Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിജാബ് വിരുദ്ധ സമരത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 75 പേർ; സൗദി കിരീടാവകാശിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാജാവ്; എം ബി എസ് കൂടുതൽ കരുത്തിലേക്ക്

ഹിജാബ് വിരുദ്ധ സമരത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 75 പേർ; സൗദി കിരീടാവകാശിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാജാവ്; എം ബി എസ് കൂടുതൽ കരുത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

റാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കവെ മഹ്സ അമിനീന്ന യുവതി മരിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭണം ഇറാനിൽ ശക്തി പ്രാപിക്കുകയാണ്. തലമുടി പൂർണ്ണമായും മൂടാത്തതിനായിരുന്നു പൊലീസ് ഈ യുവതിയെ അറസ്റ്റ് ചെയ്തത്. ശിരോവസ്ത്രങ്ങൾ വലിച്ചെറിഞ്ഞും കത്തിച്ചും നിരവധി വനിതകളാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. ഇത് ഇറാനിൽ ഒതുങ്ങാതെ സമീപരാജ്യമായ ഇറാഖിലേക്കും വ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ ക്രൂരമായി നേരിടുന്ന ഇറാൻ ഭരണകൂടം ഇതുവരെ 76 പ്രധിഷേധക്കാരെ കൊന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഭരണകൂട ഭീകരത ഇറാനിൽ നടമാടുകയാണെന്നും, പ്രതിഷേധക്കാർക്ക് നേരെ കേട്ടുകേൾവിയില്ലാത്ത തരം ക്രൂരതകളാണ് കാണിക്കുന്നതെന്നും നോർവേ ആസ്ഥാനമായ ഇറാൻ ഹുമൻ റൈറ്റ്സ് ആരോപിക്കുന്നു. സർക്കാർ കണക്കുപ്രകാരം സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 41 മാത്രമാണ്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും.

നിരവധി പേരെ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിൽ ഇരുപതോളം പേർ മാധ്യമ പ്രവർത്തകരാണ്. പ്രതിഷേധക്കാർക്കെ നേരെ ക്രൂരമായ അടിച്ചമർത്തൽ തന്ത്രങ്ങൾ നടപ്പിലാക്കുന്നത് അപലപനീയമാണെന്ന് പറഞ്ഞ ഇറാൻ ഹ്യുമൻ റൈറ്റ്സ് ഡയറക്ടർ മഹമ്മൂദ് ആമിരി, ഇക്കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഇറാനെ ശക്തമായി അപലപിക്കണമെന്നും പ്രക്ഷോഭകാരികൾക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗവും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പ്രതിഷേധക്കാർക്ക് നൽകണമെന്നും യു എൻഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു. അമിനിയുടെ ഖബറടക്കം നടന്ന സെപ്റ്റംബർ 17 ന് ആരംഭിച്ച പ്രക്ഷോഭണം ഇതിനോടകം ഇറാനിലെ 80 ഓളം നഗരങ്ങളിലേക്ക് പടർന്നുകഴിഞ്ഞു. തൊട്ടടുത്ത ഇറാഖിന്റെ ഭാഗങ്ങളിലും ഹിജാബിനെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞതായും വാർത്തകളുണ്ട്.

സൗദി പ്രധാനമന്ത്രിയായി എം ബി എസ്

ഇറാനിൽ പരിവർത്തനത്തിനായി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ, തൊട്ടടുത്ത സൗദി അറേബ്യയിൽ പരിവർത്തങ്ങൾ പ്രാബല്യത്തിൽ വരുത്തിയ രാജകുമാരൻ കൂടുതൽ അധികാരങ്ങൾ ആർജ്ജിക്കുകയാണ്. സൗദി കിരീടാവകാശിയായ മൊഹമ്മദ് ബിൻ സൽമാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സൽമൻ രാജാവ് നിയമിച്ചു. എം ബി എസ് പരക്കെ അറിയപ്പെടുന്ന 37 കാരനായ രാജകുമാരൻ സൗദിയിലെ എല്ലാ മേഖലകളിലും ആധുനിക വത്ക്കരണം കൊണ്ടു വരുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.

എണ്ണയിൽ മാത്രം ആശ്രയിക്കപ്പെടുന്ന ഒരു സമ്പദ്വ്യവസ്ഥ എന്നതിൽ നിന്നും സൗദിയെ മാറ്റിയെടുക്കാനുള്ള എം ബി എസിന്റെ വിഷൻ 2030 എന്ന പദ്ധതി അതിവേഗം മുൻപോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നിരവധി സാമൂഹ്യ പരിഷ്‌കാരങ്ങളും എം ബി എസ് സൗദിയിൽ കൊണ്ടുവന്നു. സ്ത്രീകൾക്ക് വാഹനമോടിക്കുവാനുള്ള അവകാശം നൽകിയതാണ് അതിലൊന്ന്.

ലോകത്തിലെ പുരോഗമന വാദികൾക്കിടയിൽ ഏറെ പ്രിയങ്കരനായ എം ബി എസ് പക്ഷെ സൗദി ജേർണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ചീത്തപ്പേരുംസമ്പാദിച്ചിട്ടുണ്ട്. ഇസ്താൻബൂളിലെ സൗദി കോൺസുലേറ്റിൽ ഒരു സർട്ടിഫിക്കറ്റിനായി പോയ ഖഷോഗി കൊല്ലപ്പെടുകയായിരുന്നു. എം ബി എസിന്റെ സമ്മത പ്രകാരമാണ് ഇത് നടന്നതെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയത്. തന്റെ കീഴിലുള്ളവർ കൊലപാതകം ചെയ്തതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും, എന്നാൽ, താൻ ഒരിക്കലും ഖഷോഗിയെ കൊല്ലാൻ ഉത്തരവിട്ടിട്ടില്ല എന്നുമായിരുന്നു എം ബി എസിന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP