Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാപാര നയത്തിൽ അമേരിക്കയുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്‌ച്ച നടത്തി; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതിലുള്ള ആശങ്ക അറിയിച്ചു; അവസാന നിമിഷമായ ഇന്നലെ ആറ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തി; വ്യാപാര ബന്ധത്തിന് പുറമേ ഭീകരവിരുദ്ധ പ്രവർത്തനത്തെ കുറിച്ചും പ്രതിരോധ വിഷയങ്ങളിലും ചർച്ചകൾ; എല്ലാ നേതാക്കളുമായി അടുത്ത സൗഹൃദം പങ്കിട്ടു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ താരമായത് രാഷ്ട്രീസൗഹൃദത്തിന്റെ പുതുവഴികൾ തുറന്ന്

വ്യാപാര നയത്തിൽ അമേരിക്കയുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്‌ച്ച നടത്തി; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതിലുള്ള ആശങ്ക അറിയിച്ചു; അവസാന നിമിഷമായ ഇന്നലെ ആറ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തി; വ്യാപാര ബന്ധത്തിന് പുറമേ ഭീകരവിരുദ്ധ പ്രവർത്തനത്തെ കുറിച്ചും പ്രതിരോധ വിഷയങ്ങളിലും ചർച്ചകൾ; എല്ലാ നേതാക്കളുമായി അടുത്ത സൗഹൃദം പങ്കിട്ടു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ താരമായത് രാഷ്ട്രീസൗഹൃദത്തിന്റെ പുതുവഴികൾ തുറന്ന്

മറുനാടൻ ഡെസ്‌ക്‌

ഒസാക്ക: ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടി ഇന്നലെ സമാപിക്കുമ്പോൾ താരമാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ലോകത്തെ നിയന്ത്രിക്കുന്ന 20 വൻശക്തികളിലെ നേതാക്കൾ അണിനിരന്ന വേദിയിൽ മാരത്തോൺ ചർച്ചകൾ നടത്തി മിക്ക രാഷ്ട്രങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ മുൻകൈയെടുത്തുമാണ് മോദി ഷൈൻ ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ തുർക്കി പ്രസിഡന്റ് ഉർദ്ദുഗാൻ വരെയുള്ളുവരുമായി മോദി ഉച്ചകോടിയിലെ വേദിയിൽ വെച്ച് ചർച്ച നടത്തി.

ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾക്കെതിരേ യോജിച്ചുപ്രവർത്തിക്കുമെന്ന ആഹ്വാനമാണ് ഉച്ചകോടയിൽ ഉണ്ടായത്. ഉച്ചകോടിയുടെ അവസാന ദിവസമായി ഇന്നലെ നരേന്ദ്ര മോദി നടത്തിയത് ആറു ഉഭയകക്ഷി ചർച്ചകളായിരുന്നു. ഇൻഡൊനീഷ്യ, ബ്രസീൽ, തുർക്കി, ഓസ്‌ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധപ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടന്നു.

ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായിട്ടായിരുന്നു ആദ്യത്തെ കൂടിക്കാഴ്‌ച്ച. സാമ്പത്തിക നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ബഹിരാകാശം തുടങ്ങിയ വിഷയങ്ങൾ ഇന്തോനേഷ്യൻ പ്രസിഡന്റുമായി മോദി ചർച്ച ചെയ്തു. ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുമായി നടത്തിയ ചർച്ചയിൽ പ്രധാനമായത് വ്യാപാര കാര്യങ്ങളായിരുന്നു. കൂടാതെ നിക്ഷേപം, കാർഷികം, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവ ഇന്ധനങ്ങളുടെ പ്രസക്തി എന്നിവയിൽ ചർച്ചകൾ നടത്തി.

തുർക്കി പ്രസിഡന്റുമായുള്ള ചർച്ചയിൽ ഭീകരവിരുദ്ധ നടപടികളും കാര്യമായി ചർച്ച ചെയ്യാൻ മോദി തയ്യാറായി. കൂടാതെ വ്യാപാരം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ നടത്തി. ഇന്ത്യയും തുർക്കിയും തമ്മിലുള്ള വികസനപങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും നേതാക്കൾ ചർച്ചനടത്തി. ഓസ്‌ട്രേലിയൻ പ്ധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള കൂടിക്കാഴ്‌ച്ചയും വളരെ ഉഷ്മളമായിരുന്നു. കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, സമുദ്രമേഖലയിലെ സഹകരണം എന്നിവയിൽ ചർച്ചനടത്തിയ ഇരുവരും സെൽഫിയെടുത്താണ് പിരിഞ്ഞത്.

മോദി നല്ലവനാണ് എന്നു കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്‌കോട്ട് മോറിസൺ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെൽഫിക്ക് പോസ് ചെയ്തിരിക്കുന്നത്. സിങ്കപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്, ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര എന്നിവരുമായും കൂടിക്കാഴ്‌ച്ച നടത്തി.

വ്യാപാരനയത്തിൽ ഇന്ത്യയുമായുള്ള ഭിന്നതകൾ മാറ്റിവെച്ച് പരിഹരിക്കാനും മോദി ട്രംപുമായി കൂടിക്കാഴ്‌ച്ച നടത്തി. വ്യാപാരനയത്തിൽ ഇന്ത്യയ്ക്കുനേരെ രൂക്ഷപരാമർശം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത് ഈ കൂടിക്കാഴ്‌ച്ചക്ക് ശേഷമണ്. നിലവിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച ട്രംപ് പ്രതിസന്ധി മറികടക്കാൻ ഇരുരാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാരുമായി എത്രയും പെട്ടെന്ന് തർക്കവിഷയങ്ങൾ ചർച്ചചെയ്യുമെന്ന് ഉറപ്പുനൽകി. യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ വർഷങ്ങളായി ഉയർന്ന തീരുവയാണ് ചുമത്തുന്നതെന്നും ഈയിടെ ഇതുവീണ്ടും കുത്തനെ കൂട്ടിയെന്നുമായിരുന്നു ട്രംപിന്റെ കഴിഞ്ഞദിവസത്തെ വിമർശനം.

ഇത് അംഗീകരിക്കാനാവില്ലെന്നും തീരുവ പിൻവലിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒസാക്കയിലേക്ക് തിരിക്കുംമുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യു.എസ്. ഇന്ത്യയ്ക്കു നൽകിവന്ന വ്യാപാര ഇളവ് പിൻവലിച്ചതിനു തിരിച്ചടിയായി ഈയിടെ 28 യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ അധികതീരുവ ചുമത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട മോദിയെ ട്രംപ് അനുമോദിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വശം ട്രംപ് കൊടുത്തയച്ച സ്‌നേഹപൂർവമുള്ള കത്തിന് മോദി നന്ദിപറഞ്ഞു. വിപുലമായ ചർച്ചയാണ് ട്രംപുമായി നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. സാങ്കേതികവിദ്യ, പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം, വ്യാപാരബന്ധം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭീകരതയെ നേരിടാൻ 'ശക്തമായ നേതൃത്വം' നൽകി ലോകത്തെ നയിക്കുമെന്നും മോദിയും ട്രംപും പറഞ്ഞു. 'തുറന്നതും ഫലപ്രദവും' എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശേഷിപ്പിച്ചത്. ഇറാൻ-യു.എസ്.-ഇറാൻ സംഘർഷത്തെത്തുടർന്ന് ഊർജമേഖലയിൽ ഇന്ത്യയ്ക്കുണ്ടായ ഉത്കണ്ഠയും മേഖലയിലെ സമാധാനവും സ്ഥിരതയും സംബന്ധിച്ച ആശങ്കകളും മോദി ട്രംപുമായി പങ്കുവെച്ചു. ''ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയ്ക്ക് ഊർജം ആവശ്യമുണ്ട്. സാമ്പത്തികതാത്പര്യത്തിനുപുറമേ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലും ഇന്ത്യയ്ക്കു താത്പര്യമുണ്ട്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും നാവികസേനാകപ്പലുകൾ നിയോഗിച്ചിട്ടുണ്ട് ' -മോദി ട്രംപിനോടു പറഞ്ഞു. ട്രംപ് ഇതിനെ സ്വാഗതംചെയ്തു. അതേസമയം, എണ്ണവില സ്ഥിരത കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ എന്നിവരുമായും ഒസാക്കയിൽ ചർച്ചനടത്തിയിരുന്നനു. കാലാവസ്ഥാവ്യതിയാനവും ഭീകരതയുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. അതിനിടെ കടുത്ത വ്യാപാര മത്സരം നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളുമായി മികച്ച ആത്മബന്ധമുണ്ടാക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെത്തിയ മോദിയെ ലോകനേതാക്കൾ അഭിനന്ദിച്ചതും ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP