Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ലോകത്തെ വിഡ്ഢികളാക്കാൻ പാക്കിസ്ഥാനെ അനുവദിക്കില്ലെന്ന് കരസേനാ മേധാവി; കശ്മീർ പുനഃസംഘടനയിലൂടെ ഭീകരപ്രവർത്തനം അമർച്ച ചെയ്തുവെന്നും ഏതു വെല്ലുവിളിയും നേരിടാൻ സൈന്യം തയ്യാറാണെന്നും ആർമി ചീഫ്; ഇനി പുതിയ യുദ്ധ തന്ത്രമെന്ന് പ്രഖ്യാപിച്ച് സംയുക്ത സൈനിക മേധാവിയും; മോദിയുടെ ലക്ഷ്യം പാക് അധീന കാശ്മീരിനെ പിടിച്ചെടുക്കൽ; ഡോവലിന്റെ തന്ത്രങ്ങൾ നടപ്പാക്കാൻ എത്തുന്നവരും ചില്ലറക്കാരല്ല; ഇന്ത്യൻ സൈനിക നേതൃത്വത്തിലെ മാറ്റങ്ങൾ ഭീതിയോടെ വീക്ഷിച്ച് ഇമ്രാൻഖാൻ

ലോകത്തെ വിഡ്ഢികളാക്കാൻ പാക്കിസ്ഥാനെ അനുവദിക്കില്ലെന്ന് കരസേനാ മേധാവി; കശ്മീർ പുനഃസംഘടനയിലൂടെ ഭീകരപ്രവർത്തനം അമർച്ച ചെയ്തുവെന്നും ഏതു വെല്ലുവിളിയും നേരിടാൻ സൈന്യം തയ്യാറാണെന്നും ആർമി ചീഫ്; ഇനി പുതിയ യുദ്ധ തന്ത്രമെന്ന് പ്രഖ്യാപിച്ച് സംയുക്ത സൈനിക മേധാവിയും; മോദിയുടെ ലക്ഷ്യം പാക് അധീന കാശ്മീരിനെ പിടിച്ചെടുക്കൽ; ഡോവലിന്റെ തന്ത്രങ്ങൾ നടപ്പാക്കാൻ എത്തുന്നവരും ചില്ലറക്കാരല്ല; ഇന്ത്യൻ സൈനിക നേതൃത്വത്തിലെ മാറ്റങ്ങൾ ഭീതിയോടെ വീക്ഷിച്ച് ഇമ്രാൻഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി എം എം നർവനെ. ഭീകരവാദത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ വിഡ്ഢികളാക്കാൻ പാക്കിസ്ഥാനെ അനുവദിക്കില്ലെന്നും എം എം നർവനെ അഭിപ്രായപ്പെട്ടു. സംയുക്ത സൈനിക മേധാവി എന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണെന്നും എം എം നർവനെ പറഞ്ഞു. ഇതോടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് സൈന്യം കടക്കുമെന്ന ചർച്ച സജീവമാണ്. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരിച്ചു പിടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദൗത്യം മനസ്സിൽ വച്ചാണ് കരസേനാ മേധാവിയുടെ അഭിപ്രായമെന്നാണ് വിലയിരുത്തൽ.

ഏതു രീതിയിലും പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യ തയ്യാറാണ്. കശ്മീർ പുനഃസംഘടനക്ക് ശേഷം അവിടുത്തെ ഭീകരപ്രവർത്തനം അമർച്ച ചെയ്യാൻ കഴിഞ്ഞു. ഏതു വിധത്തിലുമുള്ള വെല്ലുവിളിയും നേരിടാൻ സൈന്യം തയ്യാറാണ്. ഭീകരവാദത്തെ ഒരു നയമായി പാക്കിസ്ഥാൻ ഉപയോഗിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ജനറൽ നരവനെ 1980ൽ ഏഴാം സിഖ് ലൈറ്റ് ഇൻഫെന്ററിയിലൂടെയാണ് കരസേനയിൽ എത്തുന്നത്. അസം റൈഫിൾസിന്റെ കമാണ്ടന്റായും സേവനം അനുഷ്ടിച്ചു. കാശ്മീരിലും ഭീകരതയെ തുടച്ചു നീക്കാൻ മുന്നിൽ നിന്നിട്ടുണ്ട്. കാശ്മീരിലെ മുക്കും മൂലയും അറിയാവുന്ന നർവനെയെ ഉപദേശിക്കാൻ സംയുക്ത സേനാ മേധാവിയായി ചുമതലയേൽക്കുന്ന ജനറൽ ബിപിൻ റാവത്ത് കൂടിയാകുമ്പോൾ പാക്കിസ്ഥാൻ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രധാനമന്ത്രി ഇമ്രാൻഖാൻ അതീവ ഗൗരവത്തോടെ സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നൽകിയ മിന്നലാക്രമണ മറുപടിയുടെ സൂത്രധാരൻ കൂടിയാണ് സംയുക്ത സേനാ മേധാവിയായി ചുമതലയേൽക്കുന്ന ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ തലവനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തന്ത്രങ്ങളാണ് റാവത്തിനേയും നർവനെയും സുപ്രധാന സ്ഥാനങ്ങളിൽ എത്തിച്ചതെന്ന് പാക്കിസ്ഥാൻ തിരിച്ചറിയുന്നുണ്ട്. ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങൾക്ക് പിന്നിൽ അജിത് ഡോവൽ എന്ന വ്യക്തിയുടെ മികവും ഉണ്ടായിരുന്നു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ തിരിച്ചടി നൽകാൻ ആസൂത്രണം ചെയ്തത് ഡോവലും റാവത്തും ചേർന്നാണ്. 1999 ലെ കാർഗിൽ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായത്. ഈ കാലയളവിൽ മൂന്നു സേനകളും തമ്മിൽ കൃത്യമായ ആശയ വിനിമയം ഉണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാർഗിൽ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതാണ് മോദി സർക്കാർ നടപ്പാക്കുന്നത്.

ഇന്ത്യ - പാക് അതിർത്തി വഴി നുഴഞ്ഞുകയറിയ പാക് ചാരന്മാരും സൈനികരും കാർഗിലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിച്ച ശേഷമാണ് സൈനിക ഇന്റലിജൻസ് വിഭാഗത്തിന് അറിയാനായത്. ഈ വിവരങ്ങൾ സൈന്യത്തിന് കൈമാറുന്നതിലും അവർക്ക് വീഴ്‌ച്ച പറ്റി. 2016ൽ എത്തിയപ്പോൾ ഉറിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് തക്ക മറുപടി തന്നെ ഇന്ത്യ നൽകുകയും ചെയ്തു. 2016 സെപ്റ്റംബർ 18നായിരുന്നു ഉറിയിൽ ഭീകരാക്രമണം നടന്നത് തുടർന്ന് 10 ദിവസത്തെ് ആസൂത്രണങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ അമ്പതോളം ഭീകരർ കൊല്ലപ്പെട്ടതായി പാക് ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്. സംയുക്ത സോനാ മേധാവി ചുമതലയേൽക്കുന്നതോടെ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ മറുപടി ഉണ്ടാകും. തുടർച്ചയായുള്ള നുഴഞ്ഞുകയറ്റവും, വെടിനിർത്തൽ കരാർ ലംഘനത്തിനുമെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കൂടി പാക്കിസ്ഥാനെ ആശങ്കയിൽ ആഴ്‌ത്തുന്നുണ്ട്.

ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായാൽ ബാലാകോട്ടിന് സമാനമായ തിരിച്ചടി ഇനി കരസേന തന്നെ നൽകുമെന്നാണ് സൂചന. പാക് അധീന കാശ്മീരിലേക്ക് കരസേന നീങ്ങും. ഇതിന്റെ സൂചനകളാണ് സംയുക്ത സേനാ മേധാവിയുടേയും കരസേനാ മേധാവിയുടേയും വാക്കുകളിലുള്ളത്. എല്ലാ സേനയേയും ഏകോപിപ്പിച്ച് പാക് അധീന കാശ്മീർ തിരിച്ചു പിടിക്കുകയാണ് മോദി സർക്കാരിന്റെ അടുത്ത പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് കൃത്യമായ സമയം നിശ്ചയിക്കുക ഡോവൽ തന്നെയാകും. എല്ലാം പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രമറിയുന്ന ഓപ്പറേഷനാകും. ഇതിനുള്ള തന്ത്രങ്ങൾ അണിയറയിൽ സജീവമാകുന്നതായാണ് സൂചന. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളെ ശമിപ്പിക്കാൻ കേന്ദ്രം ഏതറ്റം വരേയും പോകുമെന്നും പാക്കിസ്ഥാന് അറിയാം. ഇതുകൊണ്ട് കൂടിയാണ് പാക്കിസ്ഥാന് ആശങ്ക ഏറുന്നത്.

രാജ്യത്തിന്റെ ഭാവിക്കായി തന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യയുടെ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്നും സംയുക്ത സേന മേധാവി ബിപിൻ റാവത്തും വ്യക്തമാക്കി. പ്രഥമ സംയുക്ത സേന മേധാവി എന്ന പദവി ഏറെ ഉത്തരവാദിത്തങ്ങളുള്ളതാണെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. കരസേന മേധാവിയെന്ന നിലയിൽ തന്റെ കർത്തവ്യം നിറവേറ്റാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. രാജ്യത്തിന്റെ ഭാവിക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. കരസേന മേധാവി പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ ജനറൽ ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും. മൂന്നു സേന വിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന ഏകോപിത കേന്ദ്രമെന്ന നിലയിൽ സംയുക്ത സേന മേധാവിയും (സി.ഡി.എസ്) ഓഫിസും പ്രവർത്തിക്കും. സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം 62ൽനിന്ന് 65 ആയി ഉയർത്തിയാണ് റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചത്. ഇതുവഴി അദ്ദേഹത്തിന് 2023 വരെ പദവി വഹിക്കാം.

ഗൂർഖാ റജിമെന്റിലെ മുൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്താണ് ബിപിൻ റാവത്തിന്റെ പിതാവ്. അച്ഛന്റെ പാത പിന്തുടർന്ന് ഗൂർഖാ റജിമെന്റിൽത്തന്നെയാണ് അദ്ദേഹവും സൈനിക ജീവിതത്തിന് തുടക്കമിട്ടത്. ബാരാമുള്ളയിലെ ഉറി, വടക്കുകിഴക്കൻ പ്രവിശ്യയിൽ 11ാം ബറ്റാലിയൻ എന്നിവയിൽ കമാൻഡറായിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലും അദ്ദേഹം പ്രവർത്തിച്ചു. 2015 ൽ മണിപ്പൂരിൽ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരർ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ആക്രമണ പദ്ധതികൾക്ക് രൂപം നൽകിയതും ബിപിൻ റാവത്ത് ആയിരുന്നു.

മുംബൈ ഭീകരാക്രമണവുമായി പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് ബിപിൻ റാവത്ത് നേരത്തെ പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്റെ പങ്കിനെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് അറിയാം. ഇക്കാര്യത്തിൽ ആരുടെയും അംഗീകാരം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസ് തീർപ്പാക്കണമെന്നാണു പാക്കിസ്ഥാന്റെ ആഗ്രഹമെന്നു ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. കേസിന്റെ സ്ഥിതിയെക്കുറിച്ചു സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. സമാധാനത്തിനുള്ള തന്റെ ശ്രമങ്ങളോട് ഇന്ത്യൻ സർക്കാർ പ്രതികരിക്കാത്തത്, അവിടെ തെരഞ്ഞെടുപ്പുകാലമായതിനാലാണെന്നും ഇമ്രാൻ വാഷിങ്ടൺ പോസ്റ്റ് പത്രത്തോടു പറഞ്ഞിരുന്നു. ലഷ്‌കർ ഇ തൊയ്ബ കമാൻഡർ സക്കിയുർ റഹ്മാൻ ലാഖ്വിയടക്കം ഏഴു പ്രതികളുടെ വിചാരണ പാക് കോടതിയിൽ തടസപ്പെട്ടു കിടക്കുകയാണ്. ഇന്ത്യ മതിയായ തെളിവു നല്കിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ആവശ്യത്തിലധികം തെളിവുകൾ കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യൻ നിലപാട്. ഈ പ്രതികളെ വെറുതെ വിട്ടാലും ഇന്ത്യ അതിശക്തമായ തിരിച്ചടി നൽകും.

മൂന്ന് വർഷത്തേക്കു പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായാണു റാവത്തിന്റെ നിയമിനം. കര, വ്യോമ, നാവിക സേനകൾക്ക് മേലുള്ള കമാൻഡിങ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കില്ല. ഇന്ത്യയിൽ സേനയിലെ പ്രഗത്ഭന്മാരുടെ പട്ടികയിൽ മുൻപന്തിയിലാണ് റാവത്തിന്റെ സ്ഥാനം. മണിപ്പൂരിൽ നാഗാ ഭീകരർ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാർ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യൻ കരസേനയുടെ ആക്രമണ പദ്ധതികൾ രൂപപ്പെട്ടത് ലഫ്. ജനറൽ ബിപിൻ റാവത്തിന്റെ തലച്ചോറിലാണ്. മ്യാന്മറിലെ ഭീകര താവളങ്ങളിൽ കയറിയടിച്ച എലൈറ്റ് പാരാ ഫോഴ്സ് നൂറിലേറെ നാഗാ ഭീകരരെ വധിച്ചതായി പിന്നീട് തെളിഞ്ഞു. ഉറി ആക്രമണത്തിന് മറുപടി നൽകി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ കരസേനയുടെ മിന്നാലാക്രമണങ്ങൾ നടന്നപ്പോൾ മരണസംഖ്യ അമ്പതിലേറെയെന്ന് പാക്ക് പൊലീസും സ്ഥിരീകരിച്ചു.

മൂന്നുപതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിൽ 'ഓപ്പറേഷണൽ എക്സ്പീരിയൻസ്' എന്ന വലിയ നേട്ടം ഗൂർഖാ റജിമെന്റിലെ മുൻ ലഫ്. ജനറൽ ലച്ചുസിങ് റാവത്തിന്റെ മകനുണ്ട്. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിൽ, പ്രത്യേകിച്ചും കശ്മീരിൽ അത്യന്തം സംഘർഷാവസ്ഥ തുടരുന്ന കാലത്ത് കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിൻ റാവത്തിനെ തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വ്യക്തം. സൈനിക മേധാവിയായിരുന്ന പിതാവിന്റെ മകനും ഗൂർഖാ റജിമെന്റിൽതന്നെയാണ് തുടക്കം. ഡറാഡൂണിലും ഷിംലയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1978ൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽനിന്ന് പാസായി കരസേനയിലെത്തി. പിതാവ് നയിച്ച അഞ്ചാം ഗൂർഖാ റൈഫിൾസ് യൂണിറ്റിനെ നയിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് ബിപിൻ റാവത്തിന്.

ബാരാമുള്ള ജില്ലയിലെ ഉറിയിൽ കമ്പനി കമാണ്ടന്റായും വടക്കുകിഴക്കൻ പ്രവിശ്യയിൽ 11ാം ഗൂർഖാ ബറ്റാലിയൻ കമാണ്ടറായും പ്രവർത്തിച്ച ബിപിൻ റാവത്ത് വടക്കൻ കശ്മീരിലെ ഭീകരകേന്ദ്രമായ സോപോറിൽ രാഷ്ട്രീയ റൈഫിൾസിനെയും നയിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ദാഗൽ ഡിവിഷൻ (19ാം ഇൻഫന്ററി ഡിവിഷൻ) ചുമതലയിൽ എൽഒസിയുടെ പൂർണ്ണ ചുമതല നിർവഹിച്ചു. അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിൽ എൽഎസിയുടെ പൂർണ്ണ ചുമതല നിർവഹിച്ചിട്ടുണ്ട്. നാഗാലാന്റ്, മണിപ്പൂർ, ആസാം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിൻ റാവത്ത് വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. പൂനയിലെ തെക്കൻ കമാണ്ടിന്റെ മേധാവിയായി പ്രവർത്തിച്ച കാലത്ത് ഗുജറാത്തിലെ പാക്ക് അതിർത്തികളുടെ സംരക്ഷണവും നിർവഹിച്ചിട്ടുണ്ട്. മിലിറ്ററി ഓപ്പറേഷൻ ഡയറക്ട്രേറ്റിലും, മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട് ലഫ്. ജനറൽ ബിപിൻ റാവത്ത്. ഓപ്പറേഷണൽ കമാണ്ടിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP