Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ലോക രാഷ്ട്രങ്ങൾ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈൽ മാത്രം വീതിയുള്ള ഹോർമിസ് കടലിടുക്കിൽ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച കപ്പൽ കീഴടക്കൽ; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും മുമ്പ് ഉപരോധം പിൻവലിക്കാൻ ട്രംപിന് ബുദ്ധി തോന്നുമോ?

അഞ്ചു ലോക രാഷ്ട്രങ്ങൾ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈൽ മാത്രം വീതിയുള്ള ഹോർമിസ് കടലിടുക്കിൽ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച കപ്പൽ കീഴടക്കൽ; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും മുമ്പ് ഉപരോധം പിൻവലിക്കാൻ ട്രംപിന് ബുദ്ധി തോന്നുമോ?

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പേർഷ്യൻ ഗൾഫിനെ ഇതരലോകവുമായി വേർതിരിക്കുന്ന ഇടുങ്ങിയ കടലിടുക്കാണ് ഹോർമുസ്. യു.എ.ഇ.യും ഇറാനും അപ്പുറവും ഇപ്പുറവും നിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ ശക്തിയും സ്വാധീനവും ഇറാനാണ്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ ഗണ്യമായ ഭാഗം കടന്നുപോകുന്ന വഴികൂടിയായതിനാൽ, ഇറാന് ഹോർമുസ് കടലിടുക്കിനുമേലുള്ള സ്വാധീനമാണ് മറ്റു രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഇറാനെ വരുതിയിലാക്കാമെന്ന് അമേരിക്കയൊഴികെയുള്ള രാജ്യങ്ങൾ വിചാരിക്കാത്തതും എണ്ണ വറ്റുമെന്ന ആശങ്കയുള്ളതുകൊണ്ടുതന്നെ.

21 മൈൽ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്കിലാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയത്രയും. ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപേരോ പിടിച്ചെടുത്ത് ഇറാൻ മേഖലയിലെ കരുത്ത് കാട്ടിയതോടെ, സംഘർഷം പുതിയ ദിശയിലേക്ക് കടന്നു. ഇറാനുമേൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ ബ്രിട്ടനും പിന്നാലെ യൂറോപ്യൻ യൂണിയനും തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ, ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനാഡി തകർക്കാൻ എത്ര രാജ്യങ്ങൾ കൂട്ടുനിൽക്കുമെന്നത് ഇനിയും വ്യക്തമല്ല. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും പ്രകൃതിവാതക വ്യാപാരത്തിന്റെ മൂന്നിലൊന്നും ദിവസേന കടന്നുപോകുന്നത് ഇതുവഴിയാണ്.

ആറുരാജ്യങ്ങളുമായി ഇറാൻ ഒപ്പുവെച്ച ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായത്. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഒപ്പുവെച്ച കരാർ അമേരിക്കയ്ക്ക് ദോഷകരമാകുമെന്ന് പ്രഖ്യാപിച്ചാണ് 2016-ൽ ഡൊണാൾഡ് ട്രംപ് കരാറിൽനിന്ന് പിന്മാറിയത്. എന്നാൽ, കരാറിൽ കൂടെ ഒപ്പുവെച്ച ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുകയാണ്. ഇറാന് പിന്തുണയായി നിന്നിരുന്ന ഈ രാജ്യങ്ങളെക്കൂടി പിണക്കുന്നതാണ് സ്റ്റെന ഇംപേരോ പിടിച്ചെടുത്തതിലൂടെ ഉണ്ടായിരിക്കുന്ന പുതിയ സ്ഥിതിവിശേഷം.

ഒബാമയെ അപകീർത്തിപ്പെടുത്തുകയെന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് കരാറിൽനിന്ന് പിന്മാറുന്നതിന് ട്രംപിനുമുന്നിലുണ്ടായിരുന്ന കാരണമെന്ന് വാഷിങ്ടണിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന കിം ഡാരോച്ചിന്റെ രഹസ്യ രേഖകൾ വെളിപ്പെടുത്തിയിരുന്നു. ആണവകരാറിൽനിന്ന് പിന്മാറിയ അമേരിക്ക, പിന്നീട് ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള ശ്രമമായി. ഇതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ജപ്പാനും കൊറിയയുമടക്കമുള്ള രാജ്യങ്ങളോട് ഇറാൻ എണ്ണ വാങ്ങുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇറാനെ പ്രതിരോധത്തിലാക്കുകയായിരുന്നു ഈ നടപടികളിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടത്.

ദിവസം 30 ലക്ഷം ബാരൽ എണ്ണ വിറ്റിരുന്ന ഇറാന്റെ വ്യാപാരം തുടർന്ന് വെറും നാലുലക്ഷത്തിലേക്ക് താഴ്ന്നു. ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. സമ്പദ്‌വ്യവസ്ഥ തകിടംമറിയുന്നതിന് മുമ്പ് അമേരിക്കയെ സമ്മർദത്തിലാഴ്‌ത്തി ഉപരോധം പിൻവലിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യം. അതിനായി ഏതറ്റം വരെയും പോകാൻ അവർ തയ്യാറാണ്. ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തതുൾപ്പെടെയുള്ള നടപടികൾ അതിന്റെ ഭാഗമാണ്. മേഖലയിൽ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യക്കുനേരെ സൈബർ ആക്രമണം നടത്തിയതും യെമനിലെ ഹൂത്തി തീവ്രവാദികളെ ഉപയോഗിച്ച് നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്.

മറ്റാർക്കുമില്ലാത്ത ആയുധം കൈയിലുണ്ടെന്ന തിരിച്ചറിവാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് സേനയെ സുശക്തമാക്കുന്നത്. അത് ഹോർമുസ് കടലിടുക്കിലുള്ള ശേഷിയാണ്. അമേരിക്ക യുദ്ധസന്നാഹവുമായി പേർഷ്യൻ കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മിതത്വം പാലിക്കുന്നത് ഹോർമുസ് കടലിടുക്കിലെ മറ്റ് അന്താരാഷ്ട്ര കപ്പലുകളുടെ സാന്നിധ്യം കൊണ്ടാണ്. വെറും രണ്ടുമൈൽ വീതിമാത്രമാണ് കടലിടുക്കിലെ കപ്പൽച്ചാലുകൾക്കിടയിലുള്ളത്. അമേരിക്കയുൾപ്പെടെയുള്ള ശക്തികളെ ചർച്ചയിലേക്ക് നയിക്കുകയെന്നതിന്റെ ഭാഗമായി നടത്തുന്ന സമ്മർദ്ദതന്ത്രമാണ് ഇപ്പോഴത്തെ കപ്പൽ പിടിച്ചെടുക്കലുൾപ്പെടെയുള്ള നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP