന മൂന്നാമത്തെ എണ്ണ കപ്പലാണിത്. നിലവിൽ ബ്രിട്ടന്റെ സ്റ്റെനോ ഇംപെരോ, പനാമയുടെ എംടി റീഹ എന്നീ എണ്ണ ടാങ്കറുകൾ ഇറാൻ കസ്റ്റഡിയിലാണ്. സ്റ്റെനോ ഇംപെരോ വിട്ട് നൽകണമെന്നാവശ്യപ്പെട്ടു വിവിധ ലോക രാജ്യങ്ങൾ നടത്തുന്ന സമ്മർദ്ദങ്ങൾക്കിടെയാണ് ഇറാൻ വീണ്ടും കപ്പൽ പിടികൂടിയത്. എംടി റീഹ കപ്പലിൽ മൂന്നു പേരും ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന എംപെറോയിലെ പതിനെട്ടുപേരുംമടക്കം 21 ഇന്ത്യക്കാർ ഇപ്പോഴും ഇറാൻ കസ്റ്റഡിയിലുണ്ട്.

ജൂലായ് 14നാണ് എണ്ണ കള്ളക്കടത്തിന് എംടി റീഹ ഇറാൻ പിടികൂടിയത്. എംടി റീഹയിലെ 12 ഇന്ത്യക്കാരിൽ ഒൻപതുപേരെ ജൂലായ് 25ന് മോചിപ്പിച്ചു. ഇന്ത്യക്കാരടക്കം 25 ജീവനക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എംടി റീഹയുടെ പതാക പനാമ അധികൃതർ പിൻവലിച്ചിരുന്നു. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് ജൂലായ് 20നാണ് സ്റ്റെനാ ഇംപേരോ ടാങ്കർ പിടികൂടിയത്. സിറിയിലേക്ക് ഉപരോധം ലംഘിച്ചു എണ്ണ കടത്തുന്നുവെന്നാരോപിച്ച് ജിബ്രാൾട്ടർ കടലിൽ ഇറാനിയൻ കപ്പൽ ഗ്രേസ് വൺ ബ്രിട്ടീഷ് നാവിക സേന പിടകൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് കപ്പൽ ഇറാനും പിടികൂടിയത്. അങ്ങനെ ഇറാനും കരുത്തുകാട്ടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP