Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഖഷോഗിയുടെ കൊലപാതകം ഏൽപ്പിച്ച മാന്ദ്യം മാറ്റാൻ ഒടുവിൽ ഒറ്റമൂലിയാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി; സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്നത് യൂസഫലി അടക്കമുള്ള ഇന്ത്യൻ വ്യവസായികളെ സൗദിയുമായി അടുപ്പിക്കൽ; മോദിയെ ആഗോള നിക്ഷേപക സംഗമത്തിലെ മുഖ്യാതിഥിയാക്കുന്നതും ലുലു ഗ്രൂപ്പിന്റെ മനസ്സ് അറിഞ്ഞും; സൗദിയിൽ നിന്ന് ഇന്ത്യ തിരിച്ചാഗ്രഹിക്കുന്നത് പാക് ഭീകരതയ്‌ക്കെതിരായ പിന്തുണ; റിയാദിലെ ആഗോള നിക്ഷേപക സംഗമത്തിൽ മോദി മുഖ്യാതിഥിയാകുമ്പോൾ

ഖഷോഗിയുടെ കൊലപാതകം ഏൽപ്പിച്ച മാന്ദ്യം മാറ്റാൻ ഒടുവിൽ ഒറ്റമൂലിയാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി; സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്നത് യൂസഫലി അടക്കമുള്ള ഇന്ത്യൻ വ്യവസായികളെ സൗദിയുമായി അടുപ്പിക്കൽ; മോദിയെ ആഗോള നിക്ഷേപക സംഗമത്തിലെ മുഖ്യാതിഥിയാക്കുന്നതും ലുലു ഗ്രൂപ്പിന്റെ മനസ്സ് അറിഞ്ഞും; സൗദിയിൽ നിന്ന് ഇന്ത്യ തിരിച്ചാഗ്രഹിക്കുന്നത് പാക് ഭീകരതയ്‌ക്കെതിരായ പിന്തുണ; റിയാദിലെ ആഗോള നിക്ഷേപക സംഗമത്തിൽ മോദി മുഖ്യാതിഥിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തുമ്പോൾ റിയാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്. റിയാദ് ഗവർണ്ണർ എച്ച്ആർഎച്ച് പ്രിൻസ് ഫൈസൽ ബിൻ ബന്ദർ അൽ സൗദ് മോദിയെ സ്വീകരിച്ചു. മൂല്യവത്തായ ഒരു സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന സന്ദർശനത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് സൗദി അറേബ്യയിലെത്തി. ഈ സന്ദർശന വേളയിൽ വിപുലമായ പരിപാടികളിൽ പങ്കെടുക്കുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഈ സന്ദർശനം കൂടുതൽ പ്രതീക്ഷയോടെ കാണുന്നത് സൗദി അറേബ്യയാണ്. തങ്ങളുടെ മുഖച്ഛായ മാറ്റം ലോകത്തിന് മുമ്പിൽ എത്തിക്കാനാണ് ആഗോള നേതാവിന്റെ പ്രഭാവമുള്ള മോദിയെ തന്നെ സൗദി ആഗോള നിക്ഷേപക സംഗമത്തിന് എത്തുന്നത്.

സൗദി ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദിയുടെ നിക്ഷേപക, വ്യാപാര സൗഹൃദത്തെ കാര്യമായി ബാധിച്ചിരുന്നു. 2018 ഒക്ടോബർ രണ്ടിനാണ് സൗദിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. ഖഷോഗി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് റിയാദിൽ അന്താരാഷ്ട്ര നിക്ഷേപ സൗഹൃദ സംഗമം 2018ൽ നടന്നത്. എന്നാൽ നിക്ഷേപ സൗഹൃദം അത്ര വിജയം കണ്ടില്ലെന്നാണ് റിപ്പോർട്ട്. മരുഭൂമിയിലെ ദാവോസ് എന്ന് വിശേഷിപ്പിച്ച് സൗദി റിയാദിൽ സംഘടിപ്പിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷിയേറ്റീവ് സംഘടിപ്പിച്ചത് സൗദിയെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടികൾ നേരിട്ടു. മുൻവർഷങ്ങളിൽ വൻ വിജയം കണ്ടിരുന്ന നിക്ഷേപ സംഗമം സൗദിക്ക് 2018 ൽ പൂർണ വിജയത്തിലേക്കെത്താൻ സാധിച്ചില്ല. ബാങ്കിങ് മേഖലയിലെ നിക്ഷേപകർ കൂട്ടത്തോടെ പിന്മാറി. ഡസൺ കണക്കിന് നിക്ഷേപകരാണ് അന്ന് പിന്മാറിയത്. സൗദിയുടെ വ്യാപാര മേഖലയെ പോലും ഖഷോഗിയുടെ കൊലപാതകം പിടിച്ചുകുലുക്കി. സൗദി വിപണിയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ജെപി മോർഗൻ, ബ്ലാക്ക് റോക്ക്, അന്താരാഷ്ട്ര നാണയ നിധിയുടെ തലവന്മാരും സൗദി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ കഴിഞ്ഞ വർഷം പങ്കെടുത്തിട്ടില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് അമേരിക്കയിലെ മാധ്യമങ്ങളും രഹസ്യന്വേഷണ ഏജൻസികളും പറയുന്നത്. തെളിവുകൾ രഹസ്യന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരെ ഒരു നടപടിയുമില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപുമായുള്ള സൗഹൃദം തന്നെയാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിൻ സൽമാനെതിരെ നടപടിയെടുക്കാതിരുന്നത്. ലോകത്തിലേറ്റവും കൂടുതൽ എണ്ണ സമ്പന്ന രാജ്യമെന്ന നിലയ്ക്കാണ് നിക്ഷേപരെല്ലാം സൗദിയിലേക്ക് എത്തുന്നത്. അതേസമയം സൗദി ഇപ്പോൾ തങ്ങളുടെ പരമ്പരാഗത സാമ്പത്തിക നയത്തിൽ കൂടുതൽ അഴിച്ചപപണികളും നടത്തുന്നുണ്ട്. സിനിമ, വ്യവസായികം, വിനോദം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലേക്കുള്ള നിക്ഷേപം എത്തിക്കാനുള്ള നീക്കമാണ് സൗദി ഇപ്പോൾ നടത്തുന്നത്.

അതുകൊണ്ട് തന്നെ മോദിയുടെ സന്ദർശനവും കരാർ ഒപ്പിടലുകളും ആഗോള തലത്തിൽ സൗദിക്ക് വീണ്ടും വ്യവസായ നിക്ഷേപക സൗഹൃദ രാജ്യമെന്ന പദവി നൽകും. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഊൗർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർനം. പ്രാദേശികസമയം രാവിലെ 11.30ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഊൗർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില് ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർനടപടിക്കുള്ള കരാറിലും ഇന്ത്യൻ ഓയിൽ കോര്പറേഷന്റെ ഔട്ട്ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറിലും നരേന്ദ്ര മോദി ഒപ്പുവെക്കും. സൗദിയുടെ വാണിജ്യ മേഖലയ്ക്ക് കരുത്ത് പകുന്നതാകും ഇതെല്ലാം. കഴിഞ്ഞ തവണ ആഗോള നിക്ഷേപക സംഗമത്തിനുണ്ടായ മങ്ങൽ മാറ്റിക്കളയാനാണ് മോദിയുടെ വരവിലൂടെ സൗദി പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനെതിരായ നീക്കങ്ങളിൽ സൗദിയുടെ ഭാഗത്തു നിന്ന് സഹകരണമാണ് തിരിച്ച് ഇന്ത്യ തേടുക.

സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയിൽ മുപ്പത് രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വൻകിട നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. ഇവരുമായെല്ലാം പ്രധാനമന്ത്രി കഴിയുന്നത്ര ഇടപെടൽ നടത്തും. ഇന്ത്യയിലേക്കും നിക്ഷേപം എത്തിക്കാനുള്ള നടപടികളും എടുക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അടക്കമുള്ളവർ ഉച്ചകോടിക്കെത്തും. പ്രധാനമന്ത്രിയുമായും യൂസഫലി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. സൗദി രാജാവിന്റെ നിർദ്ദേശ അനുസരിച്ച് മോദിയെ പരിപാടിക്കെത്തിക്കാൻ കരുക്കൾ നീക്കിയത് യൂസഫലിയാണെന്നാണ് സൂചന. സൗദിയിലേക്ക് ഇന്ത്യൻ വ്യവസായികൾ കൂടുതൽ ശ്രദ്ധ നൽകുന്നതിന് തെളിവ് കൂടിയാണ് ഇത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. എല്ലാ പരിപാടികളും പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഡൽഹിയിലെത്തിച്ചേരും

ആഗോള നിക്ഷേപക സംഗമത്തിന് വിശിഷ്ടാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. 2024 ആകുമ്പോഴേക്കും 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലെ വ്യാപാര, നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. ഉച്ചയ്ക്കു ശേഷമായിരിക്കും നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുക. 3 ദിവസം നീളുന്ന സമ്മേളനത്തിൽ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനരോയാണ് മറ്റൊരു വിശിഷ്ടാതിഥി. അമേരിക്കൻ സംഘത്തെ ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുച്ചിൻ നയിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സീനിയർ ഉപദേഷ്ടാവും മരുമകനുമായ ജാറെദ് കുഷ്‌നറും സംഘത്തിലുണ്ട്.

സൗദിയിലേക്കു പറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനു പാക്ക് വ്യോമാതിർത്തി നിഷേധിച്ചതിനെതിരെ യുഎൻ ഏജൻസിയായ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ ഇന്ത്യ പരാതി നൽകി. പാക്ക് നടപടി രാജ്യാന്തര തലത്തിൽ സ്വീകരിച്ചുപോരുന്ന പതിവുകൾക്കു വിരുദ്ധമാണെന്നാണ് ഇന്ത്യൻ നിലപാട്. കഴിഞ്ഞ മാസം മോദിക്കു യുഎസിലേക്കു പറക്കാനും പാക്ക് വ്യോമാതിർത്തി നിഷേധിച്ചിരുന്നു.പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോയിങ് 747 വിമാനംു 45 മിനുട്ട് അധികം പറന്നാണ് റിയാദിലെത്തിയത്. ഡൽഹിയിൽനിന്നു പുറപ്പെട്ട വിമാനം മുംബൈക്കു സമീപത്തുനിന്നു തിരിഞ്ഞ് കറാച്ചി വ്യോമപാത ഒഴിവാക്കിയാണു റിയാദിലേക്കു പോകയത്. അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ യാത്രാപാതയും ഒഴിവാക്കേണ്ടതുണ്ട്.

സൗദിയിൽ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പൊതുപരിപാടികളൊന്നുമില്ലെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഉന്നതതല പ്രതിനിധി സംഘവുമായെത്തുന്ന അദ്ദേഹം വിവിധ സൗദി മന്ത്രിമാരും വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP