Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌മേഖലകളിൽ പോലും മുന്നേറ്റമുണ്ടാക്കി രാജപക്‌സെ കുടുംബം; റനിൽ വിക്രമസിംഗെയുടെ പാർട്ടിക്ക് സമ്പൂർണ്ണ പരാജയം; ഇന്ത്യയുമായി കൂടുതൽ അടുത്തതോടെ മഹീന്ദ്ര രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയാകാൻ വീണ്ടും അവസരമൊരുങ്ങുന്നു; ശ്രീലങ്കയിൽ വീണ്ടും കരുത്ത് കാട്ടി ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി; വീണ്ടും പ്രസിഡന്റിന് ലങ്കയിൽ അധികാരം കൂടിയേക്കും

തമിഴ്‌മേഖലകളിൽ പോലും മുന്നേറ്റമുണ്ടാക്കി രാജപക്‌സെ കുടുംബം; റനിൽ വിക്രമസിംഗെയുടെ പാർട്ടിക്ക് സമ്പൂർണ്ണ പരാജയം; ഇന്ത്യയുമായി കൂടുതൽ അടുത്തതോടെ മഹീന്ദ്ര രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയാകാൻ വീണ്ടും അവസരമൊരുങ്ങുന്നു; ശ്രീലങ്കയിൽ വീണ്ടും കരുത്ത് കാട്ടി ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി; വീണ്ടും പ്രസിഡന്റിന് ലങ്കയിൽ അധികാരം കൂടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജപക്‌സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി (എസ്എൽപിപി) വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയോട് ഒരുകാലത്ത് താൽപ്പര്യം കാട്ടാത്ത ഭരണ നേതൃത്വമായിരുന്നു രാജപക്‌സെയുടേത്. ചൈനയുമായിട്ടായിരുന്നു കൂടുതൽ സൗഹൃദം. ഇതേ തുടർന്ന് ചില ഇടപെടൽ ഇന്ത്യ നടത്തി. ഇതായിരുന്നു 2015ൽ രാജപക്‌സെയ്ക്ക് ഭരണം നഷ്ടമാക്കിയത്. എന്നാൽ കാലം മാറിയപ്പോൾ അവർ ഇന്ത്യയുമായി അടുത്തു. ഇതിന്റെ പ്രതിഫലനങ്ങൾ വോട്ടെടുപ്പ് ഫലത്തിലും ദൃശ്യമാണ്.

13 ഇലക്ടറൽ ജില്ലകളിൽ 9 എണ്ണത്തിലും പീപ്പിൾസ് പാർട്ടി മുന്നിലാണ്. ആകെ 22 ഇലക്ടറൽ ജില്ലകളാണുള്ളത്. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന യുണൈറ്റഡ് നാഷനൽ പാർട്ടിക്ക് (യുഎൻപി) വൻ തിരിച്ചടി നേരിട്ടു. നിലവിൽ അഞ്ചാം സ്ഥാനത്താണ് പാർട്ടിയുടെ നില. യുഎൻപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച സജിത് പ്രേമദാസയുടെ സമാഗി ജനബലവേഗയ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. മാർക്‌സിസ്റ്റ് ആഭിമുഖ്യമുള്ള ജനത വിമുക്തി പെരമുന (ജെവിപി) സഖ്യം പോലും യുഎൻപിയേക്കാൾ വോട്ടുകൾ നേടി. ഇത് വിക്രമസിംഗെയ്ക്ക് വലിയ തിരിച്ചടിയാണ്. ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായുള്ള അധികാരശ്രേണിയിൽ സഹോദരൻ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയാകാനാണ് സാധ്യത. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ പ്രസിഡന്റിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കാനാകും പീപ്പിൾസ് പാർട്ടിയുടെ ശ്രമം.

സിംഹള ഭൂരിപക്ഷമുള്ള തെക്കൻ ജില്ലകളിൽ 70% വോട്ടുകൾ വരെ നേടിയാണ് പീപ്പിൾസ് പാർട്ടിയുടെ മുന്നേറ്റം. ജാഫ്‌ന ഉൾപ്പെടെയുള്ള തമിഴ് ഭൂരിപക്ഷ മേഖലകളിൽ മാത്രമാണ് എസ്എൽപിപിക്ക് അൽപ്പം കോട്ടമുണ്ടായത്. എങ്കിലും തമിഴ് മേഖലകളിൽ പോലും രാജപക്‌സെയുടെ പാർട്ടിയുമായി സഖ്യത്തിലുള്ള തമിഴ് ഈഴം പീപ്പിൾസ് പാർട്ടി നേട്ടമുണ്ടാക്കി. ഇത് ഇന്ത്യൻ ഇടപെടലുകൾ രാജപ്കസെ കുടുംബത്തിന് അനുകൂലമായി മാറിയതിന്റെ സൂചനയാണ്. 225 അംഗ പാർലമെന്റിൽ 196 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകൾ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് വീതിച്ചു നൽകും.

വ്യാഴാഴ്ച രാവിലെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 225 അംഗ പാർലമെന്റിൽ എസ്.എൽ.പി.പി. വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണ് സൂചനയിൽ വ്യക്തമാവുന്നതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകർ പറഞ്ഞു. വടക്കൻ ശ്രീലങ്കയിൽ തമിഴ് ന്യൂനപക്ഷങ്ങൾ കൂടുതലുള്ളിടത്ത് ജാഫ്‌ന പോളിങ് ഡിവിഷനിൽ തമിഴ് പാർട്ടിക്കാണ് മുൻതൂക്കം. അതേസമയം, തമിഴ് നോർത്തിൽ രാജപക്‌സെ സഖ്യത്തിനാണ് മേൽക്കൈ. ജാഫ്‌ന ജില്ലയിലെ മറ്റൊരു ഡിവിഷനിൽ ഈഴം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ഇ.പി.ഡി.പി.) തമിഴ് നാഷണൽ അലയൻസിനെ (ടി.എൻ.എ.) പിന്നിലാക്കി.

പുതിയ സർക്കാർ രൂപവത്കരിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എൽ.പി.പി. സ്ഥാപകനും ദേശീയസംഘാടകനുമായ ബേസിൽ രാജപക്‌സെ പറഞ്ഞു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെയും കാവൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെയും സഹോദരനാണ് ബേസിൽ. മഹിന്ദ രാജപക്‌സെ വടക്കുപടിഞ്ഞാറന്മേഖലയിലെ കരുനേഗലയിൽനിന്നാണ് ജനവിധിതേടുന്നത്. മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ തന്റെ പാർട്ടി അധികാരത്തിലെത്തുമെന്നാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പ്രതീക്ഷിക്കുന്നത്. അത്രയുംഭൂരിപക്ഷമുണ്ടെങ്കിലേ 2015-ൽ ഭരണഘടനാഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങൾ അദ്ദേഹത്തിന് പുനഃസ്ഥാപിച്ചെടുക്കാൻപറ്റൂ.

ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇന്ന് മുഴുവൻ ഫലവും പുറത്തുവരും. മാർച്ച് രണ്ടിനാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ കാലാവധി തീരുന്നതിന് ആറുമാസംമുമ്പ് പാർലമെന്റ് പിരിച്ചുവിട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP