Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ വെല്ലുവിളിച്ച് തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞ് നേപ്പാൾ; ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി നേപ്പാൾ പാർലമെന്റ്; 275 അംഗ ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയത് പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ; നടപടിയിൽ കടുത്ത അമർഷത്തിൽ ഇന്ത്യ; തന്ത്രപ്രധാനമായ പ്രദേശങ്ങളെ ചൊല്ലിയുള്ള തർക്കം വഷളാക്കുന്നതിന് പിന്നിൽ ചൈനീസ് ഇടപെടൽ സംശയിച്ച് ഇന്ത്യ

ഇന്ത്യയെ വെല്ലുവിളിച്ച് തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞ് നേപ്പാൾ; ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി നേപ്പാൾ പാർലമെന്റ്; 275 അംഗ ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയത് പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ; നടപടിയിൽ കടുത്ത അമർഷത്തിൽ ഇന്ത്യ; തന്ത്രപ്രധാനമായ പ്രദേശങ്ങളെ ചൊല്ലിയുള്ള തർക്കം വഷളാക്കുന്നതിന് പിന്നിൽ ചൈനീസ് ഇടപെടൽ സംശയിച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെ നേപ്പാളുമായുള്ള അതിർത്തി പ്രശ്‌നവും വഷളാകുന്നു. ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി നേപ്പാൾ പാർലമെന്റ്. 275 അംഗ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷത്തിന്റെ ഉൾപ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി. തുടർനടപടികൾക്കായി ബിൽ ദേശീയ അസംബ്ലിയിലേക്ക് അയക്കും.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. കഴിഞ്ഞ മാസം, ലിപുലേഖ് ചുരവും കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

അതിർത്തിയിലെ തർക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ധാർജുലയുടെ ഭാഗമാണിതെന്നു നേപ്പാൾ അവകാശപ്പെടുന്നു. ചരിത്രവസ്തുതകളോ തെളിവുകളോ ആധാരമാക്കാത്തതാണ് ഇത്തരം ഭൂപട അവകാശവാദങ്ങളെന്നു വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കഴിഞ്ഞ നവംബറിൽ ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതു മുതൽ കാലാപാനി അതിർത്തി പ്രശ്‌നത്തിൽ ചർച്ചയ്ക്കായി നേപ്പാൾ ശ്രമിച്ചിരുന്നു. കാലാപാനിയുൾപ്പെടെ ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ പുറത്തിറക്കിയ പുതിയ മാപ്പിന് നിയമസാധുത നൽകാനുള്ള നീക്കം പാർലമെന്റിൽ അന്ന് പരാജയപ്പെട്ടിരുന്നു.

നേപ്പാളിലെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് കെ.പി.ശർമ ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിന് വിഷയത്തിൽ ആദ്യം പിന്തുണ നൽകിയിരുന്നുവെങ്കിലും പിന്നീട് പിന്നാക്കം പോയി. വിഷയത്തിൽ കൂടുതൽ സമയം വേണമെന്ന നിലപാട് സ്വീകരിച്ചു. മറ്റൊരു പ്രധാന കക്ഷിയായ മധേശി കോൺഗ്രസും മലക്കം മറിഞ്ഞതോടെ കെ.പി.ഒലി പ്രതിരോധത്തിലായി. ഭൂപടത്തോടു യോജിപ്പുണ്ടെന്നും എന്നാൽ നിയമസാധുത നൽകാനുള്ള നീക്കം തിടുക്കത്തിലാണെന്നും ഇരുകക്ഷികളും നിലപാടെടുത്തു. ഇതോടെയാണ് ഏതുമാർഗത്തിലും കാലാപാനി പിടിച്ചെടുക്കുമെന്ന മുൻനിലപാടിൽ നിന്ന് വിദേശകാര്യ സെക്രട്ടറി തലത്തിൽ ചർച്ചയാകാമെന്നു നേപ്പാൾ നിലപാട് മാറ്റിയത്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നും ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലേഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം ഇത് വർധിപ്പിച്ചു. ഇതിനിടെയാണ് ഇന്ന് വീണ്ടും പാർലമെന്റ് തർക്ക പ്രദേശങ്ങളെ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായി ഏർപ്പെട്ട 1816 ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലേഖ് പാസിൽ നേപ്പാൾ അവകാശമുന്നയിക്കുന്നത്. 1962ലെ ഇന്ത്യചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.

മാനസസരോവർ തീർത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമ്മിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം. മെയ്‌ എട്ടിനാണ് പുതിയ റോഡ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. നേപ്പാൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നിൽ ചൈനയുടെ ഇടപെടലാണ് ഇന്ത്യ സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP