Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മാലിയിൽ 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ബാഗ്ദാദിയെ വധിച്ചതിന്റെ 'ബ്ലഡ് റിവെഞ്ച്'; പശ്ചിമാഫ്രിക്കൻ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐസിസ് തീവ്രവാദികൾ; പുതിയ തലവനായ അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകൾ അംഗീകരിച്ചുവെന്നും റിപ്പോർട്ട്; അമേരിക്കൻ സൈനിക ഓപ്പറേഷനിൽ ചിതറിപ്പോയ ഐസിസ് തീവ്രവാദികൾ പുതിയ തലവന്റെ കീഴിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു

മാലിയിൽ 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ബാഗ്ദാദിയെ വധിച്ചതിന്റെ 'ബ്ലഡ് റിവെഞ്ച്'; പശ്ചിമാഫ്രിക്കൻ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐസിസ് തീവ്രവാദികൾ; പുതിയ തലവനായ അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകൾ അംഗീകരിച്ചുവെന്നും റിപ്പോർട്ട്; അമേരിക്കൻ സൈനിക ഓപ്പറേഷനിൽ ചിതറിപ്പോയ ഐസിസ് തീവ്രവാദികൾ പുതിയ തലവന്റെ കീഴിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ബമാകോ (മാലി): ലോകത്തെ നടക്കുന്ന ഐസിസ് തീവ്രവാദത്തിന് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. ഇപ്പോൾ സജീവ സാന്നിധ്യമല്ലാത്ത ഇടങ്ങളിലേക്ക് ഐഎസ് തീവ്രവാദം വേരുന്നുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തീവ്രവാദികളാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മാലിയുടെ വടക്കൻ മേഖലയിലെ ഇൻഡെലിമാനിൽ സൈനിക പോസ്റ്റിനു നേരെ നവംബർ ഒന്നിന് ഉച്ചയ്ക്കുണ്ടായ ഭീകരാക്രമണത്തിൽ 50 സൈനികരാണു വീരമൃത്യു വരിച്ചത്. മൂന്നു പേർക്കു പരുക്കേറ്റിരുന്നു.

മാലിയിൽ നടന്ന തീവ്രവാദി ആക്രമണം ബാഗ്ദാദിയെ വധിച്ചതിന്റെ 'ബ്ലഡ് റിവെഞ്ച്' ആണെന്ന വിധത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സമാധാന സംരക്ഷണത്തിന് ഫ്രാൻസിന്റെയും രാജ്യാന്തര സേനയുടെയും സാന്നിധ്യമുണ്ടായിട്ടും തലസ്ഥാനമായ ബമാകോ മേഖലയിലുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചു. വെടിവെയ്പിനു പിന്നാലെ ശനിയാഴ്ച പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരു ഫ്രഞ്ച് സൈനികനും മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഐഎസ് തലവൻ അബൂബക്കർ അൽബഗ്ദാദിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുണ്ടായ ഭീകരാക്രമണം യുഎസിനെ ഉൾപ്പെടെ ആശങ്കപ്പെടുത്തുന്നതാണ്. പുതിയ ഐസിസ് തലവൻ അതീവ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് മാലിയിൽ ഭീകരാക്രമണം ഉണ്ടായിരിക്കുന്നതും. മധ്യപൂർവദേശത്തു നിന്നു പിൻവലിഞ്ഞ ഐഎസ് ഭീകരർ സംഘർഷഭരിതമായ ആഫ്രിക്കൻ മേഖലയിൽ ശക്തി പ്രാപിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു നിരീക്ഷകർ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിലയിരുത്തൽ.

ഉച്ചഭക്ഷണ സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒട്ടേറെ സൈനികവാഹനങ്ങൾ തകർത്തു. ചിലതു ഭീകരർ തട്ടിയെടുത്തു. മാലി, നൈഗർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളുടെ അതിർത്തി ചേരുന്ന മേഖലയിലാണു ഭീകരർ ശക്തി പ്രാപിക്കുന്നതെന്നും ഇതു തടയേണ്ടത് അത്യാവശ്യമാണെന്നും ഫ്രഞ്ച് പ്രതിരോധവകുപ്പ് അറിയിച്ചു. ഉടൻ തന്നെ മാലി സന്ദർശിക്കുമെന്ന് ഫ്രഞ്ച് ആംഡ് ഫോഴ്‌സസ് വകുപ്പ് മന്ത്രി ഫ്‌ളോറൻസ് പാർലി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിന്റെ മുൻ കോളനിയായിരുന്നു മാലി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

5000ത്തോളം സൈനികരുമായി ജി5 സഹേൽ ഫോഴ്‌സിനെ മേഖലയിൽ ഭീകരതയെ പ്രതിരോധിക്കാനായി രൂപീകരിച്ചിരുന്നു. യുഎൻ സമാധാന ദൗത്യസേനയും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. 2012ലുണ്ടായ കലാപം അടിച്ചമർത്തുന്നതിൽ സൈന്യം പരാജയപ്പെട്ടതിനു പിന്നാലെ വടക്കൻ മാലിയിൽ അൽഖായിദ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തുടർന്ന് ഫ്രഞ്ച് സൈന്യമെത്തിയാണ് ഭീകരരെ തുരത്തിയത്. ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അത്. പക്ഷേ ഇപ്പോഴും മൈൻ ആക്രമണങ്ങൾ ഉൾപ്പെടെ തെക്കൻ മാലിയിലും മധ്യമേഖലയിലും ഭീകരർ നടത്തുന്നുണ്ട്.

ഒരു മാസം മുൻപ് ബുർക്കിന ഫാസോ അതിർത്തിയിൽ രണ്ടു ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചിരുന്നു. നൈഗറിലും മാലിയിലും ബുർക്കിന ഫാസോയിലും നിലനിൽക്കുന്ന വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മുതലെടുത്താണു ഭീകരർ ശക്തി പ്രാപിക്കുന്നതെന്നു വിദഗ്ദ്ധർ പറയുന്നു. മാലിയിലാകട്ടെ വടക്കൻ മേഖലയിൽ നിന്നു മധ്യഭാഗത്തേക്കു സംഘർഷം പടരുകയാണ്. സൈനികർക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കിയില്ലെന്ന് ആരോപിച്ചു കുടുംബാംഗങ്ങൾ തെരുവിലിറങ്ങിക്കഴിഞ്ഞു. സെൻട്രൽ മാലി നഗരത്തിന്റെ നിയന്ത്രണം സർക്കാരിനു നഷ്ടമായ സ്ഥിതിയിലാണ്.

സിറിയയിൽ ഐഎസ് ശക്തിപ്രാപിച്ചു സ്വന്തം ഭരണകൂടം സ്ഥാപിച്ചതു പോലുള്ള സാഹചര്യങ്ങൾക്കാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിലവിലുള്ള പ്രശ്‌നങ്ങൾ വഴിമരുന്നിടുന്നതെന്നും നിരീക്ഷകർ പറയുന്നു. അതിനിടെ പുതിയ തലവനായ അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകൾ അംഗീകരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരുടെ മുഖംമറച്ച ചിത്രങ്ങളും നാഷെർ ന്യൂസ് പുറത്തുവിട്ടു. അൽഖുറൈഷിക്ക് ഐക്യദാർഢ്യവുമായി ഐഎസ് പതാകയ്ക്കു കീഴെ നിൽക്കുന്ന ചിത്രമാണു പുറത്തെത്തിയത്. ഈജിപ്തിലെ സിനായ് മേഖലയിലുള്ള ഭീകരരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള രണ്ടാമത്തെ ചിത്രം പുറത്തുവിട്ടത്.

അബു ഇബ്രാഹിം അൽഹാഷിമി അൽഖുറൈഷിയായിരിക്കും ഇനി മുതൽ ഐഎസ് തലപ്പത്ത്. അബു ഹംസ അൽഖുറൈഷിയാണ് ഭീകരസംഘടനയുടെ പുതിയ വക്താവെന്നും ഐഎസ് മാധ്യമ വിഭാഗം അറിയിച്ചിരുന്നു. 2014 മുതൽ ഐഎസ് തലപ്പത്തുള്ള ബഗ്ദാദിയെ ഒക്ടോബർ 26ന് സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിൽ നടന്ന പോരാട്ടത്തിലാണ് യുഎസ് സൈന്യം വകവരുത്തിയത്. തൊട്ടടുത്ത ദിവസം സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഐഎസ് വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇയാൾ ബഗ്ദാദിയുടെ പകരക്കാരനാകുമെന്ന് യുഎസ് ഉൾപ്പെടെ കണക്കുകൂട്ടിയിരുന്നത്. പിൻഗാമിയാകാൻ ഐഎസ് തീരുമാനിച്ചു വച്ചിരിക്കുന്നവരും നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായാണു പുതിയ റിപ്പോർട്ടുകൾ.

ബഗ്ദാദി മരണത്തിലേക്ക് നിലവിളിച്ചു കൊണ്ടോടുകയായിരുന്നുവെന്നു വ്യക്തമാക്കിയ ട്രംപിനുള്ള ഭീഷണിയും ഐഎസ് സന്ദേശത്തിലുണ്ടായിരുന്നു. 'ഭ്രാന്തനായ വയസ്സൻ' എന്നായിരുന്നു ട്രംപിനെ ഓഡിയോ സന്ദേശത്തിൽ ഐഎസ് വിശേഷിപ്പിച്ചത്. ബഗ്ദാദിയുടെ മരണത്തിലുള്ള പ്രതികാരം ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. 'അമേരിക്ക ആഹ്ലാദിക്കേണ്ട. ഇത്രയും നാൾ നിങ്ങൾ അനുഭവിച്ച പേടിയേക്കാളും ഭീകരമായിരിക്കും പുതിയ ആൾ നിങ്ങൾക്കു തരാൻ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുന്നുവെന്നു പോലും നിങ്ങൾക്ക് ആ ക്രൂരത അനുഭവിക്കുമ്പോൾ തോന്നിപ്പോകും...' ഓഡിയോ സന്ദേശത്തിൽ പറയുന്നു.

ബിൻ ലാദന്റെ മരണത്തോടെ അൽഖായിദ ഭീകരർ പിൻവലിയുകയും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചടിക്കുകയുമായിരുന്നു. ബഗ്ദാദിയുടെ കാര്യത്തിലും ഈ 'ഇടവേള' യുഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മരണം നടന്ന് ദിവസങ്ങൾക്കകം ഐഎസിന്റെ നിയമനിർമ്മാണ ഉപദേശക സംഘം, ശൂറ കൗൺസിൽ, ചേരുകയായിരുന്നു. തുടർന്നു പുറത്തുവിട്ട ഏഴു മിനിറ്റ് ഓഡിയോ സന്ദേശത്തിലാണ് ബഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിക്കുകയും പുതിയ തലവനെ പ്രഖ്യാപിക്കുകയും ചെയ്തത്.

എന്നാൽ അബു ഇബ്രാഹിം അൽഖുറൈഷിയെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പാശ്ചാത്യലോകത്തിനു ലഭ്യമായിട്ടില്ല. നേരത്തേ പലപ്പോഴും ബഗ്ദാദി കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ഒരിക്കൽ ഐഎസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. അപ്പോഴൊന്നും ഐഎസിന്റെ തലപ്പത്തേക്ക് വരാൻ സാധ്യതയുണ്ടായിരുന്നവരുടെ പട്ടികയിൽ അൽഖുറൈഷിയുടെ പേരുണ്ടായിരുന്നില്ല. വളരെ അപൂർവമായി മാത്രമേ ഇയാളുടെ പേര് ഐഎസിൽ പോലും പരാമർശിക്കപ്പെട്ടിരുന്നുള്ളൂ. ഇതുതന്നെയാണ് യുഎസ്, ഇറാഖ്, സിറിയൻ ഇന്റലിജൻസിനെ ഉൾപ്പെടെ കുഴക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP