Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കയുടെ പുതിയ ഉത്തരവ്; ലക്ഷ്യം ഇറാനികളെ ശ്വാസംമുട്ടിച്ച് കൊല്ലുകയെന്ന് തുറന്നുപറഞ്ഞ് ട്രംപ്; സ്റ്റേറ്റ് സെക്രട്ടറി ധൃതിപിടിച്ച് സൗദിയിലെത്തി എംബിഎസുമായി ചർച്ച നടത്തി; അമേരിക്കയെ 'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്' എന്നുവിശേഷിപ്പിച്ച് സൽമാൻ രാജാവും; ഇറാനെ പൂർണമായും തീർക്കാനുറച്ച് അമേരിക്ക

ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കയുടെ പുതിയ ഉത്തരവ്; ലക്ഷ്യം ഇറാനികളെ ശ്വാസംമുട്ടിച്ച് കൊല്ലുകയെന്ന് തുറന്നുപറഞ്ഞ് ട്രംപ്; സ്റ്റേറ്റ് സെക്രട്ടറി ധൃതിപിടിച്ച് സൗദിയിലെത്തി എംബിഎസുമായി ചർച്ച നടത്തി; അമേരിക്കയെ 'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്' എന്നുവിശേഷിപ്പിച്ച് സൽമാൻ രാജാവും; ഇറാനെ പൂർണമായും തീർക്കാനുറച്ച് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: പശ്ചിമേഷ്യയെയും ലോകത്തെ മറ്റു രാജ്യങ്ങളെയും ഭീതിയിലേക്ക് തള്ളിവിട്ട് ഇറാൻ-അമേരിക്ക പ്രതിസന്ധി മൂർച്ഛിക്കുന്നു. നിരീക്ഷണവിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് ഇറാനുമേൽ കടുത്ത നിലപാടെടുക്കാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്കുള്ള നിയന്ത്രണങ്ങളാണ് അമേരിക്ക കൊണ്ടുവന്നിട്ടുള്ളത്. ഇറാൻ തുടർച്ചയായ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ആയത്തൊള്ള ഖമേനിയെയും ഖമേനിയുടെ ഓഫീസിന്റെയും പ്രവർത്തനം നിശ്ചലമാക്കുന്ന ഉത്തരവിലാണ് താൻ ഒപ്പുവെക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ നിരീക്ഷണ ഡ്രോണുകൾ വെടിവെച്ചിടുന്നതുപോലുള്ള പ്രകോപനപരമായ നടപടികൾ ഇറാൻ തുടർന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. ആയത്തൊള്ള ഖമേനിയുടെ സമ്പത്തുകൾ പൂർണമായും നിശ്ചലമാക്കുന്നതിനുള്ള നടപടികൾ അമേരിക്കയ്ക്ക് സാധ്യമാണെന്നും അതിനുള്ള നടപടികൾ തുടങ്ങിയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ആകാശാതിർത്തി ലംഘിച്ചതിന് യു.എസ്. ഡ്രോൺ വെടിവെച്ചിട്ടതും യു.എ്‌സ്. ചാരന് വധശിക്ഷ നൽകിയതുമുൾപ്പെടെയുള്ള പ്രവർത്തികളാണ് ഇറാനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഡ്രോൺ ഇറാൻ അതിർത്തി ലംഘിച്ചിട്ടില്ലെന്നും മനപ്പൂർവം പ്രകോപനം സൃ്ഷ്ടിക്കുകയാണെന്നുമാണ് അമേരിക്കയുടെ വാദം. എന്നാൽ, അമേരിക്കയുടെ പശ്ചിമേഷ്യയിലെ എല്ലാ താത്പര്യങ്ങൾക്കും തീകൊളുത്തുന്നതിന് തുല്യമായിരിക്കും ഇറാനുമേലുള്ള നടപടികളെന്ന് ഇറാൻ തിരിച്ചടിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ മേഖലയിലാകെ പരഭ്രാന്തി പരത്തിയിട്ടുമുണ്ട്. ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതിനെത്തുടർന്നാരംഭിച്ച സംഘർഷം, ഈമാസമാദ്യമാണ് കൂടുതൽ രൂക്ഷമായത്. ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ വെടിവെച്ചിട്ടത് ഇറാനാണെന്ന് ആരോപിച്ച അമേരിക്ക കൂടുതൽ സൈനികനീക്കം നടക്കിയിരുന്നു. അതിനിടെയാണ് നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതും. ഇത് ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, സംഘർഷസാധ്യത നിലനിൽക്കെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തി മുഹമ്മദ് ബിൻ സൽമാൻ രാജാവിനെ കണ്ട് ചർച്ച നടത്തിയത് കൂടുതൽ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷം മേഖലയിലെ സഖ്യകക്ഷികളുമായി ചർച്ച ചെയ്യുന്നതിനാണ് പോംപിയോ എത്തിയതെന്നാണ് കരുതുന്നത്. ജിദ്ദയിലെത്തിയ പോംപിയോയെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. പ്രിയസുഹൃത്തെന്ന വിശേഷണത്തോടെയായിരുന്നു സ്വീകരണം.

അമേരിക്കയിൽ അഭയം തേടിയിരുന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കിയിലെ എംബസിയിൽ സൗദി രഹസ്യാന്വേഷണോദ്യോഗസ്ഥർ കൊലപ്പെടുത്തിയ സംഭവത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് അന്വേഷിക്കുമെന്ന് യു.എൻ. വ്യക്തമാക്കിയിരുന്നു. ഖഷോഗി വധത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ തുടക്കത്തിൽ വിമർശിച്ച അമേരിക്ക, പിന്നീട് എംബിഎസിനും സൗദി ഭരണകൂടത്തിനും അനുകൂലമായ നിലപാടാണെടുത്തത്. യു.എന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പോംപിയോയുടെ സന്ദർശനം ആ സംഭവത്തിൽ എംബിഎസിനുള്ള പിന്തുണ പ്രഖ്യാപിക്കൽ കൂടിയായി വിലയിരുത്തപ്പെടുന്നുണ്ട്. സൗദി സന്ദർശനത്തിനിടെ, ഖഷോഗി വധമുൾപ്പെടെയുള്ള വിവാദ സംഭവങ്ങൾ പോംപിയോ ചർച്ച ചെയ്യുന്നില്ലെന്നും സൂചനയുണ്ട്.

ജിദ്ദയിലെത്തിയ പോംപിയോ സൽമാൻ രാജാവുമായും കൂടിക്കാഴ്ച നടത്തി. പിന്നീട് യു.എ.ഇ. ഭരണാധികാരികളെയും സ്റ്റേറ്റ് സെക്രട്ടറി കാണുന്നുണ്ട്. ഇറാനുമേൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും യുദ്ധമല്ല ചർച്ചയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പോംപിയോ പശ്ചിമേഷ്യൻ യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞിരുന്നു. 'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്' എന്നുവിശേഷിപ്പിച്ചാണ് സൽമാൻ രാജാവ് പോംപിയോയെ സ്വീകരിച്ചത്.

പ്രതിസന്ധിയിൽ എങ്ങനെ ഒന്നിച്ചുനീങ്ങാമെന്നും ഇറാനെതിരേ എങ്ങനെ ആഗോളസഖ്യം രൂപവത്കരിക്കാമെന്നുമുള്ള വിഷയമാകും കൂടിക്കാഴ്ചയിൽ ചർച്ചയാകുകയെന്ന് സൽമാൻ രാജാവിനെ കാണുന്നതിനുമുമ്പ് പോംപിയോ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങൾ മാത്രമല്ല ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളും ഈ വെല്ലുവിളി മനസ്സിലാക്കുകയും ലോകത്ത് ഏറ്റവുംകൂടുതൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരേ രംഗത്തെത്താൻ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി സന്ദർശനത്തിനുശേഷം യു.എ.ഇ. ഭരണാധികാരികളുമായും പോംപിയോ ചർച്ച നടത്തും. ഇറാനുയർത്തുന്ന വെല്ലുവിളി നേരിടുന്നതിൽ രണ്ടു ശക്തരായ സഖ്യരാജ്യങ്ങളാണ് സൗദിയും യു.എ.ഇ.യുമെന്ന് പോംപിയോ പറഞ്ഞു.

അതിനിടെ യു.എസ്. തങ്ങൾക്കെതിരേ ഏർപ്പെടുത്തിയ പുതിയ ഉപരോധം രാജ്യത്തെ കാര്യമായി ബാധിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ''എന്തൊക്കെയാണ് പുതിയ ഉപരോധമെന്നും എന്തിനെയൊക്കെയാണ് യു.എസ്. ലക്ഷ്യമിടുന്നതെന്നതിനെയും കുറിച്ച് ശരിയായ അറിവില്ല. എന്തുതന്നെയായാലും അവ രാജ്യത്ത് കാര്യമായ പ്രതിഫലനമുണ്ടാക്കുമെന്ന് കരുതുന്നില്ല'' -ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. 40 വർഷത്തിലേറെയായി തങ്ങൾക്കെതിരേ ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഉപരോധമെന്തെങ്കിലും യു.എസിന്റെ പക്കൽ അവശേഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തങ്ങളുടെ മിസൈൽ നിയന്ത്രണസംവിധാനം ലക്ഷ്യമിട്ട് സൈബറാക്രമണം നടത്തിയെന്ന യു.എസ്. വാദവും ഇറാൻ ഭരണകൂടം നിഷേധിച്ചു. സൈബറാക്രമണത്തിനായി യു.എസ്. ഒട്ടേറെത്തവണ ശ്രമിക്കുന്നുണ്ടെങ്കിലും അതിനവർക്ക് വിജയിക്കാനായിട്ടില്ലെന്ന് ഇറാൻ ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജഹ്‌റോമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP