Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ജോർദ്ദാൻ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ മുൻകൈ നേടാൻ നെതൻയ്യാഹു; ട്രംപിന്റെ ബലത്തിൽ പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം പ്രയോഗിക്കാൻ ഒരുങ്ങി സയണിസ്റ്റ് രാഷ്ട്രം; മുൻപിൻ നോക്കാതെ എടുത്തുചാടരുതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; അമേരിക്കയുടെ കൂട്ടുപിടിച്ച് അസമാധാനം വിതച്ച് തിണ്ണമിടുക്ക് കാട്ടാൻ ഒരുങ്ങി ഇസ്രയേൽ; അറബ് ലോകം പതറില്ലെന്നും ഇസ്രയേൽ നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും സൗദി

ജോർദ്ദാൻ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ മുൻകൈ നേടാൻ നെതൻയ്യാഹു; ട്രംപിന്റെ ബലത്തിൽ പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം പ്രയോഗിക്കാൻ ഒരുങ്ങി സയണിസ്റ്റ് രാഷ്ട്രം; മുൻപിൻ നോക്കാതെ എടുത്തുചാടരുതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; അമേരിക്കയുടെ കൂട്ടുപിടിച്ച് അസമാധാനം വിതച്ച് തിണ്ണമിടുക്ക് കാട്ടാൻ ഒരുങ്ങി ഇസ്രയേൽ; അറബ് ലോകം പതറില്ലെന്നും ഇസ്രയേൽ നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും സൗദി

മറുനാടൻ ഡെസ്‌ക്‌

 ജറുസലേം: ജോർദ്ദാൻ താഴ് വരയിൽ നിലമുഴുന്ന പാലസ്‌നീൻകാരോട് ചോദിച്ചാൽ അവർ പറയും, ഇല്ല ഒരിക്കലും ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇത് ഞങ്ങളുടെ തലമുറകളായി ഞങ്ങളുടെ മണ്ണാണ്. എന്ത് വില കൊടുത്തും അത് ഞങ്ങൾ സംരക്ഷിക്കും. ഫലസ്തീൻകാരുടെ ഇച്ഛാശക്തിയെ തകർക്കാൻ നിങ്ങൾക്ക് കഴിയില്ല, നെതൻയ്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും ഓർത്തോളൂ, 55 കാരനായ കർഷകൻ ജിഫ്തലിക്ക് ഗ്രാമത്തിൽ ഇങ്ങനെ പറയുമ്പോൾ വീണ്ടും സംഘർഷം ഉറഞ്ഞുകൂടുകയാണ് മേഖലയിൽ. കാരണം വേറൊന്നുമല്ല, ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം തന്നെ. തിരഞ്ഞെടുപ്പിൽ ജയിച്ചുകയറാനുള്ള പുതിയ പ്രഖ്യാപനം,

അടുത്തയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രയേലിനോടു ചേർക്കുമെന്നാണ് നെതന്യാഹുവിന്റെ വാഗ്ദാനം. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മുന്നണി സർക്കാർ രൂപീകരിക്കാൻ സാധിക്കുകയും ചെയ്താൽ, ജോർദാൻ താഴ്‌വരയും വടക്കൻ ചാവുകടലും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇസ്രയേലിനൊടു ചേർക്കുമെന്നാണ് പ്രഖ്യാപനം. മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതികളോടു ചേർന്ന് ഇത് സാധിക്കുമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോർദാൻ താഴ്‌വാരം അതിനിർണായകമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇക്കാര്യം ബോധ്യപ്പെടുത്താൻ യുഎസിൽനിന്നുള്ള നേതാക്കളെ ഇസ്രയേൽ ജോർദാൻ താഴ്‌വരയിൽ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, സമാധാന ചർച്ചകൾക്ക് തുരങ്കം വയ്ക്കാൻ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങൾക്ക് സാധിക്കൂവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ഫലസ്തീനും പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ സമാധാന നീക്കങ്ങൾക്ക് സഹായകമല്ലെന്ന് ഗുട്ടറസ് വ്യക്തമാക്കി.

സെപ്റ്റംബർ 17നാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചെങ്കിലും മുന്നണി സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പിൽ ജയം നേടാമെന്ന കണക്കുകൂട്ടിലാണ് നെതന്യാഹു. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളികൾ.

ഇസ്രയേൽ പ്രഖ്യാപനത്തെ അപലപിച്ച് അറബ് നേതാക്കൾ

എല്ലാ സമാധാനത്തെയും കെടുത്താനുള്ള നീക്കമെന്നാണ് ഇസ്രയേലിന്റെ പുതിയ പ്രഖ്യാപനത്തെ അറബ് നേതാക്കൾ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച അറബ് ലീഗിന്റെ അടിയന്തര യോഗം ചേർന്നു. അന്താരാഷ്ട്്ര നിയമത്തിന്റെ ലംഘനമാണിതെന്നും എല്ലാതരത്തിലുള്ള സമാധാന പ്രക്രിയയും ഇതുതകിടം മറിക്കുമെന്നും അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. നെതൻയ്യാഹുവിന്റെ നീക്കം വൃത്തികെട്ട തിരഞ്ഞെടുപ്പ് തന്ത്രമാണെന്നിും ഇത് മേഖലയിലെ സംഘർഷം കൂട്ടുമെന്നും ജോർദ്ദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞു. വംശീയമായ ആസൂത്രിത നീക്കമെന്ന് തുർക്കി വിദേശമന്ത്രി പ്രതികരിച്ചു. ഈ നീക്കവുമായി മുന്നോട്ട് പോയാൽ ഇസ്രയേൽ സർക്കാരുമായി ഒപ്പുവച്ച എല്ലാ മുൻകരാറുകളിൽ നിന്നും പിന്മാറുമെന്ന് ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

നെതന്യാഹുവിന്റെപ്രസ്താവനയെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. അറബ് ലോകത്ത് പല പ്രശ്‌നങ്ങളുമുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് സൗദി വ്യക്തമാക്കി.നെതന്യാഹുവിന്റെ പ്രഖ്യാപനത്തിൽ അറബ് ലോകം പതറില്ല. വിഷയം ചർച്ച ചെയ്യാനും വെല്ലുവിളി നേരിടാനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷെന്റ (ഒ.െഎ.സി) അടിയന്തരയോഗം ചേരണമെന്ന് സൗദി റോയൽ കോർട്ട് ആവശ്യപ്പെട്ടു.ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഉടൻ ചേർന്ന് സാഹചര്യങ്ങളെ നേരിടാനുള്ള നടപടികൾ സ്വീകരിക്കണം. ഫലസ്തീൻ ജനതക്കെതിരെയുള്ള അപകടകരമായ നീക്കമാണിത്. ലോകസമൂഹം ഇതിനെ തള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. 

എന്താണ് ജോർദ്ദാൻ താഴ് വരയിലെ പ്രശ്‌നം?

1967 ജൂൺ 5നും 10നുമിടെ ഇസ്രയേലും അയൽരാജ്യങ്ങളായ ഈജിപ്ത് ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം .ആറ് ദിവസം കൊണ്ട് ഇസ്രയേൽ ഈജിപ്തിൽനിന്ന് ഗസ്സാ മുനമ്പും സീനായ് ഉപദ്വീപും, ജോർദ്ദാനിൽനിന്ന് വെസ്റ്റ് ബാങ്കും (കിഴക്കൻ ജെറുസലെം ഉൾപ്പെടെ), സിറിയയിൽനിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. പോരാട്ടം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമി ഇസ്രയേലിന് സ്വന്തമായി. അറബ് സംയുക്ത സൈന്യത്തിന് 20000 സൈനികരെ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് നഷ്ടപ്പെട്ടത് 900-2000 സൈനികരെയായിരുന്നു. സംയുക്തസേനക്ക് 800 യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഇസ്രയേലിന് 40 യുദ്ധവിമാനങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. ഇസ്രയേൽ അസ്തിത്വം അംഗീകരിക്കാതെ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ ഈജിപ്തും ജോർദ്ദാനും പിന്നീട് യഹൂദരാഷ്ട്രവുമായി സന്ധി ചെയ്തു. സീനായ് മരുഭൂമി ഈജിപ്തിനും, ജോർദ്ദാൻ നദിയുടെ കിഴക്കൻ തീരങ്ങളും ഇസ്രയേൽ വിട്ടുകൊടുത്തു.

1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രയേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് ഭാഗവും ജോർദ്ദാൻ താഴ് വരയാണ്. വീണ്ടും അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കകം വെസ്റ്റ് ബാങ്കിലുടനീളമുള്ള ഇസ്രയേൽ വാസ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്നുമാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതോടെയാണ് ദ്വരാഷ്ട്ര സിദ്ധാന്തം തകിടം മറിഞ്ഞത്. ഗോലാൻ കുന്നുകൾക്ക് മേലുള്ള ഇസ്രയേലിന്റെ പരമാധികാരവും ഈ വർഷാദ്യം ട്രംപ് അംഗീകരിച്ചു. സിറിയയിൽ നിന്ന് 1967 ലെ യുദ്ധത്തിൽ പിടിച്ചെടുക്കുകയും 1981 ൽ കൂട്ടിച്ചേർക്കുകയും ചെയത് സ്ഥലമാണ് ഗോലാൻ കുന്നുകൾ. ഇത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടാക്കിയ അന്താരാഷ്ട്ര ധാരണയ്ക്ക കടകവിരുദ്ധമായിരുന്നു. ഇസ്രയേൽ രാഷ്ട്രീയത്തിൽ പിടിച്ചടുക്കൽ ജനകീയ വിഷയമാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിയന്ത്രണം നിലനിർത്താൻ 2400 ചതുരശ്ര അടി വരുന്ന ജോർദ്ദാൻ താഴ് വര തങ്ങളുടെ പക്കൽ വേണമെന്ന് ഇസ്രയേൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP