Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്വേഷ പ്രസംഗത്തിൽ ഒടുവിൽ സാക്കിർ നായിക്കിന് നോട്ടീസ്; മലേഷ്യയിലെ ഹിന്ദുക്കൾക്ക് വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസംഗത്തിൽ വിശദീകരണം തേടിയത് ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ; നടപടി വിവാദം അന്താരാഷ്ട്രതലത്തിൽ എത്തിയതോടെ മുഖം രക്ഷിക്കാൻ; മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തോട് സാക്കിർ നായിക്ക് മാപ്പുപറയണമെന്നും ആവശ്യം

വിദ്വേഷ പ്രസംഗത്തിൽ ഒടുവിൽ സാക്കിർ നായിക്കിന് നോട്ടീസ്; മലേഷ്യയിലെ ഹിന്ദുക്കൾക്ക് വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസംഗത്തിൽ വിശദീകരണം തേടിയത് ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ; നടപടി വിവാദം അന്താരാഷ്ട്രതലത്തിൽ എത്തിയതോടെ മുഖം രക്ഷിക്കാൻ; മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തോട് സാക്കിർ നായിക്ക് മാപ്പുപറയണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

 ക്വാലാലംപുർ: മലേഷ്യയിലെ ഇന്ത്യാക്കാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന് മലേഷ്യൻ സർക്കാറിന്റെ നോട്ടീസ്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ ആണ് വിശദീകരണം തേടിയ വിവരം പുറത്തുവിട്ടതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മലേഷ്യയിലെ ഹിന്ദുക്കൾക്ക് മലായ് പ്രധാനമന്ത്രിയെക്കാൾ വിശ്വാസവും കൂറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതേതുടർന്ന് സാക്കിർ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ കൂടിയായ മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരൻ രംഗത്തെത്തി. സാക്കിർ നായിക്കിനെ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്ന് മന്ത്രി കുലശേഖരൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സർക്കാർ തലത്തിൽനിന്നു തന്നെ ഉയർന്നതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ജീവൻ അപകടത്തിലായ സാഹചര്യത്തിൽ അദ്ദേഹം മലേഷ്യയിൽ തന്നെ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.''അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.''- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 60 ശതമാനം മുസ് ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലെ ആകെ ജനസംഖ്യ 32 ദശലക്ഷമാണ്. ഇതിൽ ചൈനക്കാരും ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇന്ത്യക്കാരിൽ ഹിന്ദുക്കളാണ് കൂടുതലുള്ളത്. ഇവരുടെ വികാരം മാനിക്കാനാണ് താൽക്കാലികമായി ഒരു നോട്ടീസ് നൽകിയതെന്നാണ് പറയുന്നത്. ഇതിൽ നായിക്കിന്റെ ഒരു വിശദീകരണത്തോടെ വിവാദം അവസാനിപ്പിക്കാനാണ് മലേഷ്യൻ സർക്കാറിന്റെ നീക്കം.


ഇന്ത്യൻ വംശജനായ സാക്കിർ നായിക്ക് വിവാദങ്ങളെ തുടർന്ന് മലേഷ്യയിലേക്ക് കുടിയേറി സ്ഥിരം താമസക്കാരൻ എന്ന പദവി നേടിയ വ്യക്തിയാണ്. എന്നാൽ ഇതേ കുടിയേറ്റക്കാരൻ തന്നെ തലമുറകൾക്ക് മുമ്പ് മലേഷ്യയിൽ കുടിയേറിയ ഇന്ത്യാക്കാരെ ആക്ഷേപിക്കുന്നതിന്റെ വൈരുധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. സാക്കിർ നായിക്കിന്റെ പ്രസതാവനക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരൻ പ്രതികരിച്ചത്. 'നായിക്, മലേഷ്യയ്ക്ക് പുറത്തുനിന്നുള്ളയാളാണ് മാത്രമല്ല അഭയാർത്ഥിയുമാണ്.മലേഷ്യയുടെ പുരാതനമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്ക് ഈ നാട്ടിലെ ജനവിഭാഗത്തെപ്പറ്റി മോശം പരാമർശം നടത്താൻ ആരാണ് അനുവാദം നൽകിയത്, ഈ നാടിനോട് അയാൾക്ക് എന്ത് പ്രതിബദ്ധതയാണുള്ളത് ? മലേഷ്യൻ മന്ത്രി ചോദിച്ചു.സ്ഥിരംപൗരത്വമുള്ള ഒരാളിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഈ വിഷയം ക്യാബിനറ്റ് മീറ്റിംഗിൽ ഉന്നയിക്കുമെന്നും കുലശേഖര പറഞ്ഞു. ഇവിടത്തെ ബഹുസ്വരതയേയും സവിശേഷതയ്യാർന്ന ജീവിതശൈലികളേയും അപകടത്തിലാക്കിയാൽ മുസ്ലിം സമൂഹത്തിന്റെ പിന്തുണകിട്ടുമെന്നാണോ ചിന്തിച്ചത്?- മലേഷ്യൻ മന്ത്രി ചോദിച്ചു.

'ഇവിടത്തെ നികുതിദായകരുടെ പണംകൊണ്ടനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷയും മുതലെടുക്കുകയാണ് സക്കീർ നായ്ിക് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മറ്റെല്ലാ ഇസ്ലാമികരാജ്യങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായി കഴിയുന്നതിന് കാരണം രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ മികച്ച സൗഹൃദവും ആദരവും സ്വാതന്ത്ര്യം നേടിയതുമുതൽ നിലനിൽക്കുന്നതിനാലാണ്.ഈ നാടിന്റെ പരമോന്നത നിയമം മതേതരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമാണ ്' ഇപ്പോ ബാരത് മേഖലയുടെ എംപി കൂടിയായ കുലസേഖര ഓർമ്മിപ്പിച്ചു.

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

കണ്ണിൽ നോക്കി മതം മാറ്റാൻ കഴിവുള്ളയാൾ എന്നാണ് സാക്കിർ നായിക്ക് അറിയപ്പെട്ടിരുന്നു. എവിടെ തീവ്രവാദികൾ പടിക്കപ്പെടുന്നുവോ അവിടെ സാക്കർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തുക എന്നതും ലോകവ്യാപകമായി നടക്കുന്ന പ്രതിഭാസമാണ്. കടുത്ത മതതീവ്രവാദത്തിന്റെ പേരിൽ ഇന്ത്യാ ഗവൺമെന്റ് കുറ്റംചുമത്തിയിരിക്കെ മലേഷ്യയിൽ അഭയംപ്രാപിച്ചിരിക്കുന്നയാളാണ് സാക്കിർനായിക്. ഇന്ത്യൻ ഏജൻസികൾ മുൻപ് രണ്ട് തവണ സാക്കിർ നായിക്കിന് വേണ്ടി ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റർപോൾ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.സാക്കിർ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചത്. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടും ഇന്റർപോൾ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം.മലേഷ്യ ഇന്റർപോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവർ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സാക്കിർ നായികിനെ വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്.സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാക്കിർ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP