Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശി തരൂർ കൊളുത്തി വിട്ട വാക്‌സിൻ റേസിസം വിവാദം ചൂടുപിടിച്ചു; ഇന്ത്യക്കാരെ രണ്ടാം തരക്കാരായി കാണുന്ന യുകെ സർക്കാർ നയത്തിന് എതിരെ ശക്തമായ മുന്നറിയിപ്പ്; കോവിഷീൽഡ് സ്വീകരിച്ചവർ ബ്രിട്ടനിൽ എത്തിയാൽ 10 നാൾ ക്വാറന്റീനിൽ പോകണമെന്ന നയം വിവേചനപരം; അതേ നാണയത്തിൽ പ്രതികരിക്കുമെന്ന് ഇന്ത്യ

ശശി തരൂർ കൊളുത്തി വിട്ട വാക്‌സിൻ റേസിസം വിവാദം ചൂടുപിടിച്ചു; ഇന്ത്യക്കാരെ രണ്ടാം തരക്കാരായി കാണുന്ന യുകെ സർക്കാർ നയത്തിന് എതിരെ ശക്തമായ മുന്നറിയിപ്പ്; കോവിഷീൽഡ് സ്വീകരിച്ചവർ ബ്രിട്ടനിൽ എത്തിയാൽ 10 നാൾ ക്വാറന്റീനിൽ പോകണമെന്ന നയം വിവേചനപരം; അതേ നാണയത്തിൽ പ്രതികരിക്കുമെന്ന് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർ യുകെയിൽ എത്തുമ്പോൾ 10 ദിവസം ഹോം ക്വാറന്റൈൻ എന്ന നിബന്ധന വിവേചനപരമെന്ന് ഇന്ത്യ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ, ഇന്ത്യയും അതേ നാണയത്തിൽ പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ സ്രംഗള നൽകിയത്. ബ്രിട്ടന്റെ ഈ തീരുമാനം ഇന്ത്യൻ യാത്രക്കാരെ സാരമായി ബാധിക്കും. വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത് വിവേചനപരമാണ്. വിദേശകാര്യമന്ത്രി ഈ വിഷയം യുകെ വിദേശകാര്യസെക്രട്ടറിക്ക് മുമ്പാകെ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. യുഎൻ പൊതുസഭയുടെ 78 ാം സമ്മേളനത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസുമായാണ് ഈ വിഷയം എസ്.ജയശങ്കർ ചർച്ച ചെയ്തത്. ചില ഉറപ്പുകൾ ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരഹരിക്കപ്പെടുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

പുതിയ യുകെ ചട്ടപ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡിന്റെ രണ്ട് ഡോസ് എടുത്തവരെയും ലണ്ടനിൽ എത്തുമ്പോൾ വാക്‌സിൻ എടുത്താത്തവരെന്ന തരത്തിലായിരിക്കും പരിഗണിക്കുക. ഇവർക്ക് 10 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വരും. കോവിഷീൽഡ് ഓക്‌സഫഡ് സർവകലാശാലയും, ഫാർമഭീമൻ ആസ്ട്ര സെനക്കയും ചേർന്നാണ് വികസിപ്പിച്ചത്.

ആസ്ട്രാ സെനക വാക്‌സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. തരൂർ വാക്‌സിൻ റേസിസം എന്ന വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെ തരൂർ എതിർക്കുന്നത്.

ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകുന്നത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റൈൻ സംബന്ധിച്ച നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട്.

യുകെയിൽ നിർമ്മിച്ച വാക്‌സിനും ഇന്ത്യൻ വാക്‌സിനും തമ്മിൽ വലിയ വത്യാസം ഉണ്ടെന്ന നിലപാടിലാണ് യുകെ. നേരത്തെ കോവിഷീൽഡ് വാക്‌സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.

വിഷയത്തിൽ ഉടൻ പ്രശ്നപരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇന്ത്യക്കും സമാന നടപടികൾക്ക് അവകാശമുണ്ടെന്നും വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. യാത്രാച്ചട്ടം മാറ്റിയില്ലെങ്കിൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് സമാനമായ രീതിയിൽ ക്വാറന്റൈൻ ഏർപ്പെടുത്തുക എന്നത് കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ആസ്ട്ര സെനക്ക വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് ബ്രിട്ടന്റെ യാത്രാച്ചട്ടം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവരും ബ്രിട്ടനിൽ എത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീന് വിധേയരാകണം. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണമെന്നും നിയമം അനുശാസിക്കുന്നു. ബ്രിട്ടന്റെ യാത്രാച്ചട്ടത്തിനെതിരെ മുൻ കേന്ദ്രമന്ത്രിമാരായ ജയ്റാം രമേശും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP