Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ആണവായുധ ഭീഷണിയില്ലാത്ത സമാധാനത്തിന്റെ നാളുകൾ ഭൂമിയിൽ ഉണ്ടാവുമോ? ലോകത്തെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ചർച്ചകളുമായി കിം-ട്രംപ് കൂടിക്കാഴ്‌ച്ച നാളെ നടക്കും; എല്ലാ കണ്ണുകളും സിങ്കപ്പൂരിലേക്ക്; ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിന്റെ ചെലവ് 100 കോടി രൂപ

ആണവായുധ ഭീഷണിയില്ലാത്ത സമാധാനത്തിന്റെ നാളുകൾ ഭൂമിയിൽ ഉണ്ടാവുമോ? ലോകത്തെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ചർച്ചകളുമായി കിം-ട്രംപ് കൂടിക്കാഴ്‌ച്ച നാളെ നടക്കും; എല്ലാ കണ്ണുകളും സിങ്കപ്പൂരിലേക്ക്; ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിന്റെ ചെലവ് 100 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

സിംഗപൂർ: നാളെയാണ് ചരിത്രമായേക്കാവുന്ന കൂടിക്കാഴ്ച നടക്കുക. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂർ സമയം രാവിലെ ഒൻപത്) മേശയ്ക്കിരുവശത്തും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ഇരിക്കും. പിന്നെ ചർച്ചയും. ഉച്ചകോടി ശുഭകരമാകുമെങ്കിൽ കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം, യുഎസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച.

കുറച്ചുമാസം മുമ്പുവരെ ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവരാണ് അമേരിക്കയും ഉത്തര കൊറിയയും. ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുമോ എന്നതാണ് പ്രധാനം. അതിന് കിം സമ്മതിച്ചാൽ ട്രംപ് കൈകൊടുത്ത് പിരിയും. സിങ്കപ്പൂരിലെ സെന്റോസാ ദ്വീപിലുള്ള കാപെല്ലാ ഹോട്ടലിലാണ് ചരിത്ര കൂടിക്കാഴ്ച. ഉത്തരകൊറിയ അണ്വായുധങ്ങൾ പൂർണമായും ഉപേക്ഷിക്കാമെന്ന് സമ്മതിക്കുമെന്നും കൊറിയൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പുവെയ്ക്കുമെന്നും അമേരിക്ക കരുതുന്നു. യു.എസുമായി നല്ല ബന്ധമുണ്ടാകുകയും അവരുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ അവസാനിക്കുകയും ചെയ്താൽ പിന്നെ അണ്വായുധങ്ങളെ ഉപേക്ഷിക്കാൻ ഉത്തര കൊറിയയും സമ്മതിച്ചേക്കും. രണ്ട് നേതാക്കളും കൂടിക്കാഴ്ചയ്ക്കായി സിംഗപൂരിലെത്തി കഴിഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിൽ ആദ്യമെത്തിയത് കിം ജോങ് ഉൻ ആയിരുന്നു. എത്തിയത് എയർ ചൈന 747 വിമാനത്തിലും. ബെയ്ജിങ്ങിലേക്കെന്ന രീതിയിൽ യാത്രപുറപ്പെട്ടു. യാത്രാമധ്യേ വിമാനം സിങ്കപ്പൂരിലേക്ക്. ചാങ്ഗി വിമാനത്താവളത്തിൽനിന്ന് പ്രസിഡന്റ് ലീ സെയ്ൻ ലൂങ്ങിന്റെ ഓഫീസിലേക്ക് യാത്ര മെഴ്സിഡസ് ബെൻസിലായിരുന്നു. അകമ്പടിക്ക് 20 കാറും. സെയ്ന്റ് റെജിസ് ഹോട്ടലിലാണ് താമസം. ഉന്നിന്റെ സഹോദരി കിം യോ ജോങ്, വിദേശകാര്യമന്ത്രി റി യോങ് ഹോ, മുൻ ചാരത്തലവൻ കിം യോങ് ചോൽ എന്നിവർ സംഘത്തിലുണ്ട്.

കാനഡയിൽനിന്ന് ജി-7 ഉച്ചകോടിക്കുശേഷം നേരെ സിങ്കപ്പൂരിലേക്ക് എത്തുകയായിരുന്നു ട്രംപ്. പായാ ലെബർ വ്യോമതാവളത്തിൽ സിങ്കപ്പൂർ സമയം ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് എത്തി. താമസം ഷാൻഗ്രീ-ലാ ഹോട്ടലിലും. സംഘത്തിൽ: വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് എന്നിവർ അമേരിക്കൻ സംഘത്തിലുണ്ട്. ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ സിങ്കപ്പൂരിലെത്തിയത് 2500-ലേറെ മാധ്യമപ്രവർത്തകരാണ്. ചെലവ് രണ്ട് കോടി സിങ്കപ്പൂർ ഡോളറാണ് (ഏകദേശം നൂറുകോടി രൂപ) പ്രതീക്ഷിക്കുന്നത്. ചെലവ് സിങ്കപ്പൂർ വഹിക്കും.

ഇരുനേതാക്കളെയും സിംഗപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചതു സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണനാണ് (നേത്രചികിൽസാ വിദഗ്ധനായ ബാലകൃഷ്ണന്റെ പിതാവ് തമിഴ് വംശജനും മാതാവ് ചൈനീസ് വംശജയുമാണ്). നാളത്തെ ചർച്ചകൾ ആണവനിരായുധീകരണം എന്ന വിഷയത്തെ കേന്ദ്രമാക്കിയാണ്. ഇക്കാര്യത്തിൽ പൂർണവും ദ്രുതഗതിയിലുള്ളതുമായ തീരുമാനമാണു ട്രംപ് ആഗ്രഹിക്കുന്നത്. അദ്ദേഹം അതു വെട്ടിത്തുറന്നു പറഞ്ഞുകഴിഞ്ഞു. യുഎസ് തടവുകാരെ വിട്ടയച്ചതും ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടിയതും കിമ്മിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇളവുകളാണ്. ആണവ വിഷയത്തിൽ ആദ്യം ബലംപിടിച്ചാലും ഉപരോധങ്ങൾ നീക്കാമെന്ന് ഉറപ്പുകിട്ടിയാൽ കിം വഴങ്ങിയേക്കും. പുതിയ വിദേശനിക്ഷേപങ്ങളും സഹായങ്ങളും ലഭിക്കാതെ ഉത്തര കൊറിയൻ സമ്പദ്ഘടനയ്ക്കു നേരെ നിൽക്കാനാവില്ല.

ഉച്ചകോടിയുടെ വേദിയിലും ആഡംബര ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളിൽ നിന്നു കിമ്മിനെ മാറ്റിനിർത്തുന്നതിനായി ഹോട്ടലുകളിൽ കൂടുതൽ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് 3.40നു ഹോട്ടലിലെത്തിയ കിം ആൾക്കൂട്ടത്തിനു പിടി നൽകാതെ ഹോട്ടലിനകത്തേക്കു പ്രവേശിക്കുകയായിരുന്നു. ട്രംപും നാളെ സിംഗപ്പൂർ പ്രധാനമന്ത്രിയെ കാണുന്നുണ്ട്.

പഴുതടച്ച സുരക്ഷ
ഏറ്റവും കൂടുതൽ വധഭീഷണിയുള്ള രാഷ്ട്ര മേധാവിയാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. ദീർഘദൂര യാത്രയ്ക്ക് വേണ്ട സുരക്ഷിതമായ ഒരു വിമാനം പോലുമില്ലാത്ത കിം ജോങ് ചൈനയുടെ കരുതലിലാണ് യാത്ര ചെയ്തത്. ഫ്ലൈറ്റ്റഡാർ 24 വെബ്സൈറ്റ് വഴി കിം ജോങ് ഉന്നിന്റെ വിമാനം പോകുന്ന വഴി ലൈവിൽ നോക്കി നിന്നിരുന്നത് നിരവധി പേരാണ്. പ്യോംഗാങ് എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ഓരോ നീക്കവും ലോകം വീക്ഷിക്കുകയായിരുന്നു.

ഉത്തര കൊറിയയിലെ പ്രാദേശിക സമയം രാവിലെ 8.30 നാണ് എയർ ചൈന 747 വിമാനം പൊങ്ങിയത്. ചാങ്കി രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.40 നാണ് വിമാനം ലാൻഡ് ചെയ്തത്. ബോയിങ് 747 വിമാനത്തിലാണ് സഞ്ചരിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു എയർ ചൈന വിമാനത്തിൽ കിമ്മിന്റെ സഹോദരിയും മറ്റു ചിലരുമെത്തി. കിം ജോങ് ഉന്നിന് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങളും അനുയായികളെയും എത്തിച്ചത് എയർ കൊറിയോ വിമാനത്തിലാണ്. കിമ്മിന് സഞ്ചരിക്കേണ്ട ബെൻസ് കാറുകളെല്ലാം എത്തിച്ചത് എയർ കൊറിയ വഴിയാണ്.

തുടർന്ന് 3.05 നാണ് ബെൻസ് സെഡാനിൽ കിം ജോങ് ഉന്നും അനുയായികളും ഹോട്ടലിലേക്ക് തിരിച്ചത്. പൊലീസ് വാഹനങ്ങൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവയും കിമ്മിനെ പിന്തുടരുന്നുണ്ട്. കൊറിയൻ ഫ്ലാഗുള്ള രണ്ടു കാറുകളാണ് വിമാനത്താവളത്തിൽ നിന്നു തിരിച്ചത്. ഇരുപതോളം വാഹനങ്ങളാണ് കിമ്മിന് അകമ്പടി പോകുന്നത്. ഓടുന്ന കമാണ്ടോകളും സിംഗപൂരിലെത്തി. കിമ്മിന്റെ വാഹന വ്യൂഹത്തിന് ചുറ്റും ഇവർ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ കമാണ്ടോ മതിലിനെ മറികടന്ന് കിമ്മിന് ആക്രമിക്കുക അസാധ്യമാണ്.

കിം ജോങ് ഉൻ ചൈന വഴിയാണ് സിംഗപ്പൂരിലേക്ക് പറന്നത്. ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് പ്രകാരം ചൈനയിലെ നാലു പ്രവിശ്യകളിലൂടെയാണ് കിമ്മിന്റെ വിമാനം സഞ്ചരിച്ചത്. തീരപ്രദേശങ്ങളിൽ കൂടിയായിരുന്നു സഞ്ചാരം. കൂടുതൽ സമയവും ചൈനയുടെ വ്യോമ പരിധിയിൽ കൂടി തന്നെയാണ് വിമാനം പറന്നത്. അതേസമയം, കിമ്മിന്റെ വിമാനം പോകുന്ന റൂട്ടിൽ നിന്നെല്ലാം സാധാരണ വിമാനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല.

കിമ്മിന്റെ വിമാനം പോകുന്ന വഴിയിലെല്ലാം എയർ ട്രാഫിക് കൺട്രോൾ വ്യക്തമായ സന്ദേശം കൈമാറിയിരുന്നു. കിമ്മിനെ സിംഗപ്പൂരിൽ എത്തിക്കുന്നതിന്റെ ചുമത ചൈനയാണ് വഹിച്ചത്. ഉത്തര കൊറിയയിൽ നിന്നു പൊങ്ങിയ വിമാനത്തിന്റെ പൂർണ്ണ സുരക്ഷയും ചൈന ഏറ്റെടുക്കുകയായിരുന്നു. ബോയിങ് 747-400 വിമാനത്തിന്റെ വില 250 ദശലക്ഷം ഡോളറാണ് (ഏകദേശം 1688 കോടി രൂപ). ഒട്ടുമിക്ക രാഷ്ട്ര തലവന്മാരും ബോയിങ് 747 ആണ് ഉപയോഗിക്കുന്നത്. ബെഡ്റൂം, ഓഫീസ് സംവിധാനം തുടങ്ങി ആത്യാധുനിക സൗകര്യങ്ങളാണ് ബോയിങ് 747 ലുള്ളത്.

കരുതലോടെ സിംഗപ്പൂർ
സിംഗപ്പൂർ ഭരണകൂടം ഒരു പിഴവിനും ഇടകൊടുക്കുന്നില്ല. അതുകൊണ്ടാണു കഴിഞ്ഞ ദിവസം രണ്ടു ദക്ഷിണ കൊറിയൻ മാധ്യമപ്രവർത്തകരെ പിടികൂടി കയ്യോടെ മടക്കിയയച്ചത്. ഉത്തര കൊറിയയുടെ അംബാസഡറുടെ വസതിയിൽ അതിക്രമിച്ചുകടന്നതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ 'ചാവേർ ബോംബ് സ്ഫോടനം' എന്നു തിരഞ്ഞിട്ടാണു സിംഗപ്പൂരിലേക്കു വിമാനംകയറിയതെങ്കിൽ, ഈ ദിവസങ്ങളിൽ അവർക്കും രാജ്യത്തു പ്രവേശനമില്ല. അത്രകരുതലാണ് സിംഗപൂർ എടുക്കുന്നത്.

സമാധാനചർച്ചയ്ക്കു സെന്റോസ തിരഞ്ഞെടുത്തതിലും നേരിയ വിരോധാഭാസം തോന്നാം. സെന്റോസ എന്ന പദത്തിന്റെ അർഥം 'ശാന്തിയും സമാധാനവും' എന്നാണെങ്കിലും ഏതാനും ദശകം മുൻപുവരെ ദ്വീപ് അറിയപ്പെട്ടിരുന്നത് 'പുലാവു ബെലാക്യാങ് മട്ടി' എന്നാണ്. അതിനർഥം 'പിന്നിൽനിന്നുള്ള മരണത്തിന്റെ ദ്വീപ്' എന്നാണ്. രണ്ടാം ലോകയുദ്ധകാലത്ത്, 1942ൽ സിംഗപ്പൂർ ജപ്പാനു മുന്നിൽ കീഴടങ്ങിയതോടെ യുദ്ധത്തടവുകാരായി പിടിച്ച ബ്രിട്ടിഷ് - ഓസ്ട്രേലിയൻ സൈനികരെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. ചാരപ്പണി സംശയിച്ചു ചൈനീസ് വംശജരായ ഒട്ടേറെ സിംഗപ്പൂരുകാരെ ഇവിടെ ജപ്പാൻ പട്ടാളം തൂക്കിലേറ്റുകയും ചെയ്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP