Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്

അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്

മറുനാടൻ ഡെസ്‌ക്‌

ജനീവ: ഭിന്നതയുടെ മഞ്ഞുരുക്കാൻ സംഘടിപ്പിച്ച ബൈഡൻ-പുട്ടിൻ ഉച്ചകോടി പൂർണ്ണ വിജയംകണ്ടില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശമായിക്കൊണ്ടിരിക്കുന്ന റഷ്യൻ-അമേരിക്കൻ ബന്ധം കൂടുതൽ മെച്ചമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ചർച്ചയിൽ പക്ഷെ ഇരു നേതാക്കളും തൻപ്രമാണിത്തം കാണിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ആണവശക്തികൾ തമ്മിലുള്ള ചർച്ച, ലോകം മുഴുവൻ ആകാംക്ഷയോടെയായിരുന്നു ഉറ്റുനോക്കിയിരുന്നത്.

ഈ ഉച്ചകോടിയെ സസൂക്ഷ്മം നിരീക്ഷിച്ച പ്രശസ്ത ശരീരഭാഷാ വിദഗ്ദനായ റോബിൽ കെർമോഡ് പറയുന്നത്, ഒരു ക്ലാസ്സ് ലീഡർ തന്റെ സ്ഥാനം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ കാണിക്കുന്ന വ്യഗ്രതയായിരുന്നു ബൈഡന്റെ പെരുമാറ്റത്തിൽ നിഴലിച്ചതെന്നായിരുന്നു. അതേസമയം, താൻ മോശക്കാരനല്ലെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സാധാരണ വിദ്യാർത്ഥിയുടെതേയായിരുന്നു പുട്ടിന്റെ രീതികൾ എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തിൽ,. പ്രശ്ന പരിഹാരത്തേക്കാൾ ഇരുനേതാക്കളും ശ്രദ്ധിച്ചത്, അവരവർ വലിയതെന്ന് എതിരാളിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിലായിരുന്നു.

യോഗം ആരംഭിക്കുന്നതിനു മുൻപായി അമേരിക്കൻ -റഷ്യൻ മാധ്യമങ്ങൾക്ക് ഇരു നേതാക്കളോടും സംസാരിക്കുവാൻ അല്പം സമയം അനുവദിച്ചിരുന്നെങ്കിലും, സമ്മേളനാനന്തരം ഒരു പത്രസമ്മേളനം നടത്തുകയോ ഇരുനേതാക്കളും യോജിച്ച് ഒരു പ്രസ്താവന ഇറക്കുകയോ ഉണ്ടായില്ല. സുപ്രധാന തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടുണ്ടാകില്ല എന്നാണ് ഇതിൽനിന്നും രാഷ്ട്രീയ നിരീക്ഷകർ അനുമാനിക്കുന്നത്. ഇതിനെ അടിവരയിടുന്ന പ്രസ്താവനയായിരുന്നു സമ്മേളനനന്തരം ജോ ബൈഡൻ നടത്തിയതും.

അമേരിക്കയ്ക്ക് മേൽ റഷ്യ നടത്തുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ മുന്നറിയിപ്പ് നൽകിയതായി ബൈഡൻ പറഞ്ഞു. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസായ എണ്ണക്കുഴലുകൾക്ക് മീതെ ആക്രമണം നടന്നാൽ അത് റഷ്യയെ എങ്ങനെ ബാധിക്കും എന്ന കാര്യം ചിന്തിക്കണമെന്നാണ് ബൈഡൻ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. ഇക്കാര്യം റഷ്യൻ പ്രസിഡണ്ടിന് വ്യക്തൃമാക്കി കൊടുത്തതായി ജോ ബൈഡൻ പറഞ്ഞു. അതേസമയം, ഈ യോഗത്തിനു ശേഷം പുട്ടിന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ബൈഡൻ പറഞ്ഞു.

ഊർജ്ജ മേഖല, ജലവിതരണ മേഖല തുടങ്ങി 16 നിർണ്ണായക മേഖലകളിൽ റഷ്യൻ ഭാഗത്തുനിന്നും സൈബർ ആക്രമണം ഉണ്ടാകുന്നതായി പുട്ടിന്റെ ശ്രദ്ധയിൽ പെടുത്തിയതായി പറഞ്ഞ ബൈഡൻ, ഇത് ആവർത്തിക്കുകയാണെങ്കിൽ അത് റഷ്യൻ സമ്പദ്ഘടനയ്ക്ക് വലിയ കോട്ടങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്ന മുന്നറിയിപ്പും നൽകിയതായി അറിയിച്ചു. അതേസമയം ഏതൊരു സൈബർ ആക്രമണത്തേയും തടയുവാനുള്ള സാങ്കേതിക തികവും, സാമർത്ഥ്യവും അമേരിക്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യാവകാശം സംബന്ധിച്ച കാര്യങ്ങളിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാന വിയോജിപ്പ്.

മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മൗലിക അവകാശമാക്കണം എന്ന നിലപാടിൽ താൻ ഉറച്ചുനിന്നതായി ബൈഡൻ പറഞ്ഞു. ഇത് രണ്ടും ഇന്ന് റഷ്യയിൽ ഇല്ലെന്നും ബൈഡൻ ചൂണ്ടിക്കാണിച്ചു. മറ്റെന്തിനേക്കാൾ ഏറെ പ്രാധാന്യം അമേരിക്ക നൽകുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനാണ് അതിനായി ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാകുമെന്നും ബൈഡൻ പറഞ്ഞു. പുട്ടിനെതിരെ റഷ്യയുടെ പലയിടങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ മനുഷ്യത്വ രാഹിത്യ നടപടികളിലൂടെ അടിച്ചമർത്തുന്നതിനെതിരെയുള്ള പ്രതിഷേധവും ബൈഡൻ റഷ്യൻ പ്രസിഡന്റിന്റെ അറിയിച്ചതായാണ് അറിയുന്നത്.

നിലവിൽ റഷ്യൻ കസ്റ്റഡിയിൽ കഴിയുന്നറഷ്യയുടെ പ്രതിപക്ഷനേതാവ് അലെക്സി ന്വാൽനി മരണമടഞ്ഞാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് താൻ പുട്ടിന് മുന്നറിയിപ്പ് നൽകിയതായി ബൈഡൻ വെളിപ്പെടുത്തി. അത്തരമൊരു സംഭവം ഉണ്ടായാൽ അത് ഒരുപക്ഷെ റഷ്യയുടെ നാശത്തിൽ കലാശിച്ചേക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിയതായി പത്രസമ്മേളനത്തിലാണ് ബൈഡൻ വെളിപ്പെടുത്തിയത്. അതേസമയം, യോഗത്തിനു മുൻപ് നടത്തിയ ഒരു പത്രസമ്മേളനത്തിൽ നവാൽനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ഉറപ്പും നൽകാനാവില്ലെന്ന് പുട്ടിനും വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തിയാണ് നവാൽനി എന്നും പുട്ടിൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP