Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ട്രംപിന്റെ തലയെടുക്കാൻ ആഹ്വാനം ചെയ്യുന്ന ഇറാൻ ആണവായുധം കാണിച്ച് യുഎസിനെ ഭയപ്പെടുത്തുന്നു; ആണവ നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന് പറഞ്ഞു നിലപാട് കടുപ്പിച്ചു; കരാർ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജർമനി, ഫ്രാൻസും; അമേരിക്കൻ സേന പിന്മാറണമെന്ന് ആവശ്യപ്പെട്ട ഇറാഖിനെ ഉപരോധിക്കുമെന്ന് ഭീഷണി മുഴക്കിയും ട്രംപ്; സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ ആഘാതം ഗൾഫ് മേഖലയ്‌ക്കെന്ന് തിരിച്ചറിഞ്ഞ സൗദി അറേബ്യ സമാധാനത്തിനായി ഇടപെടുന്നു; ഇറാഖ് പ്രസിഡന്റുമായി സാഹചര്യം ചർച്ച ചെയ്ത് സൽമാൻ രാജാവ്

ട്രംപിന്റെ തലയെടുക്കാൻ ആഹ്വാനം ചെയ്യുന്ന ഇറാൻ ആണവായുധം കാണിച്ച് യുഎസിനെ ഭയപ്പെടുത്തുന്നു; ആണവ നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന് പറഞ്ഞു നിലപാട് കടുപ്പിച്ചു; കരാർ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജർമനി, ഫ്രാൻസും; അമേരിക്കൻ സേന പിന്മാറണമെന്ന് ആവശ്യപ്പെട്ട ഇറാഖിനെ ഉപരോധിക്കുമെന്ന് ഭീഷണി മുഴക്കിയും ട്രംപ്; സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ ആഘാതം ഗൾഫ് മേഖലയ്‌ക്കെന്ന് തിരിച്ചറിഞ്ഞ സൗദി അറേബ്യ സമാധാനത്തിനായി ഇടപെടുന്നു; ഇറാഖ് പ്രസിഡന്റുമായി സാഹചര്യം ചർച്ച ചെയ്ത് സൽമാൻ രാജാവ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇറാൻ- അമേരിക്ക യുദ്ധസാധ്യതയെന്ന നിലയിൽ സംഘർഷം മുറുകവേ ഗൾഫ് മേഖലയിലെ രാഷ്ട്രങ്ങൾ കടുത്ത ആശങ്കയിലാണ്. ഖുദ്‌സ് തലവൻ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുത്തിരിക്കയാണ് ഇറാൻ. ട്രംപിന്റെ തലവേണം എന്ന വിധത്തിലാണ് ഖാസിം സുലൈമാന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള റാലികളിൽ അലയടിക്കുന്ന വികാരം. ഇറാൻ നേരിട്ടു യുദ്ധത്തിന് തയ്യാറെടുക്കില്ലെങ്കിലും തിരിച്ചടിക്കാൻ അവസരം കാത്തിരിക്കയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയു മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അതേസമയം ആണവായുധങ്ങൾ കാട്ടി അമേരിക്കയെ ഭീതിപ്പെടുത്താനാണ് ഇറാന്റെ നീക്കം. ഇതിന്റെ ഭാഗമായി ആണവായുധങ്ങൾ കൈവശം വെക്കുന്നതടക്കമുള്ള 2015ലെ കരാറിലെ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, കരാറിലെ യൂറോപ്യൻ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം മുമ്പത്തെ പോലെ തുടരാൻ ഇറാൻ മന്ത്രിസഭ തീരുമാനിച്ചതായും ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ വിഷയത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ ജെ.സി.പി.ഒ.എ കരാറിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നാണ് ഇറാൻ മന്ത്രിസഭയുടെ തീരുമാനം. യു.എസ് വ്യോമാക്രമണത്തിൽ സൈനിക ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ നിലപാടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. കരാറിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികൾ നടന്നുവരികയാണ്. കരാറിൽ നിന്ന് പിൻവാങ്ങുന്നതോടെ ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.

2015ലാണ് ഇറാൻ ആണവ നിയന്ത്രണ കരാറിൽ ഒപ്പുവെച്ചത്. കരാറിലെ നിയന്ത്രണങ്ങൾ പാലിക്കില്ലെന്ന നിലപാടിൽ നിന്ന് പിൻവാങ്ങണമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർകൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഇറാനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് നിന്ന് യു.എസ് സേന പിന്മാറണമെന്ന് ഇറാഖ് പാർലമന്റെ് പ്രമേയം പാസാക്കിയ സാഹചര്യത്തിൽ, ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

'ഇറാഖിന്റെ ആവശ്യം സൗഹാർദപരമാണെന്ന് കരുതുന്നില്ല. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധമുള്ള ഉപരോധം ഏർപ്പെടുത്തും'- ഫ്‌ളോറിഡയിൽ നിന്ന് അവധിയാഘോഷം കഴിഞ്ഞ് മടങ്ങവേ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യു.എസ് വ്യോമാക്രമണത്തിൽ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻയു.എസ് പോർവിളി മധ്യപൂർവേഷ്യയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്യത്തു വിന്യസിച്ചിരിക്കുന്ന യു.എസ് സൈന്യത്തെ പുറത്താക്കാൻ ഇറാഖ് പാർലമന്റെ് പ്രമേയം പാസാക്കിയത്. അമേരിക്കൻ സേനയുടെയുടെയും മറ്റ് വിദേശ സേനകളുടെയും സേവനം ആവശ്യമില്ലെന്ന പ്രമേയം ഞായറാഴ്ച ചേർന്ന പ്രത്യേക പാർലമന്റെ് സമ്മേളനം ഭൂരിപക്ഷ വോട്ടോടെയാണ് പാസാക്കിയത്. ഇറാൻ അനുകൂല എംപിമാരുടെ നേതൃത്വത്തിലായിരുന്നു ഇറാഖിന്റെ സുപ്രധാന നീക്കം.

2014ൽ ഐ.എസ് ഭീകരർക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും സഹായിക്കുന്നതിനും 5,200ലധികം സൈനികരെ യു.എസ് ഇറാഖിൽ വിന്യസിച്ചത്. ഈ സേനയെ പിൻവലിക്കണമെന്നാണ് ഇറാഖ് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇറാഖിൽ വ്യോമതാവളം അടക്കമുള്ള സൈനിക കേന്ദ്രം സ്ഥാപിക്കുന്നതിന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടുണ്ട്. ഞാൻ അധികാരമേൽക്കുന്നതിന് മുമ്പായിരുന്നു അത്. ഈ തുക ഇറാഖ് തിരികെ നൽകാതെ സേനയെ പിൻവലിക്കാനാകില്ല' -ട്രംപ് വ്യക്തമാക്കി.

സംഘർഷ സാഹചര്യം വളരുന്നത് ഗൾഫ് മേഖലയ്ക്ക് മൊത്തത്തിൽ തിരിച്ചടിയാകും എന്ന കാര്യം സൗദി അറേബ്യയ്ക്ക് ബോധ്യം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ സമാധാനം വേണമെന്ന നിലപാടിലാണ് സൗദി. അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയിൽ സൗദിയിലേക്ക് തിരിച്ചടിക്കാൻ ഇറാൻ പദ്ധതി തയ്യാറാക്കിയാൽ അതും കനത്ത തിരിച്ചടിയായി മാറുമെന്നും കണക്കു കൂട്ടുന്നു. മേഖലയിൽ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ സൗദി ഭരണാധികാരികൾ ഇറാഖ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടലുണ്ടാകുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി. അതേസമയം, സൗദി ഉപപ്രതിരോധമന്ത്രി ഉടൻ അമേരിക്ക സന്ദർശിക്കും.

യുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആഹ്വാനത്തിനു പിന്നാലെയാണ് മേഖലയിലെ പിരിമുറുക്കം ഒഴിവാക്കാൻ സൗദി ഭരണാധികാരികൾ നേരിട്ട് ഇടപെടുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇറാഖ് പ്രസിഡന്റ് ബർഹാൻ സാലിഹിനെ ഫോണിൽ വിളിച്ചു. ഇറാഖിന്റേയും മേഖലയുടേയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നു സൽമാൻ രാജാവ് പറഞ്ഞതായി ഔദ്യോഗിക വാർത്താഏജൻസി വ്യക്തമാക്കി. മേഖലയിലേയും ഇറാഖിലേയും സ്ഥിരത ഉറപ്പാക്കാനുള്ള സൗദിയുടെ ഇടപെടലുകൾക്കു ഇറാഖ് നന്ദി അറിയിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാഖ് പ്രധാനമന്ത്രി അദീൽ അബ്ദുൽ മഹ്ദിയുമായും മേഖലയിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. അതേസമയം, സൗദി ഉപപ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ അടുത്തദിവസങ്ങളിൽ അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങൾ സന്ദർശിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് സന്ദർശനമെന്നാണ് സൂചന. അതിനിടെ, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി ടെഹ്‌റാനിലെത്തി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, വിദേശകാര്യമന്ത്രി ജവാദ് സരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സാഹചര്യം ആശങ്കാജനകമാണെന്നു ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP