Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ലോകത്തിനു മുന്നിൽ നാണം കെട്ടു ബ്രിട്ടൻ; സ്വരം മയപ്പെടുത്തി തെരേസ മേ; ലോകപദവികളിൽ പടിയിറങ്ങുന്ന ബ്രിട്ടൻ ഇനിയൊരിക്കലും കടലിൽ മേധാവിത്വം കാട്ടാനാകില്ലെന്നു തെളിയിച്ചു കപ്പൽ പ്രതിസന്ധി തുടരുന്നു; ഇറാൻ പിടിച്ചെടുത്ത സ്റ്റെനാ ഇംപെറോയിലെ മലയാളികൾ അടക്കമുള്ളവരുടെ മോചനത്തിൽ ആശങ്ക; കിരീടത്തിലെ പേടിത്തൊണ്ടനായ കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസിന്റെ അവസ്ഥയിൽ ബ്രിട്ടീഷ് നാവികസേന

ലോകത്തിനു മുന്നിൽ നാണം കെട്ടു ബ്രിട്ടൻ; സ്വരം മയപ്പെടുത്തി തെരേസ മേ; ലോകപദവികളിൽ പടിയിറങ്ങുന്ന ബ്രിട്ടൻ ഇനിയൊരിക്കലും കടലിൽ മേധാവിത്വം കാട്ടാനാകില്ലെന്നു തെളിയിച്ചു കപ്പൽ പ്രതിസന്ധി തുടരുന്നു; ഇറാൻ പിടിച്ചെടുത്ത സ്റ്റെനാ ഇംപെറോയിലെ മലയാളികൾ അടക്കമുള്ളവരുടെ മോചനത്തിൽ ആശങ്ക; കിരീടത്തിലെ പേടിത്തൊണ്ടനായ കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസിന്റെ അവസ്ഥയിൽ ബ്രിട്ടീഷ് നാവികസേന

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: അമേരിക്കയും ബ്രിട്ടനും എന്ന് കേട്ടാൽ ലോകം ഞെട്ടിയിരുന്ന കാലം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് തെളിയിക്കുന്ന സംഭവമായി മാറുകയാണ് ബ്രിട്ടന്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത ഇറാന്റെ നടപടിയെന്ന് ലോകം വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പടകളിൽ ഒന്ന് സ്വന്തമായി ഉണ്ടായിട്ടും ചങ്കൂറ്റം കാട്ടി ഇറാൻ ഹെലികോപ്റ്ററിൽ പറന്നെത്തി പിടിച്ചെടുത്ത ബ്രിട്ടന്റെ ചരക്കു കപ്പൽ സ്റ്റെന്ന ബൾക്ക് എന്ന് വിട്ടുകിട്ടും എന്ന് കാത്തിരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന നിലയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. ഇത് കൃത്യമായി വെളിപ്പെടുത്തുന്നതാണ് ബ്രിട്ടന്റെ മൃദുസ്വരം.

ഇറാനുമായി ഏറ്റുമുട്ടാൻ ഇല്ലെന്നു സ്ഥാനം ഒഴിയാൻ മണിക്കൂറുകൾ കൈവശം ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറയുമ്പോൾ ഇക്കാര്യത്തിൽ ബ്രിട്ടന്റെ നിസഹായത കൂടിയാണ് ബോധ്യമാകുന്നത്. സ്വന്തം പതാക വഹിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചു കടലിൽ യാത്ര ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കപ്പൽ മറ്റൊരു രാജ്യം തികച്ചും ധികാരപരമായി പിടിച്ചെടുത്ത വാർത്ത ലോകം ഞെട്ടലോടെ കേട്ടിട്ടും വേണ്ടത്ര സ്വരം കടുപ്പിക്കാൻ ബ്രിട്ടന് കഴിയാതെ പോകുന്നത് രാജ്യത്തിന്റെ ഇപ്പോഴത്തെ ലോകനേത്ര പദവിയിൽ ഉള്ള വിലയിടിച്ചിൽ കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

പൂർണ ആയുധ സജ്ജമായ ഒരു യുദ്ധക്കപ്പലും നാല് മൈൻ വാരികളും ബ്രിട്ടന്റേതായി ഗൾഫ് കടലിൽ കിടക്കുമ്പോഴാണ് ഏറെ മയപ്പെട്ട വാക്കുകളുമായി ഇറാനെ അഭിസംബോധന ചെയ്യുന്ന തെരേസ മേയുടെ വാക്കുകൾ വ്യഖ്യാനിക്കപ്പെടുന്നത്. താൻ വലിയ ഗുണ്ടയാണെന്നു ഭവിക്കുകയും എന്നാൽ വാസ്തവത്തിൽ പേടിത്തൊണ്ടൻ ആണെന്ന് കാണികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് ബ്രിട്ടീഷ് നാവിക സേന. ഇതിനർത്ഥം ബ്രിട്ടന് മുൻപത്തെ പോലെ മുൻപത്തെ പോലെ ലോക രാജ്യങ്ങൾക്കിടയിൽ ബഹുമാനം കിട്ടുന്നില്ല എന്ന രീതിയിലും വിദഗ്ദ്ധർ വിലയിരുത്തുന്നു.

ബ്രക്‌സിറ്റിന്റെ കടമ്പകൾ താണ്ടാൻ പ്രയാസപ്പെടുന്ന ബ്രിട്ടന് യൂറോപ്യൻ ശക്തി എന്ന ലേബൽ നഷ്ടമാകുന്നത് ലോകത്തിന്റെ കാഴ്ചപ്പാടുകളിൽ ഏതു വിധത്തിൽ കൂടിയാണ് പ്രതിഫലിക്കുന്നത് എന്നും കാട്ടിത്തരുകയാണ് കപ്പൽ സംഭവം. കപ്പലിൽ ഉള്ള ജീവനക്കാരോട് മാന്യമായി പെരുമാറുന്ന ഇറാൻ അധികൃതർ തങ്ങൾക്കു പറയാൻ ഉള്ളത് ഇത്തരത്തിലാണ് എന്ന് അമേരിക്കയെയും ബ്രിട്ടനേയും ബോധ്യപ്പെടുത്താൻ കൂടിയാണ് ചരക്കു കപ്പൽ പിടിച്ചെടുത്തത്. അനാവശ്യ പ്രകോപനവുമായി തങ്ങളുടെ അടുത്തേക്ക് വരണ്ട എന്ന സന്ദേശം തന്നെയാണ് ഇറാൻ നൽകുന്നത്. ഉപരോധവും നയതന്ത്ര ഭീക്ഷണിയും ഒന്നും ഫലിക്കില്ലെന്നു വ്യക്തമായപ്പോഴാണ് മൃദു സ്വരം ഉപയോഗിക്കാൻ ബ്രിട്ടൻ തയ്യാറാകുന്നത്.

കപ്പൽ തട്ടിയെടുക്കാനുള്ള ഇറാന്റെ പദ്ധതി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതും അന്താരാഷ്ട്ര സമൂഹത്തിൽ ബ്രിട്ടന് നാണക്കേടായി. ഈ സംഭവത്തിൽ ഇതുവരെ ബ്രിട്ടൻ മറ്റു രാജ്യങ്ങളുടെ സഹായം പരസ്യമായി തേടിയിട്ടില്ല. ഇക്കാര്യത്തിൽ ബ്രിട്ടനെ ഏറ്റവും അധികം സഹായിക്കാൻ കഴിയുന്നത് ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യക്കാണ്. മാത്രമല്ല, മൂന്നു മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരാണ് കപ്പൽ ജീവനക്കാർ എന്നത് ഇന്ത്യയുടെ ഉത്തരവാദിത്തം കൂട്ടുകയും ചെയ്യുന്നു. ജീവനക്കാരെ വിട്ടുകിട്ടുന്നതിനു സംഭവം അറിഞ്ഞത് മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി ബന്ധപ്പെടുകയാണ്.

എന്നാൽ ജീവനക്കാരെ വിട്ടുനൽകുന്ന കാര്യത്തിൽ ഇറാൻ ഒരു ഉറപ്പും ഇന്ത്യക്കു നൽകിയതായി സൂചനയുമില്ല. പ്രശനം ഇറാനും ബ്രിട്ടനും തമ്മിലാണ് എന്ന നിലയിലാണ് അവർ കൈകാര്യം ചെയ്യുന്നത്. എന്നാൽ എണ്ണ വ്യാപാരം ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ഇറാൻ നിഷ്‌കരുണം ഇന്ത്യയുടെ അഭ്യർത്ഥന തള്ളിക്കളയും എന്ന് കരുതാനാകില്ല. അതേ സമയം തങ്ങളുടെ കടൽ മേഖല അതിക്രമിച്ചു കയറി എന്ന ന്യായം ഉയർത്തി അൽപം സമ്മർദം ബ്രിട്ടന് മേൽ നൽകാനുള്ള നീക്കം ഇറാൻ ആഗ്രഹിക്കുക ആണെകിൽ ജീവനക്കാരുടെ വിടുതൽ വൈകും എന്നാണ് സൂചന.

ഏറെ നാളുകളായി അമേരിക്കയുമായി കൊമ്പു കോർത്ത് നീങ്ങുന്ന ഇറാന്, അമേരിക്കൻ സഖ്യ കക്ഷിയായ ബ്രിട്ടന്റെ കപ്പൽ കയ്യിൽ കിട്ടിയത് ആഘോഷിക്കാൻ ഉള്ള അവസരമായി മാറുകയാണ്. തങ്ങൾക്കു പറയാനുള്ളത് ലോകം കേൾക്കട്ടെ എന്ന ന്യായത്തിൽ കപ്പൽ അതിവേഗം വിട്ടു നൽകാൻ ഇറാൻ തയ്യാറാകുമെന്ന് ആരും കരുതുന്നുമില്ല. ഒരു പക്ഷെ ജീവനക്കാരെ വിട്ടു നൽകി കപ്പൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉള്ള നീക്കമാകും സ്വീകരിക്കുക. തുടക്കത്തിൽ ജീവനക്കാരെ അതിവേഗം വിട്ടു നൽകും എന്ന പ്രതീക്ഷ ഇപ്പോൾ കുറയുകയാണ്.

അന്താരാഷ്ട്ര തലത്തിൽ വിലപേശാൻ ജീവനക്കാരെ കസ്റ്റഡിയിൽ വയ്ക്കുന്നതാണ് ശരിയായ നീക്കം എന്ന തിരിച്ചറിവാണ് ഇപ്പോൾ ഇറാൻ പുറത്തെടുക്കുന്നത്. ജീവനക്കാരെ അവരുടെ കുടുംബവുമായോ മറ്റോ നേരിട്ട് സംസാരിക്കാൻ അവസരം നൽകാതെ ചിത്രങ്ങൾ ടെലിവിഷൻ വഴി കാണിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെയാണ്. ജീവനക്കാരെ സുരക്ഷിതമായി കൈമാറാം എന്ന ഉറപ്പു ഇറാൻ ഇന്ത്യക്കു രഹസ്യമായി ഇതിനകം കൈമാറിക്കഴിഞ്ഞിരിക്കും എന്ന് കരുതുന്നവരും കുറവല്ല. ബ്രിട്ടനേയും അമേരിക്കയെയും പരമാവധി സമ്മർദ്ദത്തിൽ ആക്കുക എന്ന തന്ത്രത്തിന് ജീവനക്കാരുടെ മോചനം പരമാവധി താമസിപ്പിക്കുവാൻ ഇറാൻ തയാറാകും എന്നാണ് നിലവിലെ സൂചനകൾ വ്യക്തമാകുന്നത്.

ലോകത്തെ ഏറ്റവും ശക്തമായിരുന്ന നാവികപട കഴിഞ്ഞ ഏതാനും ദശകമായുള്ള ഫണ്ട് വെട്ടിച്ചുരുക്കൾ മൂലം ഇപ്പോൾ തീരെ ദുർബലാവസ്ഥയിൽ ആണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി തോബിയാസ് എൽവുഡ് തന്നെ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് കടലിലൂടെ പതിവായി യാത്ര ചെയ്യുന്ന 15 മുതൽ 30 വരെ കപ്പലുകളുടെ സുരക്ഷാ മുൻനിർത്തിയാണ് സ്ഥിരമായി നാവിക സാന്നിധ്യം ഇവിടെ ഉറപ്പാക്കുന്നത്. എച്ച്എംഎസ് മോന്ററോസിന് പകരക്കാരായി കൂടുതൽ അപകടകാരിയായ എച്ച്എംഎസ് ഡങ്കൻ ഉടൻ ഗൾഫ് കടലിൽ എത്തുമെന്നുമാണ് സൂചന. കൂടെ പിന്തുണയുമായി എച്ച്എംഎസ് കെന്റും ഉണ്ടാകും. എന്നാൽ ഇതൊന്നും ഇറാനെ ഭയപ്പെടുത്തുന്ന കാര്യങ്ങളല്ല. ബ്രിട്ടീഷ് കപ്പൽ പടയിൽ 77 കപ്പലുകൾ ഉണ്ടെങ്കിലും സംഘർഷ മുഖത്ത് പ്രയോജനമുള്ളവ വെറും ആറെണ്ണമാണ്. കൂടെ പിന്തുണ നൽകാൻ കഴിവുള്ള 13 ചെറു യുദ്ധക്കപ്പലുകളും 10 മുങ്ങിക്കപ്പലുകളും ഉണ്ട്. ബാക്കിയൊക്കെ പേരിനു പറയാവുന്നവ മാത്രം.

എന്നാൽ വെറും മുപ്പതു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം 133 കപ്പലുകൾ ഉണ്ടായിരുന്നതാണ്, കൂടാതെ 33 മുങ്ങിക്കപ്പലുകളും. എന്നാൽ അടിക്കടിയായി പണം കിട്ടാതായതോടെ കപ്പൽ ശേഷി പാതിയായി കുറയുക ആയിരുന്നു. ഇത് ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്ന സമയത്തു പ്രയാസം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഇപ്പോൾ തെരേസ മേ വാക്കുകൾ മയപ്പെടുത്താൻ നിർബന്ധതയായതും ഈ കണക്കുകൾ മുന്നിൽ വച്ച് തന്നെയാകും. കയ്യിൽ ഉള്ളതിൽ പാതി കപ്പലുകൾ സാധാരണ അറ്റകുറ്റ പണികൾക്കും പരിശീലന പരിപാടികൾക്കും ഉപയോഗിക്കുന്നതിനാൽ ആവശ്യ സമയത്തു ഉപയോഗിക്കാൻ പറ്റുന്നവ പേരിനു മാത്രമായിരിക്കും. നിലവിൽ ബ്രിട്ടന്റെ കൈവശം ഒരൊറ്റ വിമാനവാഹിനി മാത്രമാണുള്ളത്. അടുത്തൊരൊണ്ണം ഏതാനും മാസങ്ങൾക്കകം കടലിൽ ഇറങ്ങും. എന്നാൽ ഇവ രണ്ടും അമേരിക്ക, റഷ്യ, ചൈന എന്നിവയുടെ കൈവശം ഉള്ള കപ്പലുകളുമായി താരതമ്യം ചെയുമ്പോൾ തീരെ ചെറുതുമാണ്.

ഇതുകൂടാതെ നാവിക സേന അംഗങ്ങളുടെ കാര്യത്തിലും അതിവേഗ വെട്ടിക്കുറവ് ആണ് സംഭവിക്കുന്നത്. രണ്ടായിരത്തിൽ 39000 പേരുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ വെറും 30000 മാത്രം. രണ്ടാം ലോകമഹായുദ്ധം സമാപിക്കുമ്പോൾ ബ്രിട്ടന്റെ കൈവശം 861000 നാവിക സേന അംഗങ്ങൾ ഉണ്ടായിരുന്നതാണ്. എന്നാൽ ഈ സംഖ്യ 1991 ആയപ്പോഴേക്കും വെറും 60000 ആയി ചുരുങ്ങി. ബഡ്ജറ്റ് വിഹിതം ആനുപാതികമായി വെട്ടിച്ചുരുക്കപ്പെട്ടതാണ് ബ്രിട്ടീഷ് നാവികസേനയെ ഈ വിധം ശോഷിപ്പിച്ചത്. ഒരു കാലത്തു 900 നാവിക സേന കപ്പലുകൾ കൈവശം ഉണ്ടായിരുന്ന റോയൽ നാവിക സേന ഇനിയൊരിക്കലൂം പ്രതാപം കണ്ടെത്താൻ കഴിയാത്ത വിധം തകർന്നു കഴിഞ്ഞു എന്നതിന്റെ സൂചന കൂടിയാണ് ഗൾഫ് കടലിടുക്കിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP