Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഎസ്ജി അംഗത്വം അവസാന നിമിഷം കൈവിട്ടെങ്കിലും മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം അംഗത്വം ഉറപ്പാക്കി ഇന്ത്യ; പിന്തുണ ഉറപ്പിച്ചത് ഇറ്റാലിയൻ മറൈനുകളെ തിരിച്ചുനൽകി; തുറക്കുന്നത് ആയുധക്കച്ചവടത്തിനുള്ള പുത്തൻ വഴികൾ

എൻഎസ്ജി അംഗത്വം അവസാന നിമിഷം കൈവിട്ടെങ്കിലും മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം അംഗത്വം ഉറപ്പാക്കി ഇന്ത്യ; പിന്തുണ ഉറപ്പിച്ചത് ഇറ്റാലിയൻ മറൈനുകളെ തിരിച്ചുനൽകി; തുറക്കുന്നത് ആയുധക്കച്ചവടത്തിനുള്ള പുത്തൻ വഴികൾ

ന്യൂഡൽഹി: ആണവവിതരണ സംഘത്തിൽ അംഗമാകാനുള്ള ഇന്ത്യയുടെ മോഹം അവസാനനിമിഷം പൊലിഞ്ഞെങ്കിലും മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം (എംടിസിആർ) അംഗത്വം ഉറപ്പാക്കി ഇന്ത്യ. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക രേഖകളിൽ ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണു വിവരം.

എന്നാൽ, എംടിസിആറിൽ ഇന്ത്യ അംഗത്വം ഉറപ്പിച്ചത് ഏറെ വിവാദമായ കടൽക്കൊല കേസിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്. ഇറ്റലിയിൽ നിന്നുള്ള നാവികരെ തിരിച്ചുനൽകിയാണ് ഇക്കാര്യത്തിൽ ഇന്ത്യ പിന്തുണ ഉറപ്പാക്കിയത്. വൻ ആയുധക്കച്ചവടത്തിനുള്ള പുത്തൻ വഴികളാണ് പുതിയ നീക്കത്തിലൂടെ ഇന്ത്യ തുറക്കുന്നത്.

എംടിസിആറിൽ അംഗത്വമുള്ള പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. നേരത്തെ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനോട് ഇറ്റലി എതിർപ്പ് അറിയിച്ചിരുന്നു. കടൽക്കൊല കേസിൽ ഇറ്റലിയിൽ നിന്നുള്ള നാവികരെ ജയിലിൽ പാർപ്പിച്ചിരുന്ന ഇന്ത്യയുടെ നടപടിയാണ് ഇറ്റലിക്ക് എതിർപ്പുണ്ടാകാൻ കാരണം. എന്നാൽ, രണ്ടു നാവികരെയും ഇന്ത്യ ഇറ്റലിയിലേക്കു തിരിച്ചയച്ചതോടെ ഇന്ത്യക്ക് അംഗത്വം നൽകുന്നതിലുള്ള എതിർപ്പ് ഇറ്റലി പിൻവലിക്കുകയായിരുന്നു.

തിങ്കളാഴ്ച തന്നെ എംടിസിആർ അംഗത്വം സംബന്ധിച്ച കരാറുകളിൽ ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണു റിപ്പോർട്ടുകൾ. മിസൈൽ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വളർച്ചയ്ക്ക് അംഗീകാരമെന്ന നിലയിലാണ് മിസൈൽ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (എംടിസിആർ) ത്തിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നത്.

ഇതോടെ ഇന്ത്യക്ക് അത്യാധുനിക മിസൈലുകളും ആളില്ലാ വിമാന(ഡ്രോൺ)ങ്ങളും വാങ്ങാനാവും. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ലോകവിപണിയിൽ വിൽക്കുകയും ചെയ്യാം. ഈ സംവിധാനത്തിൽ 34 രാജ്യങ്ങളാണുള്ളത്. 35-ാമത്തെ അംഗരാജ്യമായി ഇന്ത്യ മാറും.

300 കിലോമീറ്റർ വരെ പോകുന്ന മിസൈലുകൾ മാത്രമാണ് എംടിസിആറിൽ അംഗങ്ങളാകുന്ന രാജ്യങ്ങൾക്കു നിർമ്മിക്കാനാകുക. ഇന്ത്യക്കു നിലവിൽ 5000 കിലോമീറ്റർ പരിധിയുള്ള മിസൈലുണ്ട് (അഗ്നി 5). 10,000 കിലോമീറ്റർ പരിധി ഉള്ള അഗ്നി 6 നിർമ്മാണഘട്ടത്തിലാണ്. 

1987ൽ ജി 7 രാഷ്ട്രങ്ങൾ ചേർന്നു രൂപീകരിച്ചതാണ് മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം അഥവാ എംടിസിആർ. ഇസ്രയേൽ, റുമേനിയ, സ്ലൊവാക്യ, മാസിഡോണിയ എന്നീ രാജ്യങ്ങൾക്ക് അംഗത്വമില്ലെങ്കിലും എംടിസിആർ വ്യവസ്ഥകൾ അംഗീകരിച്ചാണു പ്രവർത്തിക്കുന്നത്. മിസൈലുകളുടെ യും രാസ- ജൈവായുധാക്രമണത്തിന് ഉപയോഗിക്കുന്ന ആളില്ലാ വിമാനങ്ങളുടെയും സാങ്കേതിക വിദ്യാവ്യാപനം തടയുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ലോകത്തിലെ മിസൈൽ നിർമ്മാതാക്കളായ രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും അംഗങ്ങളായ സംഘടന 500 കിലോമീറ്റർ ആയുധം വഹിച്ചു 300 കിലോമീറ്ററിനപ്പുറം എത്തിക്കാനാവുന്ന ഏതുതരം മിസൈലുകളുടെയും കയറ്റുമതി തടയുന്നു. കൂട്ടനശീകരണായുധങ്ങളുടെ വിൽപ്പനയ്ക്കും സാങ്കേതിക വിദ്യാ കൈമാറ്റത്തിനും വിലക്കുമുണ്ട്.

നിലവിലുള്ള മുഴുവൻ അംഗങ്ങളുടെയും സമ്മതത്തോടെയേ പുതിയൊരു രാജ്യത്തിന് ഗ്രൂപ്പിൽ പ്രവേശനം നൽകാനാവൂ. ഇന്ത്യയടക്കം ആണവരാഷ്ട്ര പദവിയില്ലാത്ത രാജ്യങ്ങൾ, അവയുടെ പക്കലുള്ള 500 കിലോഗ്രാമിലേറെ ഭാരമുള്ള ബോംബുമായി 300 കിലോമീറ്ററിനപ്പുറത്തെ ലക്ഷ്യം ഭേദിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കുകയോ എംടിസിആറിനു വിട്ടുകൊടുക്കുകയോ ചെയ്യണം. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാദമാണു യുഎസിന്റേത്. എന്നാൽ, 1998ൽ ഉക്രെയ്‌ന് (സ്‌കഡ് മിസൈൽ കൈവശം വയ്ക്കാം) വേണ്ടിയും 2012ൽ ദക്ഷിണ കൊറിയയ്ക്ക് (800 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ കൈവശം വയ്ക്കാം, ഉത്തരകൊറിയയുടെ ഏതു ഭാഗത്തും ആക്രമണം നടത്താൻ ഇതുകൊണ്ടാകും) വേണ്ടിയും യുഎസ് ഇടപെട്ട് നിബന്ധന ഇളവ് ചെയ്തു. 2015ൽ ഇന്ത്യയ്ക്കു വേണ്ടിയും.

എംടിസിആർ വ്യവസ്ഥകൾ ലംഘിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനാവില്ല ഗ്രൂപ്പിന്. എന്നാൽ, കമ്പനികൾക്കും രാജ്യങ്ങൾക്കും ഉപരോധമേർപ്പെടുത്താൻ യുഎസ് നിയമത്തിൽ അധികാരമുണ്ട്. ഉപരോധം വന്നാൽ കരാറുകൾ ഒപ്പുവയ്ക്കാനോ ഇടപാടുകൾ നടത്താനോ ആവില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP