Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളനി ഭരണത്തെ കുറിച്ചും ബ്രെക്‌സിറ്റിനെ കുറിച്ചും ഇനി മിണ്ടിപ്പോവരുത്; പകരം നമുക്ക് വിസയെക്കുറിച്ചും മാങ്ങയെക്കുറിച്ചും സംസാരിക്കാം: ഇന്ത്യയിൽ എത്തുന്ന തെരേസാ മേയോട് എല്ലാവർക്കും പറയാനുള്ളത് പെട്ടന്ന് വിസ ലഭിക്കുന്ന കാര്യം മാത്രം

കോളനി ഭരണത്തെ കുറിച്ചും ബ്രെക്‌സിറ്റിനെ കുറിച്ചും ഇനി മിണ്ടിപ്പോവരുത്; പകരം നമുക്ക് വിസയെക്കുറിച്ചും മാങ്ങയെക്കുറിച്ചും സംസാരിക്കാം: ഇന്ത്യയിൽ എത്തുന്ന തെരേസാ മേയോട് എല്ലാവർക്കും പറയാനുള്ളത് പെട്ടന്ന് വിസ ലഭിക്കുന്ന കാര്യം മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബ്രിട്ടന്റെ വാണിജ്യ താൽപര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ വിപണിയുടെ മനസ്സറിയാൻ നാളെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് സൂചനകൾ. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനു വെളിയിൽ വന്ന ബ്രിട്ടന് എല്ലാ രാജ്യങ്ങളുമായും ഇനി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെടുത്താലേ അവിടെയുള്ള നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാകൂ.

ഇതിനുള്ള കരുനീക്കങ്ങളുമായി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി യൂറോപ്പിന് പുറത്തേക്ക് പറക്കാനൊരുങ്ങുമ്പോൾ തെരേസാ മേ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ഇന്ത്യയെ ആണ്. കോളനിവാഴ്ച കാലം മുതൽ ഇന്ത്യയായിരുന്നല്ലോ ബ്രിട്ടന്റെ പ്രധാന കച്ചവട കേന്ദ്രം. 

പക്ഷേ, കാലം മാറിയെന്ന് ബ്രിട്ടനും തെരേസാ മേയും തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായാണ് ഇന്ത്യയും ഇവിടത്തെ വ്യാപാര സമൂഹവും ഇപ്പോൾ നിൽക്കുന്നതെന്നതിനാൽ മേ ഉദ്ദേശിച്ച കാര്യങ്ങൾ അത്രയെളുപ്പം നടക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. പഴയ കോളനി ഭരണത്തെക്കുറിച്ചും ബ്രെക്‌സിറ്റിനെക്കുറിച്ചുമൊന്നും ഒരക്ഷരം മിണ്ടരുതെന്നും പകരം ഇന്ത്യക്കാർക്ക് വിസ നൽകുന്നതിലെ പ്രശ്‌നങ്ങളെ കുറിച്ചും നമ്മുടെ മാങ്ങയ്ക്ക് യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയതു പോലെയുള്ള കടുംകൈകളെ പറ്റിയുമെല്ലാം സംസാരിക്കാമെന്ന നിലപാടിലാണ് രാജ്യത്തെ വ്യാപാരി സമൂഹവും രാഷ്ട്രീയ നേതൃത്വവും.

നാളെ മുതൽ മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് മേ ഇന്ത്യയിൽ എത്തുന്നത്. നാളെയും മറ്റന്നാളുമായി ഡൽഹിയിൽ സംഘടിപ്പിച്ചിട്ടുള്‌ല ഇന്ത്യാ-യുകെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മേയുടെ സന്ദർശനം. ബ്രെക്‌സിറ്റിന് അനുകൂലമായി തീരുമാനമെടുത്ത് യൂറോപ്യൻ യൂണിയന് വെളിയിലെത്തിയ ബ്രിട്ടന് ഇനി രാജ്യത്തിന്റെ കച്ചവടം നടക്കണമെങ്കിൽ പ്രധാന രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കണം.

ഇന്ത്യ നല്ലൊരു മാർക്കറ്റാണെന്ന് ഉറപ്പുള്ള തെരേസാ മേ അതിനാൽത്തന്നെ ഇത്തരത്തിലുള്ള ആദ്യ സന്ദർശനത്തിന് ഇവിടംതന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വ്യക്തം. ഇതിനായുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് മേ എത്തുന്നത്. ഈ നൂറ്റാണ്ടിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി രാഷ്ട്രീയക്കാരുമാരും വാണിജ്യ രംഗത്തെ പ്രമുഖരുമായും മാദ്ധ്യമങ്ങളുമായുമെല്ലാം മേ ചർച്ച നടത്തും.

പക്ഷേ, ഇവിടെയുള്ളവരെ സോപ്പിട്ട് അത്രയെളുപ്പം കാര്യങ്ങൾ നേടാനാവില്ലെന്നാണ് സൂചനകൾ. ആയുധ വ്യാപാരം, ഐടി, ടെക്‌സ്റ്റൈൽസ് മേഖലകളിൽ ബ്രിട്ടന്റെ താൽപര്യങ്ങൾ സംരക്ഷിച്ചെടുക്കുന്നതിനാണ് ഈ യാത്ര. എന്നാൽ ഇന്ത്യക്ക് നേടിയെടുക്കേണ്ട കാര്യങ്ങൾ എങ്ങനെ നേടിയെടുക്കാമെന്നും മേയുടെ സന്ദർശനത്തെ ഇന്ത്യക്ക് ഗുണകരമാക്കി എങ്ങനെ മാറ്റാമെന്നുമുള്ള ചർച്ചകളാണ് ഇവിടെ പുരോഗമിക്കുന്നത്.

ഇന്ത്യക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി ബ്രിട്ടനിൽ വിസ ലഭിക്കുന്ന കാര്യംതന്നെയാണെന്നതിനാൽ ഇതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും അടിയന്തിര ഇടപെടലുകൾ വേണമെന്ന ആവശ്യമാവും ഇന്ത്യ മുഖ്യമായും മുന്നോട്ടുവയ്ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുന്ന മെയ്‌ക്കുമുന്നിൽ ഇതുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉയർന്നുവരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മുമ്പ് യൂറോപ്യൻ യൂണിയനിൽ ആയിരുന്ന കാലത്ത് ഇന്ത്യയിൽ നിന്നുള്ള മാങ്ങയുടെ ഇറക്കുമതി ബ്രിട്ടൻ ഉൾപ്പെടെ നിരോധിച്ചിരുന്നു.

ഇതുണ്ടാക്കിയ കച്ചവട നഷ്ടം ചെറുതല്ല. ഇത്തരം നടപടികൾ മേലിൽ ഉണ്ടാവരുതെന്ന മുന്നറിയിപ്പും ബ്രിട്ടൻ നേരിടേണ്ടിവരും. കോളനിവാഴ്ചക്കാലത്ത് അടക്കിഭരിച്ച ഇന്ത്യയല്ല ഇപ്പോഴത്തേതെന്നും അന്ന് നിങ്ങൾ ഇവിടെ കച്ചവടം നടത്തിയെങ്കിൽ ഇന്ന് നിങ്ങളുടെ രാജ്യത്ത് ഞങ്ങൾക്ക് വാണിജ്യാവസരവും സ്വാതന്ത്ര്യവും വേണമെന്നുമുള്ള വാദത്തിൽ ഊന്നയാകും ചർച്ച. അതിനാൽതന്നെ മെയ്‌ക്ക് അത്രയെളുപ്പം വാണിജ്യ ചർച്ചകളിൽ വിജയം നേടാനാവില്ല. ഇന്ന് യുകെയുമായി മാത്രം ബന്ധപ്പെട്ടല്ല ഇന്ത്യയുടെ വാണിജ്യലോകം നിലനിൽക്കുന്നത്.

അതേസമയം ബ്രിട്ടന്റെ വിപണിയിൽ വലിയൊരു പങ്ക് ആശ്രയിക്കുന്നത് ഇന്ത്യയെയാണു താനും. ഇന്ത്യയെക്കാൾ ബ്രിട്ടനാണ് ഇപ്പോൾ പുതിയ കരാറുകളുടെ ആവശ്യമെന്ന് ചുരുക്കം. അതിനാൽ ബ്രിട്ടൻ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാകും ഇന്ത്യൻ ഭരണഇന്ത്യയുടെ 17-ാം സ്ഥാനത്തുള്ള വാണിജ്യ പങ്കാളിയാണ് ബ്രിട്ടൻ എന്നതിനാൽ ഇരു രാജ്യങ്ങൾക്കും ഇപ്പോഴത്തെ മേയുടെ സന്ദർശനം പ്രധാനമാണുതാനും.

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന വാണിജ്യ പങ്കാളികൾ ജർമ്മനിയും യുഎസും ചൈനയുമാണ്. ബ്രിട്ടനെ സംബന്ധിച്ചാണെങ്കിൽ ജനസംഖ്യയിൽ വലിയൊരുവിഭാഗം ഇന്ത്യക്കാരാണെന്നതും കോളനിക്കാലം മുതൽ വാണിജ്യബന്ധമുണ്ടെന്നതും അവർക്ക് ഇന്ത്യ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറുന്നു. അതിനാൽ തന്നെയാണ് വാണിജ്യ കരാറുണ്ടാക്കാനായി പറന്നിറങ്ങാൻ ഇന്ത്യ തന്നെ മേ ആദ്യത്തെ രാജ്യമായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യവും.

പക്ഷേ, ബ്രിട്ടന് വ്യാപാര താൽപര്യമാണെങ്കിൽ ഇന്ത്യക്ക് മാനുഷിക താൽപര്യങ്ങളാകും കൂടിക്കാഴ്ചയിൽ ഉന്നയിക്കാനുണ്ടാവുക. ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ കാര്യവും വിസയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങളും അതിന്റെ ചെലവ് കൂടുന്നതും വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ പഠനാവസരം കുറയുന്നതിലുള്ള ആശങ്കയുമെല്ലാമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുകയെന്ന് ചുരുക്കം.

ഇതിലേറ്റവും പ്രധാനം വിസയിലെ പ്രശ്‌നങ്ങൾ തന്നെയാകും. യുകെയിൽ തൊഴിൽ തേടി പോകുന്നവർക്കും പഠിക്കാനെത്തുന്നവർക്കും കാര്യങ്ങൾ എളുപ്പത്തിലാക്കണമെന്നും ചെലവു കുറയ്ക്കണമെന്നുമുള്ള കാര്യത്തിൽ തീരുമാനമായാലേ ബ്രിട്ടന്റെ കച്ചടവ താൽപര്യങ്ങൾ ഇവിടെ ചിറകുവിരിക്കൂ.

ചൈനക്കാർക്ക് നിലവിൽ ബ്രിട്ടനിൽ വിസ ലഭിക്കുന്നതിനേക്കാൾ ചെലവാണ് ഇന്ത്യക്കാർക്ക് വിസ കിട്ടാൻ. അതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളെക്കാൾ ചൈനക്കാർ ഇപ്പോൾ യുകെയിൽ എത്തുന്ന സാഹചര്യമാണിപ്പോൾ. അതുപോലെ സ്റ്റുഡന്റ് വിസയിലെത്തി പാർട് ടൈം ജോലികൾ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതും ചർച്ചയാകും. സ്‌കിൽഡ് ജോലിക്കാർക്ക് കുറഞ്ഞ വേതനമാണുള്ളതെന്നും നിലവിൽ അവിടെ ജോലി ചെയ്യുന്നവർക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് ഇളവുകൾ നൽകണമെന്നും ഇന്ത്യ ആവശ്യപ്പെടും.

ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയാൽ മാത്രമേ കച്ചവടകാര്യങ്ങളിൽ ഇന്ത്യയിലെന്തെങ്കിലും നേടാമെന്ന തെരേസാ മേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് രാഷ്ട്രീയ രംഗത്തെയും വ്യാപാര രംഗത്തെയും പ്രമുഖരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP