Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറ്റങ്ങൾ ഒന്നുമില്ലാത്ത കരാറുമായി തെരേസ മെയ്‌ നാളെ വീണ്ടും പാർലമെന്റിൽ; വോട്ടിങ് പരാജയം ഉറപ്പായതോടെ തെരേസയുടെ രാജി സാധ്യത ഉയരുന്നു; ട്രംപ് മോഡൽ ബ്രെക്‌സിറ്റ് പാർട്ടി അധികാരം പിടിക്കുമെന്ന് റിപ്പോർട്ടുകൾ

മാറ്റങ്ങൾ ഒന്നുമില്ലാത്ത കരാറുമായി തെരേസ മെയ്‌ നാളെ വീണ്ടും പാർലമെന്റിൽ; വോട്ടിങ് പരാജയം ഉറപ്പായതോടെ തെരേസയുടെ രാജി സാധ്യത ഉയരുന്നു; ട്രംപ് മോഡൽ ബ്രെക്‌സിറ്റ് പാർട്ടി അധികാരം പിടിക്കുമെന്ന് റിപ്പോർട്ടുകൾ

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിടപറയാൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മാർച്ച് 29-ന് ഔദ്യോഗികകമായി വേർപിരിയണമെന്നിരിക്കെ, ഇനിയൊരു കരാറിലെത്താനുള്ള സാധ്യത തുലോം വിരളമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രെക്‌സിറ്റ് നീട്ടിവെയ്ക്കുകയെന്ന പരിമിതമായ ലക്ഷ്യമേ തെരേസ മെയ്‌ സർക്കാരിന് മുന്നിലുള്ളൂ. മുമ്പൊരുവട്ടം പാർലമെന്റ് തള്ളിയ കരാർ, വലിയ മാറ്റങ്ങളൊന്നുമില്ലാതെ നാളെ വീണ്ടും അവതരിപ്പിക്കുമ്പോൾ പാർലമെന്റ് അംഗീകരിക്കുമെന്ന പ്രതീക്ഷ തെരേസയ്ക്കുമില്ല.

കരാർ വീണ്ടും പാർലമെന്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് തെരേസയുടെ രാജിക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്. തെരേസ രാജിവെച്ച് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കിൽ, അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതുപോലൊരു അപ്രതീക്ഷിത നീക്കത്തിന് ബ്രിട്ടനും സാക്ഷിയാകുമെന്നാണ് റിപ്പോർട്ടുകൾ. പുതുതായി രൂപംകൊണ്ട ബ്രെക്‌സിറ്റ ്പാർട്ടി ലേബറിനെയും ടോറികളെയും മറികടന്ന് അധികാരം പിടിക്കുമെന്ന സൂചനയാണ് തെരേസയുടെ മന്ത്രിസഭയിലെ പഴയ പ്രമുഖരടക്കം പറയുന്നത്.

2016-ലെ ഹിതപരിശോധനാ ഫലം സർക്കാർ അട്ടിമറിച്ചുവെന്ന തോന്നൽ ജനങ്ങളിലുണ്ടായാൽ, അത് ബ്രെക്‌സിറ്റ് പാർട്ടിയുടെ വിജയത്തിന് വഴിവെക്കുമെന്ന് തെരേസ സർക്കാരിലെ മുൻ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു. പഴയ യുക്കിപ്പ് നേതാക്കൾ ചേർന്ന് രൂപംകൊടുത്ത ബ്രെക്‌സിറ്റ് പാർട്ടിക്ക് നിഗൽ ഫരാജിന്റെ അനുഗ്രഹാശ്ശിസുകളുമുണ്ട്. ചൊവ്വാഴ്ച പാർലമെന്റിൽ ബ്രെക്‌സിറ്റ് ബിൽ വീണ്ടും പരാജയപ്പെടുകയാണെങ്കിൽ സർക്കാരിന്റെ ഭാവി അനിശ്ചിതാവസ്ഥയിലാകുമെന്ന് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടും സൂചന നൽകിയിരുന്നു.

തേരേസയുടെ ബ്രെക്‌സിറ്റ് കരാർ നാളെ പാർലമെന്റ് വീണ്ടും തള്ളുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി മറ്റൊരു കരാറിന് ശ്രമിക്കാനുള്ള സമയവും തെരേസയ്ക്ക് മുന്നിൽ അവശേഷിക്കുന്നില്ല. വ്യാപാരരംഗത്തോ അയർലൻഡുമായുള്ള അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിലോ വ്യക്തമായ ധാരണയും നിർദ്ദേശവുമില്ലാതെ ബ്രിട്ടന് യൂറോപ്യൻ യൂണിയനോട് വിടപറയേണ്ട അവസ്ഥയാകും അതിലൂടെയുണ്ടാവുക. ഇത് ബ്രിട്ടനെ വലിയ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുമെന്ന ആശങ്കയും സർക്കാരിലെ ഉന്നതർക്കുണ്ട്.

കഴിഞ്ഞതവണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടശേഷം നീക്കുപോക്കുകൾക്കായി ബ്രസ്സൽസുമായി തെരേസ പലകുറി ചർച്ച നടത്തിയിരുന്നു. ബ്രെക്‌സിറ്റ് വേണമെങ്കിൽ നീട്ടിവെക്കാമെന്നല്ലാതെ, നിർണായക വിഷയങ്ങളിൽ ബ്ര്ിട്ടന് അനുകൂലമായി തീരുമാനങ്ങളൊന്നും ഈ ചർച്ചകളിൽ ഉരിത്തിരിഞ്ഞുവന്നിട്ടില്ല. അവസാനവട്ടശ്രമമെന്നോണം ഇന്നുവീണ്ടും ബ്രസൽസിലെത്തുന്ന തെരേസ, യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. അതും ഫലിച്ചില്ലെങ്കിൽ രാജിയല്ലാതെ പോംവഴിയില്ലെന്ന നിലയിലാണ് തെരേസയുടെ പോക്ക്.

ബ്രെക്‌സിറ്റ് നടപ്പാകുന്നതിന് തൊട്ടുപിന്നാലെ തെരേസ മെയ്‌ അധികാരത്തിൽനിന്ന് ഒഴിയാനുള്ള സാധ്യതയുമേറെയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ബ്രെക്‌സിറ്റ് ഏതെങ്കിലും തരത്തിൽ നീട്ടിവെക്കുന്നത് ബ്രെക്‌സിറ്റ് അനുകൂലികളിൽനിന്നുള്ള കടുത്ത എതിർപ്പിന് വഴിവെക്കും. കരാറില്ലാതെ ബ്രെക്‌സിറ്റ് 29-ന് നടപ്പായാൽ, അതുവഴി സമ്പദ്‌വ്യവസ്ഥയ്ക്കടക്കമുണ്ടാകുന്ന തിരിച്ചടികൾ റിമെയ്‌നേഴ്‌സിന്റെ ഭാഗത്തുനിന്ന് വലിയ വിമർശനത്തിനും ഇടയാക്കും. ഇങ്ങനെ രണ്ടുഭാഗത്തുനിന്നും ഒരുപോലെ സമ്മർദമേറ്റുവാങ്ങേണ്ട അവസ്ഥയിലാണ് തെരേസ ഇപ്പോൾ.

നാളെ ബ്രെക്‌സിറ്റ് കരാർ പാസ്സാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എംപിമാർക്ക് വാഗ്ദാനങ്ങളും നൽകുന്നുണ്ട്. ബിൽ പാസ്സാക്കുകയാണെങ്കിൽ ബുധനാഴ്ച നടത്തുന്ന സ്പ്രിങ് സ്റ്റേറ്റ്‌മെന്റി്ൽ 20 ബില്യൺ പൗണ്ടിന്റെ പ്രഖ്യാപനം നടത്തുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമണ്ട് പറയുന്നു. എന്നാൽ, ജനുവരിയിൽ പരാജയപ്പെട്ട ബില്ലിൽനിന്ന് കാര്യമായ മാറ്റമൊന്നും വരുത്താതെ വീണ്ടും ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിച്ചാൽ പരാജയമുറപ്പാണെന്നാണ് എംപിമാരിൽ വലിയൊരു വിഭാഗത്തിന്റെ നിലപാട്. ജനുവരിയിൽ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിലിനുള്ള തോൽവിയാണ് തെരേസ പാർലമെന്റിൽ നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP