Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാബലിപുരത്ത് കാത്തിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാം? അയൽക്കാർ തമ്മിൽ കൈകൊടുക്കുമ്പോൾ പിണക്കങ്ങൾ മറക്കുമോ? കശ്മീർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന ചൈനയുടെ പ്രസ്താവന കല്ലുകടിയായെങ്കിലും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നന്നെന്ന പക്വതയാർന്ന മറുപടിയുമായി ഇന്ത്യയും; ഷി ജിൻപിങ്-മോദി അനൗപചാരിക ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ ഒരുക്കങ്ങൾ തകൃതി

മഹാബലിപുരത്ത് കാത്തിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാം? അയൽക്കാർ തമ്മിൽ കൈകൊടുക്കുമ്പോൾ പിണക്കങ്ങൾ മറക്കുമോ? കശ്മീർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന ചൈനയുടെ പ്രസ്താവന കല്ലുകടിയായെങ്കിലും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നന്നെന്ന പക്വതയാർന്ന മറുപടിയുമായി ഇന്ത്യയും; ഷി ജിൻപിങ്-മോദി അനൗപചാരിക ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ ഒരുക്കങ്ങൾ തകൃതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ഷി ജിൻപിങ് ചെന്നൈയിലേക്ക് യാത്ര തിരിക്കാനിരിക്കെ, കശ്മീർ വിഷയത്തെ ചൊല്ലി നേരിയ അസ്വാസരസ്യം. കശ്മീർ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നൽകി. ഓരോ രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളിൽ മറ്റുരാജ്യങ്ങളിൽ ഇടപെടാതിരിക്കുകന്നതാണ് നല്ലതെന്നാണ് മറുപടി. നാളെയും മറ്റന്നാളുമായി മഹാബലിപുരത്താണു മോദി ഷി ജിൻപിങ് രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്.

'ഷി ജിൻപിങ്ങും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിരുന്നു. കശ്മീർ വിഷയത്തിൽ ഇരുവരും ചർച്ച നടത്തിയതായും അറിഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് എക്കാലത്തെയും നിലപാട്. ഇതു ചൈനയ്ക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ല. അതാണ് ഏവർക്കും നല്ലത്' വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

അതേസമയം. ചരിത്രപരവും സമകാലികവുമായ അഭിപ്രായഭിന്നതകൾക്ക് അതീതമായി സഹകരണ പങ്കാളിത്തം രൂപീകരിക്കാനാണ് ഇരുരാഷ്ട്രങ്ങളും ഊന്നൽ നൽകുന്നത്. ബീജിങ്ങിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഷി വൈകുന്നരത്തോടെ മാമല്ലപുരത്തെത്തും. ഉഭയകക്ഷി ബന്ധം വളർത്താൻ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലുവോ സഹോയി പറഞ്ഞു. ഇതൊരു അനൗപചാരിക കൂടിക്കാഴ്ചയാണ്. ഷിയും മോദിയും നിശ്ചിത വിഷയങ്ങളില്ലാതെ സ്വതന്ത്രമായ ആശയവിനിമയമായിരിക്കും നടത്തുക.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിനു പിന്നാലെ, ഇന്നലെ ഇമ്രാനും ഷിയും ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പുറത്തിറക്കി. ഷിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുകയും, കശ്മീർ വിഷയത്തിൽ ചൈന വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തത് എന്തിനെന്ന കാര്യം വ്യക്തമല്ല.

അതിർത്തി , വ്യാപാരം, സുരക്ഷ തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്കായി ദക്ഷിണേന്ത്യയിലെ മഹാബലിപുരം തിരഞ്ഞെടുത്തതിന് പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇത്തരം ഉച്ചകോടികൾക്കു വേദിയാവുന്നത് പതിവാണ്. എന്നാൽ ഇന്ത്യചൈന അനൗദ്യോഗിക ഉച്ചകോടിക്കു മാമലപുരത്തെ തിരഞ്ഞെടുത്തതിനു പിന്നിൽ കേന്ദ്ര സർക്കാരിനു വ്യക്തമായ ലക്ഷ്യമുണ്ട്. പ്രധാനമന്ത്രിയെയും ബിജെപിയെയും പാർലമെന്റിനകത്തും പുറത്തും എതിർക്കുന്നതിന് മുന്നിൽ നിൽക്കുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള എംപിമാരാണ്. ഈ എതിർപ്പ് അലിയിക്കുക കൂടി കേന്ദ്രസർക്കാരിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

കഴിഞ്ഞ വര്ഷം ചൈനയിലെ വുഹാനിൽ നടന്ന ഇന്ത്യ ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്.. അതിർത്തി, രാജ്യ സുരക്ഷ, വ്യാപരം തുടങ്ങി ഇരുരാജ്യങ്ങൾക്കും നിർണായകമായ വിഷയങ്ങളാണ് ഇരുനേതാക്കളും ഉച്ചകോടിയിൽ പരസ്പരം സംസാരിക്കുക..ഇരുവർക്കുമൊപ്പം നയതന്ത്രപ്രധിനിധികളും വ്യവസായികളുമടങ്ങുന്ന വൻപടയും മൂന്നുദിവസം പൈതൃകനഗരിയിലുണ്ടാകും. ഉച്ചക്കോടിക്കായുള്ള ഒരുക്കൾ അതിവേഗം പുരോഗമിക്കുകയാണ്. കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിലാണ് ദിവസവും പതിനായിരത്തിലധികം വിനോദസഞ്ചാരികളെത്തുന്ന മഹാബലിപുരത്തെ ഒരുക്കങ്ങൾ. ചൈനയിൽ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി.പഞ്ചരഥ ശിൽപം, തീരക്ഷേത്രം, അർജുന ഗുഹ,മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്റെ വിസ്മയങ്ങൾ ഉച്ചക്കോടിക്കിടെ ഇരുേനതാക്കളും ഒന്നിച്ചു സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP