Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇന്ത്യയോട് മുട്ടി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായി; ആവേശമെല്ലാം പോയതോടെ ഭാരതത്തിന്റെ വരുതിയിൽ നേപ്പാൾ പ്രധാനമന്ത്രി; വിജയദശമി ആശംസയിൽ കെ പി ഒലി ശർമ നൽകിയത് പഴയ ഭൂപടം; പുതിയ മാപ്പ് ഉൾപ്പെടുത്തിയ സ്‌കൂൾ പാഠപുസ്തകങ്ങൾ പിൻവലിച്ചതിന് പിന്നാലെ സമ്പൂർണ കീഴടങ്ങൽ; യഥാർത്ഥ ശത്രു ചൈനയെന്ന ബോധ്യത്തിൽ നേപ്പാൾ

ഇന്ത്യയോട് മുട്ടി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായി; ആവേശമെല്ലാം പോയതോടെ ഭാരതത്തിന്റെ വരുതിയിൽ നേപ്പാൾ പ്രധാനമന്ത്രി; വിജയദശമി ആശംസയിൽ കെ പി ഒലി ശർമ നൽകിയത് പഴയ ഭൂപടം; പുതിയ മാപ്പ് ഉൾപ്പെടുത്തിയ സ്‌കൂൾ പാഠപുസ്തകങ്ങൾ പിൻവലിച്ചതിന് പിന്നാലെ സമ്പൂർണ കീഴടങ്ങൽ; യഥാർത്ഥ ശത്രു ചൈനയെന്ന ബോധ്യത്തിൽ നേപ്പാൾ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: നേപ്പാളെന്ന കൊച്ചുരാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കൾ ആരാണ്? ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാൾ അടുത്തകാലത്താണ് ഉടക്കുമായി രംഗത്തുവന്നിരുന്നത്. ഇതിന് കാരണം ചൈനയുടെ ചില ഇടപെടലുകൾ കൂടിയായിരുന്നു. എന്നാൽ, പഴയ ആവേശമെല്ലാം നേപ്പാളിന് പോയ അവസ്ഥയിലാണ്. കാരണം യഥാർത്ഥ ശത്രു ചൈനയാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ നേപ്പാൾ ഇപ്പോൾ തെറ്റു തിരുത്തലിന്റെ വഴിയിലാണ്.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് രൂപീകരിച്ച മുൻ നിലപാടിൽ നിന്ന് മാറ്റം വരുത്തി നേപ്പാൾ രംഗത്തുവന്നു. രാജ്യത്തിന്റെ പഴയ ഭൂപടം ഉപയോഗിച്ച് വിജയദശമി ആശംസകൾ നേരുകയാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി ചെയ്തത്. വിജയദശമി ആശംസകൾ നേർന്ന കാർഡുകളിൽ രാജ്യത്തിന്റെ പഴയ ഭൂപടമാണ് ഉണ്ടായിരുന്നത്. ഇത് ആഭ്യന്തരമായി വിവാദമായെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് നയതന്ത്ര വിജയമായി മാറി.

ദേശീയ ചിഹ്നവും ഒലിയുടെ രൂപവും ഉള്ള കാർഡിൽ നേപ്പാൾ അവകാശപ്പെടുന്ന ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ഇത് സാങ്കേതിക തകരാർ മൂലമാണെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി.പുതിയ മാപ്പ് ഉൾപ്പെടുത്തിയിരുന്ന സ്‌കൂൾ പാഠപുസ്തകങ്ങൾ പിൻവലിക്കാൻ ആറാഴ്ച മുമ്പ് ഉത്തരവിട്ടതും ഒലി തന്നെയാണ്.

ഇതോടെ മുൻ നിലപാടുകളിൽ നിന്ന് പ്രധാനമന്ത്രി പിന്നോട്ട് പോയിയെന്നും പ്രദേശിക പ്രശ്‌നത്തിൽ ദേശീയ സമവായത്തിന് പിന്നിലെ മനോഭാവത്തെ ദുർബലപ്പെടുത്തിയെന്നും എന്നാരോപിച്ച് ഒലിക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.ഒലി വിജയദശമി ആശംസകൾ അറിയിക്കാൻ ഉപയോഗിച്ച ഗ്രീറ്റിങ് കാർഡ് പുതിയതായിരുന്നു, പക്ഷേ അതിന്റെ വലിപ്പം കാരണം പുതിയ പ്രദേശങ്ങൾ കാണാനായില്ല, ഒലിയുടെ ഉപദേഷ്ടാവ് സൂര്യ താപ്പ വ്യക്തമാക്കി. കലാപാനി മേഖലയിൽ ഉള്ള അവകാശവാദം നേപ്പാൾ ദുർബലപ്പെടുത്തിയിട്ടില്ലെന്ന് ഒലിയുടെ വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടറായി പറഞ്ഞു.

പുതിയ മാപ്പ് ഉൾപ്പെടുത്തിയിരുന്ന സ്‌കൂൾ പാഠപുസ്തകങ്ങൾ ആറാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 110 പേജുള്ള ''നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികൾ'' എന്ന പുസ്തകമാണ് പിൻവലിച്ചത്. ഇന്ത്യയുമായി തർക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഈ പുസ്തകം വിതരണം ചെയ്യുന്നത് നിർത്തണമെന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി തന്നെയാണ് നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്.

നേപ്പാൾ ഭൂപടം പരിഷ്‌കരിക്കുന്നതിനായി പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ അനുമതി നൽകിയത് മെയ് മാസത്തിലാണ്. ഭേദഗതിക്ക് നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഏകകണ്ഠമായാണ് അംഗീകാരം നൽകിയത്. അതിനിടെ നേപ്പാളിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ചാരസംഘടന റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാർ ഗോയൽ നേപ്പാളിൽ അനൗദ്യോഗിക സന്ദർശനം നടത്തിയത്. ഒൻപതംഗ സംഘത്തിനൊപ്പം ബുധനാഴ്ച നേപ്പാൾ തലസ്ഥാനത്ത് എത്തിയ ഗോയൽ ചർച്ചകൾക്കുശേഷം ഇന്ത്യയിലേക്കു മടങ്ങി.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി, മുൻ പ്രധാനമന്ത്രിമാരായ പുഷ്പകമൽ ദഹൽ (പ്രചണ്ഡ), ബഹാദുർ ദുബെ, മാധവ്കുമാർ നേപ്പാൾ എന്നിവരുമായി ചർച്ച നടത്തിയെന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രിയെന്ന നിലയിലും പാർട്ടി ചെയർമാൻ എന്ന നിലയിലും ഒലിയുടെ പ്രവർത്തന ശൈലിക്കെതിരെ മുതിർന്ന നേതാക്കളായ പ്രചണ്ഡയും മാധവ്കുമാറും കലാപക്കൊടി ഉയർത്തിയതോടെയാണു കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്.

പ്രചണ്ഡയും ഒലിയും തമ്മിൽ ഓഗസ്റ്റിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം വന്നതു വീണ്ടും പ്രശ്‌നങ്ങൾക്കു കാരണമായി. പ്രചണ്ഡയുടെ അടുപ്പക്കാരനായ കർണാലി പ്രവിശ്യ മുഖ്യമന്ത്രി മഹേന്ദ്ര ബഹാദുർ ഷാഹിക്കെതിരെ ഒലി വിഭാഗവും അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതകൾ ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കണമെന്ന് ഒലി ആഗ്രഹിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് റോ മേധാവി കാഠ്മണ്ഡുവിൽ എത്തിയതെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ നവംബർ മൂന്നിന് നേപ്പാൾ സന്ദർശനം നടത്തുന്നതിനു മുന്നോടിയായാണ് റോ മേധാവി എത്തിയതെന്നതു ശ്രദ്ധേയമാണ്. നിലവിലെ നേപ്പാൾ ഭരണകൂടം ചൈനയുമായി അടുക്കുന്നു എന്നതാണ് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലെ ദർചുലയെ ലിപുലേഖ് പാസുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ തന്ത്രപ്രധാന പാത മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീണത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP