Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിറിയൻ തീരത്തേക്ക് സബ്മറൈനുകളെ നീക്കി ബ്രിട്ടൻ; അടിയന്തര യുദ്ധ സാധ്യത വിലയിരുത്തി ട്രംപ്; സിറിയൻ എയർസ്‌പേസിൽനിന്നും വിമാനങ്ങളെ ഒഴിവാക്കാൻ യൂറോപ്പ്; 72 മണിക്കൂറിനുള്ളിൽ യുദ്ധം പ്രതീക്ഷിച്ച് ലോകം; എല്ലാ ആരോപണങ്ങളും തള്ളി തിരിച്ചടിക്കാൻ തയ്യാറായി റഷ്യയും

സിറിയൻ തീരത്തേക്ക് സബ്മറൈനുകളെ നീക്കി ബ്രിട്ടൻ; അടിയന്തര യുദ്ധ സാധ്യത വിലയിരുത്തി ട്രംപ്; സിറിയൻ എയർസ്‌പേസിൽനിന്നും വിമാനങ്ങളെ ഒഴിവാക്കാൻ യൂറോപ്പ്; 72 മണിക്കൂറിനുള്ളിൽ യുദ്ധം പ്രതീക്ഷിച്ച് ലോകം; എല്ലാ ആരോപണങ്ങളും തള്ളി തിരിച്ചടിക്കാൻ തയ്യാറായി റഷ്യയും

മറുനാടൻ ഡെസ്‌ക്

ലണ്ടൻ: സിറിയയിലെ ദൗമ പ്രവിശ്യയിൽ നിരപരാധികൾക്കുനേരെ രാസായുധപ്രയോഗം നടത്തിയ സിറിയൻ ഭരണാധികാരി ബാഷർ അൽ ആസാദിനെതിരേ പാശ്ചാത്യലോകം തയ്യാറെടുക്കുന്നു. ബാഷറിനെതിരേ ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതി ജനിപ്പിച്ച് അമേരിക്കയും ബ്രിട്ടനും നീക്കങ്ങൾ നടത്തുമ്പോൾ, പ്രതിരോധിക്കാൻ സർവസജ്ജരായി നിൽക്കുകയാണ് റഷ്യ. മറ്റൊരു മഹായുദ്ധത്തിലേക്കാണ് ലോകം പോകുന്നതെന്ന ആശങ്കയിലാണ് ലോകമെമ്പാടും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച നടത്തിയ അതിപ്രധാന കൂടിക്കാഴ്ചകളാണ് യുദ്ധം വിളിപ്പാടകലെയുണ്ടെന്ന ആശങ്ക ശക്തമാക്കുന്നത്. അമേരിക്കൻ സംയുക്ത സൈനിക മേധാവിയായ (ചെയർമാൻ ഓഫ് ദ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്) ജനറൽ ജോസഫ് ഡുൺഫോർഡും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്‌സും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി കിർസ്റ്റിയൻ നീൽസണുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സും ഈ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

സിറിയയിലേക്ക് തൊടുക്കുന്ന ഏതുമിസൈലിനെയും വെടിവെച്ചിടുമെന്ന റഷ്യൻ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ് ട്വിറ്ററിലൂടെ റഷ്യക്ക് മറുപടി നൽകിയതും വൈറ്റ്ഹൗസിൽ ഉന്നതതല യോഗം ചേർന്നതും. റഷ്യക്ക് വെടിവെച്ചിടാൻ കഴിയുന്നതിനപ്പുറം മാരകവും പുതിയതുമായ മിസൈലുകളാണ് വരുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. സ്വന്തം ജനതയെ വിഷവാതകത്തിൽ മുക്കിക്കൊല്ലുകയും അസാസ്വദിക്കുകയും ചെയ്യുന്ന മൃഗത്തിനൊപ്പം നിൽക്കരുതെന്ന താക്കീതും ട്രംപ് റഷ്യക്ക് നൽകി.

എന്നാൽ, ആക്രമണം ആസന്നമാണെന്ന അഭ്യൂഹങ്ങൾ തിരുത്തുന്ന നിലപാടാണ് വൈറ്റ്ഹൗസിലെ യോഗത്തിനുശേഷം പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സൺ പ്രകടിപ്പിച്ചത്. സൈനിക നടപടി തീർ്ച്ചയായും ഒരു മാർഗമാണെന്ന് പറഞ്ഞ അവർ, അതുമാത്രമല്ല മാർഗമെന്നും കൂട്ടിച്ചേർത്തു. എല്ലാവശങ്ങളും പരിഗണിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സാറ പറഞ്ഞു. അമേരിക്കയുടെ വിശ്വസ്തരായ പങ്കാളികളായ ബ്രിട്ടനും ഫ്രാൻസുംകൂടി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

സമാനമായ നടപടികളാണ് ബ്രിട്ടനിലും ചൊവ്വാഴ്ചയുണ്ടായത്. അമേരിക്കൻ സൈനിക നടപടിയുണ്ടായാൽ ബ്രിട്ടൻ അതിനെ ഏതുവിധത്തിൽ പിന്തുണയ്ക്കണമെന്ന് ആലോചിക്കുന്നതിനുവേണ്ടി ഉന്നത മന്ത്രിതല യോഗം പ്രധാനമന്ത്രി തെരേസ മെയ്‌ വിളിച്ചുചേർത്തു. ബ്രി്ട്ടീഷ് സബ്മറൈനുകളെ സിറിയൻ തീരത്തേക്ക് നീക്കിയ തെരേസ, ടോമാഹോക്ക് മിസൈലുകൾ ഡമാസ്‌കസിനുനേർക്ക് തയ്യാറാക്കിനിർത്താനും ഉത്തരവിട്ടു. എന്നാൽ, അമേരിക്കയ്‌ക്കൊപ്പം ചേർന്ന് സിറിയക്കെതിരേ ആക്രമണം നടത്തുന്നതിനോട് ബ്രിട്ടീഷ് ഭരണപക്ഷത്തും യോജിപ്പായിട്ടില്ല. പൊതുസഭയിൽ പ്രശ്‌നം ചർച്ചചെയ്ത് വോട്ടിനിട്ട് തീരുമാനിക്കണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാരും തെരേസയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

2013-ൽ സമാനമായ സാഹചര്യം വന്നപ്പോൾ, കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ യുദ്ധതീരുമാനത്തിനെതിരേ വോട്ട് ചെയ്തിരുന്നു. ട്രംപിന്റെ ട്വീറ്റിന്റെ ചുവടുപിടിച്ചാണോ മന്ത്രിതല യോഗം ചേർന്നതെന്ന ചോദ്യത്തിന്, പങ്കാളികൾക്കൊപ്പം ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും രാസായുധ പ്രയോഗത്തിന് പിന്നിൽ ആസാദ് ഭരണകൂടം തന്നെയാണെന്നാണ് സൂചനയെന്നും തെരേസ പറഞ്ഞു. ഫ്രാൻസിന്റെ തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആരെയെങ്കിലും ആക്രമിക്കുകയല്ല, സിറിയയുടെ രാസായുധ ശേഷി ഇല്ലാതാക്കുന്നതിനാണ് ഫ്രാൻസ് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാമ് ദൗമയിൽ രാസായുധ പ്രയോഗം സിറിയ നടത്തിയത്. വിമതർക്ക് മുൻതൂക്കമുള്ള ഇവിടെ നടന്ന ആക്രമണത്തിൽ നൂറിലേറെപ്പേരാണ് മരിച്ചത്. ഇതിലേറെയും കുട്ടികളായിരുന്നു. എന്നാൽ, 43 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ഞൂറിലേറെപ്പേർ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയെന്ന് ലകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കി. എന്നാൽ, ദൗമയിൽ രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണത്തെ റഷ്യയും സിറിയയും അംഗീകരിക്കുന്നില്ല. മേഖലയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ രാസായുധ പ്രയോഗത്തിന്റെ തെളിവുകളൊന്നും നൽകുന്നില്ലെന്നാണ് റഷ്യൻ നിലപാട്. സിറിയൻ പ്രശ്‌നം ചർച്ച ചെയ്ത ഐക്യരാഷ്്ട്ര സഭാ രക്ഷാസമിതിയിലും റഷ്യ വീറ്റോ അധികാരമുപയോഗിച്ച് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

മൂന്നുദിവസത്തിനുള്ളിൽ സിറിയക്കുമേൽ ആക്രമണമുണ്ടായേക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. സിറിയക്കുമേൽ വ്യോമപാത ഉപയോഗിക്കുന്നത് യൂറോപ്യൻ വിമാനങ്ങൾ ഒഴിവാക്കിയതും ഈ സംശയത്തെ ബലപ്പെടുത്തുന്നു. പ്രമുഖ വിമാനക്കമ്പനികളെല്ലാം വ്യോമപാതയിൽ അടിയന്തരമായി മാറ്റം വരുത്തിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ യൂറോ കൺട്രോൾ ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പും നൽകി. ഈസ്റ്റേൺ മെഡിറ്ററേനിയലിലൂടെ പറക്കുന്നത് കരുതലോടെവേണമെന്നും സിറിയക്കുമേൽ ആക്രമണമുണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്.

സിറിയക്കുെേനരെയുള്ള ഏതാക്രമണത്തെയും ചെറുക്കാൻ സന്നദ്ധരായിതന്നെയാണ് റഷ്യൻ സേനയുടെയും നീക്കങ്ങൾ. രാസായുധ പ്രയോഗമെന്ന ആരോപണമുയർത്തി ആക്രമണത്തിന് പശ്ചാത്തലമൊരുക്കുകയാണ് അമേരിക്കയെന്ന് റഷ്യ ആരോപിക്കുന്നു. രാസായുധ പ്രയോഗത്തിന് തെളിവൊന്നും ശേഖരിക്കാനായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആക്രമണത്തിന് പിന്നിൽ ബാഷർ അൽ ആസാദ് ഭരണകൂടമാണെന്ന് ആരോപിക്കുന്നത് അടിസ്ഥാനരഹിതമായാണെന്നുമാണ് റഷ്യൻ വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്. പാശ്ചാത്യ ശക്തികൾ ഏതുതരത്തിലുള്ള സമ്മർദം ചെലുത്തിയാലും റഷ്യ സിറിയക്കും ബാഷറിനുമൊപ്പമുണ്ടാകുമെന്ന പ്രസ്താവനയും യുദ്ധഭീതി വർധിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP