Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ വിദേശ നയത്തിന്റെ നിയന്ത്രണം ട്രംപിന്റെ കയ്യിലോ? ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ അന്ത്യശാസനത്തിന് മുന്നിൽ നട്ടെല്ലുവളച്ച് ഇന്ത്യ നാണംകെടുന്നതായി ഇറാനിയൻ മാധ്യമങ്ങൾ; ചൈനയും തുർക്കിയും ട്രംപിനെ പുച്ഛിച്ചു തള്ളുമ്പോൾ മോദി വിറയ്ക്കുന്നത് എന്തിനെന്നും ചോദ്യം; ഇനി അമേരിക്ക നിശ്ചയിക്കുന്ന വിലയ്ക്ക് എണ്ണ വാങ്ങന്നതോടെ ഇന്ത്യയിലുണ്ടാവുക വൻ വിലക്കയറ്റം

ഇന്ത്യയുടെ വിദേശ നയത്തിന്റെ നിയന്ത്രണം ട്രംപിന്റെ കയ്യിലോ? ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ അന്ത്യശാസനത്തിന് മുന്നിൽ നട്ടെല്ലുവളച്ച് ഇന്ത്യ നാണംകെടുന്നതായി ഇറാനിയൻ മാധ്യമങ്ങൾ; ചൈനയും തുർക്കിയും ട്രംപിനെ പുച്ഛിച്ചു തള്ളുമ്പോൾ മോദി വിറയ്ക്കുന്നത് എന്തിനെന്നും ചോദ്യം; ഇനി അമേരിക്ക നിശ്ചയിക്കുന്ന വിലയ്ക്ക് എണ്ണ വാങ്ങന്നതോടെ ഇന്ത്യയിലുണ്ടാവുക വൻ വിലക്കയറ്റം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും ഇന്ത്യയ്ക്ക് അമേരിക്ക 'അന്ത്യശാസനം' നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇന്ത്യയുടെ വിദേശനയത്തിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ കയ്യിലാണോ എന്ന ചോദ്യവുമായി ഇറാനിലെ മാധ്യമങ്ങൾ. ഇറാനിലെ മുൻനിര പത്രമായ ടെഹ്‌റാൻ ടൈംസാണ് ഇന്ത്യയുടെ ഫോറിൻ പോളിസുടെ ഒഫീഷ്യൽ ഇൻചാർജ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റാണോ എന്ന ശീർഷകത്തിൽ വാർത്ത നൽകിയത്.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ചൈനയും ഇന്ത്യയും തുർക്കിയും ആണ് ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയിൽ പകുതിയും വാങ്ങുന്നത്. ഈ രാജ്യങ്ങളെയെല്ലാം വിരട്ടിയാണ് കഴിഞ്ഞ ദിവസം ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തുന്നതും നവംബറിനകം എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അന്ത്യശാസനം നൽകുന്നതും. ഇതിൽ ചൈനയും തുർക്കിയുമെല്ലാം അമേരിക്കൻ ഭീഷണിക്ക് പുല്ലുവില കൽപിക്കുമ്പോൾ മോദി സർക്കാർ ട്രംപിന് മുന്നിൽ മുട്ടുമടക്കുന്ന സാഹചര്യമാണെന്നും ഭീഷണിക്ക് വഴങ്ങി ഇന്ത്യ ഇറാനിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചേക്കാം എന്നും ആണ് പുറത്തുവരുന്ന സൂചനകൾ.

അമേരിക്കൻ ഭീഷണിക്ക ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഭൂരിപക്ഷം രാജ്യങ്ങളും പുല്ലുവില കൽപിക്കുമ്പോൾ ഇന്ത്യമാത്രം എന്തിന് വഴങ്ങുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ഇതുതതന്നെയാണ് ഇറാനിലെ മാധ്യമങ്ങളിൽ ചർച്ചയാകുന്നതും. കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നിലും ഇതുതന്നെ. എണ്ണ വില ഉയർത്തി നിർത്താനും ഡോളറിൽ തന്നെ എണ്ണയുടെ രാജ്യാന്തര കച്ചവടം നടത്താനുമാണ് അമേരിക്ക ഇത്തരമൊരു തന്ത്രം പയറ്റുന്നത്. എന്നാൽ ഇറാൻ ഇതിന് തടസ്സമാണ്. അതിനാലാണ് ഈയിടെ ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കി അവർക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം ട്രംപ് ഭരണകൂടം തുടങ്ങിയത്.

എന്നാൽ ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവന്നാൽ അത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന സാഹചര്യമായിട്ടുപോലും മോദി ഭരണകൂടം ട്രംപിന് വഴങ്ങുന്ന സാഹചര്യം വരുന്നതോടെയാണ് ഇറാനിലും ഇറാനെ അനുകൂലിക്കുന്ന രാഷ്്ട്രങ്ങളിലും ഇന്ത്യൻ നിലപാടും നയതന്ത്രവും വിമർശനം നേരിടുന്നത്. ട്രംപിന്റെ വിരട്ടൽ വന്നതിന് പിന്നാലെ തന്നെ തുർക്കിയും ചൈനയും ഇതിന് വഴങ്ങില്ലെന്നും തങ്ങൾ ഇറാനിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കില്ലെന്നും ശക്തമായി തന്നെ തുറന്നുപറഞ്ഞിരുന്നു. ചൈനയാണ് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ മുന്നിൽ. ഇറാന്റെ എണ്ണ വിൽപനയിൽ നാലിലൊന്നും ചൈനയിലേക്കാണ്. 2.2 ദശലക്ഷം ബാരലാണ് ഇറാന്റെ പ്രതിദിന കയറ്റുമതി. ഇതിൽ ആറുലക്ഷം ബാരലും വാങ്ങുന്നത് ചൈനയാണ്.

രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ ഷെയർ 10.4 ശതമാനമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനി ഇന്ത്യ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പതിന്മടങ്ങായി വർധിക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനത്തിന്റെ ഭാഗമായി ചരിത്രപരമായ പല ഉടമ്പടികളിലും സഹകരണധാരണകൾ ഇരു രാജ്യങ്ങളും തമ്മിലുണ്ടായി.

ഊർജം, പെട്രോളിയം, ഗ്യാസ് മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായി. പഴയകാലം മുതലേ ഇന്ത്യയുമായി വലിയ സഹകരണത്തിലുള്ള രാജ്യമാണ് ഇറാൻ. ഇതിന്റെ പ്രതിഫലനമാണ് റൗഹാനിയുടെ സന്ദർശനത്തിലും തെളിഞ്ഞുകണ്ടത്. സാംസ്‌കാരിക മേഖലയിലുൾപ്പെടെ ഇരു രാജ്യങ്ങളും സഹകരണം പ്രഖ്യാപിച്ച് മുന്നേറുന്നതിനിടെയാണ് ഇപ്പോൾ ട്രംപിന് വഴങ്ങുന്ന നിലയിലേക്ക് ഇന്ത്യ താഴുന്നത്. ഇതാണ് ഇറാനിലെ മാധ്യമങ്ങളിൽ ചർച്ചയാകുന്നതും. എണ്ണ ദൗർലഭ്യവും പ്രതിന്ധിയും ഉണ്ടായിരുന്ന 2012-16 കാലത്തുപോലും ഇറാനാണ് ഇന്ത്യയുടെ രക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇത് ഗണ്യമായി കൂടുകയും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് ഇറാൻ എത്തുകയും ചെയ്തിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്രംപ് ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്നു. ഇറാനെതിരെയുള്ള നീക്കങ്ങളോട് ഇന്ത്യക്ക് യോജിപ്പില്ലെന്ന് സുഷമ തുറന്നുപറഞ്ഞിരുന്നു. പക്ഷേ, ഇതിന് പിന്നാലെ ഇപ്പോൾ ഇന്ത്യയുടെ നിലപാടിലുണ്ടായ മാറ്റം വലിയ വിമർശനമാണ് നേരിടുന്നത്. ഇന്ത്യ ദേശീയ താൽപര്യങ്ങളെ ബലികഴിച്ച് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ യുഎൻ അംബാസിഡർ നിക്കി ഹാലി ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ മാറ്റം ഉണ്ടായത്.

ഇന്ത്യയുടെ എണ്ണ മന്ത്രാലയം ഇറാനിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാനും നവംബർ ആവുമ്പോഴേക്കും പൂർണമായും നിർത്താനും റിഫൈനറികൾക്ക് നിർദ്ദേശം നൽകി. അമേരിക്ക നിർദ്ദേശിച്ച ആറുമാസക്കാലം പൂർത്തിയാവുമ്പോഴേക്കും അവരുടെ താൽപര്യത്തിന് പൂർണമായും വഴങ്ങുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യത്തിനും എതിരാണ്. ഇന്ത്യയിൽ ഇണ്ണവില ഇനിയും വലിയ തോതിൽ കുതിച്ചുയരാൻ ഇത് കാരണമാകും. കാരണം ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ത്യക്ക് എണ്ണ ലഭ്യമാക്കുന്ന രാജ്യമാണ് ഇറാനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഇറാൻ വിരുദ്ധ നിലപാടുകൾ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ട്രംപിന് മുന്നിൽ മോദി മുട്ടുകുത്തുന്നതിനെ വിമർശിച്ച് രാജ്യത്തെ മറ്റ് രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നിട്ടുണ്ടെന്നും മുതിർന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കോൺഗ്രസ് വക്താക്കളുമെല്ലാം മോദിയെ ഇക്കാര്യത്തിൽ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ അമേരിക്കയുടെ വിരട്ടലിന് വഴങ്ങി ഇറാനിൽ നിന്നുള്ള ഇറക്കുമതി നിർത്തിയാൽ ഭാവിയിൽ അമേരിക്കൻ ഗവൺമെന്റ് നിശ്ചയിക്കുന്ന വിലയ്ക്ക് ഇന്ത്യക്ക് ഇറക്കുമതി നടത്തേണ്ടിവരും. ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇപ്രകാരം ഇന്ത്യയുടെ വിദേശ നയങ്ങളെയും സാമ്പത്തിക നിലയേയും നിയന്ത്രിക്കുന്ന ആളായി ട്രംപ് മാറുന്നുവെന്നും ഇതിന് മോദി വഴങ്ങിക്കൊടുക്കുന്നു എന്നുമുള്ള വിമർശനമാണ് ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP