Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരരെ നേരിടാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കമാൻഡോകളെ വേണ്ട; ശ്രീലങ്കൻ സൈന്യം പ്രാപ്തിയുള്ളവരാണ്; ഞങ്ങൾ അവർക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താൽ മാത്രം മതിയെന്ന് മഹീന്ദ രാജപക്സെ; ദ്വീപു രാജ്യത്തിന് ഇന്ത്യ നീട്ടിയ സഹായഹസ്തം നിരസിച്ച് മുൻ പ്രസിഡന്റ്

ഭീകരരെ നേരിടാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കമാൻഡോകളെ വേണ്ട; ശ്രീലങ്കൻ സൈന്യം പ്രാപ്തിയുള്ളവരാണ്; ഞങ്ങൾ അവർക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താൽ മാത്രം മതിയെന്ന് മഹീന്ദ രാജപക്സെ; ദ്വീപു രാജ്യത്തിന് ഇന്ത്യ നീട്ടിയ സഹായഹസ്തം നിരസിച്ച് മുൻ പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഭീകരസംഘടനകൾ ശ്രീലങ്കക്കെതിരെ തിരഞ്ഞ വേളയിൽ ഇന്ത്യ സുരക്ഷയൊരുക്കാൻ സജ്ജമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ഭീകരവാദികളെ നേരിടാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ എൻ.എസ്.ജി കമാൻഡോകൾ വേണ്ടെന്നും അവരെ ശ്രീലങ്ക തന്നെ നേരിടുമെന്നും ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ വ്യക്തമാക്കി. വാഗ്ദാനത്തിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. ഞങ്ങൾ അവർക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താൽ മാത്രം മതി.'- അദ്ദേഹം ന്യൂസ് 18-ന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

ശ്രീലങ്ക ആവശ്യപ്പെട്ടാൽ എൻ.എസ്.ജി കമാൻഡോകളെ അയക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജപക്സെയുടെ പ്രതികരണം. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ഇരുവരും രാഷ്ട്രീയം കളിക്കുന്നതിന്റെ തിരക്കിലായപ്പോൾ വില കൊടുക്കേണ്ടിവന്നത് രാജ്യസുരക്ഷയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ചിലർക്ക് ആശങ്ക വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് കത്തോലിക്കാ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനപരമ്പരയിൽ 253 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനയായ ഐ.എസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ) എന്ന സംഘടനയാണ് ഇതിനുത്തരവാദികൾ എന്നാണ് ശ്രീലങ്ക വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും മികച്ച വിഭാഗമായ എൻഎസ്ജിയുടെ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ് കൊളംബോയിലേക്ക് പോകാൻ സജ്ജമാണെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. ശ്രീലങ്കയിലെ കഴിഞ്ഞ ഒരാഴ്ചയായി നിലനിൽക്കുന്ന അവസ്ഥ ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുകയാണെന്നും ഒപ്പം തന്നെ വേണ്ടിവന്നാൽ എൻഎസ്ജിയെ ശ്രീലങ്കയിലേക്ക് അയക്കാമെന്ന വിധത്തിലായിരുന്നു ദേശീയ മാധ്യമങ്ങളൽ വന്ന വാർത്തകൾ.

തൗഹിത്ത് ജമായത്ത് എന്ന ഭീകരസംഘടനയാണ് ഈസ്റ്റർ ദിനത്തിൽ ലങ്കയെ കരയിക്കുന്ന ഭീകരാക്രമണം നടത്തിയത്. കുട്ടികളും സ്ത്രീകളും വയസ്സായവരും എല്ലാം തന്നെ ഭീതിജനകമായ അവസ്ഥയിലാണ് കഴിയുന്നത്. അതിനിടെ ശ്രീലങ്കയിൽ ഐഎസ്ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ് കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ശ്രീലങ്കൻ പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ആറ് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു.

കൽമുനായിയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. വീട്ടിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാർക്കൊപ്പം താമസിക്കുകയായിരുന്ന മൂന്ന് ഐഐസ്ഐഎസ് ചാവേറുകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ചാവേറുകളുടെ മൃതദേഹം വീടിന് പുറത്തും വീട്ടുകാരുടെ മൃതദേഹം വീടിനുള്ളിലുമായാണ് കാണപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP