Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ ചായ സത്കാരത്തിലേക്കു ക്ഷണം ലഭിച്ച ഏക മലയാളിയായി സുജു ഡാനിയേൽ; സാം പിത്രോദയടക്കം പങ്കെടുത്ത സൗഹൃദ വിരുന്നിൽ കാര്യവും തമാശയും ഇടകലർന്നപ്പോൾ ചർച്ചയായത് 2024ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ; അപ്രതീക്ഷിതമായി സോണിയയും വിഡിയോ കോളിൽ

രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ ചായ സത്കാരത്തിലേക്കു ക്ഷണം ലഭിച്ച ഏക മലയാളിയായി സുജു ഡാനിയേൽ; സാം പിത്രോദയടക്കം പങ്കെടുത്ത സൗഹൃദ വിരുന്നിൽ കാര്യവും തമാശയും ഇടകലർന്നപ്പോൾ ചർച്ചയായത് 2024ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ; അപ്രതീക്ഷിതമായി സോണിയയും വിഡിയോ കോളിൽ

പ്രത്യേക ലേഖകൻ

കവൻട്രി: യുകെയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി ഔദ്യോഗിക തിരക്കുകൾക്കിടയിൽ നടത്തിയ സൗഹൃദ വിരുന്നിൽ ക്ഷണം ലഭിച്ച ഏക യുകെ മലയാളിയായി സുജു ഡാനിയൽ. ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ സൗഹൃദ വിരുന്നിൽ ഇടം ലഭിച്ച സുജുവിനും ഒരു മേശക്കു ചുറ്റും ഇരുന്നുള്ള കൂടിക്കാഴ്ചയിൽ രാഹുലുമായി സംവദിക്കാൻ ആവശ്യത്തിലേറെ സമയം ലഭിച്ചു. കളിയും ചിരിയും തമാശയും ഒപ്പം ഗൗരവം കലർന്ന ചർച്ചയും ആയതോടെ സൗഹൃദ വിരുന്ന് ഇടയ്ക്ക് ഇന്ത്യയിലെ അടുത്ത പൊതു തിരഞ്ഞെടുപ്പ് തന്ത്രം സംബന്ധിച്ച കാര്യങ്ങളിലും സജീവമായി. ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സമയം രാത്രി പത്തര ആയതോടെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും അപ്രതീക്ഷിതമായി ഫോണിൽ വിഡിയോ കോളിൽ എത്തിയത് വിരുന്നിന് ഇരട്ടി മധുരമായി മാറുക ആയിരുന്നു.

രാഹുലിനൊപ്പം എത്തിയ കോൺഗ്രസ് സഹയാത്രികൻ സാം പിത്രോദയും സൗഹൃദ വിരുന്നിൽ സജീവ പങ്കാളിയായ ഘട്ടത്തിൽ സോണിയ ഏവരോടും കുശലം പങ്കിട്ടാണ് സംസാരം അവസാനിപ്പിച്ചത്. സാം പിത്രോദ മുൻകൈ എടുത്താണ് ചടങ്ങ് സംഘടിപ്പിച്ചതും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയുള്ള സൗഹൃദ വിരുന്നിൽ ലക്ഷ്യം വ്യക്തവും ആയിരുന്നു, എന്തായിരിക്കണം 2024 ലേക്കുള്ള കോൺഗ്രസ് തന്ത്രങ്ങൾ.



ഈ വിഷയത്തിൽ വിരുന്നിനെത്തിയവർ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചത് സാകൂതം രാഹുൽ ശ്രദ്ധിക്കുകയും അതിൽ തന്റെ സംശയങ്ങൾ ആശയങ്ങൾ പങ്കിട്ടവരുമായി ചർച്ച ചെയ്യുകയും ചെയ്തത് വിരുന്നിനെത്തിയവർക്കു ആവേശമായി. ഈ ഘട്ടത്തിൽ കേരള രാഷ്ട്രീയത്തിലെ മുന്നണി ആശയം ശക്തമായി നടപ്പാക്കാൻ കോൺഗ്രസ് ദേശീയ തലത്തിൽ ശ്രമം നടത്തേണ്ട കാര്യവും പ്രാദേശികമായി കൂടുതൽ കൂട്ടായ്മകൾ രൂപപ്പെടുത്തേണ്ടതും സുജു സൂചിപ്പിച്ചു. ഇതിനു കോൺഗ്രസ് നേതൃത്വം ശക്തമായ ശ്രമങ്ങൾ നടത്തുകയാണെന്നും രാഹുൽ മറുപടി നൽകി.

വരും മാസങ്ങളിൽ കൂടുതൽ ശക്തമായ പ്രവർത്തനവുമായി ഒഐസിസി യുകെ ഘടകം ഒപ്പം നിൽക്കണം എന്ന സന്ദേശമാണ് പ്രധാനമായും രാഹുൽ നൽകിയത്. വിദേശ ഇന്ത്യക്കാർ നൽകുന്ന ഊർജ്ജം ഇന്ത്യയിലെ ഓരോ പാർട്ടി പ്രവർത്തകരിലും ആവേശം നിറയ്ക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയോടുള്ള പ്രവർത്തകരുടെ സ്‌നേഹവും നന്ദിയും വിദേശ ഇന്ത്യക്കാർ കൂടുതൽ കാട്ടുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കുമ്പോൾ വിരുന്നിനെത്തിയവർക്കു കുടുംബത്തിൽ നടക്കുന്ന ചർച്ച എന്ന വികാരമാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് കമൽ ദളിവാല, നേതാക്കളും പ്രവർത്തകരുമായ ഗുർവീന്ദർ രൺധാവ, വേണുഗോപാൽ ഗാമ്പ, സുധാകർ ഗൗഡ്, വിക്രം ദുഹാൻ, ആശ്ര അഞ്ചും എന്നിവരാണ് വിരുന്നിൽ സജീവ സാന്നിധ്യമായത്.



ഇന്ത്യയെ ഭരണഘടനാ അനുവദിക്കും വിധം മതേതര വീക്ഷണത്തോടെ പുനഃ സൃഷ്ടിക്കുന്ന ഉത്തരവാദിത്തമാണ് 2024 തിരഞ്ഞെടുപ്പ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യമെന്നും രാഹുൽ ചടങ്ങിൽ വ്യക്തമാക്കി. പ്രത്യേകിച്ചും വിദേശ രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ മതേതര മുഖത്തിന് വല്ലാത്ത ചുളിവ് വീണു കഴിഞ്ഞ ഈ ഘട്ടത്തിൽ ഇന്ത്യൻ വംശജരുടെ ഇടപെടലുകൾ അനിവാര്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളി ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനം ഉണ്ടാകുമെന്നും അദ്ദേഹം വിരുന്നിനെത്തിയവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ മുഴുവൻ സമയവും രാഹുൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി സഹപ്രവർത്തകരുടെ മനസിലേക്കാണ് കടന്നെത്തിയത്.



ആരെയും ആക്രമിക്കുക എന്നത് കോൺഗ്രസ് ശൈലിയല്ല. എങ്കിലും ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾ വരെ ഇല്ലാതാക്കുന്ന രാഷ്ട്രീയ ശൈലിയെ എതിർക്കുക തന്നെ ചെയ്യും. അത്തരം കാര്യങ്ങളോട് നിശ്ശബ്ദരായിരിക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകർക്കും സാധിക്കില്ല. ഇക്കാര്യത്തിൽ വിദേശത്തു നിന്നും കോൺഗ്രസ് പ്രവർത്തകരുടെ ശബ്ദം ഉയരണം, അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.

കൊല്ലത്തെ പത്തനാപുരം സ്വദേശിയായ സുജു ഡാനിയൽ ഏറെക്കാലമായി യുകെയിലെ വാറ്റ്ഫോഡിലാണ് താമസം. വാറ്റ്ഫോഡ് മലയാളി കൂട്ടായ്മയായ കേരള കമ്യുണിറ്റി ഫൗണ്ടേഷൻ സ്ഥാപക അംഗം കൂടിയാണ്. കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സുജു യുകെയിൽ സാധ്യമായ നിലയിലൊക്കെ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ജീവകാരുണ്യ രംഗത്തെ പ്രവർത്തനത്തിന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ പ്രസ്ഥാനം എന്നറിയപ്പെടുന്ന കൊല്ലത്തെ ഗാന്ധി ഭവൻ ആദരവും സുജുവിനെ തേടി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒഐസിസി യുകെ കേരള ഘടകം സംഘടിപ്പിച്ച തെക്കേമുറി ഹരിദാസ് സ്മാരക അവാർഡ് നിർണയത്തിൽ ജഡ്ജിങ് പാനൽ അംഗവും ആയിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP