Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം ആഘോഷിക്കുന്ന യഹൂദന്മാർ ഇവിടേയും ഉണ്ട്; ഇസ്രയേലിനായി സൈനിക സേവനം നടത്തിയാലും ഒസിഐ കാർഡുകൾ നൽകുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; നെതന്യാഹുവിന് സമ്മാനമായി നൽകിയവയിൽ മട്ടാഞ്ചേരിയിലെ 'യഹൂദ ശാസനവും': ടെൽ ആവീവിലെ താരമായി മോദി മാറിയത് ഇങ്ങനെ

ഓണം ആഘോഷിക്കുന്ന യഹൂദന്മാർ ഇവിടേയും ഉണ്ട്; ഇസ്രയേലിനായി സൈനിക സേവനം നടത്തിയാലും ഒസിഐ കാർഡുകൾ നൽകുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; നെതന്യാഹുവിന് സമ്മാനമായി നൽകിയവയിൽ മട്ടാഞ്ചേരിയിലെ 'യഹൂദ ശാസനവും': ടെൽ ആവീവിലെ താരമായി മോദി മാറിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

ടെൽ ആവീവ്: ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ഇസ്രയേലിലെ ടെൽ ആവീവിലേക്ക് വിമാന സർവീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെ ടെൽ ആവീവിലെ കൺവെൻഷൻ സെന്ററിൽ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓണം ആഘോഷിക്കുന്ന യഹൂദന്മാരും ഇസ്രയേലിലുണ്ടെന്ന് മോദി പറഞ്ഞു. കൈയടികളോടെയാണ് മോദിയുടെ പ്രഖ്യാപനങ്ങളെ കാണികൾ വരവേറ്റത്.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾക്ക് വേണ്ടിയുള്ള നിയമാവലികൾ ലളിതമാക്കുമെന്നും ഇസ്രയേലിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് കേവലം 25 വർഷങ്ങൾ മാത്രമേ ആയുള്ളുവെങ്കിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വേരുകളുണ്ടെങ്കിലും ഇസ്രയേലിൽ സൈനിക സേവനം അനുഷ്ഠിച്ചവർക്ക് ഒ സി ഐ കാർഡ് കിട്ടാൻ തടസ്സമുണ്ട്. ഇത് മാറ്റുമെന്നും മോദി അറിയിച്ചു.

ഇന്ത്യയിൽനിന്നു കുടിയേറിയ 80,000 യഹൂദവംശജർ ഇസ്രയേലിലുണ്ട്. മുംബൈ, കൊച്ചി, കൊൽക്കത്ത, മണിപ്പൂർ, മിസോറം എന്നീ മേഖലകളിൽനിന്നാണു യഹൂദർ കുടിയേറിയത്. മോദിക്ക് ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനും ആയിരങ്ങളെത്തി. പൊതുചടങ്ങുകളിലെല്ലാം മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ട നെതന്യാഹുവിന്റെ പ്രസ്താവനയിൽ, വിഖ്യാതനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജനെ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയുടെ മികവിന്റെയും പ്രതിഭയുടെയും പ്രതീകമാണ് രാമാനുജൻ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

മോദി നെതന്യാഹുവിന് നൽകാനായി സ്വർണ കിരീടം ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ കൊണ്ടുപോയത് മട്ടാഞ്ചേരിയിൽ നിന്നായിരുന്നു. മട്ടാഞ്ചേരിയിലെ യഹൂദസമൂഹത്തിന്റെ പ്രതിനിധികൾ നിധി പോലെ സൂക്ഷിച്ച ചരിത്ര ശേഷിപ്പുകളാണ് ഇസ്രയേൽ ഭരണാധികാരി നെതന്യാഹുവിന് നരേന്ദ്ര മോദി സമ്മാനിച്ചത്. മട്ടാഞ്ചേരിയിൽ പഴയ തലമുറയിൽപ്പെട്ട യഹൂദ കുടുംബമാണ് അമൂല്യമായ ഈ സമ്മാനങ്ങൾ നൽകിയത്. വിലമതിക്കാനാവാത്ത ഒരു സ്വർണ കിരീടവും രണ്ട് ചെമ്പ് തകിടുകളുടെ പകർപ്പുകളുമാണ് പ്രധാനമായും നൽകിയത്. കേരളത്തിലെ യഹൂദ സമുദായ പ്രമുഖന് ചേരമാൻ പെരുമാൾ നൽകിയ വിശേഷാധികാരങ്ങൾ സംബന്ധിച്ച ഉത്തരവാണ് ഒരു ചെമ്പ് തകിടിലുള്ളത്. 'യഹൂദശാസനം' എന്നറിയപ്പെടുന്ന ഈ രേഖ മട്ടാഞ്ചേരിയിലാണ് സൂക്ഷിച്ചിരുന്നത്.

യഹൂദന്മാർക്ക് ഇന്ത്യയുമായുണ്ടായിരുന്ന പ്രാചീന കച്ചവട ബന്ധത്തിന്റെ ഏറ്റവും പഴക്കമുള്ള രേഖയാണ് രണ്ടാമത്തെ ചെമ്പ് തകിട്. യഹൂദപ്പള്ളിക്ക് ഭൂമി നൽകുന്ന കാര്യവും നികുതി ഇളവ് നൽകുന്ന കാര്യവും ഉൾപ്പെടുന്ന രാജാവിന്റെ ഉത്തരവാണ് ഇതിലുള്ളത്. ഇതു കൂടാതെ യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ പുരാതന ൈകയെഴുത്ത് പ്രതിയും മട്ടാഞ്ചേരിക്കാർ നൽകിയ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതും നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യയിലെത്തിയ യഹൂദന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള പള്ളിയാണ് മട്ടാഞ്ചേരിയിലേത്. പരദേശി സിനഗോഗ് എന്നും പരദേശിപ്പള്ളി എന്നും അറിയപ്പെടുന്ന ഈ പള്ളി കേരളത്തിലെ പ്രധാനപ്പെട്ട യഹൂദ കേന്ദ്രമാണ്. പല പ്രധാന രേഖകളും ഈ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്.

നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ അഞ്ചു പേർ മാത്രമാണിപ്പോൾ യഹൂദന്മാരായി മട്ടാഞ്ചേരിയിലുള്ളത്. യഹൂദപ്പള്ളിയോടു ചേർന്നാണ് ഇവർ താമസിക്കുന്നത്. മുമ്പ് നൂറുകണക്കിന് യഹൂദ കുടുംബങ്ങൾ മട്ടാഞ്ചേരിയിലുണ്ടായിരുന്നു. കൊച്ചിയുടെ സാമൂഹ്യ ജീവിതത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സമൂഹമാണിത്. വ്യവസായ മേഖലയിലും വാണിജ്യ മേഖലയിലും ഇവർ മുൻപന്തിയിലായിരുന്നു. പിൽക്കാലത്ത് ഇവർ ഇസ്രയേലിലേക്ക് മടങ്ങിപ്പോയി. ചരിത്ര പ്രസിദ്ധമായ യഹൂദ സിനഗോഗിന്റെ സൂക്ഷിപ്പ് ചുമതല കൊച്ചിയിൽ അവശേഷിക്കുന്ന യഹൂദ സമുദായാംഗങ്ങൾക്കാണ്. ഏറ്റവും പഴക്കമുള്ള ഒരു കുടുംബമാണ് അമൂല്യമായ ചരിത്ര രേഖകൾ ഇസ്രയേൽ പ്രധാനമന്ത്രിക്ക് നൽകുന്നതിനായി വിട്ടു നൽകിയത്.

നേരത്തേ, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മോദിയും സംയുക്ത പ്രസ്താവനയിൽ അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരായ സമഗ്ര ഉടന്പടിക്കുവേണ്ടി പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഏഴു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണു കരാർ.

തന്ത്രപരമായ പങ്കാളിത്തത്തിലൂടെ തീവ്രവാദവും ഭീകരതയും തടയും

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കൂടുതൽ ശക്തമായി ഒരുമിച്ചു പ്രവർത്തിക്കാനും തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉഭയകക്ഷി ബന്ധം ഉയർത്താനും ഇന്ത്യയും ഇസ്രയേലും തീരുമാനിച്ചു. ഭീകരർക്കു സഹായവും അഭയവും നൽകുന്നവർക്കെതിരെ കർശന നടപടികൾക്കും ധാരണയായി. ഭീകരത, പ്രതിരോധം, കൃഷി, ശാസ്ത്ര ഗവേഷണം എന്നിവയടക്കം വിവിധ വിഷയങ്ങളിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ചർച്ചകൾ നടന്നത്. ബഹിരാകാശ ഗവേഷണം, കൃഷി, ജലവിഭവം തുടങ്ങിയ പ്രധാന മേഖലകളിലാണ് കരാർ ഒപ്പിടൽ.

വ്യവസായ വികസന - ഗവേഷണ രംഗത്തു നാലു കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിനും കാർഷിക മേഖലയിൽ മൂന്നു വർഷത്തേക്കുള്ള (2018-2020) സഹകരണത്തിനും കരാറായി. ഇന്ത്യയ്ക്കും ഇസ്രയേലിനും സങ്കീർണമായ ഭൂമിശാസ്ത്രമാണെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തന്ത്രപരമായ ഭീഷണികളെപ്പറ്റി ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു.

പ്രസിഡന്റ് റൂവൻ റിവ്ലിനുമായും മോദി ചർച്ച നടത്തി. കീഴ്‌വഴക്കങ്ങൾ മറികടന്ന് കാറിനടുത്തെത്തിയാണ് റിവ്ലിൻ മോദിയെ സ്വീകരിച്ചത്. 'ഇന്ത്യ ഇസ്രയേലിന്, ഇസ്രയേൽ ഇന്ത്യക്ക് -ഐ ഫോർ ഐ' എന്ന വാക്കുകളോടെയാണ് മോദി കൂടിക്കാഴ്ചയാരംഭിച്ചത്.

കുഞ്ഞു മോഷെ മോദിയെ കണ്ടു

മുംബൈയിൽ 2008-ൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മോഷെ ഹോൾട്സ്ബർഗും കുടുംബവും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രണ്ടുവയസ്സുമാത്രമുണ്ടായിരുന്ന കുഞ്ഞു മോഷെക്ക് ആക്രമണത്തിൽ മാതാപിതാക്കൾ നഷ്ടമായിരുന്നു. 'പ്രിയപ്പെട്ട മോദി, ഞാൻ താങ്കളെ സ്നേഹിക്കുന്നു' എന്ന വാക്കുകൾ വായിച്ചാണ് 11-കാരനായ മോഷെ മോദിയെ സ്വീകരിച്ചത്.

മുത്തച്ഛനും മുത്തശ്ശിയും ആയയായിരുന്ന ഇന്ത്യക്കാരി സാന്ദ്ര സാമുവേലും ഒപ്പമുണ്ടായിരുന്നു. നരിമാൻ ഹൗസിലുണ്ടായ ഭീകരാക്രമണ സമയത്ത് രണ്ടുവയസ്സുകാരൻ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച സാന്ദ്രയ്ക്ക് ഇസ്രയേൽ സർക്കാർ പിന്നീട് പൗരത്വം നൽകി. ഇപ്പോൾ അവിടെ ജോലി ചെയ്യുന്ന സാന്ദ്ര വാരാന്ത്യങ്ങളിൽ മോഷയുടെ കുടുംബത്തോടൊപ്പമാണ്. പതിമ്മൂന്നാം വയസ്സിൽ മോഷയുടെ 'ബാർ മിത്വാ'( യഹൂദബാലന്മാർക്കുള്ള മതചടങ്ങ്) മുംബൈയിൽ നടത്തുമെന്നും അപ്പോൾ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മുത്തച്ഛൻ റബ്ബി ഷിമോൺ റോസൻബർഗ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP