Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേപ്പാളിലും ബിജെപിക്ക് നോ എൻട്രി; ബിപ്ലവ് കുമാറിന്റെ പ്രസം​ഗത്തോടുള്ള എതിർപ്പ് ഔദ്യോ​ഗികമായി തന്നെ അറിയിച്ച് കഴിഞ്ഞെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി; നേപ്പാളിലും ശ്രീലങ്കയിലും അധികാരം പിടിക്കാനുള്ള ബിജെപിയുടെ മോഹം പൊലിയുന്നത് ഇങ്ങനെ

നേപ്പാളിലും ബിജെപിക്ക് നോ എൻട്രി; ബിപ്ലവ് കുമാറിന്റെ പ്രസം​ഗത്തോടുള്ള എതിർപ്പ് ഔദ്യോ​ഗികമായി തന്നെ അറിയിച്ച് കഴിഞ്ഞെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി; നേപ്പാളിലും ശ്രീലങ്കയിലും അധികാരം പിടിക്കാനുള്ള ബിജെപിയുടെ മോഹം പൊലിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിലും ബിജെപിക്ക് നോ എൻട്രി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം നേപ്പാളിലും ശ്രീലങ്കയിലും പാർട്ടി അധികാരം പിടിക്കുമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പ്രസ്താവനയോടുള്ള നേപ്പാളിന്റെ എതിർപ്പ് ഔദ്യോ​ഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ശ്രീലങ്കയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിദേശ പാർട്ടികൾക്ക് ശ്രീലങ്കയിൽ പ്രവർത്തിക്കാനാകില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയർമാൻ നിമാൽ പുഞ്ചിഹെവ പ്രതികരിച്ചിരുന്നു.

ഒരു ട്വിറ്റർ ഉപയോക്താവ് ബിപ്ലബ് കുമാറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഗ്യാവാലിയുടെ പ്രതികരണം. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക എതിർപ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്നും ഗ്യാവാലി വ്യക്തമാക്കി. ബിപ്ലബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ന്യൂഡൽഹിയിലെ നേപ്പാൾ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥൻ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗ്ചിയെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ നേപ്പാളിന്റെയും ഭൂട്ടാന്റെയും ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറിയാണ് ബാഗ്ചി.

അഗർത്തലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പാർട്ടി അയൽരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ബിപ്ലബിന്റെ പരാമർശം. അമിത് ഷാ പാർട്ടി അധ്യക്ഷനായിരിക്കെ അസം സന്ദർശിച്ചപ്പോൾ പറഞ്ഞത് എന്നു വിശദീകരിച്ചായിരുന്നു ബിപ്ലബിന്റെ വാക്കുകൾ. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ബിജെപി. അധികാരത്തിലെത്തിയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, നേപ്പാളും ശ്രീലങ്കയും ഇനിയും ബാക്കിയുണ്ട് എന്നായിരുന്നു ഷായുടെ മറുപടിയെന്നായിരുന്നു ബിപ്ലബ് പറഞ്ഞത്.

നേപ്പാളിലും ശ്രീലങ്കയിലും ബിജെപി.യെ ഭരണത്തിലെത്തിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കഴിഞ്ഞി ദിവസം പറഞ്ഞിരുന്നു. അഗർത്തലയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരുടെ ആ​ഗോള പാർട്ടിയെന്ന അവകാശവാദത്തിന് ബദലാകുകയാണ് ബിജെപി ലക്ഷ്യം എന്നാണ് ബിപ്ലവ് കുമാർ ദേവ് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിജയിച്ച ശേഷം അയൽരാജ്യങ്ങളിൽ പാർട്ടി സ്ഥാപിക്കാനും സർക്കാരുകൾ രൂപീകരിക്കാനും ബിജെപി ആഗ്രഹിക്കുന്നുവെന്ന് ശനിയാഴ്ച ത്രിപുര സന്ദർശന വേളയിൽ രബീന്ദ്ര സതഭർഷികി ഭവനിൽ നടന്ന പാർട്ടി യോഗത്തിൽ ഷാ പറഞ്ഞതായി ബിപ്ലവ് പറഞ്ഞു. ഗസ്റ്റ് ഹൗസിൽ സംസാരിക്കവെയും അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയെന്ന് ത്രിപുര മുഖ്യമന്ത്രി പറയുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപീകരിച്ചതായി അജയ് ജാംവാൾ (ബിജെപിയുടെ വടക്കുകിഴക്കൻ മേഖലാ സെക്രട്ടറി) പറഞ്ഞപ്പോൾ ഇപ്പോൾ ശ്രീലങ്കയും നേപ്പാളും അവശേഷിക്കുന്നുണ്ടെന്ന് മറുപടിയായി ഷാ പറഞ്ഞു. ശ്രീലങ്കയിലും നേപ്പാളിലും പാർട്ടി വിപുലീകരിച്ച് ഒരു സർക്കാർ രൂപീകരിച്ച് അവിടെ വിജയിക്കണം, ” ത്രിപുര മുഖ്യമന്ത്രി പറയുന്നു.

തന്റെ പാർട്ടി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറിയത്, ആഗോള പാർട്ടിയാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരുടെ അവകാശവാദങ്ങളെ തകർത്താണെന്നും ബിപ്ലവ് പറയുന്നു.'ആത്മനിർഭർ സൗത്ത് ഏഷ്യ' സ്ഥാപിതമാക്കുന്നതിന്റെ ആദ്യ പടിയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്.ബംഗ്ലാദേശിനെയും ഭൂട്ടാനേയും നേപ്പാളിനേയും സ്വയം പര്യാപ്തരാക്കാൻ കെൽപ്പുള്ളതാണ് ഇന്ത്യയുടെ പദ്ധതികളും നടപടികളും.-ബിപ്ലബ് പറഞ്ഞു.

ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയോട് വിടപറയുമെന്നും തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തുടനീളം “താമര വിരിഞ്ഞുനിൽക്കുമെന്നും” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ത്രിപുര മുഖ്യമന്ത്രി പൊതുയോഗത്തിൽ നടത്തിയ പ്രസ്താവനകൾ സംബന്ധിച്ച് സംസ്ഥാനത്തെ പ്രതിപക്ഷം ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് ധാരണയില്ലെന്ന് സിപിഐ എം നേതാവും മുൻ എംപിയുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു. ബിപ്ലവിന്റെ അവകാശവാദമനുസരിച്ച് അമിത് ഷായുടെ പ്രസ്താവനകൾ ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യയുടെ ഇടപെടലിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ആഭ്യന്തരമന്ത്രി നേപ്പാളിനെതിരായ ഭരണകൂട ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ത്രിപുരയിൽ ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ തന്നെയാണ് തെളിവുകൾ നൽകിയതെന്നും സിപിഐ എം നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നിസ്സാരമായി എടുക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതൃത്വം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനകൾ “സാമ്രാജ്യത്വ” ത്തിന് തുല്യമാണെന്ന് ത്രിപുര കോൺഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ പറഞ്ഞു. നേപ്പാളിലെയും ശ്രീലങ്കയിലെയും പരമാധികാരകാര്യങ്ങളിൽ ഇന്ത്യക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ അമിത് ഷാ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ് ബിപ്ലവ് കുമാറിന്റെ പ്രസം​ഗം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവുമധികം സാധ്യതയുള്ള രാജ്യങ്ങളാണ് നേപ്പാളും ശ്രീലങ്കയും. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ബിജെപിയുടെ അനു​ഗ്രഹാശ്ശിസുകളോടെ ഒരു ഹിന്ദു പാർട്ടി അവിടങ്ങളിൽ ഉയർന്ന് വരാനും ഈ പാർട്ടികളുടെ ഒരു കോൺഫെഡറേഷൻ അന്തർദ്ദേശീയ തലത്തിൽ സ്ഥാപിക്കാനും ബിജെപിക്ക് പ്രയാസമുണ്ടാകില്ല എന്നാണ് ഒരു വിഭാ​ഗം രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP