Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാനമന്ത്രിയുടെ 'ഇന്ത്യൻ സന്ദർശനം' അധികനാൾ നീണ്ടു നിൽക്കില്ല; ജൂണിൽ ബംഗ്ലാദേശിലേക്ക്; ജൂലൈയിൽ റഷ്യയിലേക്കും മുൻ സോവ്യേറ്റ് റിപ്പബ്ലിക്കുകളിലും യാത്രപോകാൻ ഒരുങ്ങി മോദി; നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ യാത്രകൾ അനിവാര്യമെന്ന് വാദം

പ്രധാനമന്ത്രിയുടെ 'ഇന്ത്യൻ സന്ദർശനം' അധികനാൾ നീണ്ടു നിൽക്കില്ല; ജൂണിൽ ബംഗ്ലാദേശിലേക്ക്; ജൂലൈയിൽ റഷ്യയിലേക്കും മുൻ സോവ്യേറ്റ് റിപ്പബ്ലിക്കുകളിലും യാത്രപോകാൻ ഒരുങ്ങി മോദി; നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ യാത്രകൾ അനിവാര്യമെന്ന് വാദം

ന്യൂഡൽഹി: വിമർശകർ എന്തൊക്കെ പറഞ്ഞാലും രാഷ്ട്രത്തിന്റെ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്ര നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. ഒരു വർഷത്തെ ഭരണത്തിനിടെ 18 ലോകരാഷ്ട്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി മോദി ഇത്തവണ പര്യടനത്തിന് ഒരുങ്ങുന്ന പ്രധാന രാജ്യം റഷ്യയാണ്. റഷ്യയുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ യാത്രക്കൊരുങ്ങുന്നത്. മോദിയുടെ വിദേശയാത്രയെ ചൊല്ലി പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് ഇതൊന്നും വകവെക്കാതെ പ്രധാനമന്ത്രി വീണ്ടും യാത്രക്കൊരുങ്ങുന്നത്.

അടുത്തമാസമാണ് നരേന്ദ്ര മോദി അടുത്ത പര്യടനത്തിന് ഒരുങ്ങുന്നത്. ജൂണിൽ ബംഗ്ലാദേശിലേക്കും ജൂലൈയിൽ റഷ്യ, കസാഖ്‌സ്താൻ, കിർഗിസ്താൻ, തുർക്‌മെനിസ്താൻ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നിവിടങ്ങളിലേക്കുമായിരിക്കും മോദിയുടെ യാത്ര. ആറുദിന ത്രിരാഷ്ട്ര സന്ദർശനം കഴിഞ്ഞത്തെിയ മോദിക്കെതിരെ ശക്തമായ വിമർശമാണ് പ്രതിപക്ഷ കോണുകളിൽനിന്നുയരുന്നത്. അയൽരാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ബംഗ്‌ളാദേശ് സന്ദർശനം. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളും കഴിഞ്ഞവർഷം മോദി സന്ദർശിച്ചിരുന്നു. ജൂൺ രണ്ടാം വാരം ധാക്കയിലേക്ക് തിരിക്കുന്ന മോദി ഈയിടെ ധാരണയായ ഇന്ത്യ ബംഗ്‌ളാദേശ് അതിർത്തി നിർണയ ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് കരുതുന്നു.

ജൂലൈ ഒമ്പത് മുതൽ പത്തുവരെ റഷ്യയിലെ ഊഫയിൽ നടക്കുന്ന ബ്രിക്‌സ്, എസ്.സി.ഒ (ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ) ഉച്ചകോടികളോടനുബന്ധിച്ചാണ് റഷ്യയിലേക്കും അഞ്ച് മധ്യേഷ്യൻ രാഷ്ട്രങ്ങളിലേക്കുമുള്ള സന്ദർശനം. നേരത്തെ വിദേശ പര്യടനത്തിന ഇടെ മംഗോളിയക്ക് 100 കോടി ഡോളർ സഹായം നൽകാമെന്ന് പ്രഖ്യാപിച്ചതിൽ ശിവസേനയിൽ നിന്നുതന്നെ എതിർപ്പുയർന്നിരുന്നു. സാധാരണക്കാരായ കർഷകർ കടം കയറി ആത്മഹത്യ ചെയ്യുന്ന വേളയിൽ മോദി മംഗോളിയക്ക് ധനസഹായം നൽകിയതാണ് ശിവസേനയെ ചൊടിപ്പിച്ചത്. മോദി കർഷക ആത്മഹത്യകൾ നടന്ന പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അധികാരമേറ്റ് ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാറ്റിനമേരിക്ക, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. നിരന്തര യാത്രകളിലൂടെ ഏറ്റവുമധികം വിദേശ യാത്ര ചെയ്ത ലോക നേതാക്കളുടെ പട്ടികയിലാണ് നരേന്ദ്ര മോദി ഇടംപിടിച്ചതെന്നാണ് ബിജെപി നേതൃത്വം പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് നിരത്തുന്ന ന്യായം. കഴിഞ്ഞ മെയ് 26നാണ് മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ജൂണിൽ തന്നെ മോദിയുടെ വിദേശയാത്രകൾ ആരംഭിച്ചു. മോദി അധികാരത്തിലെത്തിയതിന് ശേഷം വിദേശത്ത് പോകാത്ത മാസങ്ങൾ ചുരുക്കമാണെന്നും വിമർശനവും മാദ്ധ്യമങ്ങളിലൂടെ ഉയർന്നിരുന്നു.

പ്രധാനമന്ത്രി ആയതിന് ശേഷം ഭൂട്ടാനിലേക്കാണ് മോദി ആദ്യമായി പോയത്. ജൂൺ 16ന് ഭൂട്ടാനിലേക്ക് തിരിച്ച മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ജൂലൈയിൽ ബ്രിക്‌സ് ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. ജൂലൈ 13 മുതൽ 19 വരെ മൂന്ന് ദിവസമായിരുന്നു മോദിയുടെ ബ്രസീൽ സന്ദർശനം. രണ്ട് വിദേശരാജ്യങ്ങളാണ് ഓഗസ്റ്റിൽ മോദി സന്ദർശിച്ചത്. ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും ഏഷ്യൻ ശക്തിയായ ജപ്പാനുമാണ് മോദി സന്ദർശിച്ചത്. ഓഗസ്റ്റ് 3,4 തീയതികളിലായിരുന്നു മോദിയുടെ നേപ്പാൾ സന്ദർശനം. ജപ്പാനിൽ ഓഗസ്റ്റ് 30ന് പോയ മോദി തിരിച്ചുവന്നത് സെപ്റ്റംമ്പർ മൂന്നിനാണ്.

ചരിത്രപരമായ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ 26 മുതൽ 30 വരെയായിരുന്നു മോദിയുടെ അമേരിക്കൻ സന്ദർശനം. ഗുജറാത്ത് കലാപത്തെ തുടർന്ന് മോദിക്കുള്ള വിസ നിരോധനം നീക്കിയാണ് അമേരിക്ക മോദിയെ സ്വാഗതം ചെയ്തത്. ഈ യാത്രയിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ മോദി ഐക്യരാഷ്ട്ര സഭയെയും അഭിസംബോധന ചെയ്തു.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രചാരണത്തിരക്കിലായിരുന്ന ഒക്ടോബർ മാസത്തിൽ മോദി വിദേശ യാത്രകൾ നടത്തിയില്ല. നവംബറിൽ സന്ദർശിച്ചത് നാല് രാഷ്ട്രങ്ങളാണ്. മ്യാന്മാർ, ഓസ്‌ട്രേലിയ, ഫിജി, നേപ്പാൾ എന്നിവിടങ്ങളാണ് മോദി സന്ദർശിച്ചത്. ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിക്കാണ് മൂന്ന് ദിവസം മോദി മ്യാന്മാർ സന്ദർശിച്ചത്. നവംബർ11,12,13 തീയതികളിലായിരുന്നു മോദിയുടെ മ്യാന്മാർ സന്ദർശനം.

ജി 20 ഉച്ചകോടിക്കും ഇന്ത്യഓസ്‌ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അഞ്ച് ദിവസത്തെ മോദിയുടെ ഓസീസ് സന്ദർശനം. നവംബർ 19ന് തെക്കൻ പസഫിക്ക് രാഷ്ട്രമായ ഫിജി സന്ദർശിച്ച മോദി സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നവംബർ 25 മുതൽ മൂന്ന് ദിവസം വീണ്ടും നേപ്പാൾ സന്ദർശിച്ചു. ജമ്മുകശ്മീർ, ജാർഖണ്ഡ്, ഡൽഹി തെരഞ്ഞെടുപ്പുകളുടെ പ്രചാരണച്ചൂടിലായിരുന്ന മോദി പിന്നീടുള്ള മൂന്ന് മാസം ഒരു വിദേശരാജ്യവും സന്ദർശിച്ചില്ല. എന്നാൽ മാർച്ച് മാസത്തിൽ നാല് രാഷ്ട്രങ്ങളാണ് മോദി സന്ദർശിച്ചത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സേഷ്യൽസും ഇന്ത്യൻ ഓഷ്യാന ദ്വീപായ മൗറീഷ്യസും ശ്രീലങ്കയും സിങ്കപൂരും മാർച്ച് മാസത്തിൽ മോദി സന്ദർശിച്ചു. മാർച്ച് 10,11,12,13,14 തീയതികളിലായി രണ്ട് ദിവസം വീതമുള്ള സന്ദർശനമാണ് മോദി സേഷ്യൽസിലും മൗറീഷ്യസിലും ശ്രീലങ്കയിലുമായി നടത്തിയത്. മാർച്ച് 29ന് സിങ്കപൂരിന്റെ പിതാവെന്നറിയപ്പെടുന്ന ലീ കുആൻ യേയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് മോദി സിംഗപ്പൂർ സന്ദർശിച്ചത്.

യൂറോപ്പ്, കാനഡ സന്ദർശനം ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 9 മുതൽ 16 വരെ മൂന്ന് ദിവസം വീതം ഫ്രാൻസും ജർമ്മനിയും കാനഡയും മോദി സന്ദർശിച്ചു. ലോകമാദ്ധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയ സന്ദർശനമായിരുന്നു മോദിയുടെ യൂറോപ്പ്, കാനഡ സന്ദർശനം. മൂന്ന് രാഷ്ട്രങ്ങളാണ് ഈ മാസം മോദി സന്ദർശിച്ചത്. ചൈന, മംഗോളിയ, ദക്ഷിണ കൊറിയ എന്നിവയാണ് മോദി സന്ദർശിച്ച രാഷ്ട്രങ്ങൾ. ഈ മാസം 14ന് ആരംഭിച്ച മോദിയുടെ വിദേശപര്യടനം രണ്ട് ദിവസം മുമ്പാണ് അവസാനിച്ചത്. ഇങ്ങനെ മോദിയുടെ യാത്രകളെ ചൊല്ലി വിമർശനം ഉയരുന്നതിന് ഇടയാണ് വീണ്ടും അദ്ദേഹം വിദേശ പര്യടനത്തിന് ഉതകുന്നത്. എന്നാൽ വിദേശയാത്രകളിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ മോദിക്ക് സാധിക്കുന്നുണ്ടെന്നാണ് ബിജെപിയും കേന്ദ്രസർക്കാറും പറയുന്നത്. മാത്രമല്ല ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇത് അനിവാര്യമാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP