Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലാപാനി പ്രദേശം നേപ്പാളിന്റേത്; എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി നേപ്പാൾ പ്രധാനമന്ത്രി; നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും കെ പി ശർമ ഒലി; ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സുപ്രധാന സംഗമ സ്ഥാനത്തെ ചൊല്ലി തർക്കം മൂർച്ഛിക്കുന്നു; നേപ്പാളിന്റെ അവകാശവാദം തള്ളി ഇന്ത്യൻ പ്രദേശമെന്ന നിലപാടിൽ ഉറച്ച് വിദേശകാര്യ മന്ത്രാലയവും

കാലാപാനി പ്രദേശം നേപ്പാളിന്റേത്; എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി നേപ്പാൾ പ്രധാനമന്ത്രി; നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും കെ പി ശർമ ഒലി; ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സുപ്രധാന സംഗമ സ്ഥാനത്തെ ചൊല്ലി തർക്കം മൂർച്ഛിക്കുന്നു; നേപ്പാളിന്റെ അവകാശവാദം തള്ളി ഇന്ത്യൻ പ്രദേശമെന്ന നിലപാടിൽ ഉറച്ച് വിദേശകാര്യ മന്ത്രാലയവും

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സംഗമ സ്ഥാനമായ കാലാപാനി ഏരിയയെ ചൊല്ലി തർക്കം മുറുകുന്നു. ഇന്ത്യൻ മാപ്പിൽ ഉൾപ്പെടുത്തുകയും സൈന്യത്തെ വിനിയോഗിക്കുകയും ചെയ്ത പ്രദേശത്തെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. കാലാപാനി തങ്ങളുടേതാണെന്ന ഉറച്ച നിലപാടിലാണ് നേപ്പാൾ. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. തന്ത്രപ്രധാനമായ ഈ ഭാഗം തങ്ങളുടേതാണെന്ന് ആദ്യമായാണ് നേപ്പാൾ പരസ്യമായി പറയുന്നത്. നേരത്തെ നേപ്പാളിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അവകാശവാദവുമായി നേപ്പാൾ രംഗത്തെത്തിയത്.

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയായ നേപ്പാൾ യുവസംഘത്തിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഒലി ഇന്ത്യയ്ക്കെതിരെ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയത്. നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ഇന്ത്യ അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും കെ.പി. ശർമ ഒലി വ്യക്തമാക്കി. ജമ്മുകശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നടപടി നിലവിൽ വന്നതിന് പിന്നാലെ പുറത്തിറക്കിയ ഇന്ത്യൻ ഭൂപടത്തെ ചൊല്ലിയാണ് ഇന്ത്യ- നേപ്പാൾ അസ്വാരസ്യം ഉടലെടുത്തത്. ഭൂപടത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമായാണ് കാലാപാനി ഏരിയ ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.

കാലാപാനി ഏരിയ തങ്ങളുടെ ഭാഗമാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളാണെന്നും നേപ്പാളുമായുള്ള അതിർത്തി പുനർനിർണയിക്കാൻ സാധിക്കില്ലെന്നുമാണ് ഇന്ത്യ പറയുന്നത്. നേപ്പാളിലെ രാജാവായിരുന്ന മഹേന്ദ്ര 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈമാറിയതാണ് കാലാപാനി ഏരിയ എന്നൊരു വാദമുണ്ട്. എന്നാൽ ഇത് നേപ്പാൾ ഭരണകൂടം അംഗീകരിക്കുന്നില്ല. 372 ചതുരശ്ര കിലോമീറ്റർ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ നേപ്പാളിലെ രാഷ്ട്രീയ കക്ഷികൾ മുഴുവൻ ഇന്ത്യയ്ക്കെതിരാണ്.

പുതിയ ഭൂപടത്തിനെതിരായ നേപ്പാളിന്റെ ആരോപണം ശരിയല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിനെ ഇന്ത്യയോടൊപ്പം ചേർത്ത് നിർത്തിയാണ് ഇന്ത്യയുടെ പ്രതികരണം. നേരത്തെ ചൈനയും ഇന്ത്യയുടെ ഭൂപടത്തെ വിമർശിച്ചിരുന്നു. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെയാണ് നേപ്പാൾ രംഗത്തെത്തിയത്. ഭൂപടത്തിൽ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാൾ അധീനതയിൽ ഉള്ളതെന്നാണ് അവരുടെ അവകാശവാദം. നേപ്പാളിലെ ഡർച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനി.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാവുന്ന പ്രശ്നമായി മാറുകയാണ് കാലാപാനി അതിർത്തി തർക്കം. കഴിഞ്ഞ ദിവസം നേപ്പാൾ ഉന്നയിച്ച കാലാപാനിയെ ചൊല്ലിയുള്ള ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു. പുതിയ ഭൂപട പ്രകാരം കാലങ്ങളായി കാഠ്മണ്ഡു അവകാശപ്പെടുകയും തർക്കത്തിൽ ഇരിക്കുകയും ചെയ്യുന്ന കാലാപാനിയുടെയും ലിപു ലേഖിന്റെയും ഭൂപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. ഭൂപടം പുറത്തിറക്കിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു വന്ന പ്രതിഷേധത്തെ തുടർന്ന് ആദ്യം നേപ്പാൾ സർക്കാർ നിശബ്ദതരായിരുന്നെങ്കിലും പിന്നീട് വിദേശ കാര്യ മന്ത്രാലയം തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി.

അതേസമയം, കാലാപാനി - ലിപു ലേഖ് - ലിംഫുയാധാര എന്നീ പ്രദേശങ്ങൾ നേപ്പാളിൽ ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശങ്ങളുടെ ഭാഗമാണെന്നും സർവേ വകുപ്പ് പുറത്തിറക്കിയ ഭൂപടത്തിൽ ഇത്തരത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നേപ്പാൾ പറയുന്നു. ഇത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു രാഷ്ട്രീയ പ്രശ്‌നമായി തുടരുകയാണ്. ഈ വിഷയത്തിൽ ഭിന്നത സൃഷ്ടിക്കാൻ ചില 'നിക്ഷിപ്ത തത്പരകക്ഷികൾ' ശ്രമിക്കുകയാണെന്ന് പ്രത്യേകം ഒരു രാജ്യത്തെയോ വ്യക്തിയെയോ പരാമർശിക്കാതെ വിദേശ കാര്യ വക്താവ് അഭിപ്രായപ്പെട്ടു. നേപ്പാളിലെ ഭരണപക്ഷം, പ്രതിപക്ഷം, പ്രമുഖ പൗരന്മാർ എന്നിവർക്കിടയിൽ ഇതിനോടകം തന്നെ ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചയായി കഴിഞ്ഞു.

ഇതിനിടെ ചില ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഗോ ബാക്ക് ഇന്ത്യ' , 'ബാക്ക് ഓഫ് ഇന്ത്യ' എന്നിങ്ങനെ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി തെരുവുകളിൽ ആളുകൾ പ്രതിഷേധിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. നിലവിൽ നേപ്പാളുമായുള്ള അതിർത്തി പ്രശ്‌നം ഇന്ത്യ തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് നിയന്ത്രണാതീതമായ മറ്റൊരു സാഹചര്യത്തിലേക്ക് നയിക്കുമെന്ന് നേപ്പാളിലെ സാമ്പത്തിക ശാസ്ത്രജ്ഞനും പ്രശസ്ത എഴുത്തുകാരനുമായ സുജീവ് ശാക്യ മുന്നറിയിപ്പ് നൽകി. 2015 ലെ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഒരു ഏറ്റുമുട്ടലിലേക്ക് ഇത് എത്തിച്ചേക്കാം. ഓർക്കുക, 2015 ലെ ഇന്ത്യൻ ഉപരോധം നേപ്പാൾ ജനതയുടെ ഒരു തലമുറയെ തന്നെയാണ് അന്യവൽക്കരിച്ചിത്. അതിപ്പോഴും പുതുമ കൈവിടാത്ത ഓർമയാണ്. കഴിഞ്ഞു പോയതിൽ നിന്ന് മനസിലാക്കി നീങ്ങാൻ ശ്രമിക്കൂവെന്നും സുജീവ് ശാക്യ ട്വിറ്ററിൽ എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP