Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 16 കുട്ടികളടക്കം 70 ആയി ഉയർന്നു; ജോമയും പട്ടാളക്കാരും അടക്കം ഇസ്രയേൽ ഭാഗത്ത് 7 മരണം; വരുന്ന രണ്ട് മാസം തുടർച്ചയായി ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈൽ ശേഖരമുണ്ടെന്നറിയിച്ച് ഹമാസ്; പക്ഷം ചേർന്ന് യുദ്ധത്തിനൊരുങ്ങി ലോക രാഷ്ട്രങ്ങളും

ഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 16 കുട്ടികളടക്കം 70 ആയി ഉയർന്നു; ജോമയും പട്ടാളക്കാരും അടക്കം ഇസ്രയേൽ ഭാഗത്ത് 7 മരണം; വരുന്ന രണ്ട് മാസം തുടർച്ചയായി ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈൽ ശേഖരമുണ്ടെന്നറിയിച്ച് ഹമാസ്; പക്ഷം ചേർന്ന് യുദ്ധത്തിനൊരുങ്ങി ലോക രാഷ്ട്രങ്ങളും

മറുനാടൻ ഡെസ്‌ക്‌

ജറുസലേ: ഉരുക്ക് മേൽക്കൂര തകർത്ത് റോക്കറ്റാക്രമണം നടത്തിയ ഹമാസിനെതിരെ ഇസ്രയേൽ പ്രതികരിച്ചപ്പോൾ ഹമാസിന് നഷ്ടമായത് 16 പ്രമുഖ നേതാക്കളെ. ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും മിസൈൽ ടെക്നോളജി തലവൻ ജോമ തഹ്ലയും ഉൾപ്പടെ പല പ്രമുഖരേയും ഹമാസിന് ഇസ്രയേലിന്റെ ആക്രമണത്തിൽ നഷ്ടപ്പെട്ടു. ഇതിനു പുറമെഹമാസിന്റെ ആസ്ഥാനമായ രണ്ട് കെട്ടിടങ്ങളും ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന വാർത്തകൾ പറയുന്നത്.

എന്നാൽ, അതുകൊണ്ടൊന്നും തളരില്ലെന്ന മട്ടിലാണ് ഹമാസും. ഇന്നലെയും നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് അവർ ആക്രമണം തുടർന്നു. അടുത്ത രണ്ട് മാസത്തേക്ക് ഇസ്രയേലിനെ കണ്ണീരുകുടിപ്പിക്കാൻ മത്രം റോക്കറ്റുകൾ ഹമാസ് ശേഖരിച്ചിട്ടുണ്ട് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഘർഷം ഇതുപോലെ തുടർന്നാൽ ഇത് ഒരു ഘോരയുദ്ധത്തിലേക്ക് വഴിമാറിയേക്കാം എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്.

സൈനിക തലത്തിൽ ആധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേൽ തെരുവുകളിലും യുദ്ധം തുടരുകയാണ്. യഹൂദ വംശജരും അരബ് വംശജരുമായ ഇസ്രയേലി പൗരന്മാർ തെരുവിൽ തമ്മിലടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതുവരെ 370 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇസ്രയേൽ പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെരുവുകളിലെ അക്രമം ശക്തമായതോടെ ഗസ്സയിൽ മാത്രം ഇതുവരെ 67 ആൾക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി സംജാതമായിരിക്കെ ഇരു ഭാഗങ്ങളോടും സംയമനം പാലിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പടെയുള്ള ലോക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇവരുടെ അഭ്യർത്ഥനകളെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകയാണുണ്ടായത്.

ഇന്നലെയും ഫലസ്തീൻ പക്ഷത്തുനിന്നും റോക്കറ്റ് ആക്രമണം തുടർന്നു. ഇന്ന് വെളുപ്പിന് ഗസ്സയിൽ നിന്നും 63 മൈൽ അകലെയായി വടക്കൻ ഇസ്രയേലിലായിരുന്നു കനത്ത ആക്രമണം നടന്നത്. ഇന്നലെ ഒരു സുപ്രധാന സൈനിക മേധാവിയെ അക്രമത്തിൽ നഷ്ടമായ ഹമാസ് വർദ്ധിച്ച വീര്യത്തോടെയാണ് തിരിച്ചടിക്കുന്നത്. ഒരു ആറ് വയസ്സുള്ള കുട്ടി ഉൾപ്പടെ ഹമാസിന്റെ ആക്രമണത്തിൽ മരണമടഞ്ഞു.

അതേസമയം ഗസ്സയെ ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്നി ഗാൻട്സ് പറഞ്ഞു. ഹമാസിന്റെ മുതിർന്ന നേതാക്കളെ വധിച്ച് അവർക്ക് കനത്ത തിരിച്ചടി നൽകിയ തങ്ങൾ തീവ്രവാദികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ദുരിതങ്ങൾ സമ്മാനിക്കും എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവും പ്രസ്താവിച്ചു. അതേസമയം, ഇസ്രയേൽ സ്വയം നശിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് നടത്തിക്കൊടുക്കാൻ തങ്ങൾ തയ്യാറാണെന്ന് ഹമാസ് തലവൻ ഇസ്മയിൽ ഹൈയായും പറഞ്ഞു

ബ്രിട്ടീഷ് പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തതിനു പുറമേ യൂറോപ്യൻ യൂണിയൻ, അമേരിക്ക, റഷ്യ, ടർക്കി തുടങ്ങിയ രാഷ്ട്രങ്ങളിലെ നേതാക്കളും ഇരു വിഭാഗങ്ങളോടും സംഘർഷം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് രംഗത്തെത്തി. തിങ്കളാഴ്‌ച്ച ആരംഭിച്ച സംഘർഷത്തിൽ ആദ്യത്തെ 48 മണിക്കൂറിൽ ഹമാസ് 1000-ൽ അധികം മിസൈലുകളാണ് ഇസ്രയേലിനു നേരെ തൊടുത്തുവിട്ടത്. അതായത്, ഓരോ മൂന്നു മിനിട്ടിലും ഒരെണ്ണം വീതം. ഇതുപോലെ രണ്ടുമാസം തുടർച്ചയായി ആക്രമിക്കാനുള്ള മിസൈൽ തങ്ങളുടെ കൈവശം ഉണ്ടെന്നും ഹമാസ് അവകാശപ്പെട്ടു.

അതേസമയം, ഇതിൽ പത്തിലൊന്നു മിസൈലുകളേയും അന്തരീക്ഷത്തിൽ തന്നെ തടയുന്നതിൽ ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ ഉരുക്കു മേൽക്കൂര (അയേൺ ഡോം) വിജയിച്ചു. ബാക്കിയുള്ളവയാണ് ആറു പൗരന്മാരുടെ ജീവനെടുത്തതും 90-ൽ അധികം പേർക്ക് പരിക്കേൽപ്പിച്ചതും. ഇന്നലെ ടെൽഅവീവിലെ കുടുംബങ്ങളിൽ ഏറെയപങ്കും ഭൂഗർഭ തുരങ്കങ്ങളിലായിരുന്നു കഴിഞ്ഞത്.

ഹമാസിന്റെ ആക്രമണത്തിന് പ്രതികാരമായി നൂറുകണക്കിന് മിസൈലുകൾ ഇസ്രയേൽ ഗസ്സയിൽ വർഷിച്ചു. എഫ്-35 സ്റ്റീല്ത്ത് ബോംബറുകളും അപ്പാഷേ ഹീലികോപ്റ്ററുകളും നേതൃത്വം നൽകിയ ആക്രമണത്തിൽ 32 പേരെങ്കിലും മരണമടഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. 300-ൽ അധികം പേർക്ക് പരിക്കേൽകുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തീവ്രവാദികളാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

2014- നു ശേഷം ഈ മേഖലയിൽ ഉരുത്തിരിഞ്ഞ ഏറ്റവും അധികം സംഘർഷാത്മകമയ സാഹചര്യം ഇന്നലെ യു എൻ സെക്യുരിറ്റി കൗൺസിൽ വിലയിരുത്തി. അന്താരാഷ്ട്ര ഇടപെടലുകൾ വകവയ്ക്കാതെ ഇരു വിഭാഗവും പോർവിളികളുമായി മുന്നോട്ട് പോവുകയാണ്. ലോക സമൂഹം ഭയക്കുന്നതുപോലെ ഇത് കലാശിക്കുക മറ്റൊരു മഹായുദ്ധത്തിൽ തന്നെയായിരിക്കും എന്ന ആശങ്കയ്ക്ക് കൂടുതൽ ശക്തിപകരുകയാണ് ഇരു വിഭാഗങ്ങളുടെയും വാക്പോര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP