Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പുടിനും മോദിയും കൈപിടിച്ച് കുലുക്കുന്നത് ഈ വർഷം ഇത് നാലാം തവണ; ഇനി സുഹൃത്തുക്കൾ മുണ്ടു മടക്കി കുത്തിയെത്തുക അളങ്കനെല്ലൂരിലെ ജെല്ലിക്കെട്ടിന്! റഷ്യയെ ചേർത്ത് നിർത്തി മുമ്പോട്ട് കുതിക്കുന്നതിനൊപ്പം ചൈനയും പിണങ്ങാതിരിക്കാനുള്ള കരുതലുകളും; കാശ്മീർ-ലഡാക് മാപ്പിലെ തർക്കം തീർക്കാൻ ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് തീരുമാനിച്ച് ഷീചിൻ പിങ്-മോദി ചങ്ങാത്തം; ബ്രിക്‌സ് ഉച്ചകോടിയിലും മോദി ഉയർത്തിയത് ഭീകരതയെ ചെറുത്തുള്ള സാമ്പത്തിക സഹകരണ മാതൃക

പുടിനും മോദിയും കൈപിടിച്ച് കുലുക്കുന്നത് ഈ വർഷം ഇത് നാലാം തവണ; ഇനി സുഹൃത്തുക്കൾ മുണ്ടു മടക്കി കുത്തിയെത്തുക അളങ്കനെല്ലൂരിലെ ജെല്ലിക്കെട്ടിന്! റഷ്യയെ ചേർത്ത് നിർത്തി മുമ്പോട്ട് കുതിക്കുന്നതിനൊപ്പം ചൈനയും പിണങ്ങാതിരിക്കാനുള്ള കരുതലുകളും; കാശ്മീർ-ലഡാക് മാപ്പിലെ തർക്കം തീർക്കാൻ ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് തീരുമാനിച്ച് ഷീചിൻ പിങ്-മോദി ചങ്ങാത്തം; ബ്രിക്‌സ് ഉച്ചകോടിയിലും മോദി ഉയർത്തിയത് ഭീകരതയെ ചെറുത്തുള്ള സാമ്പത്തിക സഹകരണ മാതൃക

മറുനാടൻ മലയാളി ബ്യൂറോ

ബ്രസീലിയ: കാശ്മീർ വിഭജനത്തിന്റെ പേരിൽ തർക്കങ്ങൾ തുടരുമ്പോഴും സൗഹൃദത്തിന് തിളക്കം കുറയുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർച്ച. മഹാബലിപുരത്തെ കൂട്ടുകാർക്കിടയിൽ പ്രശ്‌നമൊന്നുമില്ലെന്ന് ലോകത്തെ വീണ്ടും അറിയിക്കുന്ന തരത്തിലെ ഇടപെടൽ. ഇതിനൊപ്പം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും കൂടുതൽ അടുക്കുകയാണ് മോദി. അമേരിക്കയുടെ പിന്തുണയ്‌ക്കൊപ്പം റഷ്യയേയും ചൈനയേയും അടുപ്പിച്ച് നിർത്താൻ മോദി ആഗ്രഹിക്കുന്നതിന് തെളിവാണ് ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടന്ന നയതന്ത്ര ചർച്ചകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുടെ ക്ഷണവുമെത്തി. 2020 മേയിൽ മോസ്‌കോയിൽ നടത്തുന്ന രണ്ടാം ലോക മഹായുദ്ധ വിജയദിനാഘോഷത്തിൽ പങ്കെടുക്കാനാണ് പുടിൻ ക്ഷണിച്ചത്. ഇത് ഇന്ത്യയ്ക്കുള്ള വലിയ അംഗീകാരമാണ്. തമിഴ്‌നാട്ടിലെ മാമല്ലാപുരത്തിന് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് 2020ൽ മോദിയെ ചൈനയിലേക്ക് ഷി ക്ഷണിച്ചത്. ഇന്ത്യയുമായി കൂടുതൽ അടുക്കാൻ ചൈന ആഗ്രഹിക്കുന്നതിന് തെളിവാണ് ഈ ക്ഷണവും. അങ്ങനെ രണ്ട് വലിയ സുഹൃത്തുകളുമായുള്ള ആത്മ ബന്ധം കൂട്ടാനുള്ള വേദിയായി ഈ ഉച്ചകോടിയെ മാറ്റുകയാണ് മോദി ചെയ്തത്.

അടുത്ത വർഷമാദ്യം തമിഴ് നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് കാണാൻ പുടിൻ എത്തുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനൊപ്പം അരങ്ങേറുന്ന ജെല്ലിക്കെട്ട് കാണാനാണ് പുടിൻ തമിഴ്‌നാട്ടിലെ അളങ്കനല്ലൂരിലേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനൊപ്പം തമിഴ് നാട്ടിലേക്ക് വരും. ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ട് അരങ്ങേറുന്നത് മധുരയ്ക്ക് സമീപമുള്ള അളങ്കനല്ലൂരിലാണ്. ആയിരകണക്കിന് ആളുകളാണ് ജെല്ലിക്കെട്ട് കാണാനായി ഇവിടേക്ക് എത്തുന്നത്. പുടിൻ ജെല്ലിക്കെട്ട് കാണാൻ എത്തുന്ന വിവരം അനൗദ്യോഗികമായി ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. അങ്ങനെ പുടിനെ ഇന്ത്യയോട് ചേർത്ത് നിർത്താനാണ് മോദി ആഗ്രഹിക്കുന്നത്. മഹാബലിപുരത്ത ചൈനയുമായുള്ള ഉച്ചകോടിക്ക് ശേഷം പുടിനെ തമിഴ്‌നാട്ടിലേക്ക് മോദി കൊണ്ടു വരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.

പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി ഊഷ്മളമായ ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുടിനുമായി ഈ വർഷം നാലാം തവണയാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളും റഷ്യൻ പ്രവിശ്യകളും തമ്മിലുള്ള വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്ന കാര്യം മേഖലാതല സമ്മേളനത്തിൽ പരിശോധിക്കാൻ തീരുമാനിച്ചു. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചൈനീസ് പ്രസിഡന്റുമായി മോദി വിശദമായ ചർച്ച നടത്തി. അതിർത്തി പ്രശ്‌നം സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും ചർച്ച നടത്തും.

കാളക്കൂറ്റന്മാരെ തടുത്തുനിർത്തുന്ന കായികവിനോദം പോലെയാണ് ജെല്ലിക്കെട്ട് തമിഴ്‌നാട്ടിൽ ആചരിക്കുന്നത്. പൊങ്കലിനൊപ്പം ആഘോഷിക്കുന്ന ജെല്ലിക്കെട്ട് ഉത്സവത്തിന് തമിഴ്‌നാട്ടിൽ 2016ൽ സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. മൃഗസംരക്ഷണപ്രവർത്തകരുടെ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. സുപ്രീം കോടതി വിധി തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ തമിഴ്‌നാട് നിയമസഭ പ്രത്യേക നിയമത്തിലൂടെ വിധി മറികടക്കുകയായിരുന്നു. ഇത്തരമൊരു ആചാരത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടാൻ കൂടിയാണ് പുടിനെ മോദി എത്തിക്കുന്നതെന്നാണ് സൂചന. ഇന്ത്യയുടെ സാസ്‌കാരിക വൈവിദ്യം ലോകത്തെ അറിയിക്കാനുള്ള നീക്കം. ഈ സന്ദർശനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും മോദിയും പുടിനും നടത്തിയെന്നും സൂചനയുണ്ട്. ഇതിനൊപ്പമാണ് മോദിക്ക് റഷ്യയിലേക്കുള്ള ക്ഷണവും.

ആഗോള മാന്ദ്യമുണ്ടായിട്ടും ബ്രിക്‌സ് രാജ്യങ്ങൾ സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്നും അംഗരാജ്യങ്ങൾ തമ്മിലുള്ള ബിസിനസ് ഇടപാടുകൾ ലളിതമാക്കുന്നതോടെ വ്യാപാരബന്ധം കൂടുതൽ വളരുമെന്നും 11ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പ്രതീക്ഷയോടെയാണ് ഏവരും കേട്ടത്. ലോകത്തെ ഏറ്റവും തുറന്ന, വ്യാപാരസൗഹൃദ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ 5 ബ്രിക്‌സ് രാജ്യങ്ങളും തമ്മിൽ ഡോളറിനു പകരം അതതു രാജ്യങ്ങളുടെ കറൻസിയിൽ ഇടപാടുകൾ നടത്തുന്ന കാര്യം സജീവപരിഗണനയിലുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമായിരുന്നു ഇത്തവണത്തെ ഉച്ചകോടി.

അംഗ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക -സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ ബ്രിക്സ് ഉച്ചകോടിക്കാവുമെന്ന് മോദി പറയുന്നു. 'പുത്തൻ ഭാവിക്കായി സാമ്പത്തിക വളർച്ച' എന്നാതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ,ശാസ്ത്രം,സാങ്കേതിക വിദ്യ എന്നീമേഖലയിൽ ലോകത്തെ അഞ്ച് പ്രധാന സാമ്പത്തിക ശ്കതികൾക്കിടയിൽ ബന്ധം ശക്തമാക്കുകയാണ് ബ്രിക്സ് ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്. ഷി ജിൻ പിങുമായി പ്രധാനമന്ത്രി കഴിഞ്ഞമാസം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ച പുതിയ ഊർജം നൽകിയെന്ന് പ്രധാനമന്ത്രി യോഗത്തിൽ പ്രതികരിച്ചു. പുടിനുമായുള്ള ചർച്ചയിൽ 2025 ലേക്ക് ലക്ഷ്യമിട്ട 25 ബില്യൺ ഡോളറിന്റെ വ്യാപാരം ഇപ്പോൾ നേടാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സംതൃപ്തി അറിയിച്ചു.

2020 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരിക്കുക ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസൊനാരോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ഇന്ത്യക്കാർക്ക് വീസാരഹിത യാത്രയ്ക്ക് അനുമതി നൽകിയതിനെ മോദി അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP