Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിൽ അശാന്തി വിതയ്ക്കുന്ന പാക്കിസ്ഥാൻ അവരുടെ നടുമുറ്റത്തു നിന്നും ഒരു കഷ്ണം നഷ്ടമാകുമോ? കാശ്മീരിൽ കൊടുത്തതിന് ബലൂചിസ്താനിൽ മറുപടി നൽകി ഇന്ത്യ; സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്താൻ പരാമർശിച്ച മോദിയുടെ പ്രസംഗത്തിന് നന്ദി അറിയിച്ച് വിമതർ

കാശ്മീരിൽ അശാന്തി വിതയ്ക്കുന്ന പാക്കിസ്ഥാൻ അവരുടെ നടുമുറ്റത്തു നിന്നും ഒരു കഷ്ണം നഷ്ടമാകുമോ? കാശ്മീരിൽ കൊടുത്തതിന് ബലൂചിസ്താനിൽ മറുപടി നൽകി ഇന്ത്യ; സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്താൻ പരാമർശിച്ച മോദിയുടെ പ്രസംഗത്തിന് നന്ദി അറിയിച്ച് വിമതർ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ബലൂചിസ്താൻ പരാമർശം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിടുന്നു. ഏഴ് വർഷം മുമ്പ് ബലൂചിസ്താൻ പ്രശ്‌നം ഇന്ത്യപാക് ചർച്ചയിൽ കൊണ്ടുവന്ന അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനെ അവഹേളിച്ച ബിജെപി ഇപ്പോൾ നിലപാട് മാറ്റുകയാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. ബലൂചിസ്താനിലെ ജനങ്ങളെ പിന്തുണച്ച് സംസാരിച്ച മോദിക്കെതിരെ പാക്കിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.

ബലൂചിസ്താനിലും ഗിലിഗട്ടിലും പാക് അധീന കാശ്മീരിലും നടക്കുന്ന സ്വയംഭരണ പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ടാണ് മോദി സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയത്. ഇവിടങ്ങളിലെ ജനങ്ങൾ ഇന്ത്യക്കാരോട് നന്ദിയുള്ളവരാണെന്നായിരുന്നു മോദിയുടെ വാക്കുകൾ. ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാൻ മാത്രമല്ല, ബലൂചിസ്താന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണയ്ക്കാനും കേന്ദ്ര സർക്കാരും ഇന്ത്യൻ മാദ്ധ്യമങ്ങളും ശ്രമിക്കുമെന്ന് മോദി പറഞ്ഞു.

എന്നാൽ, ബലൂചിസ്താൻ പ്രശ്‌നത്തെ ഈ രീതിയിൽ കാണുന്നത് ബിജെപിയുടെ നിലപാട് മാറ്റമാണെന്ന് കോൺഗ്രസ് ആരോപിച്ചു. 2009ൽ മന്മോഹൻ സിങ്ങും പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ചേർന്ന് ഷരം എൽ ഷെയ്ഖിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ബലൂചിസ്താൻ പ്രശ്‌നം ഉൾപ്പെടുത്തിയപ്പോൾ ശക്തമായ എതിർപ്പാണ് ബിജെപി രേഖപ്പെടുത്തിയിരുന്നത്. മന്മോഹൻ സിങ് രാജ്യത്തിന് അപമാനമാണെന്നും ഏഴു കടലിലെയും വെള്ളം കൊണ്ട് കഴുകിയാലും ഈ നാണക്കേട് മാറില്ലെന്നുമായിരുന്നു അന്ന് ബിജെപിയുടെ നിലപാട്. പാക്കിസ്ഥാൻ പ്രശ്‌നത്തിൽ കോൺഗ്രസ്സും യുപിഎ സർക്കാരും നിലപാട് മയപ്പെടുത്തുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേ ബിജെപി ഇപ്പോൾ മലക്കം മറിയുകയാണെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. പാക് അധിനിവേശ കാശ്മീരിലെയും ബലൂചിസ്താനിലെയും പ്രശ്‌നങ്ങളെ ഒരേ രീതിയിൽ കാണരുതെന്നും ബലൂചിസ്താനിൽ ഇന്ത്യ ഇടപെടുന്നത് പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാകുമെന്നും മുൻ വിദേശ കാര്യമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. ബലൂചിസ്താൻ വിഷയത്തിൽ മോദിയുടെ വാക്കുകൾ പാക്കിസ്ഥാനിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബലൂചിസ്താനിലും പാക്കിസ്ഥാനിലും കുഴപ്പങ്ങളുണ്ടാക്കുന്നത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണെന്ന ആരോപണം ശരിവെക്കുന്നതാണ് മോദിയുടെ നിലപാടെന്ന് ഇസ്ലാമാബാദ് ആരോപിച്ചു.

അതേസമയം ബലൂചിസ്ഥാൻ വിഷയത്തിൽ പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്. വിഷയത്തിൽ മോദി പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുകയാണ്. പാക്കിസ്ഥാൻ കാലങ്ങളായി കശ്മീരിൽ ഭീകരതയെയും ആക്രമണങ്ങളെയും പിന്തുണയ്ക്കുമ്പോൾ ഇന്ത്യ എന്തുകൊണ്ട് ബലൂചിസ്ഥാനിൽ അതേനാണയത്തിൽ തിരിച്ചടിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാനോട് പകരത്തിന് പകരം ചെയ്യുകയാണ് വേണ്ടതെന്നും കട്ജു പറഞ്ഞു.

അതേസമയം, ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദിക്ക് ബലൂചിസ്താൻ റിപ്പബ്ലിക് പാർട്ടി അധ്യക്ഷൻ ബ്രാഹംദ ബുഗ്ടി നന്ദി പറഞ്ഞു. മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ബലൂചിസ്താനിലെ ജനങ്ങൾക്ക് ആശയും ആവേശവും നൽകുന്നതാണെന്ന് ബുഗ്ടി പറഞ്ഞു.

പാക്കിസ്ഥാന്റെ തെക്ക്പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിൽ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള വാദം 1948 മുതൽ നിലവിലുണ്ട്. അഫ്ഗാനിസ്താൻ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് പുരാതന ബലൂചിസ്താൻ സ്ഥിതി ചെയ്തിരുന്നത്. 1947ൽ പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ ബലൂചിസ്താനെ രാജ്യത്തോട് ചേർക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്. ബലൂചിസ്താൻ രാജാവ് അഹമ്മദ് യാർ ഖാൻ അത് നിരസിച്ചതിനെത്തുടർന്ന് സൈനിക നീക്കത്തിലൂടെയാണ് പാക്കിസ്ഥാൻ ബലൂചിനെ ഒപ്പം ചേർത്തത്.

നാലുതവണയാണ് ബലൂചിസ്താനിൽ പാക്കിസ്ഥാൻ സൈനിക നീക്കം നടത്തിയത്. 1950, 195859, 196069, 197377 കാലയളവുകളിൽ. 2004 മുതൽ ബലൂചിസ്താനിൽ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമാണ്. ബലൂചിസ്താൻ നാഷണൽ മൂവ്‌മെന്റ് എന്ന പാർട്ടിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയിൽ നിരന്തരം അന്ത:ച്ഛിദ്രത്തിന് ശ്രമിക്കുന്ന പാക്കിസ്ഥാന് അവരുടെ നടുമുറ്റത്തു നിന്നുള്‌ല വെല്ലുവിളി കടുത്ത തലവേദനയാണ്. ബലൂചിസ്ഥാനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർത്തി അനേകം പാക് വിരുദ്ധരാണ് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നും ഇന്ത്യയുടെ ഭാഗമാകാൻ ബലൂചിസ്താൻകാർ ആഗ്രഹിക്കുന്നതായുമാണ് റിപ്പോർട്ട്. അടുത്തിടെ ഈ ആവശ്യം ഉന്നയിച്ച് വിമത സംഘടനകൾ കലാപം ഉണ്ടാക്കിയിരുന്നു. ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. അഫ്ഗാൻ, ഇറാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശം കൽക്കരിയും പ്രകൃതിവാതകവും മാർബിളും കൊണ്ട് സമ്പന്നമാണ്. ജനസേവനത്തിന്റെ കാര്യത്തിൽ പാക് സർക്കാർ ഈ മേഖലയെ അവഗണിക്കുന്നതായിട്ടാണ് വിമതർ പറയുന്നത്. ഉള്ളത് ഊറ്റിയെടുക്കുകയല്ലാതെ സർക്കാർ തങ്ങൾക്കൊന്നും നൽകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

വിമതശല്യം രൂക്ഷമായതോടെ ഇവിടെ പാക്കിസ്ഥാൻ ശക്തമായ സൈനിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പത്തൊമ്പതിനായിരത്തോളം നാട്ടുകാരെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയെന്നും അവരെക്കുറിച്ച് ഇതുവരെ ആർക്കും ഒരു വിവരവുമില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതിനിടയിൽ ഇവിടം ശക്തമായ തീവ്രവാദ സാന്നിദ്ധ്യമുള്ള മേഖലകൂടിയായി മാറിയിട്ടുണ്ട്. ജനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ പാക്കിസ്ഥാൻ തന്നെയാണ് തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP