Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെക്കൻഡ് റഫറണ്ടമില്ല... ബ്രെക്‌സിറ്റ് റദ്ദാക്കൽ ഇല്ല... നോർവേ സ്‌റ്റൈൽ സോഫ്റ്റ് ബ്രെക്‌സിറ്റില്ല... കസ്റ്റംസ് യൂണിയനുമില്ല... നാല് അവസാന വഴികളും അടച്ച് ബ്രിട്ടീഷ് എംപിമാർ; ഭാവി എന്തെന്ന് തീരുമാനിക്കാൻ ഇന്ന് കാബിനറ്റ് വിളിച്ച് തെരേസ മെയ്‌; പൗണ്ട് വില കുത്തനെ ഇടിഞ്ഞു

സെക്കൻഡ് റഫറണ്ടമില്ല... ബ്രെക്‌സിറ്റ് റദ്ദാക്കൽ ഇല്ല... നോർവേ സ്‌റ്റൈൽ സോഫ്റ്റ് ബ്രെക്‌സിറ്റില്ല... കസ്റ്റംസ് യൂണിയനുമില്ല... നാല് അവസാന വഴികളും അടച്ച് ബ്രിട്ടീഷ് എംപിമാർ; ഭാവി എന്തെന്ന് തീരുമാനിക്കാൻ ഇന്ന് കാബിനറ്റ് വിളിച്ച് തെരേസ മെയ്‌; പൗണ്ട് വില കുത്തനെ ഇടിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന ഹിതപരിശോധനാ ഫലം നടപ്പാക്കാനുള്ള അവസാന സാധ്യതകളും ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതോടെ, കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് തെരേസ മെയ്‌ സർക്കാർ. മൂന്നുവട്ടം പാർലമെന്റിൽ പരാജയപ്പെട്ട ബ്രെക്‌സിറ്റ് ബില്ലിന് പകരം വഴി തേടുന്ന സാധ്യതകളെല്ലാം ഇതോടെ ഇല്ലാതാവുകയും ചെയ്തു. കസ്റ്റംസ് യൂണിൻ, നോർവേയുടെ രീതിയിലുള്ള സോഫ്റ്റ് ബ്രെക്‌സിറ്റ്, രണ്ടാമതൊരു ഹിതപരിശോധന, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാക്കൽ എന്നീ സാധ്യതകളാണ് പാർലമെന്റ് തള്ളിയത്. ഇന്ന് കാബിനറ്റ് യോഗം വിളിച്ചിട്ടുള്ള തെരേസ മെയ്‌ക്കുമുന്നിൽ രാജിവെക്കുകയെന്ന പോംവഴി മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബദൽ നിർദ്ദേശങ്ങളിൽ കസ്റ്റംസ് യൂണിയൻ മാത്രമാണ് നേരീയ പ്രതീക്ഷ പുലർത്തിയത്. യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞാലും കസ്റ്റംസ് യൂണിയനിൽ തുടരുകയെന്ന നിർദ്ദേശം കെൻ ക്ലാർക്കാണ് അവതരിപ്പിച്ചത്. ഇതിന് അനുകൂലമായി 273 വോട്ടുകൾ ലഭിച്ചപ്പോൾ, എതിർത്ത് 276 പേർ ശബ്ദമുയർത്തി. ഇപ്പോഴത്തെ ബ്രെക്‌സിറ്റ് തീരുമാനം റദ്ദാക്കി രണ്ടാമതൊരു ഹിതപരിശോധനയെന്ന നിർദ്ദേശവും ഏറെക്കുറെ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. അനുകൂലിച്ചവർ 280. എതിർത്തവർ 292.

നേർേേവയുടെ രീതിയിൽ കടുത്ത നടപടികളൊന്നുമില്ലാത്ത വേർപിരിയൽ എന്ന ബദൽ നിർദ്ദേശം കൊണ്ടുവന്നത് കൺസർവേറ്റീവ് എംപി നിക്ക് ബോൾസാണ്. ഈ നിർദ്ദേശം വോട്ടിനിട്ട് തള്ളിയതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. സോഫ്റ്റ് ബ്രെക്‌സിറ്റ് എന്ന ആശയത്തിന് ടോറി വിഭാഗത്തിൽനിന്ന് വെറും 33 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിർദ്ദേശം 261-നെതിരേ 282 വോട്ടുകൾക്ക് തള്ളുകയും ചെയ്തു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് പ്രധാന തടസ്സം തന്റെ പാർട്ടി ഇക്കാര്യത്തിൽ പുലർത്തുന്ന കടുംപിടിത്തമാണെന്ന് ആരോപിച്ചാണ് നിക്ക് ബോൾസ് പാർട്ടി വിട്ടത്. സമവായത്തിനായി താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഇനിയും തനിക്ക് പാർട്ടിയിൽ തുടരാനാവില്ലെന്നും അദ്ദേഹം വികാരനിർഭരമായി പറഞ്ഞു.

ബ്രെക്‌സിറ്റ് റദ്ദാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുകയെന്ന നിർദ്ദേശം സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് അവതരിപ്പിക്കപ്പെട്ടത്. ബദൽ നിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടതും ഇതാണ്. 292-നെതിരേ 191 വോട്ടുകൾക്ക് ഈ നിർദ്ദേശം പരാജയപ്പെട്ടു. തെരേസ മേയുടെ ബ്രെക്‌സിറ്റ് ബിൽ പാർലമെന്റിൽ മൂന്നുവട്ടം പരാജയപ്പെട്ടതോടെയാണ് ബ്രെക്‌സിറ്റ് നടപ്പാക്കലിന്റെ നിയന്ത്രണം പാർലമെന്റ് ഏറ്റെടുത്തത്. ഈ പശ്ചാത്തലത്തിലാണ് ബദൽ നിർദ്ദേശങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടതും. ബദൽ നിർദ്ദേശങ്ങളും എംപിമാർ അംഗീകരിക്കാതെ വന്നാൽ, മന്ത്രിസഭ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിൽ തെരേസ മെയ്‌ സർക്കാർ പരാജയപ്പെടുന്നതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങൾ പാർലമെന്റിലേക്ക് എത്തുന്നതിനും ഇന്നലെ വേദിയായി. പാർലമെന്റിന്റെ പബ്ലിക് ഗാലറിയിൽ അർധനഗ്നരായ പ്രതിഷേധക്കാർ എതത്തിയതിനെത്തുടർന്ന് വോട്ടിങ് നടപടികൾ കുറച്ചുനേരം തടസ്സപ്പെടുകയും ചെയ്തിരുന്നു. ബ്രെക്‌സിറ്റ് ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനം പോലുള്ള നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം.

ബദൽ നിർദ്ദേശങ്ങളും പാർലമെന്റ് തള്ളിയതോടെ, മേയുടെ ഇന്നത്തെ മന്ത്രിസഭായോഗം നിർണായകമായി മാറിയിരിക്കുകയാണ്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചകൾ കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ കാര്യമായ തോതിൽ ഇടിച്ചിട്ടുണ്ടെങ്കിലും മറ്റൊരു ഗത്യന്തരമില്ലാതെ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ് തെരേസയുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. സാധാരണ ഗതിയിൽ ഒന്നരമണിക്കൂറോളമാണ് മന്ത്രിസഭായോഗം ചേരാറ്. എന്നാൽ, ഇന്നുരാവിലെ ഒമ്പതുമുതൽ മൂന്നുമണിക്കൂർ നേരത്തേക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരവെ, വിപണിയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായിട്ടുണ്ട്. പൗണ്ട് വിലയിലാണ് കാര്യമായ ചലനമുണ്ടായത്. യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞാലും നോർവേയുടെ രീതിയിൽ സോഫ്റ്റ് ബ്രെക്‌സിറ്റാകും നടപ്പാവുകയെന്ന പ്രതീക്ഷയും ഇല്ലാതായതോടെയാണ് പൗണ്ട് വില ഇടിഞ്ഞത്. ഇതോടെ, നോ ഡീൽ ബ്രെക്്‌സിറ്റിനുള്ള സാധ്യത വീണ്ടും ശക്തമാവുകയും ചെയ്തതോടെ ഡോളറിനെതിരേയും യൂറോയ്‌ക്കെതിരേയും പൗണ്ടിന്റെ വില കുത്തനെ ഇടിയുകയായിരുന്നു.

കെൻ ക്ലർക്ക് കൊണ്ടുവന്ന കസ്റ്റംസ് യൂണിയൻ ഭേദഗതി പാർലമെന്റ് തള്ളിയതോടെ അര ശതമാനം വിലയിടിഞ്ഞ് പൗണ്ടിന്റെ മൂല്യം ഡോളറിനെതിരേ 1.305-ഉം യൂറോയ്‌ക്കെതിരേ 1.164-ഉം ആയി. രണ്ടാഴ്ചയ്ക്കുള്ളിൽ കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന യാഥാർഥ്യത്തിലേക്കാണ് ബ്രിട്ടൻ പോവുന്നതെന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇത് നിക്ഷേപകർക്കിടയിലുണ്ടാക്കിയിട്ടുള്ള കടുത്ത നിരാശയാണ് വിപണിയിൽ പ്രതിഫലിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP